This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃത്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃത്യ

1. ഹൈന്ദവവിശാസപ്രകാരം ആഭിചാരം കൊണ്ട്‌ ശത്രുസംഹാരത്തിനു നിയോഗിക്കപ്പെടുന്ന ഒരു ദുര്‍ദേവത. ആഭിചാരവും അതിനുപയോഗിക്കുന്ന പ്രതിമയും കൃത്യയെന്നറിയപ്പെടുന്നു. കൃത്യക എന്നും പേരുണ്ട്‌. ഛേദിക്കുകയെന്നര്‍ഥമുള്ള "കൃത്‌' ധാതുവില്‍ നിന്നോ ഹിംസാര്‍ഥത്തിലുള്ള "കൃ' ധാതുവില്‍ നിന്നോ നിഷ്‌പന്നമായ "കൃത്യാ' ശബ്‌ദം വിനാശകാരിണിയായ ദേവതയുടെ പേരാണ്‌. ഇഷ്‌ടപ്രാപ്‌തി, അനിഷ്‌ടപരിഹാരം, ശത്രുനാശം എന്നിവയ്‌ക്കായി അഥര്‍വ വേദോക്ത മന്ത്രങ്ങള്‍കൊണ്ടു നടത്തുന്ന ആഭിചാരപ്രവൃത്തിയും കൃത്യയാണ്‌. കൃത്യയെ പ്രയോഗിച്ചാല്‍ മറുപ്രയോഗം നടത്തി പരിഹാരം നേടേണ്ടതുണ്ട്‌. അപാമാര്‍ഗ (കലാടി) ഹോമം കൃത്യാപരിഹാരത്തിനുള്ളതാണെന്നു പറയപ്പെടുന്നു. കൃത്യ നിരപരാധനെ ഹിംസിക്കാറില്ല; ചിലപ്പോള്‍ അതു പ്രയോക്താവിനെത്തന്നെ പിടികൂടിയെന്നും വരാം. കൃത്യാപ്രയോഗത്തില്‍ പ്രതീചീനാംഗിരസന്‍ അതിപ്രസിദ്ധനായ പുരോഹിതനായിരുന്നു എന്ന്‌ അഥര്‍വവേദത്തില്‍ പറഞ്ഞുകാണുന്നു. അസുരന്മാര്‍ ദുര്യോധനനെ കൃത്യയെക്കൊണ്ട്‌ എടുപ്പിച്ചു പാതാളത്തില്‍ കൊണ്ടുപോയി പാണ്ഡവര്‍ക്കു രാജ്യം കൊടുക്കരുതെന്ന്‌ ഉപദേശിച്ചശേഷം തിരികെ ഹസ്‌തിനപുരത്തില്‍ എത്തിച്ചതായി മഹാഭാരതം വനപര്‍വം 252-ാം അധ്യായത്തില്‍ കാണുന്നു. അശ്വിനീദേവകള്‍ക്ക്‌ ഇന്ദ്രന്‍ നിഷേധിച്ച സോമപാനം വീണ്ടും ഇന്ദ്രനെക്കൊണ്ടുതന്നെ അനുവദിപ്പിച്ചത്‌ ച്യവനമഹര്‍ഷി സൃഷ്‌ടിച്ച മദനന്‍ എന്ന പേരുള്ള പുരുഷാകൃതിയായ കൃത്യയാണ്‌ (മഹാഭാരതം വനപര്‍വം 124-ാം അധ്യായം).

അംബരീഷന്റെ ഏകാദശീവ്രതം മുടക്കാന്‍ ഇന്ദ്രാദികളാല്‍ നിയുക്തനായ ദുര്‍വാസാവ്‌ കോപിച്ച്‌ ആഭിചാരത്താല്‍ കൃത്യയെ സൃഷ്‌ടിച്ച്‌ അംബരീഷന്റെ നേര്‍ക്കയച്ചുവെന്നും സുദര്‍ശനചക്രം കൃത്യയെ സംഹരിച്ചുവെന്നും ഭാഗവതത്തില്‍ കാണുന്നു. കാരുഷ്യരാജാവായ പൗണ്‌ഡ്രകവാസുദേവനെ സുദര്‍ശനചക്രം കൊണ്ടു നിഗ്രഹിച്ച ശ്രീകൃഷ്‌ണനെ എതിര്‍ക്കാന്‍ വേണ്ടി പൗണ്‌ഡ്രക പുത്രനായ സുദക്ഷിണന്‍ ശിവപ്രസാദം കൊണ്ട്‌ മന്ത്രശക്തിയാല്‍ കൃത്യയെ സൃഷ്‌ടിച്ചു. സുദര്‍ശനചക്രം, ദ്വാരകയെ ദഹിപ്പിക്കാനൊരുങ്ങിയ കൃത്യയെയും സുദക്ഷിണനെയും തത്‌ക്ഷണം ഹനിച്ചു (ഭാഗവതം-ദശമസ്‌കന്ധം). പ്രഹ്‌ളാദന്റെ വിഷ്‌ണുഭക്തി മാറ്റിയെടുക്കാന്‍ അസുരഗുരു അയച്ച കൃത്യയുടെ ശൂലം തകര്‍ന്നതിനാല്‍ അവള്‍ പ്രഷകനെത്തന്നെ ആക്രമിച്ചതായി വിഷ്‌ണുപുരാണം 1-ാം അംശം 18-ാം അധ്യായത്തില്‍ കാണുന്നു.

2. ഭരദ്വാജമഹര്‍ഷിയുടെ മകന്‍ യവക്രീതന്‍ പരാവസുവിന്റെ പത്‌നിയെ അപമാനിക്കുവാന്‍ ഒരുങ്ങിയപ്പോള്‍ വിശ്വാമിത്രന്റെ പുത്രനായ രൈഭ്യന്‍ കൃത്യയെയും ഒരു രാക്ഷസനെയും സൃഷ്‌ടിച്ചുവെന്നും കൃത്യ യവക്രീതന്റെ കമണ്ഡലു അപഹരിക്കുകയും രാക്ഷസന്‍ അവനെ കൊല്ലുകയും ചെയ്‌തുവെന്നും പുരാണത്തില്‍ കാണുന്നു.

"ഇഹ ഖേലതി പൂതനേതി കൃത്യാ' എന്നു ശിശുഹത്യാനിരതയായ പൂതനയെ കൃത്യയായി ശ്രീകൃഷ്‌ണവിലാസത്തില്‍ വര്‍ണിച്ചിരിക്കുന്നു. കൂടാതെ കൃത്യ എന്ന ഒരു നദിയെകുറിച്ചുള്ള ഒരു പരാമര്‍ശം മഹാഭാരത(ഭീഷ്‌മപര്‍വം 9-ാം അധ്യായം 18-ാം ശ്ലോകം)ത്തില്‍ ഉണ്ട്‌.

(മുതുകുളം ശ്രീധര്‍; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%83%E0%B4%A4%E0%B5%8D%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍