This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെ(സെ)ഫാലോപോഡ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെ(സെ)ഫാലോപോഡ

Cephalopods

മൊളസ്ക ജന്തുഫൈലത്തിലെ ഒരു വര്‍ഗം. തികച്ചും കടല്‍ ജീവികളായ ഈ വര്‍ഗത്തിലെ അംഗങ്ങള്‍ മൊളസ്കകളില്‍ വച്ച് ഏറ്റവും പുരോഗമിച്ചവയായി കണക്കാക്കപ്പെടുന്നു. പാലിയോസോയിക്, മീസോസോയിക് കല്പങ്ങളില്‍ ഈ വര്‍ഗത്തിലെ ജീവികള്‍ ധാരാളമുണ്ടായിരുന്നു. നോട്ടിലോയ്ഡ് (Nautiloid), അമണോയ്ഡ് (Ammonoid), ബെലിംനോയ്ഡ് (Belemnoid) എന്നീ ഇനങ്ങളിലായി ആ കാലഘട്ടത്തില്‍ നിരവധി കെഫാലോപോഡകള്‍ കടലില്‍ സുലഭമായിരുന്നെങ്കിലും ഇന്ന് നോട്ടിലോയ്ഡുകളിലെ ശേഷിക്കുന്ന ഏക ഇനമായ നോട്ടിലസും ഒക്റ്റോപ്പസുകളും സ്ക്വിഡുകളും കണവകളും (Cuttle Fish) മാത്രമേ ഈ ജന്തുവര്‍ഗത്തെ പ്രതിനിധീകരിക്കുന്നുള്ളൂ.

കെഫാലോപോഡ ജന്തുവര്‍ഗത്തില്‍ 150 ജീനസുകളും 650 സ്പീഷീസുകളുമുണ്ട്. വലുപ്പത്തില്‍ വലിയ അന്തരം പ്രകടിപ്പിക്കുന്ന ഈ ജീവികളുടെ കൂട്ടത്തില്‍ 17 മി.മീ. മാത്രം നീളമുള്ള ഐഡിയോസെപ്പിയസ് പിഗ്മേയസ് (Idiosepius pygmaeus) എന്ന കുള്ളന്‍ സ്ക്വിഡും 15 മീറ്ററിലധികം നീളമുള്ള ആര്‍ക്കിറ്റ്യൂത്തിസ് പ്രിന്‍സെപ്സ് (Architeuthis princeps) എന്ന ഭീമന്‍ സ്ക്വിഡും ഉള്‍പ്പെടുന്നു.

ഒക്റ്റോപ്പസ്

കെഫാലോപോഡകള്‍ ആകൃതിയിലും ഘടനയിലും വലിയ വൈജാത്യം പ്രകടിപ്പിക്കുന്നു. ഇവയുടെ വര്‍ഗീകരണ പദ്ധതിതന്നെ ഇപ്പോഴും അപൂര്‍ണമാണ്. വിവിധ വര്‍ഗീകരണ വ്യവസ്ഥകള്‍ നിലവിലുണ്ട്. ആദ്യം നിലവിലിരുന്ന വര്‍ഗീകരണ പദ്ധതിയനുസരിച്ച് കെഫാലോപോഡ വര്‍ഗത്തെ ടെട്രാബ്രാങ്കിയ, ഡൈബ്രാങ്കിയ എന്നീ രണ്ടു ഉപവര്‍ഗങ്ങളായി വിഭജിച്ചിരിക്കുന്നു. ടെട്രാബ്രാങ്കിയ ഉപവര്‍ഗത്തില്‍ നോട്ടിലോയ്ഡിയ, അമണോയ്ഡിയ എന്നീ രണ്ടു ഗോത്രങ്ങളുണ്ട്. ഡൈബ്രാങ്കിയ ഉപവര്‍ഗത്തില്‍ ബെലിംനോയ്ഡിയ, ഡെക്കാപ്പോഡ, വാംപൈറോ മോര്‍ഫ, ഒക്റ്റോപ്പോഡ എന്നീ ഗോത്രങ്ങളാണുള്ളത്. ഇതില്‍ ഡെക്കാപ്പോഡ ഗോത്രത്തെ മയോപ്പസിഡ, ഒയ്ഗോപ്സിഡ എന്നീ ഉപഗോത്രങ്ങളായും ഒക്റ്റോപ്പോഡ ഗോത്രത്തെ സിറോമോര്‍ഫ, ഇന്‍സിറേറ്റ എന്നീ ഉപഗോത്രങ്ങളായും വീണ്ടും തിരിച്ചിരിക്കുന്നു.

എന്നാല്‍ പില്ക്കാലത്ത് അംഗീകരിക്കപ്പെട്ട വര്‍ഗീകരണ പദ്ധതിയനുസരിച്ച് കെഫാലോപോഡ വര്‍ഗത്തെ നോട്ടിലോയ്ഡിയ, അമണോയ്ഡിയ, കോളിയോയ്ഡിയ എന്നീ ഉപവര്‍ഗങ്ങളായി വിഭജിച്ചിരിക്കുന്നു. കോളിയോയ്ഡിയ ഉപവര്‍ഗത്തെ ബെലമ്നോയ്ഡിയ, സെപ്പിയ്യോഡിയ, റ്റ്യൂത്തോയ്ഡിയ, വാംപൈറോ മോര്‍ഫ, ഒക്റ്റോപ്പോഡ എന്നീ ഗോത്രങ്ങളായും റ്റ്യൂത്തോയ്ഡിയ ഗോത്രത്തെ വീണ്ടും മയോപ്സിഡ, ഒയ്ഗോപ്സിഡ എന്നീ ഉപഗോത്രങ്ങളായും ഒക്റ്റോപ്പോഡ ഗോത്രത്തെ സിറോമോര്‍ഫ, ഇന്‍സിറേറ്റ എന്നീ ഉപഗോത്രങ്ങളായും തിരിച്ചിരിക്കുന്നു.

നോട്ടിലസ്

കെഫാലോപോഡകള്‍ മറ്റു മൊളസ്കുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ശരീരഘടന പ്രദര്‍ശിപ്പിക്കുന്നു. മൊളസ്കുകളിലെ ചലനാവയവമായ പാദത്തിന്റെ സ്ഥാനം കെഫാലോപോഡകളില്‍ മുന്‍ഭാഗത്തേക്കു നീങ്ങിയാണ് ഇരിക്കുന്നത്. ഇത് വായയെ ചുറ്റി എട്ടോ അതിലധികമോ ഉപാംഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഇവ സങ്കോചനക്ഷമങ്ങളുമാണ്. നോട്ടിലസ്സിലൊഴികെ മറ്റെല്ലാ കെഫാലോപോഡകളുടെയും ഈ വദന-ഉപാംഗങ്ങളില്‍ ചൂഷകാംഗങ്ങളും (Suckers) സ്ഥാനംപിടിച്ചിരിക്കുന്നു. എല്ലാ ജീവികള്‍ക്കും ദ്വിപാര്‍ശ്വ സമമിതിയാണുള്ളത്. നോട്ടിലസ്സിലൊഴികെ മറ്റെല്ലാ ജീവികളുടെയും ബാഹ്യകവചം അപ്രത്യക്ഷമായിരിക്കുന്നു. ഇതിനു പകരമായി ഇവയില്‍ ഒരു ആന്തരിക കവചം രൂപമെടുത്തിട്ടുണ്ട്. ഈ ആന്തരിക കവചം സ്പൈറുലയില്‍ ചുരുണ്ടതും അറകളോടു കൂടിയതുമാണ്. അതേ സമയം സെപ്പിയയില്‍ ഇത് കട്ടിയേറിയതും ചോക്കുപോലുള്ളതുമാണ്. ലൊളിഗോയുടെ ആന്തരിക കവചം നേര്‍ത്തതും കൈറ്റിനീകരിച്ചതും (Chitionous). ഒക്റ്റോപ്പസില്‍ ഇത് അവശോഷിതവും (Vestigial) രണ്ടു പാളികളോടുകൂടിയതുമായിരിക്കുന്നു. ഐഡിയോസെപ്പിയസില്‍ ആന്തരിക കവചം കാണാറില്ല. ആര്‍ഗോനോട്ടയുടെ ബാഹ്യകവചം ഒരു അണ്ഡാവരണമായി വര്‍ത്തിക്കുന്നു.

കെഫാലോപോഡകളില്‍ പാദം മുന്‍ഭാഗത്തേക്കു നീങ്ങിയിരിക്കുന്നതിനാല്‍ പചനനാളി 'U' ആകാരമുള്ളതായി തീര്‍ന്നിരിക്കുന്നു. ഒരു മാംസള ബഹിരാവരണ(Mantle)ത്തിനുള്ളില്‍ മുഴപോലെ ആന്തരാവയവങ്ങള്‍ കാണപ്പെടുന്നു. ഒക്റ്റോപ്പോഡയില്‍ ഈ ബഹിരാവരണം വലുതും വൃത്താകൃതിയിലുള്ളതുമാണ്. എന്നാല്‍ ഡെക്കാപ്പോഡയില്‍ ഇത് നേര്‍ത്തതും കൂര്‍ത്തതുമായിരിക്കുന്നു. ചില ഇനങ്ങളില്‍ പത്രങ്ങള്‍ (Fins) കാണപ്പെടുന്നുണ്ടെങ്കിലും ഇവയുടെ പ്രധാന ചലനോപാധി തലയ്ക്കടിയിലായി കാണപ്പെടുന്ന ഫണലാണ്. സഞ്ചാരവേളയില്‍ ബഹിരാവരണ കോടരത്തിനുള്ളിലേക്ക് വെളളം കയറുകയും വളരെ ശക്തിയോടെ ഫണലിലൂടെ പുറത്തേക്കു വിക്ഷേപിക്കുകയും ചെയ്യും. ഇതോടെ ജീവി പുറകോട്ടു സഞ്ചരിക്കുന്നു.

പചനവ്യൂഹത്തില്‍ കൈറ്റിന്‍ നിര്‍മിതമായ രണ്ടു ചുണ്ടുകളും നിരവധി പല്ലുകളോടുകൂടിയ ഒരു റാഡുലയും രണ്ടുജോടി ഉമിനീര്‍ ഗ്രന്ഥികളും ഒരു നീളമേറിയ ഗ്രസികയും ഒരു വലിയ ആമാശയവും മലാശയവും ഗുദദ്വാരവും ഉള്‍പ്പെടുന്നു. ഉമിനീര്‍ ഗ്രന്ഥികള്‍ക്കു പിന്നിലായി ചില ജീവികളില്‍ വിഷസഞ്ചി കാണാറുണ്ട്. മനുഷ്യനുപോലും മാരകമായേക്കാവുന്ന ശക്തിയേറിയ വിഷം ചില ജീവികളില്‍ കാണപ്പെടുന്നു. ക്രസ്റ്റേഷ്യകള്‍, ചെറുമത്സ്യങ്ങള്‍ എന്നിവയാണ് കെഫാലോപോഡകളുടെ മുഖ്യ ആഹാരം. ചില ഇനങ്ങള്‍ സ്വന്തം വര്‍ഗക്കാരെയും ഭക്ഷിക്കാറുണ്ട്. ഉപാംഗങ്ങള്‍ വലിച്ചുനീട്ടി അവയിലുള്ള ചൂഷകാംഗങ്ങളുടെ സഹായത്തോടെയാണ് ഇര പിടിക്കുന്നത്.

സംവൃത (closed) രീതിയിലുള്ള രക്തചംക്രമണ വ്യവസ്ഥയാണിവയ്ക്കുള്ളത്. രക്തത്തില്‍ ഹിമോസയാനിന്‍ എന്ന ഒരു നീല വര്‍ണകം കാണപ്പെടുന്നു. ഒരു ദൈഹിക (Systemic) ഹൃദയവും രണ്ടു ക്ലോമ (Branchial) ഹൃദയങ്ങളും കാണാറുണ്ട്.

നാഡീവ്യൂഹം വികസിതമാണ്. തലയില്‍ കേന്ദ്രീകരിക്കപ്പെട്ട നിലയിലാണിത് സ്ഥിതിചെയ്യുന്നത്.

കെഫാലോപോഡകള്‍ വളരെ വേഗം ശരീരവര്‍ണം മാറ്റാന്‍ കഴിവുള്ളവയാണ്. വര്‍ണകധരങ്ങളുടെ (Chromatophores) ഇടവിട്ടുള്ള സങ്കോച വികാസങ്ങള്‍ വഴിയാണ് ഇതു സാധിക്കുക.

കെഫാലോപോഡ വര്‍ഗത്തിലെ ചില അംഗങ്ങള്‍

ലിംഗഭേദമുള്ള ഈ ജീവികളില്‍ ജനനാംഗങ്ങള്‍ വികസിതങ്ങളാണ്. ആണ്‍ ജീവിയില്‍ ബീജാണുക്കളെ പെണ്‍ജീവിയിലേക്കു നിക്ഷേപിക്കാനാവുംവിധം വിശേഷവത്കരിക്കപ്പെട്ട ഒരു ഭുജം കാണപ്പെടുന്നു. ഇതിനെ നിഷേചനാംഗബാഹു (Hectocotylisedarm) എന്നു വിളിക്കാം. ട്രേമൊക്റ്റോപ്പസ് പോലുള്ള ജീവികളില്‍ ഈ ഭുജങ്ങള്‍ അപ്പാടെ മുറിഞ്ഞു പെണ്‍ജീവിയുടെ ബഹിരാവരണകോടരത്തിനുള്ളില്‍ നിക്ഷേപിക്കപ്പെടുന്നു. വാം പൈറോറ്റ്യൂത്തിസ് പോലെയുള്ള ജീവികളുടെ മുട്ടകള്‍ ജലത്തില്‍ സ്വതന്ത്രങ്ങളായി കാണപ്പെടുന്നു. ചിലയിനങ്ങളുടെ അണ്ഡങ്ങള്‍ തറയിലോ മറ്റു വസ്തുക്കളിലോ പറ്റിപ്പിടിച്ചിരിക്കും. ഒക്റ്റോപ്പസില്‍ പെണ്‍ജീവി മുട്ട വിരിച്ചെടുക്കുന്നു. മുട്ടകള്‍ക്കുള്ളില്‍ പീതക (Yolk)ത്തിന്റെ അളവു കൂടുതലാണ്. വിരിഞ്ഞിറങ്ങുന്ന ചെറു ജീവികള്‍ വളര്‍ച്ച മുറ്റിയവയില്‍ നിന്നും ആകാരത്തില്‍ വ്യത്യസ്തങ്ങളായിരിക്കും. ഇവ വളര്‍ച്ച മുഴുമിപ്പിക്കുംവരെ പ്ലവകങ്ങളുടെ ഭാഗമായി ഒഴുകി നടക്കുന്നു.

കെഫാലോപോഡകള്‍ തിമിംഗലങ്ങളുടെയും വന്‍മത്സ്യങ്ങളുടെയും ഇഷ്ടഭോജ്യ വിഭവങ്ങളില്‍പ്പെടുന്നു. മനുഷ്യരും മിക്ക ഇനങ്ങളെയും ആഹാരമാക്കാറുണ്ട്. കണവ ചില പ്രദേശങ്ങളിലെ ഒരു സ്വാദിഷ്ഠ വിഭവമാണ്. പോര്‍ച്ചുഗലില്‍ സ്ക്വിഡുകളെയും മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ ഒക്റ്റോപ്പസുകളെയും ഭക്ഷണാവശ്യങ്ങള്‍ക്കായി വന്‍തോതില്‍ പിടിക്കുന്നുണ്ട്. കൂടുതല്‍ ഭക്ഷ്യോത്പാദനത്തില്‍ ലോകത്ത് മുന്‍പന്തിയില്‍ നില്ക്കുന്ന ജപ്പാനില്‍ മൊത്തം കടല്‍വിഭവ സംഭരണത്തിന്റെ 65 ശതമാനവും കെഫാലോപോഡകളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍