This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷി

Agriculture

പ്രയോജനപ്രദങ്ങളായ സസ്യങ്ങളെ ശാസ്‌ത്രീയമായ രീതികളിലൂടെ വളര്‍ത്തുന്ന പ്രക്രിയ. ഭക്ഷ്യോത്‌പാദനമാണ്‌ കൃഷിയുടെ മുഖ്യലക്ഷ്യമെങ്കിലും തുണിനാരുകള്‍, ഔഷധങ്ങള്‍, ചായങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കുന്ന സസ്യങ്ങളും കൃഷിചെയ്യാറുണ്ട്‌. ഈ ആവശ്യങ്ങള്‍ക്കായി വന്യസസ്യങ്ങള്‍ ശേഖരിക്കുന്നതിനെ കൃഷിയായി പരിഗണിക്കാറില്ല. സസ്യങ്ങളെ ബോധപൂര്‍വം നട്ടുവളര്‍ത്തിയെടുക്കുന്ന പ്രക്രിയയാണ്‌ കൃഷി.

കലപ്പ ഉപയോഗിച്ചുള്ള കാര്‍ഷികവൃത്തിയെ സൂചിപ്പിക്കുന്ന പുരാതന ഈജിപ്‌ഷ്യന്‍ ചിത്രം

കാര്‍ഷികവിളകളുടെയും കന്നുകാലി വര്‍ഗങ്ങളുടെയും ഉത്‌പാദനത്തെ സംബന്ധിച്ചുള്ള വിജ്ഞാനശാഖയും ഇന്ന്‌ വിശാലമായ അര്‍ഥത്തില്‍ കാര്‍ഷികവിജ്ഞാനമെന്ന്‌ അറിയപ്പെടുന്നു. മണ്ണുസംരക്ഷണം, കാര്‍ഷികവിളകളുടെയും കാലിവര്‍ഗങ്ങളുടെയും മേല്‍ നോട്ടം, അവയുടെ സംരക്ഷണവും വിതരണവും എന്നിവകൂടി കൃഷിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താവുന്നതാണ്‌. കാര്‍ഷികമേഖലയിലെ അസംസ്‌കൃതവിഭവങ്ങളെയും അവയുടെ ഉത്‌പന്നങ്ങളെയും ചുറ്റിപ്പറ്റിയുള്ള എല്ലാ സാങ്കേതിക ശാസ്‌ത്രവിദ്യകളും കാര്‍ഷികവ്യവസായത്തില്‍ ഉള്‍പ്പെടുന്നു. ഇതിന്റെ വെളിച്ചത്തില്‍ എല്ലാ വ്യാവസായിക ഘടകങ്ങളുടെയും ഉത്‌പാദനത്തെ സംബന്ധിച്ചുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, കാര്‍ഷികവിളകളുടെയും കാലിവര്‍ഗങ്ങളുടെയും അവയുടെ ഉത്‌പന്നങ്ങളുടെയും ഉത്‌പാദനം, വിപണനയോഗ്യമായ ഉത്‌പന്നങ്ങളുടെ നിര്‍മാണം, ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരണമായുള്ള ഉത്‌പന്നങ്ങളുടെ വിതരണം എന്നിവയും കൃഷിയുടെ വിശാലമേഖലയുടെ പരിധിയില്‍ വന്നുചേരുന്നു. ഒരു നിര്‍ദിഷ്‌ട സ്ഥലത്തെ കൃഷിയെ നിരവധി ഘടകങ്ങള്‍ സ്വാധീനിക്കുന്നു. കാലാവസ്ഥ, മണ്ണ്‌, ഭൂപ്രകൃതി, വിപണനകേന്ദ്രത്തിനോടുള്ള സാമീപ്യം, വാഹനലഭ്യത, ഭൂമിയുടെ വില, പൊതുസാമ്പത്തിക നിലവാരം എന്നിവയെല്ലാം കൃഷിയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ആയി വര്‍ത്തിക്കാറുണ്ട്‌. കാലാവസ്ഥ, മണ്ണ്‌, ജലലഭ്യത, ഭൂപ്രകൃതി എന്നിവ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈവിധ്യം പ്രദര്‍ശിപ്പിക്കുന്നു.ഈ വൈവിധ്യം കാര്‍ഷികോത്‌പന്നങ്ങളുടെ വൈവിധ്യത്തിനും കാരണമായിത്തീരുന്നു. ചില പ്രത്യേക സ്ഥലങ്ങള്‍ സവിശേഷ കാര്‍ഷികവൃത്തിക്കുവേണ്ടി നീക്കിവച്ചിരിക്കുമ്പോള്‍ മറ്റു ചില സ്ഥലങ്ങളില്‍ വൈവിധ്യമാര്‍ന്ന കാര്‍ഷികവൃത്തി സ്വീകരിച്ചിരിക്കുന്നു. ലോകത്തിലാകമാനമുള്ള ജനസംഖ്യാവര്‍ധനവും കാര്‍ഷികമേഖലയില്‍ നൂതനപരീക്ഷണങ്ങള്‍ നടത്താനും വിളവു മെച്ചപ്പെടുത്താനും പ്രരണ ചെലുത്തിക്കൊണ്ടിരിക്കുന്നു. ചരിത്രം. കൃഷിയുടെ ആരംഭം മനുഷ്യന്റെ ചരിത്രത്തിലെ ഒരു പ്രധാന വഴിത്തിരിവായിട്ടാണ്‌ കണക്കാക്കപ്പെടുന്നത്‌. കാര്‍ഷികസംസ്‌കാരത്തിന്റെ ആരംഭം 12,000 വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്നു എന്ന്‌ പുരാവസ്‌തുരേഖകള്‍ വെളിപ്പെടുത്തുന്നു. ഒരിടത്തും സ്ഥിരതാമസമുറപ്പിക്കാതെ ചുറ്റിത്തിരിയുകയും നായാട്ടു നടത്തി ഭക്ഷ്യവസ്‌തുക്കള്‍ ശേഖരിക്കുകയും ചെയ്‌തുപോന്ന മനുഷ്യന്‍ കൃഷിയുടെ ആരംഭത്തോടെയാണ്‌ ഒരിടത്ത്‌ സ്ഥിരവാസം ഉറപ്പിക്കാന്‍ തുടങ്ങിയത്‌. നദീതീരങ്ങളിലാവണം ആദ്യകൃഷിക്ക്‌ ആരംഭം കുറിച്ചത്‌. കിഴങ്ങും കമ്പും മുറിച്ചുനട്ട്‌ കിളിപ്പിച്ചെടുത്ത കൃഷിരീതിയാണ്‌ ആദ്യം ആരംഭിച്ചതെന്നു കരുതപ്പെടുന്നു. വിത്ത്‌ ഉത്‌പാദിപ്പിക്കുന്ന ഇനം ചെടികളുടെ കൃഷി ചെയ്‌ത്‌ അതില്‍ നിന്ന്‌ വിത്ത്‌ ശേഖരിച്ച്‌ കൃഷി ചെയ്യുന്ന രീതിയെ "നവശിലായുഗ വിപ്ലവ' (neolithic revolution)മെന്നാണ്‌ വിശേഷിപ്പിക്കപ്പെടുന്നത്‌. കൃഷിയോടൊപ്പം മേച്ചില്‍ മാടുകളുടെ വളര്‍ത്തലും സംരക്ഷണവുംകൂടി മനുഷ്യന്‍ തുടങ്ങി. ഇതോടൊപ്പം ഒരു പ്രത്യേക സ്ഥാനത്തു വാസമുറപ്പിക്കലും ആയതോടെ ആഹാരം സുലഭമാവുകയും ഒരു പുതിയ സാംസ്‌കാരിക ജീവിതത്തിന്റെ ആരംഭം കുറിക്കുകയും ചെയ്‌തു.

ട്രാക്‌റ്റര്‍ ഉപയോഗിച്ചുള്ള നിലം ഉഴല്‍

നദികളുടെ സമീപത്ത്‌ കൃഷി ആരംഭിക്കുകയും അതോടെ ഒരു നദീതട സംസ്‌കാരം ഉരുത്തിരിഞ്ഞുവരികയും ചെയ്‌തു. ഈ സംസ്‌കാരരൂപവത്‌കരണത്തില്‍ കൃഷിക്കും കാര്‍ഷികവൃത്തിക്കുമുള്ള പങ്ക്‌ അവഗണിക്കാനാവാത്തതാണ്‌. ഈജിപ്‌തിന്റെയും മെസൊപ്പൊട്ടേമിയയുടെയും ചരിത്രം നദിയും കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ രണ്ടു സ്ഥലങ്ങളിലെയും കൃഷിക്ക്‌ ഏതാണ്ട്‌ ആറായിരത്തോളം വര്‍ഷത്തെ പഴക്കമുണ്ട്‌. നൈല്‍ നദീതീരത്തെ ഈജിപ്‌ത്‌ ഇന്നും കാര്‍ഷികവൃത്തിയില്‍ ഉയര്‍ന്നുതന്നെ സ്ഥിതിചെയ്യുന്നു. എന്നാല്‍ യൂഫ്രട്ടിസ്‌-ടൈഗ്രിസ്‌ നദീതടങ്ങളിലെ മെസൊപ്പൊട്ടേമിയ കാര്‍ഷികവൃത്തിയില്‍ ഇന്ന്‌ പിന്നാക്കം നില്‌ക്കുകയും ചെയ്യുന്നു. നൈല്‍ നദിയുടെ ഉദ്‌ഭവകേന്ദ്രങ്ങള്‍ ഉഗാണ്ടയിലെ ചതുപ്പുനിലങ്ങളും എത്യോപ്യയിലെ ഉയര്‍ന്ന പര്‍വതപ്രദേശങ്ങളുമാണ്‌. സമൃദ്ധമായ മഴ ലഭിക്കുന്ന നൈലിന്റെ ഉദ്‌ഭവകേന്ദ്രങ്ങള്‍ നൈലിനു ചുറ്റും ഉള്ള കൃഷിമേഖലയെ സമ്പന്നമാക്കുന്നു. എന്നാല്‍ ടൈഗ്രിസിന്റെയും യൂഫ്രട്ടിസിന്റെയും ഉദ്‌ഭവകേന്ദ്രമായ ആര്‍മീനിയയിലെ പീഠഭൂമി ഒരു ജനസാന്ദ്രമേഖലയാണ്‌. വനവൃക്ഷങ്ങള്‍ വെട്ടിമാറ്റിയതുമൂലവും മനുഷ്യന്‍ വളര്‍ത്തിയിരുന്ന ആയിരക്കണക്കിന്‌ ആട്ടിന്‍പറ്റങ്ങള്‍ കാടുകള്‍ തുടച്ചുനീക്കിയതുമൂലവും കാലാവസ്ഥയില്‍ അസന്തുലിതാവസ്ഥ ഉണ്ടാവുകയും കാര്‍ഷികമേഖല തകരാറിലാവുകയും ചെയ്‌തു.

കോണ്ടൂര്‍ കൃഷി

കൃഷിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു ഘടകമാണ്‌ മണ്ണ്‌. കൃഷിയില്‍ , മണ്ണില്‍ അടങ്ങിയിരിക്കുന്ന പോഷകമൂല്യങ്ങളെ വര്‍ധിപ്പിക്കുന്നതിനായി ഉപകരിക്കുന്നവിധത്തിലാക്കുന്നു. ഉഴുതുമറിച്ചോ കിളച്ചോ മണ്ണൊരുക്കുന്നതുകൊണ്ട്‌ ചെടികളുടെ വളര്‍ച്ചയ്‌ക്കു വേണ്ടതായ വായു, ജലം, പോഷകമൂല്യങ്ങള്‍ എന്നിവ വേരിനടുത്തുതന്നെ എത്തിച്ചേരാനുള്ള സാഹചര്യം ലഭിക്കുന്നു. ഇതോടൊപ്പം കളകളെ നിര്‍മാര്‍ജനം ചെയ്യുകവഴി മണ്ണിലെ പോഷകമൂല്യങ്ങള്‍ പൂര്‍ണമായും വിളയ്‌ക്കുതന്നെ ലഭ്യമാകുന്നു. മണ്‍തരികള്‍ ചേര്‍ന്നു ചെറുകട്ടകളുള്ള മണ്ണാണ്‌ കൃഷിക്ക്‌ ഏറ്റവും അനുയോജ്യം. ഇപ്രകാരമുള്ള മണ്ണില്‍ ചെടിക്ക്‌ ആരോഗ്യകരമായി വളരാനുള്ള സാഹചര്യം ലഭ്യമാവുകയും ചെയ്യുന്നു.

കൃഷിക്ക്‌ ഉപയുക്തമാക്കുന്ന മണ്ണിനെ നിരവധി പാളികളായി വേര്‍തിരിക്കാം. ഏറ്റവും മുകളിലായുള്ള പാളിയില്‍ സസ്യങ്ങളുടെയും ജന്തുക്കളുടെയും അവശിഷ്‌ടങ്ങളടങ്ങിയിരിക്കുന്നു. ഇതിനടിയിലായി പോഷമൂല്യങ്ങളില്ലാത്ത ഒരു പാളി മണ്ണും അതിനും അടിയില്‍ മേല്‍ മണ്ണില്‍ നിന്ന്‌ ഒലിച്ചിറങ്ങിയ പോഷകവസ്‌തുക്കള്‍ ധാരാളമുള്ള മറ്റൊരു പാളി മണ്ണും ഉണ്ട്‌. കൃഷിയിറക്കുമ്പോള്‍ ആഴത്തില്‍ ഉഴേണ്ടത്‌ ഇതുകൊണ്ടാണ്‌. ആഴത്തില്‍ ഉഴുന്നതുമൂലം ഈ മൂന്നുപാളി മണ്ണും കൂടിച്ചേര്‍ന്നു കൃഷിക്ക്‌ ഏറ്റവും അനുയോജ്യമായ മണ്ണിനമായി മാറുന്നു.

ബണ്ട്‌ നിര്‍മാണം

ചരിഞ്ഞ ഭൂമിയില്‍ മണ്ണുസംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടത്താതെ കൃഷിയിറക്കിയാല്‍ സമൃദ്ധമായ മേല്‍ മണ്ണ്‌ മണ്ണൊലിപ്പിലൂടെ നഷ്‌ടമാകാനിടയുണ്ട്‌. മണ്ണുസംരക്ഷണത്തിന്റെ അടിസ്ഥാനതത്ത്വം തന്നെ മേല്‍ മണ്ണിനെ ഉറപ്പിച്ചുനിര്‍ത്തുകയെന്നതാണ്‌. കേരളത്തിന്റെ കിഴക്കുനിന്നും പടിഞ്ഞാറോട്ട്‌ ചരിഞ്ഞ ഭൂപ്രകൃതിയും വര്‍ധിച്ചതോതില്‍ ലഭിക്കുന്ന മഴയും മണ്ണൊലിപ്പിനെ സഹായിക്കുന്ന ഘടകങ്ങളാണ്‌. മണ്ണൊലിപ്പ്‌ തടയലും ബുദ്ധിപൂര്‍വമായ ഭൂവിനിയോഗവും കൃഷിക്ക്‌ അനുപേക്ഷണീയമാണ്‌. മണ്ണൊലിപ്പു തടയാനായി രണ്ടു മുഖ്യമാര്‍ഗങ്ങളാണ്‌ ഇന്ന്‌ സ്വീകരിച്ചുവരുന്നത്‌. ഇവയില്‍ ആദ്യത്തെ മാര്‍ഗം കോണ്ടൂര്‍ അടിസ്ഥാനത്തിലുള്ള കൃഷി, ബണ്ട്‌ നിര്‍മാണം, തട്ടുതിരിക്കല്‍ , ചാലുകളുടെ നികത്തല്‍ തുടങ്ങിയ സാങ്കേതിക പരിപാടികളാണ്‌. സസ്യവളര്‍ച്ചകൊണ്ട്‌ മണ്ണൊലിപ്പു തടയുന്ന ജൈവരീതിയാണ്‌ രണ്ടാമത്തേത്‌. ധാന്യ-കിഴങ്ങുവിളകള്‍ക്കിടയില്‍ പുല്ലിനങ്ങളും പയറും ആവരണവിളയാക്കിയാല്‍ മണ്ണൊലിപ്പു കുറെയധികം തടയാനാകും. മണ്ണിന്റെ ഫലപുഷ്‌ടി ഏതാണ്ട്‌ സ്ഥിരമായ തോതില്‍ നിലനിര്‍ത്താനുതകും വിധത്തിലുള്ള വിളപരിക്രമം സ്വീകരിക്കേണ്ടതുണ്ട്‌. പയറുവര്‍ഗങ്ങള്‍ ഇടയ്‌ക്കിടെ കൃഷിചെയ്യുന്നതുവഴി അന്തരീക്ഷത്തിലെ നൈട്രജന്‍ മണ്ണില്‍ എത്തിച്ച്‌ മണ്ണിന്റെ ഫലപുഷ്‌ടി വര്‍ധിപ്പിക്കാനാവും. ഇതോടൊപ്പം ജൈവവളങ്ങളുടെ ശേഖരണവും വിതരണവും കൃത്യമായി നടത്തുകയും സസ്യകൃഷിയോടൊപ്പം കാലിവര്‍ഗങ്ങളെയും കോഴിയെയും വളര്‍ത്തി മിശ്രകൃഷി സമ്പ്രദായം ആവിഷ്‌കരിക്കുകയും ചെയ്‌താല്‍ മണ്ണിന്റെ ഫലപുഷ്‌ടി ഒരളവുവരെ നിലനിര്‍ത്താനാവും. ഓരോ വിളയ്‌ക്കും യോജിച്ചതരത്തിലുള്ള കൃഷിരീതികളും ആവിഷ്‌കരിക്കേണ്ടതും ആവശ്യമാണ്‌.

ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌-ന്യൂഡല്‍ ഹി

കാര്‍ഷിക-ജൈവ-ഭൗതികശാസ്‌ത്രങ്ങളുടെ നേട്ടങ്ങള്‍ അവികസിത രാഷ്‌ട്രങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരണമായി ഉപയോഗപ്പെടുത്താനുള്ള ആഗോളപരിപാടികള്‍ ഇന്ന്‌ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്‌. യുണൈറ്റഡ്‌ നേഷന്‍സ്‌ ഡെവലപ്പ്‌മെന്റ്‌ പ്രോഗ്രാം (U.N.D.P), ഫുഡ്‌ ആന്‍ഡ്‌ അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (F.A.O.)എന്നീ യു.എന്‍. സംഘടനകളോടൊപ്പം നിരവധി അന്താരാഷ്‌ട്ര കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളും കൃഷിയുടെ ഉന്നമനത്തിനായി ആഗോളാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു. ഫിലിപ്പീന്‍സിലുള്ള ഇന്റര്‍നാഷണല്‍ റൈസ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, മെക്‌സിക്കോയിലുള്ള ഇന്റര്‍നാഷണല്‍ മെയ്‌സ്‌ ആന്‍ഡ്‌ വീറ്റ്‌ ഇംപ്രൂവ്‌മെന്റ്‌ സെന്റര്‍, നൈജീരിയയിലുള്ള ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ട്രാപ്പിക്കല്‍ അഗ്രിക്കള്‍ച്ചര്‍, കൊളംബിയയിലുള്ള ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ട്രാപ്പിക്കല്‍ അഗ്രിക്കള്‍ച്ചര്‍, ഇന്ത്യയിലെ ഇന്റര്‍നാഷണല്‍ ക്രാപ്പ്‌സ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഫോര്‍ ദ സെമി ആറിഡ്‌ ട്രാപ്പിക്‌സ്‌, പെറുവിലുള്ള ഇന്റര്‍നാഷണല്‍ പൊട്ടറ്റോ സെന്റര്‍ എന്നിവ ആഗോളാടിസ്ഥാനത്തിലുള്ള കാര്‍ഷികപ്രശ്‌നങ്ങളെ പരിഹരിക്കാനായി പ്രവര്‍ത്തിക്കുന്നവയാണ്‌. ഇതോടൊപ്പം ലോകബാങ്കും ലാറ്റിന്‍ അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ ദേശീയബാങ്കുകളും കാര്‍ഷിക വികസനപ്രവര്‍ത്തനങ്ങള്‍ക്കായി വന്‍തോതില്‍ സഹായം നല്‌കിവരുന്നുണ്ട്‌. നോ. ഉഴവുപകരണങ്ങള്‍; കാര്‍ഷിക സസ്യശാസ്‌ത്രം; കാര്‍ഷികാന്തരീക്ഷ വിജ്ഞാനം; കാര്‍ഷിക സ്ഥിതിവിവരം; കേരളം

കൃഷി, ഇന്ത്യയില്‍ . ഇന്ത്യന്‍ സമ്പദ്‌ഘടന അടിസ്ഥാനപരമായി കാര്‍ഷിക പ്രധാനമാണ്‌. പഞ്ചവത്സരപദ്ധതികളിലൂടെയാണ്‌ ഇന്ത്യയില്‍ കാര്‍ഷിക പുരോഗതിക്ക്‌ ആക്കംകൂടിയത്‌. കാര്‍ഷിക വിഭവങ്ങളുടെ ഉത്‌പാദനത്തില്‍ ലോകരാജ്യങ്ങളില്‍ മുന്‍പന്തിയിലാണ്‌ ഇന്ത്യയുടെ സ്ഥാനം. ഭക്ഷ്യോത്‌പാദനത്തില്‍ സ്വയംപര്യാപ്‌തത നേടുക എന്നതിനാണ്‌ ഇന്ത്യന്‍ കാര്‍ഷികരംഗം ഊന്നല്‍ നല്‌കുന്നത്‌. കാര്‍ഷികോത്‌പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1970-കളില്‍ നടന്ന ഹരിതവിപ്ലവത്തിന്‌ ഇന്ത്യയുടെ കാര്‍ഷിക പുരോഗതിയില്‍ ഗണ്യമായ പങ്കുണ്ട്‌. 1905-ല്‍ സ്ഥാപിതമായ ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ (Indian Agricultural Research Institute-IARI)നേതൃത്വത്തില്‍ നടന്ന ഗവേഷണശ്രമങ്ങളുടെ വിജയമായിരുന്നു ഹരിതവിപ്ലവം. പഴങ്ങള്‍, ചാമ, കൂവരക്‌ പോലുള്ള ധാന്യങ്ങള്‍, കാപ്പി, പുകയില, കശുവണ്ടി, വിവിധയിനം പച്ചക്കറികള്‍, സുഗന്ധവ്യഞ്‌ജനം എന്നിവയുടെ ഉത്‌പാദനം, സില്‍ ക്ക്‌ വ്യവസായം, കന്നുകാലി-കോഴിവളര്‍ത്തല്‍ , ഉള്‍നാടന്‍ മത്സ്യബന്ധനം തുടങ്ങിയ രംഗങ്ങളിലെല്ലാം ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയ്‌ക്ക്‌ സുപ്രധാന സ്ഥാനമുണ്ട്‌. ഇന്ത്യന്‍ കാര്‍ഷികമേഖലയിലെ ഗവേഷണ-വിദ്യാഭ്യാസ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ്‌ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്‌ (Indian Council of Agricultural Research-ICAR) സുപ്രധാന സ്ഥാനമലങ്കരിക്കുന്നു.

ഒന്നാം പഞ്ചവത്സരപദ്ധതിയില്‍ മൊത്തം ചെലവിന്റെ മൂന്നിലൊന്നു ഭാഗംതന്നെ കൃഷിയുടെ വികസനത്തിനായി നീക്കിവച്ചിരുന്നു. കാര്‍ഷികഗവേഷണസ്ഥാപനങ്ങള്‍ക്കും കോളജുകള്‍ക്കും പ്രത്യേകപ്രാധാന്യം കൊടുക്കുകയും അവ സ്ഥാപിക്കുകയും ചെയ്‌തു. സാമൂഹ്യവികസനപരിപാടികള്‍, നാഷണല്‍ എക്‌സ്റ്റന്‍ഷന്‍ സര്‍വീസ്‌ എന്നിവ നടപ്പാക്കുക വഴി ഗ്രാമീണ ജീവിതത്തിന്റെ വികസനം ത്വരിതഗതിയിലായി. വന്‍കിട ചെറുകിട ജലസേചന പദ്ധതികളും കാര്‍ഷികോത്‌പാദനത്തെ ഗണ്യമായി സ്വീധീനിച്ചു. കൃഷി ഭൂമിയുടെ ഉടമകളായിരുന്ന ജന്മികള്‍, ജമീന്ദാരന്മാര്‍ തുടങ്ങിയ മധ്യവര്‍ത്തികളെ അപ്രത്യക്ഷമാക്കാനുതകും വിധത്തിലുള്ള നിയമനിര്‍മാണങ്ങള്‍ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കിക്കഴിഞ്ഞു.

പച്ചക്കറി ഉത്‌പാദനത്തില്‍ സ്വയംപര്യാപ്‌തത ലക്ഷ്യമാക്കി കേരളത്തില്‍ പ്രചാരത്തിലുള്ള മട്ടുപ്പാവ്‌ കൃഷി

രാസവളങ്ങളും കീടനാശിനികളും ശാസ്‌ത്രീയമായി ഉപയോഗപ്പെടുത്തി കാര്‍ഷികോത്‌പാദനം വര്‍ധിപ്പിക്കാനുള്ള പരിപാടികളും മിതമായ വിലയ്‌ക്ക്‌ വളങ്ങള്‍ കര്‍ഷകര്‍ക്ക്‌ ലഭ്യമാക്കാനുള്ള സംവിധാനങ്ങളും വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്‌. ഇന്ത്യന്‍ കാര്‍ഷികമേഖലയെ സമ്പന്നമാക്കുന്ന മറ്റൊരുഘടകം അത്യുത്‌പാദനശേഷിയുള്ള വിത്തിനങ്ങളുടെ ആവിര്‍ഭാവമാണ്‌. പരീക്ഷണനിരീക്ഷണങ്ങളിലൂടെ നിരവധിയിനം വിത്തിനങ്ങള്‍ ലഭ്യമായിട്ടുണ്ട്‌. ഇവയെല്ലാംതന്നെ പഴയതില്‍ നിന്ന്‌ എത്രയോ അധികം ഇരട്ടിവിളവ്‌ ഉത്‌പാദിപ്പിക്കുന്നവയാണുതാനും.

കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരെ സഹായിക്കുന്നതിനായുള്ള നിരവധി സംവിധാനങ്ങളും സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്‌. അത്യുത്‌പാദനശേഷിയുള്ള വിത്തിനങ്ങള്‍, രാസവളങ്ങള്‍, കീടനാശിനികള്‍, പമ്പ്‌ സെറ്റുകള്‍, ട്രാക്‌റ്ററുകള്‍ എന്നിവ വാങ്ങാനുള്ള നിരവധി വായ്‌പാസംവിധാനങ്ങളും ഇന്നു നിലവിലുണ്ട്‌. സഹകരണസംഘങ്ങളും ബാങ്കുകളും ഈ രംഗത്ത്‌ നല്ല സേവനമാണ്‌ അനുഷ്‌ഠിച്ചുവരുന്നത്‌.

(ഡോ. എസ്‌. രാമചന്ദ്രന്‍ നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%83%E0%B4%B7%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍