This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണപുരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണപുരം

ആലപ്പുഴ ജില്ലയിലുള്ള മുതുകുളം ബ്ളോക്കിലെ ഒരു ഗ്രാമപ്രദേശം, മുമ്പ് കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളിത്താലൂക്കില്‍, മേമന, ഞക്കനാല്‍, വയനകത്തുകാരാണ്മ, കൊറ്റംപള്ളി, മടത്തിക്കാരാണ്മ എന്നീ കരകള്‍ ചേര്‍ന്ന ഒരു വില്ലേജായിരുന്നു. ഇപ്പോള്‍ കാര്‍ത്തികപ്പള്ളിത്താലൂക്കിന്റെ തെക്കേ അറ്റമായ കൃഷ്ണപുരം, കായംകുളം വില്ലേജിന്റെ ഒരു ഭാഗമായിത്തീര്‍ന്നിരിക്കുന്നു. വിസ്തൃതി: 7.45 ച.കി.മീ. ഇവിടെയുണ്ടായിരുന്ന കോടതികള്‍ കായംകുളത്തേക്കു മാറ്റപ്പെട്ടു. അടുത്തകാലംവരെയും കായംകുളം കോടതികളെപ്പറ്റി കൃഷ്ണപുരം കോടതികള്‍ എന്നാണ് സര്‍ക്കാര്‍ രേഖകളില്‍ എഴുതിപ്പോന്നിരുന്നത്.

സ്ഥലത്തെ അതിപുരാതനമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നാണ് 'കൃഷ്ണപുരം' എന്ന സ്ഥലനാമം ഉണ്ടായത്.

'ബാണാരേസ്തദ്ഭവനയുഗളം പിന്നിലിട്ടങ്ങു ചെന്റാല്‍

കാണാം കായംകുളമിതി കുളര്‍ത്തീടുമങ്ങാടിതന്നെ'

എന്ന് ഉണ്ണുനീലിസന്ദേശത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രണ്ടു കൃഷ്ണക്ഷേത്രങ്ങളില്‍ ഒന്നാണ് കൃഷ്ണപുരം ക്ഷേത്രം. മറ്റേത് അല്പം വടക്കുമാറിയുള്ള പുതിയിടത്തു കൃഷ്ണസ്വാമിക്ഷേത്രമാണ്. മുസ്ലിങ്ങള്‍ ധാരാളമുള്ള ഈ സ്ഥലത്ത് ഒരു മുസ്ലിം ദേവാലയവുമുണ്ട്.

കൃഷ്ണപുരം കൊട്ടാരം

ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ് കൃഷ്ണപുരം. പണ്ടത്തെ കായംകുളം രാജാക്കന്മാരുടെ ആസ്ഥാനങ്ങളില്‍ ഒന്ന് ഇവിടെയാണു സ്ഥിതിചെയ്തിരുന്നത്. ആദ്യം മാവേലിക്കരയ്ക്കടുത്ത കണ്ടിയൂര്‍മറ്റത്തായിരുന്നു അവരുടെ രാജധാനി. അതു പിന്നീട് എരുവയിലേക്കും കൃഷ്ണപുരത്തേക്കും മാറ്റപ്പെട്ടു. രാജകുടുംബത്തിലെ തമ്പുരാട്ടിമാര്‍ എരുവയിലും തമ്പുരാക്കന്മാര്‍ കൃഷ്ണപുരത്തും താമസിച്ചിരുന്നുവെന്നും പറയപ്പെടുന്നു. കൃഷ്ണപുരം കൊട്ടാരം ഇളയ തമ്പുരാക്കന്മാര്‍ താമസിച്ചിരുന്നതാണെന്നും ഒരു പക്ഷമുണ്ട്. ഏതായാലും കായംകുളംരാജ്യം മാര്‍ത്താണ്ഡവര്‍മ പിടിച്ചടക്കി തിരുവിതാംകൂറിനോടു ചേര്‍ക്കുന്നതുവരെ കൃഷ്ണപുരം കായംകുളം രാജാക്കന്മാരുടെ രാജധാനിയായിരുന്നു എന്നതില്‍ തര്‍ക്കമില്ല. തിരുവിതാംകൂറില്‍ നിന്ന് ആക്രമണ ഭീഷണിയുണ്ടായപ്പോള്‍ കായംകുളംരാജാവ് പ്രതിരോധാര്‍ഥം കൊട്ടാരത്തിനു ചുറ്റും കോട്ട കെട്ടുകയും കിടങ്ങു കുഴിക്കുകയും ചെയ്തതായി പ്രസ്താവമുണ്ട്. കൊ.വ. 912-ല്‍ കായംകുളംസേനയെ തോല്പിച്ചു രാമയ്യന്‍ ദളവ കൊട്ടാരത്തില്‍ പ്രവേശിച്ചപ്പോഴേക്കും രാജാവ് അവിടെ ഉണ്ടായിരുന്ന വിലപിടിച്ച സാധനങ്ങളെല്ലാം നീക്കം ചെയ്തു കഴിഞ്ഞിരുന്നുവത്രെ. സൗകര്യപ്രദമായി കൊണ്ടുപോകാന്‍ നിവൃത്തിയില്ലാത്ത നിരവധി സാധനങ്ങള്‍ അഷ്ടമുടിക്കായലില്‍ കെട്ടിത്താഴ്ത്തി എന്നാണ് പറയപ്പെടുന്നത്. അവിടെ പരമ്പരയാ വച്ചു പൂജിച്ചിരുന്ന മഹാസുദര്‍ശനചക്രം രാമയ്യന്‍ എടുത്തുകൊണ്ടുപോയിയെന്നു പറയപ്പെടുന്നു.

കായംകുളം വേണാടിനോട് ചേര്‍ത്തതോടുകൂടി കൃഷ്ണപുരത്തിന്റെ പ്രാധാന്യം കുറഞ്ഞു. രാമവര്‍മ രാജാവിന്റെ കാലത്ത് അയ്യപ്പന്‍ മാര്‍ത്താണ്ഡപ്പിള്ള വടക്കന്‍ പറവൂര്‍, ആലങ്ങാട് മുതലായ പ്രദേശങ്ങളില്‍ ഭരണക്രമീകരണങ്ങള്‍ നടത്തിയശേഷം തിരുവനന്തപുരത്തേക്കു മടങ്ങും വഴി കൃഷ്ണപുരത്തു തങ്ങുകയുണ്ടായി. ഈ സ്ഥലം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും പറ്റിയ പ്രദേശമാണെന്നു തോന്നുകയാല്‍ കൊട്ടാരത്തിനടുത്തു ചെളിയും മണ്ണുംകൊണ്ട് ഒരു കോട്ട കെട്ടുകയും ഒരു വെടിക്കോപ്പുശാലയും സൈനിക സജ്ജീകരണത്തോടുകൂടിയ മറ്റു ചില കെട്ടിടങ്ങളും പണികഴിപ്പിക്കയും ചെയ്തു. 1762-ല്‍ അറ്റകുറ്റപ്പണികള്‍ നടത്തി കൊട്ടാരം കുറേക്കൂടി നന്നാക്കി, കൊല്ലം മുതല്‍ വടക്കോട്ട് കൃഷ്ണപുരം വഴി ഒരു റോഡും നിര്‍മിച്ചു. കൃഷ്ണപുരം കോട്ട 1810-ല്‍ കേണല്‍ മെക്കാളെയുടെ ആജ്ഞപ്രകാരം ഇടിച്ചു നിരത്തുകയുണ്ടായി. അതിന്റെ അവശിഷ്ടങ്ങളും, ആനകളെയും കുതിരകളെയും കുളിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന കുളവും ഇന്നും കാണ്മാനുണ്ട്.

ചരിത്ര പ്രസിദ്ധമായ രാജകൊട്ടാരം തന്നെയാണു കൃഷ്ണപുരത്തിന്റെ പ്രശസ്തിക്കു മുഖ്യമായ നിദാനം. കൃഷ്ണസ്വാമി ക്ഷേത്രത്തിനു വടക്കുവശത്തുകൂടി പടിഞ്ഞാറോട്ടു തിരിയുന്ന വഴിയില്‍ കഷ്ടിച്ചു 400 മീ. അകലെ കൊട്ടാരം സ്ഥിതിചെയ്യുന്നു. ഒരു വലിയ മതില്‍ക്കെട്ടും അതിനുള്ളില്‍ ഒരു ഇരുനിലമാളികയുമാണ് ഇന്നുള്ളത്. കേരളത്തിലെ പ്രാചീന നാടുവാഴികളുടെ കൊട്ടാരങ്ങളുടെയും കേരളീയ വാസ്തുശില്പത്തിന്റെയും മികച്ച മാതൃകയായി ഇതു പരിലസിക്കുന്നു. കൊട്ടാരത്തോടനുബന്ധിച്ചുണ്ടായിരുന്ന കെട്ടിടങ്ങളില്‍ പലതും പൊളിച്ചു കളഞ്ഞെങ്കിലും പ്രധാന കൊട്ടാരം കേടുപാടുകൂടാതെ സംരക്ഷിക്കപ്പെടുന്നു. താഴെയുള്ള നടുമുറ്റം, അവിടെ നില്ക്കുന്നവര്‍ക്കു മാളികയില്‍ നിന്നുകൊണ്ടു ദര്‍ശനം നല്കാന്‍ നാടുവാഴികള്‍ക്കു സൗകര്യപ്പെടുമാറുള്ള വാതായനങ്ങള്‍, ഇടുങ്ങിയ കോവണിപ്പടികള്‍, വിശിഷ്ടാതിഥികള്‍ക്കു വേണ്ടി നിരയോടു ചേര്‍ത്തു സജ്ജമാക്കിയിട്ടുള്ള ഇരിപ്പിടങ്ങള്‍, താഴ്ന്ന മച്ച്, ഭാരിച്ച കതകുകള്‍, മന്ത്രശാല, മടപ്പള്ളി, സംഭാരപ്പുര, നീരാഴിക്കെട്ട്, ഇടുങ്ങിയ ഇടനാഴികള്‍, ഉറക്കറയുടെ മുകളിലുള്ള ചെറുവാതില്‍ മുതലായവയാണ് ഈ കൊട്ടാരത്തിന്റെ സവിശേഷതകള്‍. പല വലുപ്പത്തിലും രൂപത്തിലുമുള്ള ഓട്ടുവിളക്കുകളും ചിത്രപ്പണി ചെയ്ത കട്ടിലുകളും, കൂറ്റന്‍ ചീന ഭരണികളും വിദേശികള്‍ സമ്മാനിച്ച നിരവധി കൌതുകവസ്തുക്കളും അവിടെയുണ്ടായിരുന്നു. അവ റവന്യു ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നു ലേലം ചെയ്തുവിറ്റു.

ഗജേന്ദ്രമാക്ഷം കൃഷ്ണപുരം കൊട്ടാരത്തിലെ ചുവര്‍ചിത്രം

കേരളത്തില്‍ ഇതുവരെ കണ്ടുകിട്ടിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലുപ്പം കൂടിയ ചുവര്‍ചിത്രമുള്ളത് ഈ കൊട്ടാരത്തിലാണ്. ഭിത്തിയുടെ 49 ച.മീ. സ്ഥലം അതു നിറയ്ക്കുന്നു. 'ഗജേന്ദ്ര മോക്ഷം' ആണ് ആലേഖനം ചെയ്തിരിക്കുന്നത്. ഗരുഡാരൂഢനായ മഹാവിഷ്ണു, മെലിഞ്ഞ കൊമ്പനാന, ആന തുമ്പിക്കൈയില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന താമരപ്പൂക്കള്‍, ചക്രായുധം ഏറ്റു വേദന അനുഭവിക്കുന്ന മുതല, കോപം കൊണ്ടു ചുവന്ന കണ്ണുകളോടെ ആകാശത്തു ചിറകുവിരിച്ചു തങ്ങിനില്ക്കുന്ന ഗരുഡന്‍, രംഗനിരീക്ഷണം ചെയ്യുന്ന ദേവന്മാരും ഋഷികളും, ഗജേന്ദ്രന്റെ ദയനീയമായ സ്ഥിതി കണ്ടു സഹതപിച്ചു നില്‍ക്കുന്ന ആനക്കൂട്ടം എന്നിവ അതിവിദഗ്ധമായി 'ഗജേന്ദ്രമോക്ഷം' ചുവര്‍ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നു. പടിഞ്ഞാറു വശത്തുള്ള നീരാഴിയില്‍ നിന്നു കുളിച്ചു കേറിവരുമ്പോള്‍ കാണത്തക്ക വിധമാണ് ചിത്രത്തിനു സ്ഥാനനിര്‍ണയനം ചെയ്തിരിക്കുന്നത്. ഗജേന്ദ്ര മോക്ഷത്തിനു പുറമേ മുരളീധരനായ കൃഷ്ണന്റെ രണ്ടു ചുവര്‍ചിത്രങ്ങള്‍കൂടിയുണ്ട്. കുമ്മായം പൂശിയ ചുവരിന്മേലാണ് ചിത്രണം സാധിച്ചിരിക്കുന്നത്. ഇതിന് ഏകദേശം 350-ല്‍പ്പരം വര്‍ഷത്തെ പഴക്കമുണ്ടാവണമെന്നാണ് അഭിജ്ഞമതം.

കൊട്ടാരം ഇപ്പോള്‍ പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള മ്യൂസിയം ആണ്. ഹാരപ്പായില്‍ നിന്നു ലഭിച്ച ചില വസ്തുക്കളുടെ പ്ലാസ്റ്റര്‍ മോഡലുകളും ഏതാനും പ്രാചീന വിഗ്രഹങ്ങളും, കണ്ണൂര്‍ പള്ളി, മട്ടാഞ്ചേരി കോവിലകം എന്നിവിടങ്ങളിലെ ഏതാനും ചുവര്‍ ചിത്രങ്ങളുടെ മാതൃകകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍