This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെ(സെ)ഫാലോകോര്‍ഡേറ്റ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെ(സെ)ഫാലോകോര്‍ഡേറ്റ

Cephalochordata

കോര്‍ഡേറ്റ (chordata) ജന്തുഫൈലത്തിന്റെ ഉപഫൈലം. സമുദ്ര അകശേരുകികളാണ് ഇതിലെ അംഗങ്ങള്‍. കെഫാലോകോര്‍ഡേറ്റ ഉപഫൈലത്തില്‍ ബ്രാങ്കിയോസ്റ്റോമ (Branchiostoma), അസിമെട്രോണ്‍ (Asymmetron) എന്നീ രണ്ടു ജീനസ്സുകളേയുള്ളൂ. ബ്രാങ്കിയോസ്റ്റോമാ (ആംഫിയോക്സസ്) ജീനസിന് ഇരുപത്തിമൂന്നും അസിമെട്രോണ്‍ ജീനസിന് ആറും സ്പീഷീസുകളുണ്ട്. ഇവയ്ക്ക് 8 സെന്റിമീറ്ററിലധികം നീളം ഉണ്ടാവാറില്ല. കല്ലും ചെളിയും നിറഞ്ഞ അടിത്തട്ടിലുള്ള സമുദ്രഭാഗങ്ങളിലാണിവ അധികമായും കാണപ്പെടുന്നത്. ഇപ്രകാരം ഇവയുടെ ജീവിതത്തിന് ഹിതകരമായ അടിത്തട്ടുളള ഉഷ്ണമേഖലാ-ഉപോഷ്ണമേഖലാ സമുദ്രങ്ങളിലെല്ലാംതന്നെ ഇവയെ കണ്ടെത്താവുന്നതുമാണ്. സമുദ്രത്തിന്റെ 180 മീ. അഗാധതയില്‍ വരെ ഇവയെ കാണാറുണ്ടെങ്കിലും 90 മീറ്ററിനുള്ളില്‍ ആഴമുള്ള ഭാഗങ്ങളിലാണിവ സാധാരണയായി ജീവിക്കുന്നത്. ചുരുക്കം ചില സ്പീഷീസുകള്‍ ആഗോളാടിസ്ഥാനത്തില്‍ കാണപ്പെടുന്നുണ്ടെങ്കിലും ഇവയില്‍ മിക്ക സ്പീഷീസുകളും ഒരു പ്രത്യേക സ്ഥലത്തു മാത്രമായിട്ടാണു കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്തോ-വെസ്റ്റ് പസിഫിക് മേഖലകളിലാണ് കെഫാലോകോര്‍ഡേറ്റകള്‍ ഉദ്ഭവിച്ചതെന്നു കരുതപ്പെടുന്നു. അതുകൊണ്ടുതന്നെ ഈ മേഖലകളില്‍ ഇവ സമൃദ്ധവുമാണ്. കെഫാലോകോര്‍ഡേറ്റകളുടെ സാന്നിധ്യം ആ പ്രത്യേകസമുദ്രഭാഗം വൃത്തിയുള്ളതാണെന്നും ഒഴുക്കുകുറഞ്ഞതാണെന്നും എടുത്തുകാട്ടുന്നു. വെള്ളം അരിച്ചെടുക്കാനുള്ള ഈ ജീവികളുടെ പ്രത്യേക കഴിവുമൂലമാണ് ഇവ ജീവിക്കുന്ന സമുദ്രഭാഗം താരതമ്യേന വൃത്തിയുള്ളതായി കാണപ്പെടുന്നത്.

നട്ടെല്ലുള്ള ജീവികളുടെ ആദിമഘട്ടത്തെ അനാവരണം ചെയ്യുന്ന കെഫാലോകോര്‍ഡേറ്റുകള്‍ ശാസ്ത്രകാരന്മാരുടെ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു. വ്യതിരിക്തമായ തലയും നട്ടെല്ലും ഇല്ലെങ്കില്‍ക്കൂടിയും ആംഫിയോക്സസ് ഘടനയില്‍ നട്ടെല്ലുള്ള ജീവികളുമായി തികഞ്ഞ സാദൃശ്യം പുലര്‍ത്തുന്നു. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള നട്ടെല്ലികളുടെ ഉദ്ഭവ പരിണാമചരിത്രം തീര്‍ച്ചയായും ആംഫിയോക്സസിന്റെ ഘടനയെ ആധാരമാക്കിയുള്ളതാണ്.

ഈ ഉപഫൈലത്തിലെ മിക്ക ജീവികളും കടലിന്റെ അടിത്തട്ടില്‍ പുനങ്ങളുണ്ടാക്കിയാണ് കഴിഞ്ഞുകൂടുന്നത്. ശരീരത്തെ മുമ്പോട്ടും പുറകോട്ടും ചലിപ്പിച്ചാണ് ഇവ പുനങ്ങള്‍ തുരന്നുണ്ടാക്കുന്നത്. രണ്ടഗ്രങ്ങളും കൂര്‍ത്ത ശരീരം ഈ പ്രവര്‍ത്തനത്തിനു സഹായകരമാണുതാനും. ശരീരത്തിന്റെ കട്ടിയേറിയ ആവരണചര്‍മവും ഇതിന് സഹായമേകുന്നു. ഇപ്രകാരമുള്ള പുനങ്ങളില്‍ തല വെളിയിലേക്കു നീട്ടി കുത്തനെ നിന്നാണ് ഈ ജീവികള്‍ ആഹാരം ശേഖരിക്കുന്നത്. ശരീരത്തിന്റെ നാലിലൊരുഭാഗം പുനത്തിനു വെളിയിലേക്കു നീണ്ടിരിക്കും. വദനഗഹ്വരത്തിലേക്കു നയിക്കുന്ന ഒരു ജലപ്രവാഹം ഇവ സൃഷ്ടിക്കുന്നു. ഈ ജലം വായിലൂടെ കടന്ന് ഗില്‍ദ്വാരങ്ങള്‍ വഴി പരികോഷ്ഠ (atrium)ത്തിലേക്കു കടക്കുന്നു. ഇതോടൊപ്പം വെള്ളത്തില്‍ നിന്നും ആഹാരപദാര്‍ഥങ്ങളെ അരിച്ചെടുത്തും കഴിയും. ആഹാരശേഖരണം നടത്താത്ത സമയത്ത് ജീവി പൂര്‍ണമായും പുനത്തിനുള്ളിലേക്കു വലിഞ്ഞു കഴിഞ്ഞുകൂടുന്നു. എന്നാല്‍ രാത്രികാലങ്ങളില്‍ പുനത്തില്‍നിന്നും വെളിയില്‍ വന്ന് അടിത്തട്ടില്‍ നീന്തിനടക്കാറുമുണ്ട്.

സാധാരണഗതിയില്‍ കെഫാലോകോര്‍ഡേറ്റകള്‍ പ്രകാശവ്യതിയാനങ്ങളോട് അത്ര കാര്യമായി പ്രതികരിക്കാറില്ല. എങ്കിലും പ്രകാശത്തിനുണ്ടാകുന്ന വളരെ പെട്ടെന്നുള്ള വ്യതിയാനങ്ങള്‍ ഈ ജീവികളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാറുണ്ടെന്നും മനസ്സിലാക്കിയിട്ടുണ്ട്. സ്പര്‍ശനത്തോട് ഇവ വളരെവേഗം പ്രതികരിക്കാറുണ്ട്; പ്രത്യേകിച്ച് ജീവിയുടെ മുന്‍ഭാഗത്തു സ്പര്‍ശിച്ചാല്‍ പെട്ടെന്ന് ഇവ പുനത്തിലേക്കു വലിയുകയോ നീന്തിമറയുകയോ ചെയ്യും.

കെഫാലോകോര്‍ഡേറ്റ ഉപഫൈലത്തിലെ മിക്ക ജീവികളും ശരീരഘടനയില്‍ സാദൃശ്യം പുലര്‍ത്തുന്നു. ഇവയുടെ കൂടിയ നീളം 8 സെന്റിമീറ്ററില്‍ അധികമാവാറില്ല. ഉഷ്ണമേഖലാ സ്പിഷീസുകള്‍ ചെറിയവയായിരിക്കും. വളരെ പ്രധാനപ്പെട്ട ഒരു സ്പിഷീസായ ബ്രാങ്കിയോസ്റ്റോമ ലാന്‍സിയോലേറ്റം കുന്തത്തിന്റെ ആകൃതിയുള്ളതാണ്. പാര്‍ശ്വങ്ങള്‍ പരന്ന ഇവയുടെ ശരീരത്തെ കട്ടിയേറിയ ഒരു ചര്‍മം ആവരണം ചെയ്തിരിക്കുന്നു. ശരീരപേശികള്‍ ഖണ്ഡങ്ങളായി വ്യതിരിക്തമാണ്. സ്പീഷീസിന്റെ വ്യതിയാനമനുസരിച്ച് 50 മുതല്‍ 85 വരെയുള്ള പേശീഖണ്ഡങ്ങള്‍ കാണപ്പെടുന്നു. ഇരുവശങ്ങളിലെയും പേശീഖണ്ഡങ്ങള്‍ സമാന്തരമായിട്ടല്ല കാണപ്പെടുന്നത്. ജീവി മുമ്പോട്ടു നീന്തുമ്പോള്‍ മുന്‍ഭാഗത്തുള്ള പേശീഖണ്ഡങ്ങളില്‍ സങ്കോചനം ആരംഭിക്കുന്നു. ഈ സങ്കോചനം ക്രമേണ പുറകിലേക്ക് പടര്‍ന്നുകയറുകയും മുമ്പോട്ടുള്ള കുതിപ്പിനെ സഹായിക്കുകയും ചെയ്യുന്നു.

രക്തചംക്രമണ വ്യവസ്ഥ മത്സ്യങ്ങളുടേതിനോടു സദൃശമാണ്; പക്ഷേ വ്യതിരിക്തമായ ഹൃദയം കാണപ്പെടുന്നില്ല; രക്തത്തിനു നിറവും ഇല്ല. വിസര്‍ജന വ്യവസ്ഥ ഉയര്‍ന്നയിനം നട്ടെല്ലുകളില്‍നിന്നും തികച്ചും വ്യത്യസ്തമാണ്. പ്പ്ലാറ്റിഹെല്‍മിന്തസ്-അനലിഡ് വിരകളില്‍ കാണപ്പെടുന്ന വിസര്‍ജന വ്യവസ്ഥയാണ് ഇവയ്ക്കുള്ളത്. ഗ്രസനി(Pharynx)ക്കു മുകളിലായി കാണപ്പെടുന്ന നെഫ്രിഡിയം ആണ് പ്രധാന വിസര്‍ജനാവയവങ്ങള്‍.

ഈ ജീവികളില്‍ ലിംഗഭേദം ദൃശ്യമാണ്. ജനനഗ്രന്ഥികള്‍ സഖണ്ഡരീതിയില്‍ കാണപ്പെടുന്നു. ഇവയില്‍ നിന്നുള്ള ബീജകോശങ്ങള്‍ പരികോഷ്ഠത്തിലേക്കു കടക്കുന്നു. പൂര്‍ണ വളര്‍ച്ചയെത്തിയ ജീവിയോട് ഏതാണ്ട് സാദൃശ്യമുള്ള ലാര്‍വകളാണ് മുട്ടവിരിഞ്ഞു പുറത്തു വരുന്നത്. ശരീരത്തിന്റെ ഇടതുവശത്തായി കാണപ്പെടുന്ന അണ്ഡാകൃതിയിലുള്ള വായും വലതു വശത്തായി കാണപ്പെടുന്ന ഒരു നിര ഗില്ലുകളും ലാര്‍വയ്ക്ക് അസമമിതരൂപം നല്കുന്നു. ആദ്യഘട്ടത്തില്‍ അടിത്തട്ടില്‍ കഴിഞ്ഞുകൂടുന്ന ലാര്‍വ വളരെ താമസിയാതെ പ്ലവകജീവിതം നയിക്കുന്നു. സമമിതപൂര്‍ണജീവിയിലേക്കുള്ള പരിവര്‍ത്തനത്തിന് 11-12 ആഴ്ചകള്‍ വേണ്ടിവരും. ഇപ്രകാരം വളര്‍ച്ച മുഴുമിപ്പിക്കുന്ന ജീവി കടലിന്റെ അടിത്തട്ടിലേക്കു നീന്തിമാറുകയും പുനംതുരക്കാന്‍ പറ്റിയ സ്ഥലം തെരഞ്ഞുപിടിക്കുകയും ചെയ്യും. ചില സ്പീഷീസുകള്‍ കായാന്തരണ (metamorphosis)ത്തിന് ഒരു വര്‍ഷംവരെയെടുക്കുകയും പ്രത്യുത്പാദനത്തോടെ മരണമടയുകയും ചെയ്യും. എന്നാല്‍ മറ്റു ചില സ്പീഷീസുകള്‍ വര്‍ഷന്തോറും പ്രത്യുത്പാദനം നടത്തുകയും മൂന്നുനാലു വര്‍ഷംവരെ ജീവിച്ചിരിക്കുകയും ചെയ്യുന്നു. ചില പ്രത്യേക സ്പീഷീസുകളില്‍ കായാന്തരണം വളരെ നീണ്ട കാലയളവുവേണ്ട ഒരു പ്രക്രിയയായി മാറുന്നു. ഇപ്രകാരമുള്ള സ്പീഷീസുകളുടെ ലാര്‍വകള്‍ വലുപ്പമേറിയവയും 20-30 ഗില്ലുകള്‍ വരെ ഉള്ളവയുമായിരിക്കും. ഒരു കാലത്ത് ഇപ്രകാരമുള്ള ലാര്‍വകളെ പ്രത്യേക ജീവികളായി തെറ്റിദ്ധരിച്ച് ആംഫിയോക്സസ് (Amphioxux) എന്നൊരു പ്രത്യേക ജീനസായി കണക്കാക്കുകയും ചെയ്തിരുന്നു. പക്ഷേ ഇവ ബ്രാങ്കിയോസ്റ്റോമയുടെയോ അസിമെട്രോണിന്റെയോ ലാര്‍വകള്‍ മാത്രമാണെന്നു മനസ്സിലാക്കിയതോടെ ഈ വര്‍ഗീകരണം ഉപേക്ഷിക്കപ്പെട്ടു.

ആദിമ കോര്‍ഡേറ്റകള്‍ എന്ന നിലയില്‍ ഈ ഉപഫൈലം പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു. ചൈനാക്കാര്‍ ഈ ജീവികളെ ഭക്ഷിക്കാറുണ്ട്. കടലിലെ ഒഴുക്കിന്റെ ദിശ കണ്ടുപിടിക്കാനുള്ള സൂചക ജീവികളായി ഇവയെ ഉപയോഗപ്പെടുത്താറുമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍