This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണലീലാതരംഗിണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണലീലാതരംഗിണി

സംസ്കൃതത്തിലെ ഒരു നൃത്ത-സംഗീത നാടകം. 17-ാം നൂറ്റാണ്ടില്‍ ആന്ധ്രയിലെ ഗോദാവരി ജില്ലയില്‍ ജീവിച്ചിരുന്ന നാരായണ തീര്‍ഥര്‍ രചിച്ച ബൃഹത്തായ ഈ കൃതി 12 തരംഗങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ശ്ലോകം, ചൂര്‍ണിക (ഗദ്യം), സംഭാഷണ രൂപത്തിലുള്ള ഗാനങ്ങള്‍ എന്നീ ക്രമത്തിലാണു തരംഗങ്ങളുടെ രചന. ഭാഗവതം ദശമസ്കന്ധത്തിലെ കഥയാണു പ്രതിപാദ്യം. കൃഷ്ണാവതാരത്തോടെ കഥ തുടങ്ങി രുക്മിണീ സ്വയംവരത്തോടെ അവസാനിക്കുന്നു. വിഷ്ണു, ബ്രഹ്മാവ്, ഭൂമീദേവി, സനകാദിമുനിമാര്‍, ദേവകി, വസുദേവന്‍, യശോദ, ഗോപികമാര്‍, കൃഷ്ണന്‍, രുക്മിണി എന്നിവരും രുക്മിണിയുടെ ദൂതനായിവരുന്ന ഒരു ബ്രാഹ്മണനുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍. കൃഷ്ണലീലാതരംഗിണിയില്‍ മംഗളകാപ്പി എന്ന ഒരു അപൂര്‍വരാഗമുള്‍പ്പെടെ 36 രാഗങ്ങള്‍ ഉണ്ട്. ഒന്നാം രാഗത്തില്‍ ശ്രീകൃഷ്ണ പ്രാദര്‍ഭാവം വര്‍ണിച്ചിരിക്കുന്നു. രണ്ടാം തരംഗത്തില്‍ ഗോപാംഗനമാരുടെ കൃഷ്ണനോടുള്ള പ്രാര്‍ഥന, പൂതനാമോക്ഷം, യമളാര്‍ജുനഭഞ്ജനം, വിശ്വരൂപദര്‍ശനം കൊണ്ടു യശോദാനുഗ്രഹം തുടങ്ങിയ കഥാഭാവങ്ങളെ ആവിഷ്കരിക്കുന്നു. കൃഷ്ണന്റെ ഗോവത്സപാലനം മൂന്നാം തരംഗത്തിലും കൃഷ്ണ ഗോപാലക്രീഡ നാലാം തരംഗത്തിലും വര്‍ണിച്ചിരിക്കുന്നു. ഗോപീവസ്ത്രാപഹാരവും ഗോവര്‍ധനോദ്ധാരവുമാണ് അഞ്ചാം തരംഗത്തിലെ പ്രതിപാദ്യം. ആറാമത്തെ തരംഗത്തില്‍ കൃഷ്ണ-ഗോപീ സമാഗമ വിവരണമാണ്. രാസക്രീഡാവര്‍ണന ഏഴാം തരംഗത്തിലും രാധാകൃഷ്ണ സംവാദം, ഗോപീകൃഷ്ണസമാഗമം എന്നിവ എട്ടാം തരംഗത്തിലും പ്രതിപാദിച്ചിരിക്കുന്നു. അക്രൂരാനുഗ്രഹം, കൃഷ്ണന്റെ മഥുരാപ്രവേശം, ചാണൂരവധം, കംസവധം എന്നിവ ഒമ്പത്, പത്ത് തരംഗങ്ങളില്‍ നിവേശിപ്പിച്ചിരിക്കുന്നു. കൃഷ്ണന്റെ അസാന്നിധ്യത്തില്‍ വ്യാകുലരായ ഗോപികമാരുടെ വിരഹവേദനയാണു പതിനൊന്നാമത്തെ തരംഗത്തിലെ വിഷയം. തുടര്‍ന്ന് 12-ാം തരംഗത്തില്‍ ജരാസന്ധവധം, മുചുകുന്ദാനുഗ്രഹം, കൃഷ്ണന്റെ ദ്വാരകാ പ്രവേശം, രുക്മിണീദൂതാഗമനം, കൃഷ്ണന്റെ വിദര്‍ഭഗമനം, രുക്മിണീഹരണം, പരിണയം എന്നിവ ഭംഗിയായി വര്‍ണിച്ചു കഥ അവസാനിപ്പിക്കുന്നു.

കൃഷ്ണലീലാതരംഗിണിയെക്കൂടാതെ പാരിജാതാപഹരണം എന്ന ഒരു തെലുഗു നാടകം കൂടി നാരായണ തീര്‍ഥര്‍ രചിച്ചിട്ടുണ്ട്.

(പ്രൊഫ. മോഹനചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍