This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണാനദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണാനദി

ദക്ഷിണേന്ത്യയിലെ ഒരു പ്രധാന നദി. നീളം 1300 കി.മീ. സഹ്യാദ്രിയിലെ മഹാബലേശ്വരത്തിനടുത്തു നിന്ന് ഉദ്ഭവിച്ച് മഹാരാഷ്ട്രയിലെ സത്താറ, സാംഗ്ലി എന്നീ പ്രദേശങ്ങളിലൂടെ കടന്നു പോകുന്നു. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന കൃഷ്ണാനദി 258,948 ച.കി.മീ പ്രദേശത്തെ ജലസിക്തമാക്കുന്നുണ്ട്. ഇതില്‍ ഏറിയ ഭാഗവും ആന്ധ്രയിലാണ്. ആന്ധ്രസംസ്ഥാനത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകി വിജയവാഡയ്ക്കു തെക്കു വച്ച് കൃഷ്ണാനദി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു.

കൃഷ്ണാനദി

ചിത്രം:Page_79_screenshort00.png

പഞ്ചഗംഗ, തുംഗഭദ്ര, ഘടപ്രഭ, മലപ്രഭ, ഭീമ, മൂസി, കൊയ്ന, പലരു എന്നിവയാണ് കൃഷ്ണയുടെ മുഖ്യ പോഷകനദികള്‍. മൂസി നദിയില്‍ ഹൈദരാബാദിനടുത്ത് അണക്കെട്ട് നിര്‍മിച്ചിട്ടുണ്ട്. തുംഗഭദ്രയിലെ അണക്കെട്ട് കര്‍ണാടക സംസ്ഥാനത്തിലാണ്. കൃഷ്ണയും തുംഗഭദ്രയും കര്‍ണാടക പീഠഭൂമിയുടെ വടക്കു ഭാഗത്തു കൂടി ഒഴുകുന്നു. പീഠഭൂമിയിലെത്തുമ്പോള്‍ കൃഷ്ണ അതിന്റെ ഗതി തെക്കു നിന്ന് കിഴക്കോട്ട് മാറുന്നു. പീഠഭൂമിയുടെ കിഴക്കോട്ടുള്ളചരിവാണിതിനു കാരണം. 400 കി.മീ. ഒഴുകി തെലുങ്കാന പീഠഭൂമിയിലെത്തുമ്പോഴാണ് പോഷകനദികളായ ഘടപ്രഭയും മലപ്രഭയും ഇതില്‍ ചേരുന്നത്. തുടര്‍ന്ന് വെട്ടുകല്ലു നിറഞ്ഞ കരയില്‍ക്കൂടി വളഞ്ഞു പുളഞ്ഞ് ഒഴുകി ജലദുര്‍ഗയില്‍ മലയിടുക്കില്‍ക്കൂടി കടന്ന് വടക്കന്‍ ഡക്കാണിലെ കരിങ്കല്‍ പ്രദേശത്ത് കൂടി ഒഴുകുന്നു. തെലുങ്കാനയുടെ കിഴക്കാണ് നാഗാര്‍ജുന സാഗര്‍ എന്ന ബൃഹത്തായ അണക്കെട്ടു നിര്‍മിച്ചിരിക്കുന്നത്. ചുറ്റുമുള്ള കൃഷിയിടങ്ങള്‍ തന്മൂലം ജലസിക്തമാകുന്നു. കൃഷ്ണാനദിയുടെ തെക്ക് പൂര്‍വ ഘട്ടങ്ങളുടെ ഉയരം 610 മീറ്ററിനു താഴെയാണ്. പെണ്ണാറിനും കൃഷ്ണയ്ക്കും ഇടയിലുള്ള പൂര്‍വഘട്ടങ്ങളുടെ ഭാഗമാണു നല്ല മലക്കുന്നുകള്‍. കൃഷ്ണയുടെ രണ്ട് കൈവഴികളായ (distributaries) ഭീമയുടെയും ഗോദാവരിയുടെയും ഇടയ്ക്കുള്ളതാണ് ബാല്‍ഗാട്ട് മലനിരകള്‍ (Balghat ranges). ഇതിന്റെ ശരാശരി ഉയരം 610 മീ. ആണെങ്കിലും ചില സ്ഥലങ്ങളില്‍ 920 മീ. ഓളം ഉയരമുണ്ട്. ഇതിനിടയ്ക്കുള്ള വിശാലമായ താഴ്വരസമതലങ്ങള്‍ സമുദ്രനിരപ്പില്‍ നിന്നും 450 മീ. ഉയരത്തിലാണ്. പംഗദ്ദയില്‍ വച്ചു നദി രണ്ടായിപിരിഞ്ഞു ദ്വിവി ദ്വീപിനെ ചുറ്റുന്നു. ഇവിടെ നിന്നും 16 കി.മീ. കഴിയുമ്പോള്‍ മൂന്നായി വേര്‍തിരിയുന്നു. ജഗയ്യാ പേട്ടയില്‍വച്ച് പുഴ തെക്കോട്ടു തിരിഞ്ഞു വിജയവാഡ തുരുത്തിലെത്തുന്നു. ഇത് ഫലപുഷ്ടമായ ഒരു പ്രദേശമാണ്. നെല്ലാണ് ഇവിടങ്ങളിലെ പ്രധാന കൃഷി.

കൃഷ്ണയുടെയും ഗോദാവരിയുടെയും തുരുത്തുകള്‍ ചേരുന്ന ഭാഗത്തുണ്ടാകുന്ന തടാകമാണ് കൊല്ലേരു. ഇതില്‍ അനവധി ദ്വീപുകളുണ്ട്. കൃഷ്ണയുടെ പടിഞ്ഞാറുള്ള സമതല പ്രദേശം ഫലപുഷ്ടമാണ്. ചില സ്ഥലങ്ങളില്‍ ഉയരം കുറഞ്ഞ കുന്നുകളും കാണുന്നു. ഗോദാവരിയെയും കൃഷ്ണയെയും കൂട്ടിയിണക്കാന്‍ ഗതാഗത സൗകര്യമുള്ള ഒരു തോടു നിര്‍മിച്ചിട്ടുണ്ട്. ഇതു തെക്കോട്ട് നീണ്ട് ചെന്നൈ നഗരത്തിനു സമീപം സമുദ്രത്തിലേക്കൊഴുകുന്നു. അങ്ങനെ കൃഷ്ണയിലെ ജലം തമിഴ്നാട്ടുകാര്‍ക്കു കൂടി പ്രയോജനപ്പെടുന്നു. നദീതട പ്രദേശങ്ങളില്‍ ജനസാന്ദ്രത കൂടുതലാണ്. നെല്ലും മറ്റു ധാന്യവര്‍ഗങ്ങളുമാണ് പ്രധാന കൃഷി. വര്‍ഷകാലങ്ങളില്‍ വെള്ളപ്പൊക്ക സമയത്ത് വന്‍തോതില്‍ ജീവനാശവും കൃഷിനാശവും ഉണ്ടാകാറുണ്ട്. കൃഷ്ണാനദിയുടെ വിവിധ ഭാഗങ്ങളിലായി നിര്‍മിച്ചിട്ടുള്ള അണക്കെട്ടുകളിലൂടെ ചുറ്റുപാടുമുള്ള പ്രദേശങ്ങളെ ജലസിക്തമാക്കുന്നു. 2009-ല്‍ നദി കരകവിഞ്ഞൊഴുകിയതിന്റെ ഭാഗമായി 350 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടുപോവുകയും ലക്ഷക്കണക്കിനു ഗ്രാമവാസികള്‍ അഭയാര്‍ഥികളായിത്തീരുകയും ചെയ്തു.

കൃഷ്ണാ നദീതട പ്രദേശങ്ങളില്‍ നേരിയതോതില്‍ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. വിജയവാഡയില്‍ നിന്ന് എഴുപതു കി.മീ. അകലെയായുള്ള കൈകലൂരില്‍ നിന്നാണ് വാതക നിക്ഷേപത്തിന്റെ ആദ്യ സൂചനകള്‍ ലഭ്യമായത്. കൃഷ്ണാ നദീതടത്തിലെ കാസ എന്ന പ്രദേശത്തും വാതക നിക്ഷേപമുണ്ടെന്നു കരുതപ്പെടുന്നു. വാതകത്തിനും എണ്ണയ്ക്കുമായി കൃഷ്ണാനദീതടപ്രദേശങ്ങള്‍ വന്‍തോതില്‍ പര്യവേക്ഷണ വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.

(എസ്. ഗോപിനാഥന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍