This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണപ്പരുന്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണപ്പരുന്ത്

Brahminy Kite

കേരളത്തില്‍ ധാരാളമായി കാണപ്പെടുന്ന ഒരിനം പക്ഷി. റാപ്റ്റോസ് (Raptores)പക്ഷിഗോത്രത്തിലെ വള്‍ച്ചറിഡേ (Vulturidae) കുടുംബത്തിന്റെ ഉപകുടുംബമായ മില്‍വിനേ (Milvinae) യിലെ അംഗമാണിത്. കൃഷ്ണപ്പരുന്തിന്റെ ശാ.നാ. ഹാലിയാസ്റ്റര്‍ ഇന്‍ഡസ് (Haliaster Indus). മലയാളത്തില്‍ ഗരുഡന്‍ എന്ന പേരിലും ഇതറിയപ്പെടുന്നുണ്ട്.

കൃഷ്ണപ്പരുന്തിന്റെ തല, കഴുത്ത്, ശരീരത്തിന്റെ അടിഭാഗം എന്നിവയ്ക്ക് വെള്ളനിറവും ശേഷിച്ച ഭാഗങ്ങള്‍ക്കു കാവിനിറവുമാണ്. വാലിന്റെ അറ്റത്തേക്ക് പോകുമ്പോഴേക്കും ഈ കാവിനിറം കുറഞ്ഞു വരുന്നു. ആണ്‍-പെണ്‍ പക്ഷികള്‍ക്കു തമ്മില്‍ കാഴ്ചയില്‍ വ്യത്യാസമില്ല.

കൃഷ്ണപ്പരുന്ത്

ഇന്ത്യയില്‍ ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ വിരളമായും മറ്റെല്ലായിടങ്ങളിലും ധാരാളമായും കണ്ടുവരുന്ന ഒരു പക്ഷിയാണ് കൃഷ്ണപ്പരുന്ത്. നന്നായി വരണ്ട പ്രദേശങ്ങളിലും ഇടതൂര്‍ന്ന വനങ്ങളിലും ഇതു താവളമടിക്കാറില്ല. ഈര്‍പ്പമുള്ള ഭൂമിയും ജലാശയങ്ങളും ഉള്ളയിടങ്ങളില്‍ സാധാരണയായി കാണപ്പെടുന്നു. ഭക്ഷണത്തിന്റ ലഭ്യതയനുസരിച്ചാണ് ഇതു താവളമടിക്കാറുള്ളത്. എലി, പാമ്പ്,തവള, പാറ്റ എന്നിവയാണ് പ്രധാന ആഹാരം. മത്സ്യവും ഇതിനു ഇഷ്ടമാണ്. കായലുകളിലും തോടുകളിലും പുഴകളിലും മത്സ്യം പിടിക്കുന്ന അവസരങ്ങളില്‍ ഈ പക്ഷികള്‍ കൂട്ടം കൂടി ആകാശത്തില്‍ വട്ടമിട്ടു പറക്കുന്നു. കോഴിക്കുഞ്ഞുങ്ങളെ റാഞ്ചിക്കൊണ്ടു പോകാനുള്ള കൃഷ്ണപ്പരുന്തിന്റെ വിരുതും എടുത്തു പറയത്തക്കതാണ്. ഇര പിടിച്ചുകൊണ്ടു പറന്നകലുന്ന കൃഷ്ണപ്പരുന്തുകള്‍ക്കു പുറകേ അവശിഷ്ടങ്ങള്‍ ശേഖരിക്കാനായി കാക്കകളും ഒത്തുകൂടാറുണ്ട്.

ഡിസംബര്‍-ജനുവരി മാസങ്ങളിലാണിവ കൂടുകെട്ടാറുള്ളത്. ഉയര്‍ന്ന മാവ്, തെങ്ങ്, പന എന്നീ മരങ്ങളിലാണ് സാധാരണയായി കൂടു നിര്‍മിക്കുന്നത്. ഇവ ജലാശയങ്ങളുടെ സമീപത്ത് കൂടുകെട്ടാന്‍ കൂടുതലും ഇഷ്ടപ്പെടുന്നു. ഏതാനും കമ്പുകളും ചുള്ളികളും കൂട്ടിവച്ചിരിക്കുന്നതുപോലെ തോന്നിക്കുന്ന ഇവയുടെ കൂടുകള്‍ക്ക് നല്ല ബലമുണ്ടായിരിക്കും.

ഫെബ്രുവരി-മാര്‍ച്ച് മാസത്തോടെ ഇവ മുട്ടയിടുന്നു. സാധാരണ രണ്ടു മുട്ടകള്‍ കാണും. ദീര്‍ഘവൃത്താകൃതിയിലുള്ള മുട്ടയുടെ നിറം മങ്ങിയ വെള്ളയായിരിക്കും. മുട്ടത്തോടിനുമുകളില്‍ ചാരനിറത്തിലുള്ള പുള്ളികളും കാണാറുണ്ട്.

പുരാണേതിഹാസങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഒരു പക്ഷിയാണ് കൃഷ്ണപ്പരുന്ത്. മഹാവിഷ്ണുവിന്റെ വാഹനമായി പുരാണങ്ങളില്‍ വര്‍ണിക്കപ്പെടുന്ന ഗരുഡന്‍ കശ്യപപത്നിയായ വിനതയുടെ പുത്രനത്രെ. കൃഷ്ണപ്പരുന്തിന്റെ വേഗതയില്‍ സന്തുഷ്ടനായ മഹാവിഷ്ണു താന്‍ ധരിച്ചിരുന്ന വെള്ളപ്പട്ട് ഇതിനു സമ്മാനിച്ചുവെന്നും അതിനാലാണ് ഈ വര്‍ഗത്തിന്റെ തലയ്ക്കും കഴുത്തിനും മാറിടത്തിനും വെള്ളനിറം കിട്ടിയതെന്നും ഒരു ഐതിഹ്യമുണ്ട്. നോ. ഗരുഡന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍