This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂട്ടുടമക്കമ്പനികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൂട്ടുടമക്കമ്പനികള്‍

Joint Stock Company

കൂട്ടായ ഉടമസ്ഥതയും മൂലധന നിക്ഷേപവും ഉള്ള സ്ഥാപനങ്ങള്‍. ഏതെങ്കിലും പൊതുവായ ലക്ഷ്യം മുന്‍നിര്‍ത്തി ഏതാനും വ്യക്തികള്‍ ചേര്‍ന്നു രൂപവത്‌കരിക്കുന്ന സംഘടനയെന്നാണ്‌ കമ്പനി എന്ന സംജ്ഞയുടെ ഏറ്റവും ലളിതമായ അര്‍ഥം. വാണിജ്യതന്ത്രത്തിന്റെ വികസനത്തോടൊപ്പം "കമ്പനി'യുടെ നിര്‍വചനങ്ങളും സങ്കീര്‍ണങ്ങളായിത്തീര്‍ന്നിട്ടുണ്ട്‌. "കമ്പനി' എന്ന സംജ്ഞയ്‌ക്കു നല്‌കിയിട്ടുള്ള നിര്‍വചനങ്ങളില്‍ ജസ്റ്റിസ്‌ ലിന്‍ഡ്‌ലെ പ്രഭുവിന്റെ നിര്‍വചനത്തിനാണ്‌ സാര്‍വജനീനമായ അംഗീകാരം ലഭിച്ചിട്ടുള്ളത്‌: ""പണമോ പണത്തിനു തുല്യമായ മറ്റെന്തെങ്കിലുമോ ഓഹരിയായെടുത്തു സമാഹരിക്കുന്ന ഒരു സഞ്ചിതനിധി ഏതെങ്കിലും ബിസിനസില്‍ മുടക്കി അതില്‍ നിന്നുണ്ടാകുന്ന ലാഭമോ നഷ്‌ടമോ വീതിച്ചെടുക്കാന്‍ വേണ്ടി ഏതാനും വ്യക്തികള്‍ സ്വമേധയാ സംഘടിച്ചു രൂപവത്‌കരിക്കുന്ന സംഘടനയാണ്‌ കൂട്ടുടമക്കമ്പനി.

ക്ലിപ്‌തബാധ്യതയോടെ മൂലധനം സംഭാവന ചെയ്യാന്‍ തയ്യാറുള്ള വ്യക്തികള്‍ സംയുക്തമായി ചേര്‍ന്നു രജിസ്റ്റര്‍ ചെയ്‌തു രൂപവത്‌കരിക്കുന്ന കൂട്ടുടമവ്യാപാര-വാണിജ്യസ്ഥാപനങ്ങള്‍ക്ക്‌ സുമാര്‍ നാലു ശതാബ്‌ദത്തോളം നീണ്ടുനില്‌ക്കുന്ന ഒരു ചരിത്രമുണ്ട്‌. 1600-ലെ ഒരു രാജകീയ ചാര്‍ട്ടറിലൂടെ ഇംഗ്ലണ്ടില്‍ ആരംഭിച്ച ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയാണ്‌ ആദ്യത്തെ കൂട്ടുടമക്കമ്പനി. തുടര്‍ന്ന്‌ ചാര്‍ട്ടര്‍ മുഖേനയോ പാര്‍ലമെന്റിന്റെ പ്രത്യേക നിയമങ്ങളിലൂടെയോ നിരവധി കമ്പനികള്‍ രൂപംകൊണ്ടു. ഉദാ. ഹഡ്‌സണ്‍ ബേ കമ്പനി; ബാങ്ക്‌ ഒഫ്‌ ഇംഗ്ലണ്ട്‌. പില്‌ക്കാലത്ത്‌ പല കമ്പനികളും ഊഹക്കച്ചവടത്തിലും മറ്റും പങ്കെടുത്തതിന്റെ ഫലമായി ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാവശ്യമായി വന്നു. 1720-ലും 1825-ലും 1834-ലും 1837-ലും ഇതിനാവശ്യമായ നിയമങ്ങള്‍ ഇംഗ്ലണ്ടില്‍ പാസാക്കപ്പെട്ടു. 1844-ലെ നിയമത്തിലൂടെ കൂട്ടുടമക്കമ്പനികളുടെ രജിസ്റ്റ്രഷന്‍ സമ്പ്രദായവും 1855-ലെ നിയമത്തിലൂടെ കൂട്ടുടമക്കമ്പനികളുടെ സവിശേഷതയായ ക്ലിപ്‌തബാധ്യതയും ഏര്‍പ്പെടുത്തപ്പെട്ടു. 1856, 62, 1908, 29, 47, 48, 62, 67 എന്നീ വര്‍ഷങ്ങളില്‍ ബ്രിട്ടനിലെ "കമ്പനിനിയമ'ത്തിന്‌ പല ഭേദഗതികളും വരുത്തുകയുണ്ടായി.

19-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ മാത്രമാണ്‌ ഇന്ത്യയില്‍ കൂട്ടുടമക്കമ്പനികള്‍ രൂപവത്‌കരിച്ചുതുടങ്ങിയത്‌. 1850-ല്‍ ഇന്ത്യയില്‍ ആദ്യമായി ഒരു കമ്പനിനിയമം പാസ്സാക്കപ്പെട്ടു. ഇത്‌ പിന്നീട്‌ പല തവണ ഭേദഗതിക്കു വിധേയമായിട്ടുണ്ട്‌. 1956-ലാണ്‌ സമഗ്രമായ ഇന്ത്യന്‍ കമ്പനീസ്‌ ആക്‌റ്റ്‌ നിലവില്‍ വന്നത്‌. കാലാകാലങ്ങളില്‍ വരുത്തിയ ഭേദഗതികളോടുകൂടി 1956-ലെ നിയമമാണ്‌ ഇന്ത്യയിലെ കൂട്ടുടമക്കമ്പനികളുടെ രജിസ്റ്റ്രഷനും നിയന്ത്രണവും സംബന്ധിച്ച്‌ പ്രാബല്യത്തിലുള്ളത്‌.

ലിന്‍ഡ്‌ലെ പ്രഭുവിന്റെ നിര്‍വചനത്തില്‍ പറയുന്ന സഞ്ചിതനിധിയാണ്‌ കമ്പനിയുടെ മൂലധനം. ആ മൂലധനം സംഭാവന ചെയ്‌തവരാണ്‌ കമ്പനിയിലെ അംഗങ്ങള്‍. മൊത്തം മൂലധനത്തില്‍ ഓരോ അംഗത്തിനും അവകാശപ്പെട്ട വിഹിതത്തെ ഓഹരി (share or stock)എന്നു പറയുന്നു. സാധാരണയായി കമ്പനിയുടെ മൂലധനം തുല്യവിലയ്‌ക്കുള്ള നിരവധി ഓഹരികളായി വിഭജിക്കപ്പെട്ടിരിക്കും. ഉദാ. ഒരു കോടി രൂപ മൂലധനമുള്ള ഒരു കമ്പനിയില്‍ 100 രൂപ വീതം വിലയുള്ള ഒരു ലക്ഷം ഓഹരികളുണ്ടായിരിക്കും. ഓഹരികള്‍ സാധാരണയായി കൈമാറ്റം ചെയ്യപ്പെടാവുന്നതാണ്‌. അതായത്‌ കമ്പനിയുടെ അംഗീകാരത്തിനു വിധേയമായി ഓഹരിയുടമകള്‍ക്ക്‌ തങ്ങളുടെ ഓഹരികള്‍ ആര്‍ക്കുവേണമെങ്കിലും കൈമാറാം.

കമ്പനിനിയമത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായി രൂപംകൊള്ളുന്ന ഒരു കമ്പനി ഒരു നിയമാധിഷ്‌ഠിത സ്ഥാപനമായിത്തീരുന്നു. രജിസ്റ്റര്‍ ചെയ്‌തു കഴിഞ്ഞാലുടന്‍ കമ്പനിക്കു നിയമദൃഷ്‌ട്യാ പ്രത്യേക പദവിയും വ്യക്തിത്വവും കൈവരുന്നു. നിയമനിര്‍മിതമായ ഒരു "കൃത്രിമവ്യക്തി'യെന്ന്‌ കമ്പനിയെ വിശേഷിപ്പിക്കാം. ഓഹരിയുടമകളുടെ കൂട്ടായ നിലനില്‌പിനുപരിയായി ഒരു നിലനില്‌പും വ്യക്തിത്വവും കമ്പനിക്കുണ്ടെന്നു കാണാം. ഒരു വ്യക്തി നിര്‍വഹിക്കുന്നതൊക്കെ ഒരു കമ്പനിക്കും നിര്‍വഹിക്കാം. ഒരു കമ്പനിയുടെ നിലനില്‌പിനാവശ്യമായതെന്തും ചെയ്യാന്‍ കമ്പനിക്ക്‌ അധികാരം സിദ്ധിക്കുന്നുണ്ട്‌. കമ്പനിക്ക്‌ സ്വന്തം നിലയില്‍ സ്വത്തുവകകള്‍ സമ്പാദിക്കാം; ബാങ്ക്‌ അക്കൗണ്ട്‌ ആരംഭിക്കാം; പണം കടം കൊടുക്കാം; കടം വാങ്ങിക്കാം; ഉദ്യോഗസ്ഥരെ നിയമിക്കാം; ഓഹരിയുടമകളുമായി കരാറില്‍ ഏര്‍പ്പെടാം; അവരുടെ പേരില്‍ വ്യവഹാരം കൊടുക്കാം; അവരാല്‍ വ്യവഹരിക്കപ്പെടുകയും ചെയ്യാം. കമ്പനിയുടെ പണവും സ്വത്തുവകകളും കമ്പനിക്കു മാത്രം അവകാശപ്പെട്ടതാണ്‌. അത്‌ ഓഹരിയുടമകള്‍ക്കോ ഡയറക്‌ടര്‍ ബോര്‍ഡിനോ അവകാശപ്പെട്ടതല്ല. കമ്പനിയുടെ ബാധ്യത അതിന്റെ മാത്രം ബാധ്യതയാണ്‌. ആ ബാധ്യതകള്‍ക്ക്‌ ഓഹരിയുടമകള്‍ ബാധ്യസ്ഥരല്ല. വാങ്ങിയ ഓഹരിയില്‍ അടച്ചുതീര്‍ക്കേണ്ട തുകയ്‌ക്കു മാത്രമേ ഓഹരിയുടമകള്‍ക്കു ബാധ്യതയുള്ളൂ. അതായത്‌ ഓരോ ഓഹരിയുടമയുടെയും ബാധ്യത അയാളെടുത്ത ഓഹരിയില്‍ കവിയുകയില്ല.

കൂട്ടുടമക്കമ്പനിക്ക്‌ പൊതുവായ ഒരു മുദ്ര ഉണ്ടായിരിക്കും. ഭൗതികശരീരമില്ലാത്ത വെറും നിയമസൃഷ്‌ടിയായ കമ്പനിക്ക്‌ ഭൗതികശരീരമുള്ള വ്യക്തികളെപ്പോലെ കമ്പനിരേഖകളില്‍ കൈയൊപ്പു വയ്‌ക്കുവാന്‍ കഴിയുന്നില്ല. എന്നാല്‍ കമ്പനിയുടെ പൊതുസീല്‍ ഈ കുറവു നികത്തും. കൈയൊപ്പാവശ്യമായ രേഖകളിലെല്ലാം പൊതുസീല്‍ പതിക്കുന്നതോടെ അവയ്‌ക്കു നിയമപ്രാബല്യം ലഭിക്കുന്നു. പൊതുസീല്‍ കമ്പനിയുടെ കൈയൊപ്പായാണ്‌ സങ്കല്‌പിക്കപ്പെടുന്നത്‌. ശാശ്വതമായ പിന്തുടര്‍ച്ച അഥവാ നിരന്തരമായ നിലനില്‌പ്‌ കൂട്ടുടമക്കമ്പനികളുടെ ഒരു സവിശേഷതയാണ്‌. കമ്പനിയുടെ അംഗങ്ങള്‍ മാറിയെന്നുവരാം, മരിച്ചെന്നുവരാം, നിസ്വരായെന്നുവരാം; എന്നാല്‍ കമ്പനിയുടെ നിലനില്‌പിനു യാതൊരു മാറ്റവും സംഭവിക്കുന്നില്ല. ഏതെങ്കിലും കാരണവശാല്‍ കമ്പനി പിരിച്ചുവിടപ്പെടുന്നതുവരെ അതു തുടര്‍ന്നു നില്‌ക്കുകതന്നെ ചെയ്യും.

കൂട്ടുടമക്കമ്പനികളെ ചാര്‍ട്ടേഡ്‌ കമ്പനികള്‍, സ്റ്റാറ്റ്യൂട്ടറി കമ്പനികള്‍, രജിസ്റ്റേഡ്‌ കമ്പനികള്‍ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. രാജകീയ പ്രമാണംമൂലം രൂപവത്‌കരിക്കപ്പെടുന്ന കമ്പനികളാണ്‌ ചാര്‍ട്ടേര്‍ഡ്‌ കമ്പനികള്‍. ഉദാ. ഇംഗ്ലീഷ്‌ ഇസ്റ്റിന്ത്യാ കമ്പനി. പ്രത്യേക നിയമനിര്‍മാണം മുഖേന രൂപവത്‌കരിക്കപ്പെടുന്ന കമ്പനികളാണ്‌ സ്റ്റാറ്റ്യൂട്ടറി കമ്പനികള്‍. 1948-ലെ ബാങ്കിങ്‌ കമ്പനീസ്‌ ആക്‌റ്റ്‌ മുഖേന രൂപവത്‌കരിക്കപ്പെട്ട ഇന്ത്യയിലെ ബാങ്കിങ്‌ കമ്പനികളും 1938-ലെ ഇന്‍ഷുറന്‍സ്‌ ആക്‌റ്റിന്റെ വ്യവസ്ഥകളനുസരിച്ച്‌ രൂപവത്‌കരിക്കപ്പെട്ട ഇന്‍ഷുറന്‍സ്‌ കമ്പനികളും ഇതിനുദാഹരണങ്ങളാണ്‌. സ്റ്റാറ്റ്യൂട്ടറി കമ്പനികള്‍ കമ്പനീസ്‌ ആക്‌റ്റിനു വിധേയമായാണ്‌ രജിസ്റ്റര്‍ ചെയ്യപ്പെടുക. അതായത്‌ പ്രത്യേകനിയമത്തിനു വിരുദ്ധമല്ലാത്ത കമ്പനി നിയമത്തിലെ എല്ലാ വ്യവസ്ഥകളും സ്റ്റാറ്റ്യൂട്ടറി കമ്പനികള്‍ക്കും ബാധകമാണ്‌.

കമ്പനിനിയമത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായി സംഘടിപ്പിക്കപ്പെട്ടതോ രജിസ്റ്റര്‍ ചെയ്യപ്പെട്ടതോ ആയ കമ്പനികളാണ്‌ രജിസ്റ്റേഡ്‌ കമ്പനികള്‍. കമ്പനി നിയമമനുസരിച്ച്‌ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കമ്പനികള്‍തന്നെ മൂന്നുതരത്തിലുണ്ട്‌:

(i)ഓഹരികള്‍കൊണ്ട്‌ ബാധ്യത ക്ലിപ്‌തപ്പെടുത്തിയ കമ്പനികള്‍

(ii) വാഗ്‌ദത്ത സുരക്ഷിതത്വ(Guarantee) പ്രകാരം ബാധ്യത ക്ലിപ്‌തമായ കമ്പനികള്‍;

(iii) ബാധ്യത ക്ലിപ്‌തമല്ലാത്ത കമ്പനികള്‍.

കൂട്ടുടമക്കമ്പനികളെ പൊതുക്ലിപ്‌തക്കമ്പനി (Public Limited Company)എന്നും സ്വകാര്യക്ലിപ്‌തക്കമ്പനി(Private Limited Company) എന്നും രണ്ടായി തരംതിരിക്കാം. സ്വന്തമായ നിയമാവലി മുഖേന താഴെ ചേര്‍ക്കുന്ന മൂന്നു നിയന്ത്രണങ്ങള്‍ പാലിക്കുന്ന കമ്പനിയാകുന്നു സ്വകാര്യക്ലിപ്‌ത കമ്പനി എന്നാണ്‌ കമ്പനിനിയമം അനുശാസിക്കുന്നത്‌:

(i)അംഗസംഖ്യ 50-ല്‍ കവിയരുത്‌;

(ii) ഓഹരികള്‍ വില്‌പനയ്‌ക്കുവേണ്ടി പരസ്യം ചെയ്യരുത്‌;

(iii) ഓഹരികള്‍ കൈമാറ്റം ചെയ്യാന്‍ പാടില്ല. ഈ മൂന്നു നിയന്ത്രണങ്ങള്‍ ബാധകമല്ലാത്ത കമ്പനികളാണ്‌ പൊതുക്ലിപ്‌ത കമ്പനികള്‍.

കൂട്ടുടമക്കമ്പനികള്‍കൊണ്ട്‌ ചില മെച്ചങ്ങളുണ്ട്‌:

(i) കൂട്ടുടമക്കമ്പനിയുടെ രൂപവത്‌കരണംകൊണ്ടാണ്‌ വന്‍കിട ബിസിനസ്‌ സംരംഭങ്ങള്‍ക്കുള്ള മൂലധനസജ്ജീകരണം സാധ്യമാകുന്നത്‌;

(ii) ഓഹരിക്കാരുടെ ക്ലിപ്‌തബാധ്യത കൂട്ടുടമക്കമ്പനിയിലെ നിക്ഷേപകരുടെ വിശ്വാസം വര്‍ധിപ്പിക്കാനുതകുന്നു;

(iii)നിരവധി ഓഹരിയുടമകളുടെ കൂട്ടായ സംരംഭമായതുകൊണ്ട്‌ കമ്പനിക്കു നഷ്‌ടമുണ്ടായാല്‍ തന്നെ ഓരോരുത്തരുടെയും നഷ്‌ടം നിസ്സാരമായ തോതിലായിരിക്കും;

(iv) ഓഹരിയുടമകള്‍ക്കു തങ്ങളുടെ ഓഹരികള്‍ കൈമാറുവാനുള്ള അവകാശം ഉള്ളതുകൊണ്ട്‌ കമ്പനിയുടെ ഓഹരികള്‍ വാങ്ങുന്നതില്‍ പൊതുജനങ്ങള്‍ ആകൃഷ്‌ടരാകുന്നു;

(v) വളരെക്കാലം തുടര്‍ച്ചയായി നിലനില്‌ക്കുവാനുള്ള കഴിവ്‌ കമ്പനിയുടെ മറ്റൊരു മെച്ചമാണ്‌;

(vi) പൊതുജനങ്ങളുടെ ചെറുകിട സമ്പാദ്യങ്ങള്‍ സമാഹരിച്ചു കിട്ടുന്ന വന്‍തുക ഉത്‌പാദനക്ഷമങ്ങളായ സംരംഭങ്ങളില്‍ മുടക്കുവാനുള്ള അവസരം ഉണ്ടാകുന്നതു കമ്പനികളിലൂടെയാണ്‌;

(vii) ഓഹരിയുടെ വില ചെറുതായതുകൊണ്ട്‌ സാമ്പത്തികശേഷി കുറവായവര്‍ക്കുപോലും കമ്പനികളുടെ ഉടമകളാകാന്‍ കഴിയുന്നു;

(viii) ഓഹരിയുടമകള്‍ ചേര്‍ന്ന്‌ തങ്ങളുടെ പ്രതിനിധികളായി ഡയറക്‌ടര്‍ ബോര്‍ഡംഗങ്ങളെ തിരഞ്ഞെടുക്കുന്നതുകൊണ്ട്‌ ജനായത്തഭരണസംവിധാനം സാധ്യമാകുന്നു;

(ix) കമ്പനികളുടെ രൂപവത്‌കരണമാണ്‌ "ബിസിനസ്‌ മാനേജ്‌മെന്റ്‌' എന്ന ആധുനിക വാണിജ്യശാസ്‌ത്രശാഖയ്‌ക്കു വഴിതെളിച്ചത്‌;

(x)ഉടമാവകാശവും ഭരണച്ചുമതലയും ഒരേ വ്യക്തിയിലോ ഒരു കൂട്ടം വ്യക്തികളിലോ ഉണ്ടാകുമ്പോള്‍ ധീരമായ നടപടികള്‍ കൈക്കൊള്ളാന്‍ പ്രയാസം നേരിടുന്നു. കമ്പനികളുടെ ഉടമാവകാശം ഓഹരിയുടമകളിലും ഭരണം ഡയറക്‌ടര്‍ ബോര്‍ഡിലും ആയതുകൊണ്ട്‌ ബിസിനസിന്റെ ക്രമമായ നടത്തിപ്പിനാവശ്യമായ ധീരമായ നടപടികള്‍ കൈക്കൊള്ളാന്‍ ഡയറക്‌ടര്‍ ബോര്‍ഡിനു കഴിയുന്നു.

പങ്കാളിത്തസംരംഭങ്ങളെ അപേക്ഷിച്ച്‌ വികസനസാധ്യതകളും മറ്റു മേന്മകളും കൂടുതലായുള്ള കൂട്ടുടമക്കമ്പനികള്‍ക്കും ചില ന്യൂനതകളുണ്ട്‌. പലതരം ഓഹരിയുടമകള്‍ തമ്മിലും ഓഹരിയുടമകളും ഭരണസമിതിയും തമ്മിലും ഉരസലുകളും താത്‌പര്യങ്ങളുടെ സംഘട്ടനവും ഉണ്ടാവുക സാധാരണമാണ്‌. ചിലപ്പോള്‍ ഇത്‌ കമ്പനിയുടെ പിരിച്ചുവിടലിനുതന്നെ കാരണമായേക്കും. കമ്പനിയുടെ യഥാര്‍ഥ ഉടമകളായ ഓഹരിയുടമകള്‍ക്ക്‌ ഭരണത്തില്‍ നാമമാത്രമായ നിയന്ത്രണങ്ങളേ ഉള്ളൂവെന്നത്‌ ഒരു പ്രധാന ന്യൂനതയാണ്‌. ഓഹരിയുടമകളുടെ താത്‌പര്യത്തിനു വിരുദ്ധമായി ഭരണതലത്തിലുള്ളവര്‍ ഊഹക്കച്ചവടത്തിലേര്‍പ്പെടാറുണ്ട്‌; ചിലപ്പോള്‍ ഓഹരിയുടമകളെ വഞ്ചിക്കുന്ന തരത്തിലുള്ള ഇടപാടുകള്‍ കാണിക്കുന്നതും അപൂര്‍വമല്ല. കമ്പനി നിയമത്തിലെ സങ്കീര്‍ണമായ വ്യവസ്ഥകള്‍ നിഷ്‌കര്‍ഷം പാലിക്കേണ്ടതുകൊണ്ട്‌ കമ്പനിയുടെ നടത്തിപ്പിനാവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന്‌ കാലതാമസം ഉണ്ടാകുന്നുവെന്നത്‌ പ്രധാനമായ മറ്റൊരു ന്യൂനതയാണ്‌. കമ്പനിയുടെ രൂപവത്‌കരണത്തിനുശേഷം ഔപചാരികമായ നടപടികള്‍ക്കു വിധേയമായി മാത്രമേ ഭരണഘടനയിലും പ്രവര്‍ത്തനത്തിലും മാറ്റം വരുത്താന്‍ കഴിയൂ. പങ്കാളിത്തത്തിലെയോ ഏകാംഗവ്യാപാരത്തിലെയോ പോലെ വ്യക്തിപരമായി മുന്‍കൈയെടുത്തു പ്രവര്‍ത്തിക്കുവാനുള്ള സാധ്യതകള്‍ കമ്പനിയിലില്ല. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കും കോടതിയുടെ ഇടപെടലുകള്‍ക്കും വിധേയമാകുമെന്നതുകൊണ്ട്‌ കമ്പനിയുടെ പ്രവര്‍ത്തനം തീര്‍ത്തും സ്വതന്ത്രമല്ല. നോ. കമ്പനി നിയമം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍