This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂട്ടുകൃഷി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൂട്ടുകൃഷി

Collective farming

കൃഷിക്കാര്‍ തങ്ങളുടെ ഭൂമിയും സ്വത്തും തൊഴില്‍ശേഷിയും സമാഹരിച്ചു കൃഷി നടത്തുന്ന സമ്പ്രദായം. ജനായത്തസമ്പ്രദായം, സഹകരണം എന്നീ ആദര്‍ശങ്ങളില്‍ അധിഷ്‌ഠിതമാണ്‌ ഇത്‌. ഓരോ കൃഷിക്കാരനും അയാള്‍ ചെയ്യുന്ന ജോലിയുടെ അളവും തരവുമനുസരിച്ച്‌ ഉത്‌പാദനത്തില്‍ ഒരു പങ്കിന്‌ അവകാശമുണ്ടായിരിക്കും. ഒരു കൂട്ടുകൃഷിക്കാരന്‌ തന്റെ അംഗത്വം ഉപേക്ഷിക്കാനുള്ള സ്വാതന്ത്യ്രവും ഉണ്ടായിരിക്കും. വന്‍തോതിലുള്ള കൃഷിസമ്പ്രദായത്തിന്റെ എല്ലാ മെച്ചങ്ങളും കൂട്ടുകൃഷിസമ്പ്രദായത്തിനുണ്ട്‌. കമ്യൂണിസ്റ്റ്‌ രാഷ്‌ട്രങ്ങളിലാണ്‌ ഈ രീതി വിജയിച്ചിട്ടുള്ളത്‌. കൂട്ടുകൃഷി ആദ്യമായി നടപ്പില്‍വരുത്തിയ രാഷ്‌ട്രം മുന്‍സോവിയറ്റ്‌ യൂണിയനാണ്‌.

"കൊല്‍ഹോസ്‌'-സോവിയറ്റ്‌ യൂണിയന്‍ (ചിത്രീകരണം)

സോവിയറ്റ്‌ യൂണിയനില്‍ കൂട്ടുകൃഷി സ്ഥലങ്ങള്‍ "കൊല്‍ഹോസ്‌'(Collective farms Kolkhoze-Kollektivnye Khoziaistva) എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. കളക്‌റ്റീവ്‌ ഫാമുകള്‍, സ്റ്റേറ്റ്‌ ഫാമുകള്‍ (Sovkhozes), സ്വെകാര്യകൃഷിസ്ഥലങ്ങള്‍ എന്നിവ ഉള്‍പ്പെട്ടതായിരുന്നു സോവിയറ്റ്‌ കാര്‍ഷികസംഘടന. മധ്യപ്രദേശം, യുറാല്‍പ്രദേശം, വോള്‍ഗാപ്രദേശം, മധ്യ കരിമണ്‍മേഖല, വോള്‍ഗ-വ്യാട്‌ക, ഉത്തര കാക്കസസ്‌, ഉക്രയിന്‍, ബൈലോറഷ്യ എന്നിവിടങ്ങളിലാണ്‌ കൂട്ടുകൃഷി മുഖ്യമായി കേന്ദ്രീകരിച്ചിരുന്നത്‌. സോവിയറ്റ്‌ യൂണിയനിലൊട്ടാകെ 40,000-ത്തില്‍ അധികം കളക്‌റ്റീവ്‌ ഫാമുകള്‍ ഉണ്ടായിരുന്നു. സ്റ്റേറ്റ്‌ ഫാമുകളുടെ എണ്ണം 20,000-ത്തോളം വരും. സ്റ്റേറ്റ്‌ ഫാമുകള്‍ കൂടുതലായുണ്ടായിരുന്ന കസാഖ്‌സ്‌താന്‍, മധ്യപ്രദേശം, ഉത്തരകാക്കസസ്‌, വോള്‍ഗാപ്രദേശം, യുറാല്‍പ്രദേശം, പടിഞ്ഞാറന്‍ സൈബീരിയ, ഉക്രയിന്‍ എന്നീ ഭൂഭാഗങ്ങളിലാണ്‌.

1917-ലെ ഒക്‌ടോബര്‍ വിപ്ലവത്തിനു മുമ്പ്‌ സോവിയറ്റ്‌ യൂണിയനില്‍ 25 ദശലക്ഷത്തിലധികം ചെറുകിട കൃഷിസ്ഥലങ്ങളാണ്‌ ഉണ്ടായിരുന്നത്‌. വിപ്ലവത്തിനുശേഷം കാര്‍ഷികഘടനയിലുണ്ടായ മൗലികമായ മാറ്റത്തിന്റെ ഫലമായി ചെറുകിട കൃഷിസ്ഥലങ്ങള്‍ക്കു പകരം കളക്‌റ്റീവ്‌ ഫാമുകളും സ്റ്റേറ്റ്‌ഫാമുകളും നിലവില്‍വന്നു.

1921-ലാണ്‌ ആദ്യമായി സഹകരണാടിസ്ഥാനത്തില്‍ കൃഷി സംഘടിപ്പിക്കാനുള്ള ഒരു ശ്രമം ഉണ്ടായത്‌. ഒരു ധനികകൊസ്സാക്കിന്റെ വകയായിരുന്ന എസ്റ്റേറ്റില്‍ സ്ഥാപിതമായ "റെഡ്‌ ലേബര്‍' കമ്യൂണില്‍ നാല്‌പതു കര്‍ഷകകുടുംബങ്ങള്‍ ഒന്നിച്ചു പണിയെടുക്കാനും ജീവിക്കാനും പ്രതിജ്ഞയെടുത്തതാണ്‌ കൂട്ടുകൃഷി സമുദ്യമത്തിന്റെ ആരംഭം. കുലാക്കുകളുടെ അതിരൂക്ഷമായ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട്‌ കൂട്ടുകൃഷി പ്രസ്ഥാനം പിന്നീട്‌ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിച്ചു. ലെനിന്റെ ആഹ്വാനമനുസരിച്ച്‌ കൃഷിക്കാര്‍ തങ്ങളുടെ കൃഷിസ്ഥലങ്ങള്‍ സംയോജിപ്പിച്ച്‌ വന്‍തോതില്‍ കൂട്ടുകൃഷിക്കു തയ്യാറായി. കൂട്ടുകൃഷിയുടെ വികസനചരിത്രത്തില്‍ കൂട്ടുകൃഷിക്കാരുടെ സംഘടനകള്‍ സ്ഥാപിച്ചത്‌ ഒരു പ്രധാനസംഭവമായി കണക്കാക്കപ്പെടുന്നു. കൂട്ടുകൃഷി സംഘടനകളുടെ പേരുകള്‍-"സമാധാനപ്രിയരായ തൊഴിലാളിവര്‍ഗം', "ട്രാക്‌ടറിനു വഴികൊടുക്കുക', "സോഷ്യലിസത്തിലേക്ക്‌', "ചൂഷണവിമുക്തരായ തൊഴിലാളിവര്‍ഗം', "ഉഴവുകാരന്‍', "സഹകാരി', "കൂട്ടുകെട്ട്‌', "യന്ത്രവത്‌കൃത കൃഷി'-കൃഷിക്കാരുടെ ആശയാഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ളവയായിരുന്നു.

1920-30 ദശകത്തില്‍ സോവിയറ്റ്‌ യൂണിയനില്‍ മൂന്നുതരത്തിലുള്ള കൂട്ടുകൃഷിരീതികള്‍ പരീക്ഷിക്കുകയുണ്ടായി. ഇവ ടോസ്‌ (Toz), ആര്‍ട്ടല്‍ (Artel), കമ്യൂണ്‍ (Commune) എന്നറിയപ്പെടുന്നു. ടോസ്‌ വ്യവസ്ഥയില്‍ സഹകരണാടിസ്ഥാനത്തിലുള്ള ഉത്‌പാദനം മാത്രമാണുണ്ടായിരുന്നത്‌. കൃഷിഭൂമി, കന്നുകാലികള്‍, കാര്‍ഷികോപകരണങ്ങള്‍ എന്നിവ ടോസ്‌ സംഘത്തിലെ അംഗങ്ങളുടെ സ്വകാര്യസ്വത്തായിരുന്നു; കമ്യൂണ്‍ സമ്പ്രദായത്തില്‍ ഇവയെല്ലാം സംഘത്തിന്റെ പൊതു ഉടമയിലും. അംഗങ്ങള്‍ സമൂഹശാലകളില്‍ താമസിച്ചു കൂട്ടായി കൃഷി നടത്തുന്നു; ഭക്ഷണം പാകം ചെയ്യുന്നതിനും കുട്ടികളുടെ സംരക്ഷണത്തിനും പൊതുവായ സംവിധാനമുണ്ടായിരിക്കും. ടോസിനും കമ്യൂണിനും മധ്യേയുള്ള ഒരു സമ്പ്രദായമാണ്‌ ആര്‍ട്ടല്‍. ഭൂമിയും ഉത്‌പാദനോപാധികളും മിക്കവാറും പൊതു ഉടമയിലായിരിക്കും. ഇവയുടെ ഒരംശം ഓരോ അംഗത്തിനും സ്വന്തമായി ഉണ്ടായിരിക്കും. കൂട്ടുകൃഷിയാണെങ്കിലും ഓരോ അംഗത്തിനും ചെറിയതോതില്‍ സ്വകാര്യകൃഷി അനുവദിക്കപ്പെട്ടിരുന്നു. അങ്ങനെ ഒരംഗത്തിന്‌ കൂട്ടുകൃഷിയില്‍നിന്നും സ്വകാര്യകൃഷിയില്‍നിന്നും ആദായം ലഭിക്കും.

1949-ലാണ്‌ ചൈനയില്‍ കൂട്ടുകൃഷിസമ്പ്രദായം ഏര്‍പ്പെടുത്തിയത്‌. 1955-നകം കൂട്ടുകൃഷിസ്ഥാപനങ്ങള്‍ ചൈനയിലൊട്ടാകെ നിലവില്‍വന്നു. ചൈനയുടെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ വളരെയേറെ താത്‌പര്യം കാണിച്ചിരുന്ന കര്‍ഷകര്‍ സ്വമേധയാ കൂട്ടുകൃഷി സ്ഥാപനങ്ങള്‍ സംഘടിപ്പിച്ചു. അല്‍ബേനിയ, ബള്‍ഗേറിയ, ജര്‍മനി, ഹംഗറി, മംഗോളിയ, പോളണ്ട്‌, റുമേനിയ എന്നിവിടങ്ങളിലും കൂട്ടുകൃഷി പ്രസ്ഥാനം വിജയിച്ചിട്ടുണ്ട്‌. സോവിയറ്റ്‌ യൂണിയന്‍ വിഘടിപ്പിച്ച്‌ പരമാധികാരമുള്ള റിപ്പബ്ലിക്കുകള്‍ ചേര്‍ന്ന സോവിയറ്റ്‌ ഫെഡറേഷന്‍ നിലവില്‍ വന്നതോടെ അവിടെ കൂട്ടുകൃഷിസമ്പ്രദായം അവസാനിച്ചു. തുടര്‍ന്ന്‌ ചൈനയിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും കൃഷിസമ്പ്രദായങ്ങളില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്‌.

കമ്യൂണിസ്റ്റ്‌ രാഷ്‌ട്രങ്ങളിലെ കൂട്ടുകൃഷി പ്രസ്ഥാനത്തോടു സാദൃശ്യമുള്ളതാണ്‌ ഇസ്രയേലിലെ കിബുറ്റ്‌സിം. "ഓരോരുത്തര്‍ക്കും അവനവന്റെ ആവശ്യമനുസരിച്ച്‌, ഓരോരുത്തരും അവനവന്റെ കഴിവനുസരിച്ച്‌'-എന്ന മുദ്രാവാക്യത്തിലധിഷ്‌ഠിതമാണ്‌ കിബുറ്റ്‌സിമിന്റെ സംവിധാനം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍