This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂത്തമ്പലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൂത്തമ്പലം

ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള നാട്യഗൃഹം. നാട്യമണ്ഡപം എന്ന അര്‍ഥത്തിലുള്ള മലയാളവാക്കാണ്‌ കൂത്തമ്പലം. കൂത്ത്‌ എന്ന ദ്രാവിഡവാക്കിന്‌ കളി (ക്രീഡ) എന്നാണ്‌ അര്‍ഥം. ക്രീഡ എന്നര്‍ഥമുള്ള കുര്‍ദ (കുര്‍ദക്രീഡായാം) ധാതുവില്‍ നിന്നാണ്‌ കൂത്ത്‌ എന്ന വാക്കിന്റെ ഉദ്‌ഭവം (ക്രീഡാഖേലാചകൂര്‍ദനം-അമരകോശം). നാട്യം, നൃത്തം എന്ന അര്‍ഥങ്ങളിലാണ്‌ ഈ വാക്ക്‌ മലയാളത്തിലും തമിഴിലും ഉപയോഗിച്ചുവരുന്നത്‌. നോ. കൂത്ത്‌ ഹിന്ദുക്കളുടെ ദേവതാരാധനാകേന്ദ്രങ്ങള്‍ക്ക്‌ അമ്പലങ്ങള്‍ എന്നു പറയുന്നു. കൂത്തുകൊണ്ട്‌ ദേവതാരാധന നടത്തുന്ന ഗൃഹമാണ്‌ കൂത്തമ്പലം. നാട്യശാസ്‌ത്രത്തില്‍ നാട്യവേശ്‌മം, നാട്യമണ്ഡപം, നാട്യഗൃഹം, പ്രക്ഷാഗൃഹം എന്ന വാക്കുകളെല്ലാം പര്യായങ്ങളായി പ്രയോഗിച്ചിരിക്കുന്നു.

കൂത്തമ്പലം-കേരള കലാമണ്ഡലം, തൃശ്ശൂര്‍

നാട്യകലയ്‌ക്ക്‌ ആദ്യമായി ഒരു ശാസ്‌ത്രഗ്രന്ഥം രചിച്ചത്‌ ഭരതമുനിയാണ്‌. ഭരതമുനിയുടെ കാലത്താണ്‌ നാട്യമണ്ഡപത്തിന്റെ ഉദ്‌ഭവമെന്ന്‌ നാട്യശാസ്‌ത്രത്തില്‍ പറഞ്ഞിരിക്കുന്നു. നാട്യശാസ്‌ത്രത്തിന്റെ നിര്‍മാണകാലം ഏതെന്നു നിര്‍ണയിക്കാന്‍ തക്കതായ തെളിവൊന്നും ലഭിച്ചിട്ടില്ല. തേത്രായുഗമാണെന്ന്‌ അതില്‍ പറയുന്നു. ആദികവിയായ വാല്‌മീകിയുടെ കാലവും ത്രതായുഗമത്ര. വധൂനാടകസംഘങ്ങളെക്കുറിച്ചും ഗീതത്തിന്റെ രാഗസ്വരസമ്പന്നതയെക്കുറിച്ചും രാമായണത്തില്‍ പ്രസ്‌താവിച്ചുകാണുന്നു. രാമായണത്തെയോ അതിലെ കഥാപാത്രങ്ങളെയോ സംബന്ധിച്ച്‌ നാട്യശാസ്‌ത്രത്തില്‍ യാതൊരു പ്രസ്‌താവനയുമില്ല. അതിനാല്‍ രാമായണപ്രചാരത്തിനു മുമ്പായിരിക്കും നാട്യശാസ്‌ത്ര നിര്‍മാണകാലമെന്നുമാത്രം പറയാം.

മുപ്പത്താറ്‌ അധ്യായമുള്ള നാട്യശാസ്‌ത്രത്തില്‍ ആദ്യത്തെ മൂന്നധ്യായം കൂത്തമ്പലവുമായി ബന്ധമുള്ളവയാണ്‌. ഒന്നാമധ്യായത്തില്‍ നാട്യത്തിന്റെയും നാട്യമണ്ഡപത്തിന്റെയും ഉദ്‌ഭവകഥ വിവരിച്ചിരിക്കുന്നു. നാട്യമണ്ഡപനിര്‍മാണ പ്രക്രിയകളാണ്‌ രണ്ടാമധ്യായത്തിലെ വിഷയം. രംഗദൈവതപൂജാവിധികള്‍ മൂന്നാമധ്യായത്തിലും വിശദീകരിച്ചിരിക്കുന്നു.

കൂത്തമ്പലത്തിന്റെ ഉദ്‌ഭവം. ഇന്ദ്രാദിദേവന്മാരുടെ അപേക്ഷയനുസരിച്ച്‌ ബ്രഹ്മാവ്‌ നാലു വേദങ്ങളുടെയും സാരമെടുത്ത്‌ അഞ്ചാമതായി നാട്യവേദം നിര്‍മിച്ചു. അത്‌ ബ്രഹ്മാവില്‍ നിന്നു പഠിച്ച്‌ ഭരതമുനി തന്റെ പുത്രന്മാരെ പഠിപ്പിച്ചു. ഇന്ദ്രധ്വജോത്സവത്തിലാണ്‌ അത്‌ ആദ്യമായി പ്രദര്‍ശിപ്പിച്ചത്‌. അസുരന്മാരെ ദേവന്മാര്‍ ജയിച്ച കഥയായിരുന്നു, അഭിനയ വിഷയം. നാട്യപ്രദര്‍ശനം കാണാന്‍ അസുരന്മാരും വന്നിരുന്നു. അവര്‍ക്ക്‌ ആ പ്രദര്‍ശനം അപമാനമായി തോന്നി. അവര്‍ ക്ഷോഭിച്ച്‌ നാട്യപ്രയോഗത്തിനു വിഘ്‌നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി. അപ്പോള്‍ ദേവേന്ദ്രന്‍ തന്റെ ധ്വജമെടുത്ത്‌ അസുരന്മാരെ അടിച്ചോടിച്ചു. എന്നിട്ടും അവരുടെ ശല്യം തീര്‍ന്നില്ല. അപ്പോള്‍ ബ്രഹ്മാവിന്റെ നിര്‍ദേശപ്രകാരം ദേവശില്‌പിയായ വിശ്വകര്‍മാവ്‌ ലക്ഷണമൊത്ത ഒരു നാട്യമണ്ഡപം നിര്‍മിച്ചു. അതിന്റെ സംരക്ഷണഭാരം ബ്രഹ്മാവ്‌ ദേവന്മാരെ ചുമതലപ്പെടുത്തുകയും ചെയ്‌തു. ദേവന്മാരില്‍ ഓരോരുത്തര്‍ക്കുമുള്ള സ്ഥാനം ബ്രഹ്മാവുതന്നെ നിര്‍ദേശിച്ചുകൊടുത്തിട്ടുണ്ട്‌. ഭരതമുനി വിധിപ്രകാരം രംഗദൈവതപൂജയും നിര്‍വഹിച്ചു. ഇതാണ്‌ നാട്യശാസ്‌ത്രത്തിലുള്ള നാട്യമണ്ഡപോത്‌പത്തി കഥ.

കൂത്തമ്പലത്തിന്റെ ആകൃതി, വലുപ്പം, സ്വഭാവം മുതലായവയെക്കുറിച്ചു വിവരിക്കുന്നത്‌ രണ്ടാമധ്യായത്തിലാണ്‌. വികൃഷ്‌ടം, ചതുരശ്രം, ത്യ്രശ്രം എന്നു കൂത്തമ്പലം മൂന്ന്‌ ആകൃതിയില്‍ വരാം. നീളത്തിലുള്ളത്‌ വികൃഷ്‌ടം, ചതുരത്തിലുള്ളത്‌ ചതുരശ്രം, മുക്കോണായിട്ടുള്ളത്‌ തൃശ്രം. വൃത്താകൃതിയിലുള്ള കൂത്തമ്പലത്തിന്റെ പരാമര്‍ശം ശാരദാതയനന്റെ ഭാവപ്രകാശത്തിലുണ്ട്‌. വലുത്‌, ഇടത്തരം, ചെറുത്‌ എന്ന്‌ വലുപ്പത്തിലും കൂത്തമ്പലം മൂന്നുതരമുണ്ട്‌. വലുതിന്‌ നീളം നൂറ്റെട്ടുകോലും ഇടത്തരത്തിന്‌ അറുപത്തിനാലു കോലും ചെറുതിന്‌ മുപ്പത്തിരണ്ടു കോലുമാണ്‌. ഇവയില്‍ ഇടത്തരം കൂത്തമ്പലത്തിനു ഗുണം കൂടുമെന്നും ഭരതമുനി പറയുന്നുണ്ട്‌. കാരണം കൂത്തമ്പലത്തിനു വലുപ്പം കൂടിയാല്‍ പ്രക്ഷകര്‍ക്ക്‌ നടന്മാരുടെ വാക്കുകളോ അവയിലെ അക്ഷരങ്ങളോ വ്യക്തമായി കേള്‍ക്കാന്‍ സാധിക്കുകയില്ല; മുഖഭാവങ്ങളും ദൃഷ്‌ടിരസങ്ങളും ശരിക്കു കാണാന്‍ പറ്റുകയുമില്ലല്ലോ. ഇടത്തരം കൂത്തമ്പലത്തിന്‌ അറുപത്തിനാല്‌ കോല്‍ നീളവും മുപ്പത്തിരണ്ടുകോല്‍ വീതിയുമാണ്‌ വേണ്ടത്‌.

ആദ്യം സ്ഥലം തിരഞ്ഞെടുക്കലാണ്‌. നിരപ്പും ഉറപ്പും കടുപ്പവുമുള്ള സ്ഥലത്ത്‌ കൂത്തമ്പലം പണിയണം. കറുത്ത മണ്ണുള്ള സ്ഥലവും വെളുത്ത മണ്ണുള്ള സ്ഥലവും കൂത്തമ്പലത്തിനു നല്ലതാണ്‌. പിന്നെ സ്ഥലശുദ്ധി ചെയ്‌ത്‌ കലപ്പകൊണ്ട്‌ ഉഴുത്‌ കല്ലും കരടും പുല്ലും വേരും പെറുക്കിക്കളയണം. അതിനുശേഷം അളന്നു കുറ്റി തറച്ച്‌ പൂയം നക്ഷത്രത്തില്‍ നല്ല മുഹൂര്‍ത്തംകൊണ്ട്‌ പുണ്യാഹം തളിച്ച്‌ ഉറപ്പുള്ള വെളുത്ത ചരടുകെട്ടി രംഗപീഠം, അണിയറ മുതലായതിനുള്ള സ്ഥലം തിരിക്കണം.

ഇടത്തരം കൂത്തമ്പലത്തിന്‌ അറുപത്തിനാലു കോലാണല്ലോ നീളം. അതില്‍ പിന്നിലുള്ള മുപ്പത്തിരണ്ടു കോല്‍ സമചതുരമായ സ്ഥലം രംഗത്തറയ്‌ക്കും അണിയറയ്‌ക്കും കൂടിയുള്ളതാണ്‌. മുന്നിലുള്ള മുപ്പത്തിരണ്ടു കോല്‍ പ്രക്ഷകര്‍ക്ക്‌ ഇരുന്നു അഭിനയം കാണുവാനുള്ള സദസ്സുമാണ്‌.

ഏറ്റവും പിന്നില്‍ പതിനാറുകോല്‍ അണിയറയ്‌ക്കും അണിയറയുടെയും സദസ്സിന്റെയും നടുവില്‍ പതിനാറുകോല്‍ രംഗത്തിനും മത്തവാരണികള്‍ക്കും കൂടിയുള്ളതാണ്‌. നടുക്കു പതിനാറുകോല്‍ സമചതുരരംഗം. അതിന്റെ ഇടത്തും വലത്തും എട്ടുകോല്‍ വീതിയും പതിനാറുകോല്‍ നീളവുമുള്ള രണ്ടു മത്തവാരണികള്‍. രംഗത്തിന്റെയും മത്തവാരണികളുടെയും തറ ഉയരം ഒന്നരക്കോല്‍ . അണിയറയില്‍ നിന്ന്‌ രംഗത്തിലേക്കു വരുവാനും തിരിച്ചുപോകുവാനും ഇടത്തും വലത്തുമായി രണ്ടു വാതിലുകള്‍ വേണം. സാമാന്യമായി നാട്യമണ്ഡപം പര്‍വതഗുഹാകൃതിയില്‍ വരണമെന്നും രംഗത്തിനും തട്ടിട്ടിരിക്കണമെന്നും ജനല്‍ ചെറുതായിരിക്കണമെന്നും പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്‌. എന്നാലേ വാദ്യത്തിനു ഗാംഭീര്യവും സ്വരമാധുര്യവും ഉണ്ടാവുകയുള്ളൂ എന്നാണ്‌ യുക്തി കാണിച്ചിട്ടുള്ളത്‌.

ശിലാസ്ഥാപനം, സ്‌തംഭസ്ഥാപനം, ഭിത്തിരചന, മരപ്പണി മുതലായവയുടെ ആരംഭം നല്ല നക്ഷത്രവും മുഹൂര്‍ത്തവും നോക്കി അന്നദാനാദികളോടും വാദ്യഘോഷാദികളോടുംകൂടി വേണമെന്ന്‌ ഭരതമുനി പ്രത്യേകം നിര്‍ദേശിക്കുന്നുണ്ട്‌.

നാട്യം ദേവതാപ്രീതികരമായ ഒരു യജ്ഞമാണെന്നത്ര സങ്കല്‌പം. യജ്ഞശാല നിര്‍മിക്കുന്നതുപോലെയുള്ള നിഷ്‌കര്‍ഷ നാട്യമണ്ഡപനിര്‍മാണത്തിലും ഉണ്ടായിരുന്നു. ആകൃതിയിലും യാഗശാലയുടെ സാമ്യം നാട്യമണ്ഡപത്തിനുണ്ട്‌. പിന്നില്‍ പത്‌നീശാലയുടെ സ്ഥാനത്ത്‌ അണിയറ. നടുവില്‍ യാഗകര്‍മങ്ങള്‍ നിര്‍വഹിക്കുന്ന പ്രാഗ്വംശമെന്ന പ്രധാന ഭാഗത്തിന്റെ സ്ഥാനത്ത്‌ രംഗം. പ്രാഗ്വംശത്തിന്റെ മുന്നിലാണ്‌ യാഗശാലയില്‍ സദസ്സ്‌; നാട്യമണ്ഡപത്തിലെ സദസ്സ്‌ രംഗത്തിന്റെ മുന്നിലും. നാട്യമണ്ഡപത്തില്‍ എല്ലാ ദേവന്മാര്‍ക്കും പ്രത്യേകം സ്ഥാനം കല്‌പിച്ചിട്ടുണ്ട്‌. അവര്‍ക്കെല്ലാം പൂജയും നാട്യശാസ്‌ത്രം മൂന്നാമധ്യായത്തില്‍ വിധിക്കുന്നുണ്ട്‌.

"യജ്ഞേനസമ്മിതം ഹ്യേത-
	ദ്രംഗ ദൈവതപൂജനം' (1-97)
 

എന്നു ഭരതമുനി വ്യക്തമായിത്തന്നെ പറഞ്ഞിട്ടുമുണ്ട്‌. നാട്യശാസ്‌ത്രവിധിപ്രകാരം നിര്‍മിച്ചിട്ടുള്ള കൂത്തമ്പലങ്ങള്‍ ഇപ്പോള്‍ കേരളത്തിലല്ലാതെ മറ്റെങ്ങുമില്ല. വിദേശങ്ങളില്‍ നിന്നുപോലും ഗവേഷകര്‍ പഴയമാതൃകയിലുള്ള കൂത്തമ്പലങ്ങള്‍ കാണുവാന്‍ കേരളത്തിലേക്കു വരുന്നുണ്ട്‌. 1967-ല്‍ അമേരിക്കയിലെ പെന്‍സില്‍ വേനിയാ സര്‍വകലാശാലയിലെ ഡോ. സി.ആര്‍.ജോണ്‍സ്‌ കേരളത്തില്‍ നിന്നു കൂത്തമ്പലങ്ങളെക്കുറിച്ചുപഠനം നടത്തി പ്രബന്ധം നിര്‍മിച്ചിട്ടുണ്ട്‌. ഉത്തരേന്ത്യയിലെ അജിത്‌ ജോഷിയും ഗോവര്‍ധന പഞ്ചാലും കേരളത്തിലെ കൂത്തമ്പലങ്ങളെക്കുറിച്ച്‌ പഠിച്ച്‌ പ്രബന്ധം രചിച്ചവരാണ്‌.

കേരളത്തില്‍ പണ്ടുകാലം മുതല്‌ക്കേ കൂത്തമ്പലം മഹാക്ഷേത്രങ്ങളുടെ ഒരു ഘടകമായിത്തീര്‍ന്നിരുന്നു. മറ്റു കലകളെപ്പോലെ നാട്യകലയും വളര്‍ന്നു പരിപോഷം പ്രാപിച്ചത്‌ ക്ഷേത്രങ്ങളിലാണ്‌. പ്രധാന ക്ഷേത്രങ്ങളില്‍ പലതിലും പണ്ട്‌ കൂത്തമ്പലമുണ്ടായിരുന്നു. ഏറ്റവും പഴക്കംകൂടിയ ഗ്രാമക്ഷേത്രങ്ങളില്‍ പ്പെട്ട തളിപ്പറമ്പു ക്ഷേത്രത്തിലും പന്നിയൂര്‍ ക്ഷേത്രത്തിലും കാണുന്ന വലിയ കൂത്തമ്പലത്തറകള്‍ ഇതിനു തെളിവാണ്‌. കോഴിക്കോട്ടു തളിക്ഷേത്രത്തിലും തൃപ്രങ്ങോട്ടു ക്ഷേത്രത്തിലും വന്നേരി ഗോവിന്ദപുരം ക്ഷേത്രത്തിലും കൂത്തമ്പലത്തറയുണ്ട്‌. ചെങ്ങന്നൂരുള്ള കൂത്തമ്പലത്തറ ദീര്‍ഘവൃത്താകൃതിയിലാണെന്ന്‌ ഒരു വിശേഷവുമുണ്ട്‌. പെരുമനം ക്ഷേത്രത്തിലും തിരുവാലത്തൂര്‍ ക്ഷേത്രത്തിലും ഇപ്പോഴുള്ള കൂത്തമ്പലങ്ങള്‍, പണ്ടത്തെ വലിയ തറയിന്മേല്‍ പിന്നെ ചെറുതാക്കി നിര്‍മിച്ചിട്ടുള്ളവയാണ്‌.

കേരളത്തില്‍ ഇപ്പോള്‍ തൃശ്ശിവപേരൂര്‍, ഇരിങ്ങാലക്കുട, മൂഴിക്കുളം, പെരുമനം, ഗുരുവായൂര്‍, പുന്നത്തൂര്‍, തിരുവേഗപ്പുറ, തിരുമാന്ധാംകുന്ന്‌, തിരുവാലത്തൂര്‍, തിരുവാര്‍പ്പ്‌, തിരുനക്കര, ആര്‍പ്പൂക്കര, ഹരിപ്പാട്‌, കിടങ്ങൂര്‍ എന്നീ 14 ക്ഷേത്രങ്ങളില്‍ കൂത്തമ്പലങ്ങളുണ്ട്‌. ഇവയെല്ലാം ദീര്‍ഘചതുരാകൃതിയിലുള്ളവയാണ്‌. രംഗമാകട്ടെ രണ്ടുമൂന്നെണ്ണത്തിലൊഴികെ മറ്റെല്ലാറ്റിലും സമചതുരമാകുന്നു. രംഗപീഠത്തിനും അണിയറയ്‌ക്കും വലുപ്പം പലതായിട്ടാണ്‌ കാണുന്നതും.

ഇപ്പോള്‍ കാണുന്ന കൂത്തമ്പലങ്ങളില്‍ ഏറ്റവും പഴക്കംകൂടിയത്‌ ഏതെന്ന്‌ നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. കൊ.വ. 944 മീനം 8-ന്‌ (1769-മാര്‍ച്ച്‌) ആണത്ര ഹരിപ്പാട്ട്‌ കൂത്തമ്പലത്തിന്റെ പണികഴിഞ്ഞ്‌ കലശം നടന്നത്‌. തൃശൂര്‍ വടക്കുംനാഥക്ഷേത്രത്തിലെ കൂത്തമ്പലം പുതുക്കിപ്പണി ചെയ്‌തത്‌ കൊ.വ. 1055-ലാണ്‌. കൊച്ചി മഹാരാജാവിന്റെ നിയോഗപ്രകാരം തോട്ടേക്കാട്ട്‌ ദിവാന്‍ ശങ്കുണ്ണിമേനോന്റെ കാലത്ത്‌ കാണിപ്പയ്യൂര്‍ നമ്പൂതിരിപ്പാടു തയ്യാറാക്കിയ കൈക്കണക്കനുസരിച്ച്‌ അന്ന്‌ മരാമത്തുവകുപ്പ്‌ ഉദ്യോഗസ്ഥനായിരുന്ന വേളിനേഴി നമ്പൂതിരിയാണ്‌ പഴയ കൂത്തമ്പലം പൊളിപ്പിച്ച്‌ പുതുതായി പണിയിച്ച്‌ ചെമ്പുപലകയടിപ്പിച്ചതെന്ന്‌ ആ കൂത്തമ്പലത്തിലെ ശിലാലിഖിതത്തില്‍ നിന്ന്‌ വ്യക്തമാണ്‌. തൂണിന്മേല്‍ നാലും താഴെ പടിയിന്മേല്‍ അഞ്ചുംകൂടി ഒമ്പതു ശ്ലോകമുള്ളതില്‍ രണ്ടുശ്ലോകം ഇവിടെ ഉദ്ധരിക്കുന്നു.

""പുണ്യശാലികളിലഗ്രഗന്‍ മഹിത-
				മാട ഭൂപതി ദിവാന്‍ജി ശ-
	ങ്കുണ്ണിമേനവര്‍ നൃപാജ്ഞയാലെ ശിവ-
				മന്ദിരേഥ മണിമന്ദിരേ
	താണ്ഡവാസ്‌പദമുടന്‍ പണീച്ചുപരി
				ചെമ്പിടീച്ചു പുനരായിര-
	ത്തൊന്നുമയ്‌മ്പതൊടുനാലുമാണ്ടിഹ
				പകര്‍ന്നസിംഹമുഖവാസരേ'',
	""കാണിപ്പയ്യൂര്‍ ദ്വിജേന്ദ്രസ്യ
	മാനമാലോകയന്‍ ദ്രുതം
	വേളിനേഴിദ്വിജോനൃത്ത-
	ശാലാംനവ്യാമകാരയല്‍ .''
 

1055 ചിങ്ങം 1-ന്‌ തൃശൂര്‍ കൂത്തമ്പലം പുതുക്കിപ്പണികഴിഞ്ഞുവെന്ന്‌ ഇതില്‍ നിന്നു വ്യക്തമാണല്ലോ. അതിന്റെ അടുത്തുമുമ്പാണത്ര ഇരിങ്ങാലക്കുട കൂത്തമ്പലം തിരുവിതാംകൂര്‍ മഹാരാജാവ്‌ പുതുക്കിപ്പണിയിച്ചത്‌. തിരുവേഗപ്പുറ കൂത്തമ്പലം പണികഴിഞ്ഞിട്ട്‌ അറുപതോളം കൊല്ലമേ ആയിട്ടുള്ളൂ. തിരുമൂഴിക്കുളത്തെ കൂത്തമ്പലത്തിനു നാല്‌പതു വയസ്സാവാന്‍ പോകുന്നതേയുള്ളൂ. ഒടുവില്‍ ഉണ്ടായിട്ടുള്ള മാതൃകാ കൂത്തമ്പലം ഡി. അപ്പുക്കുട്ടന്‍ നായരുടെ മേല്‍ നോട്ടത്തില്‍ കേരള കലാമണ്ഡലത്തില്‍ (1977) നിര്‍മിച്ചിട്ടുള്ളതാണ്‌.

കേരളത്തിലെ കൂത്തമ്പലങ്ങള്‍ക്ക്‌ നാട്യശാസ്‌ത്രത്തില്‍ വിവരിച്ചിട്ടുള്ള നാട്യമണ്ഡപത്തില്‍ നിന്നു വലിയ മാറ്റമൊന്നുമില്ല. പിന്നില്‍ അണിയറ, നടുവില്‍ രംഗപീഠം, മുന്നില്‍ പ്രക്ഷക സദസ്സ്‌ എന്ന സന്നിവേശവിശേഷവും അവയുടെ അളവുകള്‍ക്കുള്ള അനുപാതവും മിക്കവാറും ഒന്നാണ്‌. വലുപ്പം വളരെ കുറഞ്ഞിട്ടുണ്ട്‌. നാട്യശാസ്‌ത്രത്തില്‍ ചെറിയ കൂത്തമ്പലത്തിന്‌ മുപ്പത്തിരണ്ടുകോല്‍ നീളമാണ്‌ വിധിച്ചിട്ടുള്ളത്‌. കേരളത്തില്‍ ഇന്നുള്ള കൂത്തമ്പലങ്ങളില്‍ തൃശൂര്‍ കൂത്തമ്പലമാണ്‌ ഏറ്റവും വലുത്‌. അതിന്‌ മുപ്പത്തിരണ്ടുകോലേ നീളമുള്ളൂ. ഇരിങ്ങാലക്കുടയുള്ളതിനു മുപ്പതുകോലും. ചിലതിനൊക്കെ ഇരുപതുകോല്‍ നീളമേ ഉള്ളൂ. തിരുമാന്ധാംകുന്നിലെ കൂത്തമ്പലത്തിന്റെ നീളം വെറും പന്ത്രണ്ടുകോല്‍ മാത്രമാണ്‌.

വീതിയുടെ കാര്യത്തിലും കുറച്ചു മാറ്റമുണ്ട്‌. നീളത്തില്‍ പകുതി വീതി എന്നാണ്‌ നാട്യശാസ്‌ത്രത്തിലെ വ്യവസ്ഥ. പതിനാറ്‌, പതിനാലിന്‌ പത്ത്‌ എന്നും മറ്റുമുള്ള ഒരു പ്രത്യേകതരം അനുപാതമാണ്‌ നീളത്തിന്റെയും വീതിയുടെയും കാര്യത്തില്‍ ഇവിടെ സ്വീകരിച്ചിട്ടുള്ളത്‌.

രംഗത്തില്‍ ഇടത്തും വലത്തും രംഗത്തോളം നീളവും രംഗത്തില്‍ പകുതി വീതിയുമുള്ള നന്നാലു കാലുകളോടു കൂടിയ മത്തവാരണികള്‍ വേണമെന്ന്‌ നാട്യശാസ്‌ത്രത്തില്‍ പറയുന്നു. മത്തവാരണികളുടെ ഉപയോഗമെന്തെന്ന്‌ ഇതില്‍ വ്യക്തമാക്കിയിട്ടില്ല. കേരളത്തിലെ കൂത്തമ്പലങ്ങളില്‍ മത്തവാരണിയില്ല.

കൂത്തമ്പലത്തിന്‌ ആകെ എത്ര വിസ്‌താരമുണ്ടോ അതിന്റെ എട്ടിലൊന്നു വിസ്‌താരം വേണം രംഗത്തിന്‌ എന്നാണ്‌ നാട്യശാസ്‌ത്രവ്യവസ്ഥ. ഇവിടെ ആ വ്യവസ്ഥയില്ല. കൂത്തമ്പലത്തിന്റെ യോനിയും രംഗത്തറയുടെ യോനിയും ഒന്നായിരിക്കണമെന്നു മാത്രമേ നിയമമുള്ളൂ.

നാട്യശാസ്‌ത്രപ്രകാരം കൂത്തമ്പലത്തിന്റെ വിസ്‌താരത്തില്‍ നാലിലൊന്ന്‌ അണിയറയ്‌ക്കുള്ളതാണ്‌. അത്‌ കേരളീയര്‍ സൗകര്യംപോലെ ചെറുതാക്കുന്നു. ഇങ്ങനെ ചില പ്രത്യേകതകളൊഴിച്ചാല്‍ മറ്റു കാര്യങ്ങളിലെല്ലാം നാട്യശാസ്‌ത്രം തന്നെയാണ്‌ ഇവിടത്തെ കൂത്തമ്പലങ്ങളുടെ അടിസ്ഥാനപ്രമാണം. കാണിപ്പയ്യൂര്‍ ദാമോദരന്‍ നമ്പൂതിരിപ്പാട്‌ തന്ത്രസമുച്ചയത്തിലെ ശില്‌പഭാഗം ഭാഷാവ്യാഖ്യാനത്തോടുകൂടി 1927-ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതിലെ പത്താമധ്യായം നാട്യമണ്ഡപത്തെ-കൂത്തമ്പലത്തെ-സംബന്ധിച്ചുള്ളതാണ്‌. അതിലെ പ്രസക്തമായ എട്ടു ശ്ലോകങ്ങളുടെ താത്‌പര്യം ചുവടെ ചേര്‍ക്കുന്നു.

ദേവന്റെ മുമ്പില്‍ നാലമ്പത്തിന്റെ പുറത്ത്‌ അല്‌പം വലത്തോട്ടു നീങ്ങീട്ടാണ്‌ ഏതു ക്ഷേത്രത്തിലും കൂത്തമ്പലത്തിന്റെ സ്ഥാനം. നട കിഴക്കോട്ടാണെങ്കില്‍ കിഴക്കു തെക്കേമൂലയിലേക്കു നീങ്ങീട്ടാവണം കൂത്തമ്പലം. അതില്‍ രംഗത്തിന്റെ മുഖം പടിഞ്ഞാട്ടാവണം. പടിഞ്ഞാട്ടാണ്‌ നടയെങ്കില്‍ കൂത്തമ്പലത്തിന്റെ സ്ഥാനം പടിഞ്ഞാറു വടക്കേമൂലയിലേക്കു നീങ്ങീട്ടാവണം. അതില്‍ രംഗം കിഴക്കോട്ടു മുഖമായിട്ടുമാവണം. ഇതാണ്‌ സ്ഥാനത്തിന്റെയും രംഗമുഖത്തിന്റെയും വ്യവസ്ഥ.

കൂത്തമ്പലത്തിന്‌ വലുപ്പത്തെക്കുറിച്ച്‌ പ്രത്യേക നിയമമൊന്നുമില്ല. ചെറുതായാലും വലുതായാലും അതിന്റെ അളവ്‌ ശ്രീകോവിലിന്റെ ഉത്തരച്ചുറ്റളവിന്റെ യോനിയുടെ പ്രതിയോനിയായിരിക്കണമെന്നു വ്യവസ്ഥയുണ്ട്‌. ഉത്തരത്തിന്റെ പുറമോ നടുവോ അളക്കാവുന്നതാണ്‌.

ചുറ്റളവിനെ മൂന്നില്‍ പെരുക്കി എട്ടില്‍ ഹരിച്ചുകിട്ടുന്ന ശിഷ്‌ടസംഖ്യകൊണ്ടാണ്‌ യോനി കണ്ടുപിടിക്കുക. ശിഷ്‌ടം ഒന്ന്‌, മൂന്ന്‌, അഞ്ച്‌, ഏഴ്‌ എന്ന സംഖ്യകള്‍ വന്നാല്‍ യോനി നല്ലതാണ്‌. രണ്ട്‌, നാല്‌, ആറ്‌, എട്ട്‌ എന്ന സംഖ്യകള്‍ വരുന്നത്‌ നന്നല്ല. നല്ല യോനികളില്‍ ഒന്നും അഞ്ചും യോനികള്‍ തമ്മില്‍ പ്രതിയോനികളാണ്‌. അതുപോലെ മൂന്നും ഏഴും യോനികള്‍ തമ്മിലും പ്രതിയോനികളാണ്‌.

ശ്രീകോവിലിന്റെ പ്രതിയോനിയായി വരുന്ന കൂത്തമ്പലത്തിന്റെ ഉത്തരച്ചുറ്റളവ്‌ രണ്ടു പങ്കാക്കി അതില്‍ ഒന്നിനെ പതിനാറുകൊണ്ടു ഹരിച്ചാല്‍ കിട്ടുന്ന അളവിന്‌ "പദം' എന്നു പേര്‍. ഇരുപത്‌, ഇരുപത്തിനാല്‌, ഇരുപത്തെട്ട്‌ എന്ന സംഖ്യകള്‍കൊണ്ട്‌ ചുറ്റളവിന്റെ പകുതിയെ ഹരിച്ചും പദമുണ്ടാക്കാം. ചുറ്റളവിന്റെ നാലിലൊന്നില്‍ രണ്ടുപദം കൂട്ടിയത്‌ നീളം, രണ്ടുപദം കുറച്ചത്‌ വീതി, ഇതാണ്‌ നീളവും വീതിയും തീര്‍ച്ചപ്പെടുത്താനുള്ള വഴി. ഒന്നോ രണ്ടോ ആരൂഢോത്തരങ്ങളും ഘടിപ്പിക്കാം.

മൂന്നു താഴികക്കുടം വേണം. ഓരോ താഴികക്കുടത്തിനും ഓരോ പദം ഉയരം. ഉത്തരത്തില്‍ നിന്നു മേല്‌പോട്ട്‌ കൂത്തമ്പലത്തിന്റെ വീതിയില്‍ പകുതി ഉയരം വേണം. തൂണുകള്‍ക്ക്‌ ഉയരം ഈരണ്ടുപദം. തറയ്‌ക്ക്‌ ഉയരം ഒരു പദം. ഇറയുടെ വീതി, തൂണുകളുടെ അകലം, ആരൂഢോത്തരത്തിന്റെ തൂണുകള്‍ മുതലായവയും രംഗവും എല്ലാം പദംകൊണ്ട്‌ അളന്നു കണക്കാക്കേണ്ടതാണ്‌.

കഴുക്കോലുകള്‍ക്കും കണക്കുണ്ട്‌. ഇടത്തും വലത്തും അയ്യഞ്ച്‌, മുന്നിലും പിന്നിലും ഓരോന്ന്‌, നാലു കോടിക്കഴുക്കോലുകള്‍ എന്നിങ്ങനെ പതിനാറു കഴുക്കോലുകള്‍. മോന്തായം മുതല്‍ വാവട വരെ എത്തുന്ന നീണ്ട കഴുക്കോലുകളാവണം. നാലു കോടി കഴുക്കോലുകളില്‍ നിന്ന്‌ രണ്ടു ഭാഗത്തേക്കുമായി ആറാറു മുറിക്കഴുക്കോലുകളും വേണം. നാലു കോടിയിലും കൂടി 48 മുറിക്കഴുക്കോലുകള്‍. ഒട്ടാകെ കഴുക്കോലുകള്‍ അറുപത്തിനാല്‌. ഈരണ്ടു കഴുക്കോലുകള്‍ തമ്മില്‍ ബന്ധിക്കുന്ന കോണ്‍കഴുക്കോലുകളും വേണം. കഴുക്കോലുകള്‍ കൂടിച്ചേരുന്ന സന്ധികളില്‍ ചിത്രപട്ടികകള്‍ ഘടിപ്പിച്ച്‌ ഭംഗി വരുത്തണം. ഈ കഴുക്കോല്‍ ക്കണക്ക്‌, ചുറ്റളവിന്റെ പകുതിയെ ഇരുപത്തെട്ടുകൊണ്ട്‌ ഹരിച്ച്‌ പദമുണ്ടാക്കുന്ന കൂത്തമ്പലത്തിനുള്ളതാണ്‌.

രംഗം സമചതുരത്തിലാവണം. അതിന്റെ യോനി കൂത്തമ്പലത്തിന്റെ യോനിയേതോ, അതുതന്നെയായിരിക്കണം. നാലുതൂണ്‌, ഉത്തരം, കഴുക്കോല്‍ മുതലായ എല്ലാ ഘടകങ്ങളും രംഗത്തിനു വേണം. രംഗത്തിന്റെ പിന്‍വശത്താണ്‌ മിഴാവിനുള്ള സ്ഥാനം. അതിന്റെയും പിന്നിലാണ്‌ അണിയറ.

രംഗത്തിന്റെ വാവടപ്പുറം നടുവിലുള്ള താഴികക്കുടത്തിന്റെ നേരെ കീഴില്‍ വരത്തക്കവണ്ണം കൂത്തമ്പലത്തിന്റെ നടുവില്‍ മധ്യരേഖയുടെ പിന്നിലുള്ള ഖണ്ഡത്തില്‍ രംഗം നിര്‍മിക്കണം. രംഗത്തിനും താഴികക്കുടം വേണം. ഈ കണക്കനുസരിച്ച്‌ രചിച്ചിട്ടുള്ള കേരളത്തിലെ ഏറ്റവും വലിയതും ശില്‌പഭംഗി തികഞ്ഞതുമായ കൂത്തമ്പലം തൃശൂര്‍ വടക്കുംനാഥക്ഷേത്രത്തിലുള്ളതാണ്‌.

കേരളത്തിലെ സാമാന്യജനങ്ങളെ ഉദ്‌ബുദ്ധരാക്കുന്ന കാര്യത്തില്‍ കൂത്തമ്പലങ്ങള്‍ വഹിച്ചിട്ടുള്ള പങ്ക്‌ വളരെ വലുതാണ്‌. കൂത്തമ്പലമില്ലാത്ത ക്ഷേത്രങ്ങളിലും കൂത്തും കൂടിയാട്ടവും ധാരാളം നടന്നിരുന്നു. അങ്ങനെ വരുമ്പോള്‍ അത്‌ വാതില്‍ മാടത്തിലോ മറ്റു സൗകര്യമുള്ള സ്ഥലത്തോ നടത്തിയിരുന്നു. കേരളത്തില്‍ പല കലാപ്രസ്ഥാനങ്ങളുടെയും സാഹിത്യപ്രസ്ഥാനങ്ങളുടെയും ഉദ്‌ഭവം കൂത്തമ്പലങ്ങളില്‍ നിന്നാണ്‌. കഥകളിയും ഓട്ടന്‍തുള്ളലും പാഠകവും കൂത്തമ്പലങ്ങളുടെ സംഭാവനയാണ്‌. ആട്ടപ്രകാരം, ക്രമദീപിക, നമ്പ്യാര്‍തമിഴ്‌, ദൂതവാക്യം (ഗദ്യം) എന്നിവപോലുള്ള സംസ്‌കൃതനാടകവിവര്‍ത്തനങ്ങള്‍, കൂത്തിനുള്ള പലവക പ്രബന്ധങ്ങള്‍ ഇതൊക്കെ കൂത്തമ്പലങ്ങളുടെ ആവശ്യത്തിനുവേണ്ടി ഉണ്ടായിട്ടുള്ള ഗ്രന്ഥപരമ്പരകളാണ്‌. മണിപ്രവാളപ്രസ്ഥാനത്തിന്റെ ഉദ്‌ഭവത്തിനും പുനത്തിന്റെയും മഴമംഗലത്തിന്റെയും ചമ്പുക്കളെപ്പോലുള്ള ഭാഷാചമ്പുക്കളുടെ ആവിര്‍ഭാവത്തിനും പ്രചോദനം നല്‌കിയതും കൂത്തമ്പലങ്ങളല്ലാതെ മറ്റൊന്നുമല്ല. രാമചരിതത്തിലും രാമകഥാപ്പാട്ടിലും നിരണം കൃതികളിലും എഴുത്തച്ഛന്റെ കിളിപ്പാട്ടുകളിലും കൂത്തമ്പലങ്ങളുടെ സ്വാധീനശക്തി പല സന്ദര്‍ഭങ്ങളില്‍ തെളിഞ്ഞുകാണുന്നുണ്ട്‌.

(പ്രൊഫ. കെ.പി. നാരായണപ്പിഷാരടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍