This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂവളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൂവളം

Stone apple

റൂട്ടേസീ സസ്യകുടുംബത്തില്‍ പ്പെടുന്ന ഔഷധമൂല്യമുള്ള ഒരു വൃക്ഷം. ശാ.നാ.: ഏഗ്‌ള്‍ മാര്‍മെലോസ്‌ (Aegle marmelos). വില്വം, ശ്രീഫലം, മാലൂരം, ശൈലൂഷം, ശിവദ്രുമം, ശിവപത്രി എന്നീ പേരുകളുമുണ്ട്‌.

കൂവളം

ഹിമാലയ പ്രാന്തങ്ങള്‍, മധ്യേന്ത്യ, ദക്ഷിണേന്ത്യ എന്നിവിടങ്ങളില്‍ വന്യവൃക്ഷമായി വളരുന്നു. ഇന്ത്യയിലും ബര്‍മയിലും കൂവളം നട്ടുവളര്‍ത്താറുമുണ്ട്‌. ഹൈന്ദവ ഗൃഹങ്ങളില്‍ കൂവളം വച്ചുപിടിപ്പിക്കുന്നത്‌ ഐശ്വര്യലക്ഷണമായി കണക്കാക്കപ്പെടുന്നു. ദൈവീകത്വം കല്‌പിച്ച്‌ ആരാധിക്കപ്പെടുന്ന ഒരു വൃക്ഷമാകുന്നു കൂവളം. ശിവന്‌ പ്രിയമുള്ള കൂവളം പട്ടുപോകുന്നത്‌ അശുഭമാണെന്നാണ്‌ സങ്കല്‌പം.

9 മീറ്ററോളം ഉയരത്തില്‍ വളരുന്ന ഇതിന്റെ പുറംപട്ട പരുത്തതും വിള്ളലുകളോടുകൂടിയതുമാണ്‌. കൂവളത്തിന്റെ ബലിഷ്‌ഠങ്ങളായ മുള്ളുകള്‍ക്ക്‌ 1.25-3.75 സെ.മീ. വരെ നീളം വരും. മൂന്നു പര്‍ണകങ്ങള്‍ ചേര്‍ന്ന സംയുക്തപത്രമാണ്‌ ഇതിന്റേത്‌. പര്‍ണകങ്ങള്‍ക്ക്‌ 3.75-10 സെ.മീ. നീളവും 2-5 സെ.മീ. വീതിയുമുണ്ടായിരിക്കും. അഗ്രപര്‍ണകത്തിന്റെ വൃന്തം മറ്റുള്ളവയെക്കാള്‍ നീളം കൂടിയതാണ്‌. ബാഷ്‌പശീല തൈലം ഉള്‍ക്കൊള്ളുന്ന ഗ്രന്ഥികള്‍ ഇവയിലുണ്ട്‌. ഹൃദ്യമായ സുഗന്ധമുള്ള പൂക്കള്‍ ചെറുകുലകളില്‍ കാണുന്നു. വിദളപുടത്തില്‍ ഉരുണ്ടതും സൂക്ഷ്‌മരോമിലവുമായ 5 വിദളങ്ങളുണ്ട്‌. 5 ദളങ്ങള്‍ ചേര്‍ന്നതാണ്‌ ദളപുടം. 1.25 സെ.മീ. നീളവും ആയതരൂപവും പച്ചകലര്‍ന്ന വെള്ളനിറവുമുള്ളതാണ്‌ ദളങ്ങള്‍.

കൂവളം-കായോടുകൂടിയ ശാഖ

30-50 സ്വതന്ത്രകേസരങ്ങള്‍ പൂവില്‍ കാണാം. അപൂര്‍വമായി ചുവട്ടില്‍ ഇവ ഒന്നുചേര്‍ന്നിരിക്കും. കേസരതന്തുക്കള്‍ക്ക്‌ നീളം കുറവാണ്‌. 8-20 അറകളുള്ള അണ്ഡാശയം ഊര്‍ധ്വമാണ്‌. നിരവധി ബീജാണ്ഡങ്ങള്‍ രണ്ടുനിരകളിലായി ക്രമീകരിച്ചിരിക്കും. ഓറഞ്ചിനോളം വലുപ്പമുള്ളതും 8-12.5 സെ.മീ. വ്യാസമുള്ളതുമായ കായ്‌കളുടെ കട്ടിയുള്ള തോട്‌ പഴുക്കുമ്പോള്‍ മഞ്ഞകലര്‍ന്ന തവിട്ടുനിറത്തിലുള്ളതായിത്തീരുന്നു. ഉള്ളിലെ മാംസളഭാഗത്തിന്‌ നല്ല മധുരമുണ്ട്‌. വിത്തിനു ബീജാന്നമില്ല. മാംസളമായ ബീജപത്രങ്ങളോടുകൂടിയതാണ്‌ ഭ്രൂണം.

കൂവളത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളും ഔഷധഗുണമുള്ളതാണ്‌. ആയുര്‍വേദത്തിലെ ദശമൂലങ്ങളിലൊന്നാണിത്‌. കായിലെ പള്‍പ്പില്‍ മ്യൂസിലേജ്‌, പെക്‌റ്റിന്‍, പഞ്ചസാര, ടാനിന്‍, ബാഷ്‌പശീല തൈലം എന്നിവ കൂടാതെ മാര്‍ലോസിന്‍ (marelosin) എന്ന ഒരു ഘടകവുമുണ്ട്‌. പഴുത്ത കായ ശീതളവും പോഷകവും ആണ്‌. "ബേല്‍ ' എന്നു പേരുള്ള ഔഷധം (ബിലേഫ്രക്‌ടസ്‌) കൂവളത്തിന്റെ പാകമായ ഫലത്തില്‍ നിന്നെടുക്കുന്നു. വിട്ടുമാറാത്ത അതിസാരത്തിനും വയറുകടിക്കും അതിവിശിഷ്‌ടമായ ഔഷധമാണ്‌ കൂവളത്തിന്‍ കായ. വയറിളക്കവും ഇടവിട്ട്‌ മലബന്ധവുമുണ്ടാകുന്ന രോഗികള്‍ക്ക്‌ ഇത്‌ വളരെ ഫലപ്രദമാണ്‌. പച്ചക്കായ ഉണക്കിപ്പൊടിച്ച്‌ കഴിച്ചാല്‍ വയറുകടിക്ക്‌ അതിവേഗം ആശ്വാസം ലഭിക്കുന്നു. അമീബിക അതിസാരത്തില്‍ നിന്ന്‌ സുഖം പ്രാപിച്ചുവരുന്ന രോഗികള്‍ക്ക്‌ ഫലത്തിന്റെ മാംസളഭാഗമുപയോഗിച്ചു തയ്യാറാക്കുന്ന സര്‍ബത്ത്‌ നല്‌കുന്നത്‌ കുടലിന്‌ ആശ്വാസമരുളുന്നു. വായുമുട്ടല്‍ , വാതം, കഫം, ഛര്‍ദി, ചുമ, ഇക്കിള്‍, ജ്വരം ഇവയ്‌ക്കും കായ ഉത്തമമാണ്‌. പാകമാകാത്ത കായ്‌കള്‍ വിശപ്പു വര്‍ധിപ്പിക്കുന്നു. ചെറിയ കായ്‌കള്‍, ഇഞ്ചി, ഉലുവ എന്നിവയും ചേര്‍ത്ത്‌ കഷായം വച്ചുകുടിക്കുന്നത്‌ അര്‍ശസിനുത്തമമാണ്‌. വേരിന്റെ മേല്‍ ത്തൊലി, മരത്തൊലി എന്നിവയുടെ കഷായം ഇടവിട്ടുള്ള പനി, ക്ഷീണം എന്നിവ മാറ്റുന്നു. മരപ്പട്ടച്ചാറ്‌ അല്‌പം ജീരകവും ചേര്‍ത്ത്‌ പാലില്‍ കഴിക്കുന്നത്‌ ശുക്ലം വര്‍ധിക്കാന്‍ സഹായിക്കും. കൂവളത്തില പ്രമേഹത്തിന്‌ കൈകണ്ട ഔഷധമാണ്‌. വേരിന്റെ മേല്‍ ത്തൊലി കൊണ്ടുള്ള കഷായം ഹൃദ്രാഗത്തിനും ഉത്തമമാകുന്നു.

കായിലെ ശ്ലേഷ്‌മകം (mucilage)കുമ്മായവുമായി യോജിപ്പിച്ച്‌ സിമന്റുപോലെ ഉപയോഗിക്കാം. പള്‍പ്പ്‌ പശയായും വാര്‍ണീഷുകളിലും ഉപയോഗിക്കാറുണ്ട്‌. അച്ചാര്‍, സര്‍ബത്ത്‌, സിറപ്പ്‌, മാര്‍മലേഡ്‌ മുതലായവ കായകൊണ്ട്‌ ഉണ്ടാക്കാം. മൂപ്പെത്താത്ത കായ്‌കളുടെ പുറന്തോടില്‍ നിന്ന്‌ മഞ്ഞനിറമുള്ള ഒരുതരം ചായം ഉത്‌പാദിപ്പിക്കുന്നു. തടി വന്‍തോതില്‍ കരിയുണ്ടാക്കുന്നതിന്‌ യോജിച്ചതാണ്‌. കൂവളത്തിലയും ഇലകൊണ്ടുള്ള മാലകളും പൂജയ്‌ക്ക്‌ ഉപയോഗിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%82%E0%B4%B5%E0%B4%B3%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍