This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണാജില്ല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണാജില്ല

ആന്ധ്രപ്രദേശില്‍ കൃഷ്ണാനദിയുടെ പതനസ്ഥാനത്തുള്ള ജില്ല. വടക്ക് അക്ഷാംശം 15ീ43’-നും 17ീ10’-നും ഇടയില്‍ സ്ഥിതിചെയ്യുന്നു. 8727 ച.കി.മീ. വിസ്തീര്‍ണമുള്ള ഈ ജില്ല ആന്ധ്രയിലെ ഫലഭൂയിഷ്ഠ പ്രദേശങ്ങളിലൊന്നാണ്. തലസ്ഥാനം മച്ചിലി പട്ടണം. ജനസംഖ്യ: 4,529,009 (2011). തെലുഗു ചലച്ചിത്രനടനായിരുന്ന എന്‍.ടി.ആറിന്റെ ജന്മദേശമായതിനാല്‍ എന്‍.ടി.ആര്‍. ജില്ല എന്നും അറിയപ്പെടുന്നു.

മച്ചലി പട്ടണം

ഡെല്‍റ്റാ സമതലം, പീഠഭൂമി എന്നിങ്ങനെ ഭൂപ്രകൃതിയനുസരിച്ച് ഇതിനെ രണ്ടായി തിരിച്ചിരിക്കുന്നു. ബന്ധാര്‍, ദിവി, ഗുഡിവാഡ, ഗണ്ണവാരം, കായ്കലൂര്‍, വിജയവാഡ എന്നിവയാണ് പ്രധാന ഡെല്‍റ്റാ പ്രദേശങ്ങള്‍. ഡെല്‍റ്റാ പ്രദേശങ്ങള്‍ക്കു തെക്കോട്ട് തീരപ്രദേശത്തിന്റെ വീതി ക്രമേണ കുറഞ്ഞുവരുന്നു. ഇവിടെ ചിലയിടങ്ങളില്‍ വിസ്തൃതങ്ങളായ മൈതാനങ്ങള്‍ രൂപം കൊണ്ടുവരുന്നു. കായ്കലൂര്‍ തുരുത്തിനു വടക്ക് 285 ച.കി.മീ. വിസ്തൃതിയുള്ള കൊല്ലേരു തടാകം സ്ഥിതിചെയ്യുന്നു. ജഗയ്യാപേട്ട, നന്ദിഗാമ, തിരുവര്‍, നന്വീദ് എന്നിവ പീഠഭൂമികളാണ്. പീഠസമതലങ്ങളുടെ സവിശേഷതയായ ആര്‍ക്കിയന്‍ നയ്സുകളും (Gneiss) ഷിസ്റ്റുകളും കടല്‍ത്തീരംവരെ വ്യാപിച്ചു കാണുന്നു. അവിടവിടെയായി മണല്‍ക്കല്ലുകളും കാണാം. കടല്‍ത്തീരത്തോടടുത്തുള്ള ചുരുക്കം ചില ഉയര്‍ന്ന മണല്‍ പ്രദേശങ്ങളൊഴികെ ബാക്കിയെല്ലാം സമതല പ്രദേശങ്ങളാണ്. ചില സ്ഥലങ്ങളില്‍ 10 മുതല്‍ 16 മീ. വരെ ഉയരമുള്ള മണല്‍ക്കുന്നുകളും കാണപ്പെടുന്നു. പീഠസമതലത്തിന്റെ ശരാശരി ഉയരം 500-600 മീ. ആണ്. എന്നാല്‍ കൃഷ്ണാനദിയുടെ തടപ്രദേശങ്ങള്‍ താരതമ്യേന താഴ്ന്ന ഭാഗങ്ങളാണ്. ജില്ലയിലെ പ്രധാന നദി കൃഷ്ണയാണ്. മുനിയേരു, ബുദമേരു, പാലേരു എന്നിവയാണു മറ്റു നദികള്‍. കൃഷ്ണാ ഡെല്‍റ്റാ പ്രദേശം സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 1,220 മീ. ഉയര്‍ന്നു കിടക്കുന്നു. കിഴക്കുഭാഗത്ത് ഡെല്‍റ്റ 3,000 ച.കി.മീ. വിസ്തൃതമായി കിടക്കുന്നു. പടിഞ്ഞാറേ ഡെല്‍റ്റയ്ക്കു 2,486 ച.കി.മീ. വിസ്താരമുണ്ട്. ജലസേചനത്തിനും ഗതാഗതത്തിനുമുള്ള എല്ലാ ഏര്‍പ്പാടുകളുമിവിടെയുണ്ട്. കൃഷ്ണാനദിയിലെ ജലം തമിഴ്നാട്ടുകാര്‍ക്കുകൂടി ലഭ്യമാക്കാനുള്ള ഒരു പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ഗോദാവരിയെയും കൃഷ്ണയെയും കൂട്ടിയിണക്കാന്‍ ഗതാഗത സൗകര്യമുള്ള ഒരു തോട് നിര്‍മിക്കപ്പെട്ടിട്ടുണ്ട്.

കൊല്ലേരു തടാകം

നയ്സ്, ഗ്രാനൈറ്റ് എന്നീയിനം ശിലകള്‍ രൂപാന്തരപ്പെട്ടുണ്ടായ പരുക്കന്‍ ചെമ്മണ്ണാണു പീഠസമതലത്തില്‍ പൊതുവേയുള്ളത്. മൈതാനങ്ങളില്‍ മിക്കതും മുള്‍ക്കാടുകളാണ്. അലൂവിയല്‍മണ്ണ്, കരിമണ്ണ്, ചെമ്മണ്ണ് എന്നീ മൂന്നുതരത്തിലുള്ള മണ്ണുകളാണ് ഇവിടെ പ്രധാനമായുള്ളത്. ഈ മൂന്നുതരം മണ്ണുകളും ക്യഷിക്കനുയോജ്യമാണ്. ധാരാളം ധാതുക്കളും ഈ ജില്ലയില്‍ നിന്നു കിട്ടുന്നുണ്ട്. ഇരുമ്പയിരാണു പ്രധാനം. ജഗയ്യപേട്ടയില്‍ നിന്നും കുഴിച്ചെടുക്കുന്ന ഇരുമ്പയിരില്‍ അധികവും വിദേശങ്ങളിലേക്ക് അയയ്ക്കുന്നു. ശേഷിച്ചവ ഇവിടെത്തന്നെ വ്യവസായാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. വിശാഖപട്ടണം സ്റ്റീല്‍ കമ്പനിയിലേക്കും ഇവിടത്തെ ഇരുമ്പയിര് ഉപയോഗിക്കുന്നുണ്ട്. കൂടാതെ അഭ്രം, വൈഡൂര്യം, ചീനമണ്ണ് എന്നിവയും. ചുണ്ണാമ്പു കല്ലിന്റെ ലഭ്യത ആന്ധ്രയിലെ സിമന്റു വ്യവസായത്തെ വികസിപ്പിക്കുന്നതിനു സഹായകമായിട്ടുണ്ട്. പ്രസിദ്ധമായ പിറ്റ് വജ്രം കിട്ടിയത് ഇവിടെയുള്ള വജ്ര ഖനിയില്‍ നിന്നാണ്.

ക്യഷ്ണജില്ലയ്ക്ക് 752 ച.കി.മീ. വിസ്തൃതിയുള്ള റിസര്‍വ് വനങ്ങളാണുള്ളത്. വിശാലപത്രിത വനങ്ങളും പത്രപാതിവനങ്ങളും (deciduos) ഇവയില്‍പ്പെടും. തേക്ക്, തേമ്പാവ്, മഴുക്കാഞ്ഞിരം, രക്തചന്ദനം, വാക, ബീഡിയില മരം, സാമ്പ്രാണി തുടങ്ങിയ വ്യക്ഷങ്ങള്‍ ധാരാളമായൂണ്ട്. എന്നാല്‍ ഈര്‍പ്പം തങ്ങിനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിത്യ ഹരിതങ്ങളായ കുറ്റിക്കാടുകളും കാണാം. ഇവിടത്തെ പ്രധാന സസ്യങ്ങള്‍ ഇരൂമ്പാല, അല്ലി, വെള്ളമരം തൂടങ്ങിയവയാണ്. തീരപ്രദേശങ്ങളിലെ മണല്‍ മൈതാനങ്ങളില്‍ കുറ്റിക്കാടുകളാണു കാണുന്നത്. ചിലയിടങ്ങളില്‍ കണ്ടല്‍ വനങ്ങളും കാണുന്നുണ്ട്. വനങ്ങളില്‍ കലമാന്‍, കാട്ടുപോത്ത്, കാട്ടുപന്നികള്‍, കുരങ്ങുകള്‍, പക്ഷികള്‍ മുതലായവ ധാരാളമായി കണ്ടുവരുന്നു. എന്നാല്‍ പുള്ളിപ്പുലി, കഴുതപ്പുലി, കരടി മുതലായവ അപൂര്‍വമായേ കണ്ടുവരുന്നുള്ളൂ.

കെ.സി.പി. പഞ്ചസാര ഫാക്ടറി-വുയ്യൂരു

പൊതുവേ മണ്‍സൂണ്‍ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. സമുദ്ര സാമീപ്യമുള്ളതിനാല്‍ ചൂട് ഉഷ്ണകാലത്തു കുറഞ്ഞും ശിശിര കാലത്തു കൂടിയും താരതമ്യേന സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നു. പടിഞ്ഞാറേക്കു ചെല്ലുന്തോറും മാധ്യ താപനിലയില്‍ വ്യത്യാസം അനുഭവപ്പെടുന്നു. ഉഷ്ണകാലത്തു മാധ്യ താപനില 37.4° നോടടുപ്പിച്ചു വരും. വിജയവാഡയിലും മറ്റും ചിലപ്പോള്‍ ശരാശരി ചൂട് 39.8°-ല്‍ കവിയാറുണ്ട്. മണ്‍സൂണ്‍ കാറ്റുകളാണ് മഴ പെയ്യിക്കുന്നത്. മഴയോടൊപ്പം ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ഉണ്ടാകാറുണ്ട്. വര്‍ഷകാലങ്ങളില്‍ വെള്ളപ്പൊക്കം സാധാരണമാണ്; ശരാശരി വാര്‍ഷികപാതം 1,028 മി.ലി. 1864-ല്‍ ഇവിടെ അതിഭീകരമായ ഒരു ചൂഴലിക്കാറ്റുണ്ടായിട്ടുണ്ട്.

പ്രകാശം സാരാജ് അണക്കെട്ട്

ഇവിടത്തെ ജനങ്ങളിലധികവും കൃഷിയെ ആശ്രയിച്ചു കഴിയുന്നവരാണ്. നെല്ലാണ് പ്രധാന കൃഷി. കൂടാതെ പയറു വര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍ മുതലായവയും ചോളം, പുകയില, നിലക്കടല, ആവണക്ക്, പരുത്തി, കരിമ്പ് എന്നീ നാണ്യവിളകളും സാമാന്യം നല്ല തോതില്‍ ക്യഷി ചെയ്യപ്പെടുന്നു. മൊത്തം ക്യഷിഭൂമിയുടെ ഭൂരിഭാഗവും ജലസിക്തമായതിനാല്‍ ക്യഷി നല്ലപോലെ അഭിവ്യദ്ധിപ്പെട്ടു വരുന്നു. വിജയവാഡയ്ക്കു സമീപം കൃഷ്ണാനദിക്കു കുറുകെയുണ്ടായിരുന്ന പഴയ അണക്കെട്ടിനു ബലം നല്‍കുന്നതിനായി അതിനടുത്തായി ‘പ്രകാശം സാരാജ്' നിര്‍മിച്ചിട്ടുണ്ട്. ഇതുകൂടാതെ മറ്റനേകം ചെറിയ ജലസേചന പദ്ധതികളും ഈ ജില്ലയിലുണ്ട്. വിശാലമായ മേച്ചില്‍ സ്ഥലമുള്ളതുകൊണ്ട് കന്നുകാലി വളര്‍ത്തല്‍ സാമാന്യമായി അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. നദികള്‍, ജലസംഭരണികള്‍, തടാകങ്ങള്‍, കുളങ്ങള്‍ എന്നിവ ധാരാളമുള്ളതുകൊണ്ട് മത്സ്യബന്ധനവും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. വ്യവസായങ്ങളധികവും വിജയവാഡയെയും മച്ചിലി പട്ടണത്തെയും കേന്ദ്രീകരിച്ചാണുള്ളത്. വന്‍കിട ഫാക്ടറികള്‍ താരതമ്യേന കുറവാണ്. വ്യവസായങ്ങള്‍ക്കാണു പ്രാമുഖ്യം. ചെറുകിട വ്യവസായ പുരോഗതിയുള്ള ജില്ലയില്‍ രണ്ടാം സ്ഥാനം ക്യഷ്ണയ്ക്കാണ്. പുകയില, പഞ്ചസാര തുടങ്ങിയ കാര്‍ഷിക വിഭവങ്ങളെ ആശ്രയിച്ചുള്ള വ്യവസായങ്ങളാണ് വികസിപ്പിച്ചിട്ടുള്ളത്. പരുത്തിത്തുണി, പട്ട്, കൃത്രിമപ്പട്ട് മുതലായവയും ഉത്പാദിപ്പിക്കുന്നുണ്ട്. വിജയവാഡയില്‍ ഒരു വന്‍കിട സിമന്റ് ഫാക്ടറിയും വുയ്യൂരും ചെല്ലപ്പള്ളിയിലും പഞ്ചസാര ഫാക്ടറികളുമുണ്ട്. വിജയവാഡയിലെ താപവൈദ്യുതനിലയത്തിന് ഇന്ത്യയില്‍ ഒന്നാംസ്ഥാനമാണുള്ളത്. വിജയവാഡയിലുള്ള സൗത്ത് ഇന്ത്യാ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ തരം ഔഷധങ്ങള്‍ നിര്‍മിക്കുന്നു.

റോഡ്, തീവണ്ടിപ്പാത, വ്യോമഗതാഗതം തുടങ്ങിയ ഗതാഗത മാര്‍ഗങ്ങള്‍ വികസിച്ചിട്ടുണ്ട്. വിജയവാഡയ്ക്കടുത്തു ഗണ്ണവാരത്തില്‍ ഒരു വിമാനത്താവളവുമുണ്ട്. NH-5, NH-9, NH-214 എന്നീ നാല് ദേശീയപാതകള്‍ ഈ ജില്ലയിലൂടെ കടന്നുപോകുന്നു. ദക്ഷിണമേഖലാ റെയില്‍വേയുടെ ഒരു പ്രധാന ജങ്ഷനാണ് വിജയവാഡ. ജലഗതാഗതവും പുരോഗമിച്ചുവരുന്നു.

ജനങ്ങളില്‍ ഏറിയ ഭാഗവും ഗ്രാമീണരാണ്. വിജയവാഡ വ്യാവസായികമായി മുന്‍പന്തിയില്‍ നില്ക്കുന്നു. മച്ചിലി പട്ടണം ഒരു തുറമുഖ നഗരമെന്നതിലുപരി സാംസാകാരിക വിദ്യാഭ്യാസ കേന്ദ്രവുമാണ്. ഭൂരിപക്ഷം ജനങ്ങളുടെയും മാത്യഭാഷ തെലുഗുവാണ്. തമിഴ്, ഹിന്ദി, മലയാളം, ഗുജറാത്തി തുടങ്ങിയവ മാത്യഭാഷയായുള്ള ആളുകളും ഇവിടെയുണ്ട്. ജില്ലയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഹിന്ദുക്കളാണ്. എന്നാല്‍ മുസ്ലിങ്ങളും ക്രൈസ്തവരും സംഖ്യയില്‍ കുറവല്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍