This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂട്ടുകുടുംബം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൂട്ടുകുടുംബം

Joint family

ഒന്നിലേറെ ചെറുകുടുംബങ്ങള്‍ ഉള്‍പ്പെട്ട ബൃഹത്തായ കുടുംബം. ഇതില്‍ ഒന്നിലധികം തലമുറകള്‍ ഉള്‍പ്പെട്ടിരിക്കും. സാമ്പത്തികമായും വര്‍ണാടിസ്ഥാനത്തിലും ഉന്നതനിലവാരം പുലര്‍ത്തുന്ന സമൂഹങ്ങളിലാണ്‌ കൂട്ടുകുടുംബം കണ്ടുവന്നിരുന്നത്‌. മക്കത്തായ ദായക്രമം സ്വീകരിക്കുന്ന കുടുംബങ്ങളിലും മരുമക്കത്തായ ദായക്രമം സ്വീകരിക്കുന്ന കുടുംബങ്ങളിലും കൂട്ടുകുടുംബവ്യവസ്ഥിതി കാണാവുന്നതാണ്‌. എങ്കിലും ഈ വ്യവസ്ഥിതി കൂടുതല്‍ രൂഢമൂലമായിട്ടുള്ളത്‌ മരുമക്കത്തായ ദായക്രമം നിലവിലുള്ള കുടുംബങ്ങളിലാണ്‌. കൂട്ടുകുടുംബത്തിലെ കാരണവര്‍ മാതൃസഹോദരന്‍ (അമ്മാവന്‍) ആയിരിക്കും. കാരണവരും സഹോദരിമാരും സഹോദരന്മാരും സഹോദരീസന്താനങ്ങളും അടങ്ങിയതാണ്‌ കൂട്ടുകുടുംബം; തറവാട്‌ എന്ന പേരിലാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. തറവാട്ടുഭരണം നടത്തുന്നത്‌ കാരണവരായിരിക്കും. മൂന്നും നാലും തലമുറകള്‍ ഉള്‍ക്കൊള്ളുന്ന ബൃഹത്തായ തറവാടുകള്‍ കേരളത്തില്‍ നിലവിലുണ്ടായിരുന്നു. കേരളത്തിലെ നമ്പൂതിരി, നായര്‍ കുടുംബങ്ങള്‍ ഇവയുടെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ്‌. കൂട്ടുകുടുംബത്തിലെ അംഗങ്ങള്‍ ഒരു വീട്ടില്‍ തന്നെയായിരിക്കും താമസിക്കുക. കൊടുക്കല്‍ വാങ്ങല്‍ , ഭക്ഷ്യസാധനങ്ങള്‍ പാകം ചെയ്യല്‍ തുടങ്ങി എല്ലാകാര്യങ്ങളും പൊതുവായിട്ടായിരിക്കും നടത്തുക.

പ്രകൃതിശക്തികളില്‍ നിന്നും വന്യമൃഗങ്ങളില്‍ നിന്നും രക്ഷ നേടുന്നതിന്‌ പ്രാകൃതമനുഷ്യര്‍ പരസ്‌പര സഹായാധിഷ്‌ഠിതമായ കൂട്ടുജീവിതം നയിക്കുകയും അതില്‍ നിന്ന്‌ കാലക്രമേണ പ്രാകൃതദശയിലുള്ള സംഘകുടുംബങ്ങള്‍ ഉടലെടുക്കുകയും ചെയ്‌തു. ഇവയില്‍ നിന്നാണ്‌ പില്‌ക്കാലത്തെ കൂട്ടുകുടുംബവ്യവസ്ഥിതി രൂപം പ്രാപിച്ചത്‌. ആദ്യകാലങ്ങളില്‍ കൂട്ടുകുടുംബങ്ങള്‍ സമൂഹത്തിന്റെ ഭദ്രതയ്‌ക്ക്‌ ആവശ്യമായിരുന്നിരിക്കണം. വളരെയേറെ കൃഷിസ്ഥലങ്ങള്‍ സ്വായത്തമായിരുന്ന കുടുംബങ്ങള്‍ക്ക്‌ അവയെല്ലാം കൃഷി ചെയ്യുന്നതിനും മേല്‍ നോട്ടം വഹിക്കുന്നതിനും നിരവധിയാളുകളുടെ സഹായമാവശ്യമായിരുന്നു. ഇതു തന്നെ ആയിരുന്നിരിക്കണം കുടുംബാംഗങ്ങളെ ഒരുമിച്ചു താമസിപ്പിക്കുവാന്‍ പ്രരിപ്പിച്ചിരുന്ന പ്രധാനഘടകം. കൂട്ടുകുടുംബത്തിലെ അംഗങ്ങള്‍ കുടുംബത്തെയും കുടുംബസ്വത്തിനെയും മാത്രം ആശ്രയിച്ചാണ്‌ കഴിയുന്നത്‌. അതിലെ ഓരോ വ്യക്തിയും കുടുംബത്തിന്റെ പരിപൂര്‍ണ നിയന്ത്രണത്തിലായിരുന്നു. വ്യക്തിയുടെ പുരോഗതിയോ വ്യക്തിത്വത്തിന്റെ വികാസമോ കൂട്ടുകുടുംബത്തിന്റെ ലക്ഷ്യമായിരുന്നില്ല. കൂട്ടുകുടുംബവ്യവസ്ഥിതിയില്‍ ഒരു വ്യക്തിയും പ്രത്യേകമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. തന്നിമിത്തം വ്യക്തികളുടെ സ്വതഃസിദ്ധമായ കഴിവുകള്‍ വികസിപ്പിക്കുന്നതിന്‌ കൂട്ടുകുടുംബങ്ങള്‍ സഹായകമല്ലായിരുന്നു.

കൂട്ടുകുടുംബങ്ങളെ ദായക്രമമനുസരിച്ച്‌ പിതൃദായക്കൂട്ടുകുടുംബങ്ങള്‍, മാതൃദായക്കൂട്ടുകുടുംബങ്ങള്‍ എന്ന്‌ രണ്ടായി തരംതിരിക്കാം. പിതൃമേല്‌ക്കോയ്‌മയുള്ള കൂട്ടുകുടുംബങ്ങളില്‍ മക്കത്തായ സമ്പ്രദായമാണ്‌ നിലവിലിരുന്നത്‌. കുടുംബഭരണം പിതാവില്‍ നിക്ഷിപ്‌തമാണ്‌. കുടുംബത്തില്‍ സ്‌ത്രീകള്‍ക്ക്‌ ഒരിക്കലും ഉയര്‍ന്ന പദവിയോ ബഹുമാനമോ നല്‌കിയിരുന്നില്ല. പിന്തുടര്‍ച്ചാവകാശം പിതാവില്‍ നിന്ന്‌ മൂത്തപുത്രനാണ്‌ ലഭിച്ചിരുന്നത്‌. കുടുംബസ്വത്ത്‌ ഒരിക്കലും ഭാഗിച്ചിരുന്നില്ല. നമ്പൂതിരിമാരുടെ ഇല്ലങ്ങള്‍ പിതൃമേല്‌ക്കോയ്‌മയുള്ള കൂട്ടുകുടുംബങ്ങള്‍ക്കുദാഹരണങ്ങളാണ്‌. ഉത്തരേന്ത്യയിലെ ഹിന്ദു കൂട്ടുകുടുംബങ്ങളില്‍ പൊതുവേ പിതൃദായക്രമമാണ്‌ നിലനില്‍ ക്കുന്നത്‌. മാതൃദായക്കൂട്ടുകുടുംബങ്ങളില്‍ മരുമക്കത്തായ സമ്പ്രദായമാണ്‌ നിലവിലിരുന്നത്‌. കുടുംബഭരണം മാതാവോ മാതൃസഹോദരനോ ആണ്‌ നിര്‍വഹിക്കുക. പിതാവിനു യാതൊരു സ്ഥാനവും കല്‌പിച്ചിരുന്നില്ല. സ്വത്തവകാശം പെണ്‍വഴിക്കാണ്‌. കേരളത്തിലെ നായര്‍കുടുംബങ്ങളെല്ലാംതന്നെ മാതൃദായക്കൂട്ടുകുടുംബങ്ങളായിരുന്നു. സാധാരണഗതിയില്‍ കുടുംബാംഗങ്ങളുടെ സംരക്ഷണച്ചുമതല കാരണവര്‍ക്കായിരിക്കും. ഇത്തരം കൂട്ടുകുടുംബങ്ങളെ കാരണവക്കൂട്ടുകുടുംബങ്ങള്‍ എന്നു വിളിക്കുന്നു. വിവാഹം കഴിഞ്ഞാലും സ്‌ത്രീകളെല്ലാം തറവാട്ടില്‍ തന്നെ താമസിക്കുകയാണു പതിവ്‌. കാലക്രമേണ ഇത്തരം കൂട്ടുകുടുംബങ്ങളുടെ ചുമതല ഒരാള്‍ക്കു തന്നെ നിര്‍വഹിക്കാന്‍ പ്രയാസമായിത്തീര്‍ന്നതോടുകൂടി ഇവ പല തായ്‌വഴികളായി പിരിഞ്ഞു തുടങ്ങി. എങ്കിലും വസ്‌തുവകകള്‍ ഭാഗം വച്ചിരുന്നില്ല. തായ്‌വഴികള്‍ക്കെല്ലാം ആവശ്യമായ ആഹാരവസ്‌ത്രാദികള്‍ കാരണവര്‍ തന്നെ എത്തിച്ചുകൊടുത്തിരുന്നു. വ്യക്തികള്‍ സ്വപ്രയത്‌നംകൊണ്ട്‌ സമ്പാദിക്കുന്ന സ്വത്തുപോലും തറവാട്ടുസ്വത്തിന്റെ ഭാഗമായി കണക്കാക്കുകയാണ്‌ പതിവ്‌. താന്‍ സമ്പാദിക്കുന്ന വസ്‌തുവകകളുടെ അവകാശം തന്റെ മക്കള്‍ക്കുതന്നെ ലഭിക്കണം എന്ന വിചാരം വന്നതുകൊണ്ടായിരിക്കാം കൂട്ടുകുടുംബവ്യവസ്ഥിതിക്കു മങ്ങലേറ്റത്‌. എങ്കിലും കൂട്ടുകുടുംബവ്യവസ്ഥ അപ്പാടെ ഇല്ലാതായിട്ടില്ല. കൂട്ടുകുടുംബങ്ങളുടേതിനോട്‌ സാദൃശ്യമുള്ള കുടുംബജീവിതം, കേരളത്തില്‍ അങ്ങിങ്ങായി ഇപ്പോഴും കാണുന്നുണ്ട്‌. ദക്ഷിണ യൂറോപ്യന്‍ ദേശക്കാര്‍, മധ്യപൂര്‍വദേശക്കാര്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യക്കാര്‍, ആഫ്രിക്കക്കാര്‍, പസിഫിക്‌ ദ്വീപ്‌ വാസികള്‍, ആസ്‌റ്റ്രലിയന്‍ ആദിമവര്‍ഗക്കാര്‍ എന്നിവര്‍ക്കിടയിലും ഇന്നും കൂട്ടുകുടുംബങ്ങള്‍ കാണപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍