This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃപാരാം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃപാരാം

എ.ഡി. 16-ാം ശതകത്തില്‍ ജീവിച്ചിരുന്ന ഒരു ഹിന്ദി സാഹിത്യകാരന്‍. ഇദ്ദേഹത്തിന്റെ ഹിതതരംഗിണി എന്ന കാവ്യശാസ്‌ത്രഗ്രന്ഥം എഴുതപ്പെട്ടത്‌ 1541-ലാണെന്ന്‌ ഹസ്‌തലിഖിത പ്രതികളില്‍ നിന്ന്‌ വ്യക്തമാകുന്നുണ്ട്‌. ഹിന്ദിസാഹിത്യത്തില്‍ ഇതുവരെ ലഭിച്ചിട്ടുള്ള കാവ്യശാസ്‌ത്രഗ്രന്ഥങ്ങളില്‍ ഏറ്റവും പഴക്കമുള്ളതാണ്‌ ഇത്‌. അതുകൊണ്ടുതന്നെ ചരിത്രപരമായ പ്രാധാന്യവും ഇതിനുണ്ട്‌. ഭക്തികാലത്തില്‍ എഴുതപ്പെട്ടിട്ടുള്ള ഈ ഗ്രന്ഥമാണ്‌ പിന്നീട്‌ രീതി കാലത്തിലെ കാവ്യശാസ്‌ത്രഗ്രന്ഥങ്ങള്‍ക്കെല്ലാം ആധാരമായിത്തീര്‍ന്നത്‌. സൂരദാസന്റെ സാഹിത്യലഹരിയും നന്ദദാസന്റെ രസമഞ്‌ജരിയും റഹീമിന്റെ ബര്‍വൈനായികാഭേദും (മൂന്നും ഭക്തികാലത്തില്‍ ) ഹിതതരംഗിണിക്കുശേഷം എഴുതപ്പെട്ടവയാണ്‌. ഹിതതരംഗിണി എഴുതാന്‍ കൃപാരാമിന്‌ ഭാനുമിത്രന്റെ രസമഞ്‌ജരിയും ഭരതമുനിയുടെ നാട്യശാസ്‌ത്രവും അവലംബമായിട്ടുണ്ട്‌. നായികാഭേദമാണ്‌ മുഖ്യപ്രതിപാദ്യവിഷയം. നായികാഭേദവര്‍ണനയിലും ഉദാഹരണങ്ങളിലും കൃപാരാമിന്റെ മൗലികത സ്‌പഷ്‌ടമാകുന്നുണ്ട്‌. ദോഹാവൃത്തത്തിലാണ്‌ ഇത്‌ എഴുതപ്പെട്ടിട്ടുള്ളത്‌. ഭാഷ സരസവും സ്‌പഷ്‌ടവും ഭാവസമ്പുഷ്‌ടവുമാണ്‌. വാരണസിയിലെ ഭാരത്‌ ജീവന്‍ പ്രസ്സാണ്‌ 1895-ല്‍ ഈ കൃതി ആദ്യമായി പ്രകാശനം ചെയ്‌തത്‌.

2. കൃപാരാം മിശ്ര "മന്‍ഹര്‍' (1897-1975). ഒരു പത്രപ്രവര്‍ത്തകനും സഹൃദയനുമായ ഹിന്ദികവി. 1897-ല്‍ ഗഡ്‌വാളിലെ കോടദ്വാരത്തില്‍ ജനിച്ചു. വളരെക്കാലം കോടദ്വാരത്തില്‍ നിന്നു പുറപ്പെടുന്ന ഗഢ്‌ദേശ്‌ എന്ന വാരികയുടെ സമ്പാദകനായിരുന്നു. മറ്റൊരു വാരികയായ സന്ദേശും ഇദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ പ്രചരിച്ചിരുന്നു. ഈ വാരികകളില്‍ അനേകം ഹൃദ്യങ്ങളായ ഹിന്ദിക്കവിതകള്‍ ഇദ്ദേഹം പ്രകാശിപ്പിച്ചിട്ടുണ്ട്‌.

സമ്പന്ന കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം ദാനശീലനായിരുന്നു. രാഷ്‌ട്രീയത്തിലും സമുദായസേവനത്തിലും നിസ്വാര്‍ഥമായ പങ്കുവഹിച്ചിരുന്ന കൃപാരാം അവസാനകാലത്ത്‌ ദരിദ്രനായിത്തീര്‍ന്നു. ഗഡ്‌വാള്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാപകനേതാക്കളിലൊരാളാണ്‌ ഇദ്ദേഹം. 1975-ല്‍ ഇദ്ദേഹം ദിവംഗതനായി.

(കെ.എസ്‌. പാര്‍വതി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%83%E0%B4%AA%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍