This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെ(സെ)ഫാലോകാരിഡ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെ(സെ)ഫാലോകാരിഡ

Cephalocarida

കെ(സെ)ഫാലോകാരിഡ

ക്രസ്റ്റേഷ്യാ ജന്തുവര്‍ഗത്തിലെ ഒരു ഉപവര്‍ഗം. ഇന്നു ജീവിച്ചിരിക്കുന്ന ക്രസ്റ്റേഷ്യകളില്‍ ഏറ്റവും കാലപ്പഴക്കമുള്ള ആദിമ ജീവികളാണ് ഈ ഉപവര്‍ഗത്തിലെ അംഗങ്ങള്‍. നാലു ജീനസുകളിലായി ഒമ്പതു സ്പിഷീസ് മാത്രമുള്ള ഈ ഉപവര്‍ഗത്തിലെ ജീവികളെല്ലാംതന്നെ വളരെ ചെറിയവയാണ്. ഏകദേശം 4 മില്ലിമീറ്റര്‍ വരെ മാത്രം വലുപ്പമുള്ള ഇവ കടലിന്റെ അടിത്തട്ടില്‍ കഴിഞ്ഞുകൂടുന്നു. 1954ല്‍ മാത്രമാണ് ശാസ്ത്രകാരന്മാര്‍ ഇവയെ കണ്ടെത്തിയത്. ഇവയെ ബ്രാന്‍കിയോപോഡകളോടൊപ്പം ചേര്‍ക്കാന്‍ ചില ശാസ്ത്രകാരന്മാര്‍ തയ്യാറായെങ്കിലും ഒരു പ്രത്യേകഉപവര്‍ഗമായിത്തന്നെ നിലനിര്‍ത്തണമെന്നാണ് ഭൂരിപക്ഷം ശാസ്ത്രകാരന്മാരുടെയും തീരുമാനം.

അന്തര്‍വേലാ മേഖല (Intertidal Zone) മുതല്‍ 1500 മീ. ആഴം വരെയുള്ള കടലിന്റെ അടിത്തട്ടിലെ ചെളിയിലാണിവ കാണപ്പെടുന്നത്. യൂറോപ്പ് ഒഴികെ മറ്റെല്ലാ ഭൂഖണ്ഡങ്ങളുടെയും കടല്‍ത്തീരത്തോടടുത്ത് ഇവയെ കണ്ടെത്തിയിട്ടുണ്ട്. കെഫാലോകാരിഡ ഉപവര്‍ഗത്തിലെ ഏറ്റവുമധികം പഠനവിധേയമായിട്ടുള്ള സ്പീഷീസ് ഹറ്റ്ചിന്‍സോനിയെല്ല മക്രോകാന്ത (Hutchinsoniella Macro Cantha) ആണ്. തെക്കേ അമേരിക്കയുടെയും വടക്കേ അമേരിക്കയുടെയും കിഴക്കന്‍ തീരങ്ങളില്‍ കാണപ്പെടുന്ന ഇവയ്ക്ക് 3-4 മി.മീ. നീളം വരും. ഏതാണ്ടൊരു ചട്ടുകത്തിന്റെ ആകൃതിയിലുള്ള തലയും കനം കുറഞ്ഞ ഉടലുമുള്ള ഈ ജീവിയെ പൊതിഞ്ഞ് ഒരു പൃഷ്ഠകവചവും (carapace) കാണപ്പെടുന്നു. കെഫാലോകാരിഡയിലെ മറ്റു ജീവികളുടെ ആകൃതിയും ഏതാണ്ട് ഇതുപോലെതന്നെയാണ്. ഖണ്ഡപാദങ്ങള്‍ (trunk limbs), ഖണ്ഡപേശി, അധര-തന്ത്രികാരജ്ജു (ventral nerve cord), ഹൃദയം എന്നിവയുടെ അനുക്രമവും സമാനരൂപവുമായ ആവര്‍ത്തനം ഈ ജീവികളുടെ ആദിമ സ്വഭാവ വിശേഷങ്ങള്‍ എടുത്തുകാട്ടുന്നു. ആകെയുള്ള ഒമ്പതു ജോടി ഖണ്ഡപാദങ്ങളില്‍ അവസാനത്തെ രണ്ടു ജോടി ഒഴികെ ബാക്കിയെല്ലാം ഒരേ ആകൃതിയിലാണ്. ഇവ വളയ്ക്കാവുന്നവയാണെങ്കിലും ഉള്ളിലെ പ്രത്യേക സംവിധാനംമൂലം ദൃഢത കൈവരിച്ചിരിക്കുന്നു. ഉടലിന്റെ മൊത്തം നീളത്തിലും ഓരോ ഖണ്ഡത്തിലെയും ശരീരപേശികള്‍ സമാനത പുലര്‍ത്തുന്നു. ഈ പേശികളുടെയെല്ലാം വിന്യാസം മറ്റു ക്രസ്റ്റേഷ്യകളിലെപ്പോലെ തന്നെയാണുതാനും. അധരതന്ത്രികാരജ്ജുവിന് തലയില്‍ ഒരു പ്രത്യേക നാഡീഗുച്ഛിക(Ganglion)യും ഉടല്‍ഭാഗത്തെ ഓരോ ഖണ്ഡത്തിനും പ്രത്യേക ജോടി ഗുച്ഛികകളും ഉണ്ട്. അതുപോലെതന്നെ പാദങ്ങളുള്ള എല്ലാ ഉടല്‍ഖണ്ഡങ്ങളിലേക്കും ഹൃദയം വ്യാപിച്ചു കിടക്കുന്നുമുണ്ട്.

ഹറ്റ്ചിന്‍സോനിയെല്ല അടിത്തട്ടിലെ ജൈവ നിക്ഷേപങ്ങളാണ് ആഹാരമാക്കുന്നത്. ആദ്യകാല ക്രസ്റ്റേഷ്യകളുടേയും ട്രൈലോബൈറ്റുകളുടെയും ആഹാരസമ്പാദന സംവിധാനം തന്നെയാണ് ഇവയ്ക്കും ഉള്ളത്. ഇവയ്ക്ക് നീന്തിനടന്ന് ആഹാരം സമ്പാദിക്കാനാവില്ല. അടിത്തട്ടില്‍ ഇഴയുകയാണു പതിവ്.

ഹറ്റ്ചിന്‍സോനിയെല്ല ഒരു ഉഭയലിംഗി (Hermaphrodite) ആണ്. അണ്ഡവും ശുക്ളാണുക്കളും ഒരേ സമയം പക്വമാവുന്നു. ശുക്ളാണുക്കള്‍ക്ക് ചലനശേഷിയില്ല. എങ്കിലും ബ്രാക്കിയോപോഡകളിലേതിനെക്കാള്‍ കൂടുതല്‍ സരളീകരിക്കപ്പെട്ടവയാണ്. ഒരേ ജീവിയുടെ ശുക്ളാണുവും അണ്ഡവും തമ്മില്‍ ബീജസങ്കലനം നടന്നാണോ പുനരുത്പാദനം നടക്കുന്നതെന്ന കാര്യം ഇന്നും അജ്ഞാതമാണ്. ജീവിയുടെ ശിരോഭാഗത്താണ് അണ്ഡാശയങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്നും ഉദ്ഭവിക്കുന്ന ഒരു ജോടി ജനനിക-വാഹിനികള്‍ (Genital Ducts) ആറാമത്തെ ഖണ്ഡപാദത്തില്‍ തുറക്കുന്നു. വളരെ ചെറിയ ഒമ്പതാം ഖണ്ഡപാദങ്ങളില്‍ മുട്ടകള്‍ പറ്റിപ്പിടിച്ചിരിക്കും. ലാര്‍വാ ദശയില്‍ ഒരു നോപ്ലീയസ് (Nauplius) ഘട്ടം കാണുന്നു.

കെഫാലോകാരിഡ ഉപവര്‍ഗത്തിലെ ജീവികള്‍ ആദിമ സവിശേഷതകളാണ് കൂടുതലായി പ്രകടിപ്പിക്കുന്നതെങ്കിലും ചില പ്രത്യേകതകളില്‍ ഇവ അത്ര ആദിമ ജീവികളല്ലെന്നു തോന്നാം. ലാര്‍വയ്ക്കും വളര്‍ച്ചയെത്തിയ ജീവിക്കും കാഴ്ചശക്തിയില്ല. മസ്തിഷ്കത്തിന് ദൃക്-കേന്ദ്രങ്ങള്‍ (optic centres) കാണാറില്ല. ഘ്രാണശക്തിക്കു വേണ്ട സംവിധാനം മാത്രമേ മസ്തിഷ്കത്തിനുള്ളൂ. അവസാനത്തെ പതിനൊന്ന് ഉടല്‍ഖണ്ഡങ്ങളില്‍ പാദങ്ങള്‍ കാണുന്നില്ല. ഈ ഖണ്ഡങ്ങളിലേക്ക് ഹൃദയവും വ്യാപിച്ചിട്ടില്ല. എട്ടാമത്തെ ഖണ്ഡപാദം അപ്രത്യക്ഷമായിരിക്കുന്നു; ഒമ്പതാമത്തെ പാദം അല്പ വികസിതവുമാണ്. ഉത്പാദനാവയവങ്ങളും നിരവധി പ്രത്യേകതകള്‍ പ്രകടിപ്പിക്കുന്നു. മറ്റു ക്രസ്റ്റേഷ്യകളില്‍ നിന്നും ഇതു വ്യത്യസ്തമാണുതാനും.

നിരവധി പ്രത്യേക സ്വഭാവ സവിശേഷതകള്‍ പ്രകടിപ്പിക്കുന്ന കെഫാലോകാരിഡ ഉപഗോത്രത്തിലെ ജീവികള്‍ ആര്‍ത്രോപ്പോഡ് പരിണാമ ചരിത്ര പഠിതാക്കളുടെ പ്രത്യേക താത്പര്യത്തിനും ശ്രദ്ധയ്ക്കും വിഷയീഭവിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍