This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍വകക്കാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണന്‍വകക്കാര്‍

കന്യാകുമാരിജില്ലയിലെ കല്‍ക്കുളം, വിളവന്‍കോട് താലൂക്കുകളില്‍ വസിക്കുന്ന ഒരു ജനവിഭാഗം. ഇവര്‍, മഥുരയില്‍നിന്നും കുടിയേറിപ്പാര്‍ത്ത യാദവന്മാരുടെ പിന്‍ഗാമികളാണെന്നു കരുതപ്പെടുന്നു. ഇവര്‍ക്കിടയില്‍ മക്കത്തായവും മരുമക്കത്തായവും നിലനിന്നിരുന്നു. ശ്രീകൃഷ്ണന്‍ രുക്മിണീസ്വയംവരത്തിന് ഖഡ്ഗപാണിയായി പോയതിനെ അനുസ്മരിപ്പിക്കുംവിധം വിവാഹസമയത്ത് വരന്‍ കൈയില്‍ വാള്‍ പിടിക്കുന്ന സമ്പ്രദായം ഇവരുടെ ഇടയില്‍ കാണാം. വിധവാവിവാഹം അനുവദനീയമാണ്. ജ്യേഷ്ഠസഹോദരന്‍ മരിച്ചാല്‍, അയാളുടെ പത്നിയെ പ്രായംകൊണ്ടു മൂത്തവളാണെങ്കില്‍പ്പോലും അവിവാഹിതനായ ഇളയസഹോദരന്‍ ഭാര്യയായി സ്വീകരിക്കുന്ന സാമൂഹികാചാരം ഇവരുടെ ഇടയില്‍ നിലവിലുണ്ടായിരുന്നു. വൈഷ്ണവരായ കൃഷ്ണന്‍വകക്കാര്‍ പ്രധാനമായും ശ്രീകൃഷ്ണനെയാണ് ആരാധിക്കുന്നതെങ്കിലും ദ്രാവിഡസംസ്കാരവുമായുണ്ടായ നിരന്തര സമ്പര്‍ക്കഫലമായി ചിലര്‍ മാരിയമ്മയെയും അയ്യപ്പനെയും സുബ്രഹ്മണ്യനെയും ആരാധിക്കുന്നുണ്ട്. ദീപാവലി, പൊങ്കല്‍, പൈങ്കുനി ഉത്രം, വൈകുണ്ഠ ഏകാദശി, ശ്രീകൃഷ്ണജയന്തി തുടങ്ങിയവയാണ് ഇവരുടെ പ്രധാന ഉത്സവങ്ങള്‍. ഓണവും വിഷുവും പൂരവും ആഘോഷിക്കുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്. മരിച്ചാല്‍, പത്തു വയസ്സുവരെയുള്ളവരുടെ ശവശരീരം മറവുചെയ്യുകയും അതില്‍ കൂടുതല്‍ പ്രായമുള്ളവരുടേത് ദഹിപ്പിക്കുകയും നാല്പത്തിയൊന്നു ദിവസത്തെ പുല ആചരിക്കുകയും ചെയ്യുന്നു. മലയാളവും തമിഴും ഇടകലര്‍ന്ന ഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്.

ഐതിഹ്യം. പണ്ട് ശ്രീകൃഷ്ണന്റെ ജന്മസ്ഥാനമായ ആമ്പാടിയില്‍ പാര്‍ത്തിരുന്ന യാദവന്മാര്‍ ശ്രീകൃഷ്ണന്റെ സ്വര്‍ഗാരോഹണത്തിനുശേഷം തമ്മില്‍ കലഹിക്കുകയും ഒരു വിഭാഗം ശ്രീകൃഷ്ണ വിഗ്രഹവും വിഷ്ണു സാളഗ്രാമവും ആയി തെക്കേ ഇന്ത്യയിലേക്കു കടക്കുകയും ചെയ്തു. മാര്‍ഗമധ്യേ കുറച്ചു കാലം കാഞ്ചീപുരത്തു താവളമുറപ്പിച്ചു. അവിടെ തങ്ങിയ ഇവരുടെ വംശജരെ 'ആയര്‍' എന്നു വിളിച്ചുപോരുന്നു. കാഞ്ചീപുരത്ത് ഇവര്‍ താമസിച്ചിരുന്ന സ്ഥലം ഇന്നും ആയര്‍വാടി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഐതിഹ്യപ്രകാരം, ഇവരില്‍ വേണാട്ടിലേക്കുകടന്ന 72 കുടുംബങ്ങള്‍ കൊല്ലവര്‍ഷാരംഭത്തിനുതൊട്ടുമുമ്പ് രാജ്യം ഭരിച്ചിരുന്ന പള്ളിവാണപെരുമാള്‍ എന്ന പേരില്‍ പ്രസിദ്ധനായ ഉദയമാര്‍ത്താണ്ഡവര്‍മ മഹാരാജാവിനെ മുഖം കാണിച്ചു. ഇവരില്‍ സംപ്രീതനായ രാജാവ് തിരുവനന്തപുരത്തു വഞ്ചിയൂരിലും പാല്‍ക്കുളങ്ങരയിലുമായി ഇവരെ താമസിപ്പിക്കുകയും കൃഷ്ണന്‍ വകക്കാര്‍ എന്ന പേര്‍ കല്പിച്ചു നല്കുകയും ചെയ്തു. ഇവര്‍ കൊണ്ടുവന്ന ശ്രീകൃഷ്ണ വിഗ്രഹത്തെ മഹാരാജാവ് ശ്രീപദ്മനാഭസ്വാമിക്ഷേത്രവളപ്പിനുള്ളില്‍ത്തന്നെ തിരുവമ്പാടി എന്ന പേരില്‍ ഒരമ്പലം പണിത് അവിടെ പ്രതിഷ്ഠിച്ചു. ക്ഷേത്രനടത്തിപ്പിനാവശ്യമായ വസ്തുവകകള്‍ രാജാവ് വിട്ടുകൊടുക്കുകയും ഇവരുടെ നേതാക്കന്മാര്‍ക്ക് 'അനന്തപദ്മനാഭക്ഷേത്രപല്ലവരായര്‍' തുടങ്ങിയ ബഹുമതികള്‍ നല്കുകയും ചെയ്തു.

കാലക്രമത്തില്‍ തദ്ദേശബ്രാഹ്മണര്‍ കൃഷ്ണന്‍വകക്കാരുടെ സ്വാധീനശക്തിയില്‍ ആസൂയാലുക്കളായതിന്റെ ഫലമായി രാജാവിനെ പ്രേരിപ്പിച്ച് തെക്കന്‍ തിരുവിതാംകൂറിലെ കുഴിത്തുറയ്ക്കു തെക്കുള്ള പ്രദേശത്തേക്ക് ഇവരെ മാറ്റിപ്പാര്‍പ്പിച്ചു. ഈ ഐതിഹ്യങ്ങളെല്ലാം ചരിത്രപരമായ വസ്തുതകളോടു പരിപൂര്‍ണമായി യോജിക്കുന്നവയല്ല. ആദ്യകാലത്ത് ക്ഷേത്രസംബന്ധമായ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന ഇവര്‍ ക്രമേണ കൃഷികാര്യങ്ങളില്‍ കൂടുതല്‍ താത്പര്യമുള്ളവരായിത്തീരുകയും കല്‍ക്കുളം, വിളവന്‍കോട് തുടങ്ങിയ പ്രദേശങ്ങളില്‍ സ്ഥിരതാമസമാക്കുകയും ചെയ്തതായി ചരിത്രരേഖകളില്‍ പരാമര്‍ശമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍