This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുവലയാപീഡം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുവലയാപീഡം

പുരാണ കഥകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒരു ആന. മഥുരാധിപനായിരുന്ന കംസന്റെ കൊലയാന ആയിരുന്നു കുവലയാപീഡം. രാമകൃഷ്‌ണന്മാരെ കൊല്ലാന്‍ പല അടവുകളും പ്രയോഗിച്ചു പരാജയപ്പെട്ട കംസന്‍, അവര്‍ അമ്പാടിയിലുണ്ടെന്നു മനസ്സിലാക്കി അവരെ തന്റെ ധനുര്‍യാഗത്തില്‍ സംബന്ധിക്കുന്നതിനുവേണ്ടി ക്ഷണിച്ചുകൊണ്ടുവരുന്നതിനു അക്രൂരന്‍ എന്ന യാദവനെ നിയോഗിച്ചു. മഥുരയിലെത്തിയ അവരെ എങ്ങനെയെങ്കിലും വധിക്കണം എന്ന ഉദ്ദേശ്യത്തോടെ പല ഉപായങ്ങളും പ്രയോഗിച്ചു എന്നുമാണ്‌ കഥ. ഗോപുരദ്വാരത്തില്‍ സഹസ്രനാഗബലനായ കുവലയാപീഡത്തെ നിര്‍ത്തുവാനും ഗോപുരം കടന്നുവരുന്ന രാമകൃഷ്‌ണന്മാരെ ഈ ആനയെക്കൊണ്ടു കൊല്ലിക്കുവാനും കംസന്‍ ആജ്ഞാപിച്ചു. ആനക്കാരന്റെ പ്രരണനിമിത്തം ആന ഗോപുരദ്വാരത്തിലെത്തിയ ബലരാമനെയും കൃഷ്‌ണനെയും ചവിട്ടിക്കൊല്ലാന്‍ അവരുടെ നേര്‍ക്ക്‌ ആഞ്ഞടുത്തെങ്കിലും രാമകൃഷ്‌ണന്മാര്‍ അതിന്റെ കൊമ്പു വലിച്ചൂരിയെടുത്ത്‌ അടിച്ചുകൊന്ന്‌ നാഗദന്തവരായുധന്മാരായി കംസസഭയില്‍ പ്രവേശിച്ചു. ആനയുടെ രൂപം ധരിച്ചിരുന്ന ഒരു അസുരനായിരുന്നു കുവലയാപീഡം എന്നാണ്‌ വിശ്വാസം.

(മുതുകുളം ശ്രീധര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍