This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുസുമപുരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുസുമപുരം

ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്‌നയ്‌ക്കടുത്ത്‌ ക്രിസ്‌തുവര്‍ഷാരംഭഘട്ടത്തില്‍ നിലനിന്നിരുന്ന ഒരു പുരാതനനഗരം. അന്ന്‌ പാറ്റ്‌നയുടെ പേര്‍ പാടലീപുത്രമെന്നായിരുന്നു. ഗംഗാനദിയുടെ വലതുകരയില്‍ സ്ഥിതിചെയ്‌തിരുന്ന പാടലീപുത്രം ഗുപ്‌തരാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു. ഈ നഗരത്തിന്‌ വളരെയടുത്ത്‌ ഒരു സാംസ്‌കാരിക കേന്ദ്രമെന്ന നിലയില്‍ ഗുപ്‌തരാജാക്കന്മാര്‍ വളര്‍ത്തിയെടുത്ത ഒരു ചെറുനഗരമാണ്‌ കുസുമപുരം. ബി.സി. 5-ാം ശതകം മുതല്‍ എ.ഡി. 4-ാം ശതകത്തിന്റെ അവസാനം ചന്ദ്രഗുപ്‌തന്‍ കക തന്റെ തലസ്ഥാനം അയോധ്യയിലേക്കു മാറ്റുന്നതുവരെ ഈ നഗരം ഒരു വിജ്ഞാനകേന്ദ്രമെന്ന നിലയില്‍ ഭാരതമാകെ പ്രശസ്‌തിയാര്‍ജിച്ചിരുന്നു. ശാസ്‌ത്രങ്ങളും കലകളും അഭ്യസിക്കുന്നതിനായി വിദൂരദേശങ്ങളില്‍ നിന്നുപോലും വിദ്യാര്‍ഥികള്‍ ഇവിടെ എത്തിയിരുന്നു. പ്രശസ്‌തപണ്ഡിതന്മാര്‍ ഇവിടത്തെ വിദ്യാലയങ്ങളില്‍ അധ്യാപനം നടത്തിപ്പോന്നു. ബി.സി. 2-ാം ശതകത്തില്‍ "ഉമാസ്വാമി' എന്ന ജൈനഗണിതശാസ്‌ത്രജ്ഞന്‍ ഇവിടെ ഒരു ഗണിതവിദ്യാലയം സ്ഥാപിച്ചു. ഏതാണ്ട്‌ പത്തു നൂറ്റാണ്ടുകാലം ഈ സ്ഥാപനം നിലനിന്നതായി കരുതപ്പെടുന്നു. ഉത്തരേന്ത്യയിലെ ഏറ്റവും പ്രശസ്‌തമായ ഗണിതഗവേഷണസ്ഥാപനമായിരുന്നു ഇത്‌. 5-ാം ശതകത്തിന്റെ അന്ത്യഘട്ടത്തില്‍ പ്പോലും ഈ സ്ഥാപനത്തിന്റെ പ്രശസ്‌തി നിലനിന്നിരുന്നു. അന്നാണ്‌ കേരളീയനെന്നു കരുതപ്പെടുന്ന ആര്യഭടന്‍ 3,200-ഓളം കി.മീ. കാല്‍ നടയായി യാത്രചെയ്‌തു കുസുമപുരത്ത്‌ എത്തിച്ചേര്‍ന്നത്‌. ഗണിതശാസ്‌ത്രത്തില്‍ ഉപരിപഠനം നടത്തുകയായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. ഗണിതസംബന്ധമായ പഠനഗവേഷണങ്ങളില്‍ വ്യാപൃതനായി ഇദ്ദേഹം തന്റെ ശിഷ്‌ടായുസ്സ്‌ കുസുമപുരത്തുതന്നെ ചെലവഴിച്ചു. ഭാരതീയ ഗണിതശാസ്‌ത്രത്തിന്‌ വിശ്വപ്രശസ്‌തി നേടിക്കൊടുത്ത ആര്യഭടീയം ഇദ്ദേഹം ഇവിടെവച്ചാണ്‌ എഴുതിത്തീര്‍ത്തത്‌. അങ്ങനെ ആര്യഭടനോടും ആര്യഭടീയത്തോടുമൊപ്പം കുസുമപുരവും വിശ്രുതമായിത്തീര്‍ന്നു. നോ. ആര്യഭടന്‍, ആര്യഭടീയം

(പ്രൊഫ. കെ. രാമകൃഷ്‌ണപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍