This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെക്ചി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെക്ചി

Kekchi

ഒരു മധ്യ-അമേരിന്ത്യന്‍ (Meso American Indian) ജനവര്‍ഗം. മധ്യ-അമേരിക്കയിലെ ഗ്വാട്ടിമാലയില്‍ രാജ്യത്തിന്റെ ഏതാണ്ടു നടുക്കുള്ള ഉഷ്ണമേഖലാ നിമ്നതടങ്ങളില്‍ വസിക്കുന്ന ഈ കര്‍ഷക ജനസമൂഹം മായന്‍ ഭാഷാവിഭാഗത്തിലെ ക്വച്ചെ കെക്ച്ചി (Quiche Kekchi) ഭാഷ സംസാരിക്കുന്നവരാണ്. ഗ്രാമീണ ജീവിതത്തോടു കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തിപ്പോരുന്ന കെക്ചി ജനവര്‍ഗക്കാരില്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് നഗരവാസികളായുള്ളത്. ഒട്ടേറെ അന്ധവിശ്വാസങ്ങള്‍ ഇന്നും പുലര്‍ത്തിപ്പോരുന്ന ഇക്കൂട്ടര്‍ അവിടെ ലഭ്യമാകാവുന്ന പുരോഗതിപോലും അപ്പാടെ നിഷേധിച്ചിരുന്നു. വനം വെട്ടിത്തെളിച്ച് തട്ടുകളായി തിരിച്ച് കൃഷിഭൂമിയില്‍ കൃഷിയിറക്കുന്ന വേളകളില്‍ ഇക്കൂട്ടര്‍ അപരിഷ്കൃതമായ ആചാരാനുഷ്ഠാനങ്ങളും നടത്തിപ്പോരുന്നു. ഇവരില്‍ ഒരു ചെറിയ വിഭാഗം റോമന്‍ കത്തോലിക്കാ മതാനുസാരികളായിത്തീര്‍ന്നിട്ടുണ്ടെങ്കിലും സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഈശ്വരാരാധനാ സമ്പ്രദായമാണ് ഇന്നും ഇവര്‍ക്കിടയില്‍ നിലനില്‍ക്കുന്നത്.

കെക്ചി സ്ത്രീകള്‍

16-ാം നൂറ്റാണ്ടില്‍ മധ്യ-അമേരിക്കയിലെ സ്പാനിഷ് അധിനിവേശ കാലഘട്ടത്തില്‍ കെക്ചി, ക്വച്ചെ എന്നീ രണ്ടു മായന്‍ ജന വര്‍ഗങ്ങള്‍ കഠിനമായി വിദേശീയരെ ചെറുത്തുനിന്നു. ഈ ദീര്‍ഘകാല ചെറുത്തുനില്‍പ്പും പോരാട്ടങ്ങളും കാരണം ഇവരുടേതായ അധിവാസ മേഖല 'യുദ്ധഭൂമി' (Land of war) എന്നു വിശേഷിപ്പിക്കപ്പെട്ടുപോന്നു. ഡൊമിനിക്കന്‍ മിഷനറിയായിരുന്ന ബര്‍ത്തലോമിയയുടെ 1537 മുതല്‍ക്കുള്ള ശ്രമത്തിന്റെ ഫലമായി ഇവിടെ സമാധാനം സ്ഥാപിതമായി. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന വിജയത്തെ സമാദരിച്ച് ചാള്‍സ് അഞ്ചാമന്‍ ഈ മേഖലയ്ക്ക് യഥാര്‍ഥ സമാധാനം എന്നര്‍ഥം വരുന്ന വെരാപാസ് (Verapaz) എന്ന പേരു നല്‍കി. ഇന്നും ഗ്വാട്ടിമാലയിലെ ഒരു ഭരണഘടകത്തിന് ആള്‍ട്ടാവെരാപാസ് എന്നാണ് പേര്. 1550-കളോടെ കെക്ചി ജനവിഭാഗത്തിന്റെ ക്രിസ്തീയവത്കരണം ചാള്‍സ് അഞ്ചാമന്‍ അവസാനിപ്പിച്ചു. ഇവരുടെ മേലുള്ള ഡൊമിനിക്കല്‍ സഭയുടെ നിയന്ത്രണം 1821 വരെ തുടര്‍ന്നു.

ഗ്വാട്ടിമാലയുടെ സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം പ്രകൃതി വിഭവങ്ങളുടെ ദൌര്‍ലഭ്യവും വിനിമയ മാധ്യമങ്ങളുടെ അപര്യാപ്തതയും നിമിത്തം ഈ മേഖലയുടെ പുരോഗതി മന്ദഗതിയിലായി. ഗ്രാമജീവിതത്തോടു കമ്പം പുലര്‍ത്തുന്ന ഇക്കൂട്ടര്‍ തുണ്ടു കൃഷിയിടങ്ങളില്‍ ധാന്യങ്ങളും പയറുവര്‍ഗങ്ങളും മറ്റും കൃഷി ചെയ്ത് ഉപജീവനം നടത്തുന്നു. ജാലകങ്ങളില്ലാത്ത, മേഞ്ഞ കുടിലുകളാണ് കിടക്കാന്‍ ഉപയോഗിക്കുന്നത്. ചിലയിടങ്ങളില്‍ സ്ത്രീകള്‍ നെയ്ത്തുപണിയില്‍ ഏര്‍പ്പെടുന്നുണ്ടെങ്കിലും പാത്രനിര്‍മാണം, നെയ്ത്ത് തുടങ്ങിയുള്ള ഇവരുടെ പല കുലത്തൊഴിലുകളും ഇന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. സമുദായത്തിന്റെ രക്ഷാധികാരിയായ വിശുദ്ധന്റെ (ബര്‍ത്തലോമിയ) ദിനം ആഘോഷിക്കുകയും വിശുദ്ധന്റെ പദവി കാത്തുസൂക്ഷിക്കുകയും മാത്രമാണ് ഇവരുടെ ഇടയിലെ നാമമാത്രമായ ക്രിസ്തീയാചാരം. പല പുരാതന ദേവതകളെയും ഇന്നും ആരാധിച്ചു പോരുന്നു; ഈ ദേവതകളില്‍ പ്രമുഖ സ്ഥാനം മലകളുടെയും താഴ്വരകളുടെയും അധിദേവത(Tzultacaj)യ്ക്കാണ്. ബാഹ്യ സംസ്കാരങ്ങളുടെ നാനാവിധമായ അതിപ്രസരങ്ങളെ അതിജീവിച്ച് തങ്ങളുടെ തനതു സംസ്കൃതി കാത്തുസൂക്ഷിക്കുന്നതില്‍ കെക്ചി ജനവിഭാഗം വിജയിച്ചിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%86%E0%B4%95%E0%B5%8D%E0%B4%9A%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍