This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണരാജസാഗര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണരാജസാഗര്‍

കര്‍ണാടകത്തിലെ ഒരു അണക്കെട്ട്. ഈ അണക്കെട്ടു സ്ഥിതിചെയ്യുന്ന പ്രദേശവും ഇതേ പേരില്‍ത്തന്നെ അറിയപ്പെടുന്നു. ഇതു മൈസൂറിന്റെ തെക്കുപടിഞ്ഞാറേ കോണില്‍ 16 കി.മീ. അകലെ സ്ഥിതിചെയ്യുന്നു. ഹേമാവതി, ലക്ഷ്മണ തീര്‍ഥം എന്നീ നദികളുടെ സംഗമസ്ഥാനത്തിനു താഴെ ശ്രീരംഗ പട്ടണത്തിനു 14.4 കി.മീ. മുകളിലായി കാവേരി നദിക്കു കുറുകെ അണക്കെട്ടുണ്ടാക്കിക്കൊണ്ടാണ് കൃഷ്ണരാജസാഗര്‍ ജലാശയം നിര്‍മിതമായിട്ടുള്ളത്. 1870 മുതല്‍ക്കു തന്നെ ഇങ്ങനെ ഒരു അണ കെട്ടുവാനുള്ള പദ്ധതിയുണ്ടായിരുന്നു. കോളാറിനു വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ 1900- ല്‍ മൈസൂര്‍ ദിവാനായിരുന്ന ശേഷാദ്രി അയ്യര്‍ ശിവസമുദ്ര വിദ്യുത്കേന്ദ്രത്തിന്റെ പദ്ധതി തയ്യാറാക്കി. വൈദ്യുതിയുടെ ആവശ്യം ദിനന്തോറും വര്‍ധിച്ചുവന്നതു നിമിത്തം, അന്ന് മൈസൂര്‍ ചീഫ് എന്‍ജിനീയരായിരുന്ന എം. വിശ്വേശ്വരയ്യായുടെ നേതൃത്വത്തില്‍ കന്നംബാഡിയെന്ന സ്ഥലത്തു കാവേരി നദിയില്‍ അണകെട്ടി വലിയ ജലാശയം നിര്‍മിച്ചു വൈദ്യുതി ഉത്പാദിപ്പിക്കുവാനും, മാന്‍ഡ്യ മുതലായ സ്ഥലത്തെ കൃഷിഭൂമിക്കാവശ്യമായ ജലസേചനസൗകര്യം ഉണ്ടാക്കുവാനും, മറ്റു ചെറുകിട കൈത്തൊഴിലുകളുടെ വളര്‍ച്ചയെ സഹായിക്കുവാനുമായി 1911-ല്‍ ഏകദേശം 89 ലക്ഷം രൂപ ചെലവു വരുന്ന ഒരു പദ്ധതി തയ്യാറാക്കി, പ്രവര്‍ത്തനം ആരംഭിച്ചു. 24.38 മീ. ആഴത്തില്‍ ജലം ശേഖരിക്കത്തക്ക രീതിയിലാണ് ഈ അണക്കെട്ടു വിഭാവനം ചെയ്യപ്പെട്ടത്. 1915 ജൂണില്‍ എം. വിശ്വേശ്വരയ്യ ദിവാനായി നിയമിതനായ ഘട്ടത്തില്‍ 15.24 മീ. ആഴത്തില്‍ ജലം നിറഞ്ഞ ഒരു ജലാശയം രൂപപ്പെടുത്തി.

കൃഷ്ണരാജസാഗര്‍ അണക്കെട്ട്

ഇതിനിടയ്ക്ക് ഈ പദ്ധതികൊണ്ടു തഞ്ചാവൂര്‍ ജില്ലയില്‍ ജലസേചന സൗകര്യം ഉണ്ടാക്കുവാന്‍ സാധിക്കുമെന്നു മനസ്സിലാക്കിയ മദ്രാസ് സര്‍ക്കാര്‍ മൈസൂര്‍ രാജ്യവുമായി ദീര്‍ഘകാല ചര്‍ച്ചകള്‍ നടത്തിയതിന്റെ ഫലമായി 1924-ല്‍ ഒരു ഉടമ്പടിയില്‍ എത്തിച്ചേര്‍ന്നു. ഉടമ്പടി പ്രകാരം കൃഷ്ണരാജസാഗറിന്റെ ഉയരം 42 മീ. ആയും ജലസംഭരണിയുടെ ആഴം 38 മീ. ആയും വര്‍ധിപ്പിക്കാനുള്ള പണികള്‍ നടത്തി. കാവേരീനദീതടത്തില്‍ നിന്ന് 37.80 മീ. വരെ താഴ്ചയുള്ള സ്ഥലത്തു ജലം സംഭരിക്കപ്പെടുന്നു. ജലാശയത്തിന്റെ ജലാനയന പ്രദേശത്തിന്റെ വിസ്തീര്‍ണം 10,300 ച.കി. മീറ്ററാണ്. 50,000 ഹെക്ടര്‍ കൃഷിഭൂമിക്കു ജലസേചന സൗകര്യം നല്കുന്ന കൃഷ്ണരാജസാഗര്‍ എന്‍ജിനീയറിങ് വൈദഗ്ധ്യവും കലാസൗകുമാര്യവും പ്രകടമാക്കുന്ന വിശേഷപ്പെട്ട ഒരു അണക്കെട്ടാണ്. വാഹന ഗതാഗത സൗകര്യമുള്ള ഒരു നിരത്തോടുകൂടിയ ഇതിനു മൂന്ന് കി.മീ. നീളമുണ്ട്. ജല പ്രവാഹ നിയന്ത്രണം, വൈദ്യുതി ഉത്പാദനം, ജലസേചനം എന്നീ മൂന്നു മുഖ്യ ലക്ഷ്യങ്ങളാണ് ഈ അണക്കെട്ടിനുള്ളത്. ഇതിന് 170 ചീപ്പുകളുണ്ട്. ഇതിന്റെ നിര്‍മാണത്തിന് അഞ്ചു കോടി രൂപയോളം ചെലവായിട്ടുണ്ട്.

അണക്കെട്ടിനോടു ചേര്‍ന്നു ധാരായന്ത്രങ്ങളോടുകൂടി കലാസൌഭഗത്തോടെ നിര്‍മിച്ചിട്ടുള്ളതും വൈദ്യുത ദീപങ്ങളോടെ പ്രശോഭിക്കുന്നതുമായ വൃന്ദാവനാരാമം നയനാസേചനകമാണ്. കാശ്മീരിലെ ശാലിമാര്‍ ഉദ്യാനം പോലെ വിനോദസഞ്ചാരികളുടെ മുഖ്യമായ ആകര്‍ഷണ കേന്ദ്രവും ഇതു തന്നെ. മഴക്കാലത്ത് ഈ മഹാജലാശയത്തിന്റെ കാഴ്ച അതിമനോഹരമാണ്. ഇവിടത്തെ തടാകത്തിലും സമീപപ്രദേശങ്ങളിലും പിന്നിട്ട 70 വര്‍ഷക്കാലംകൊണ്ട് 200-ലേറെ ഇനം സസ്യജന്തുജാലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍