This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുവലയാനന്ദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുവലയാനന്ദം

സംസ്‌കൃതത്തിലെ ലോകപ്രിയമായ ഒരു അര്‍ഥാലങ്കാരഗ്രന്ഥം. പദവാക്യപ്രമാണജ്ഞനും ദാര്‍ശനികനും സാഹിത്യനിരൂപകനുമായ അപ്പയ്യദീക്ഷിതരാണ്‌ രചയിതാവ്‌ (നോ. അപ്പയ്യദീക്ഷിതര്‍). ജയദേവവിരചിതമായ ചന്ദ്രാലോകത്തിന്റെ വ്യാഖ്യാനമാണ്‌ കുവലയാനന്ദം. ഗ്രന്ഥാന്തത്തില്‍

"ചന്ദ്രാലോകോവിജയതാം ശരദാഗമസംഭവഃ
	ഹൃദ്യഃകുവലയാനന്ദോയത്‌ പ്രസാദാദഭൂദയം'
 

എന്ന ശ്ലോകം ഇക്കാര്യം വ്യക്തമാക്കുന്നു. ചന്ദ്രാലോകപ്രസാദത്താലുണ്ടായതാണത്ര ഈ കൃതി. ചന്ദ്രാലോകത്തില്‍ (ചന്ദ്രികയില്‍ ) കുവലയത്തിന്‌ (ഭൂമണ്ഡലത്തിന്‌-കുവലയപുഷ്‌പത്തിന്‌) ആനന്ദം ഉണ്ടാവുമല്ലോ. ഒരു വ്യാഖ്യാനമെന്നതില്‍ കൂടുതല്‍ ഒരു സ്വതന്ത്രകൃതിയെന്ന നിലയിലാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. ചന്ദ്രാലോകത്തിലെ ഉപമാനന്വയാദികളായ 100 അര്‍ഥാലങ്കാരങ്ങള്‍ക്കു പുറമേ രസവദാദികളായ 24 അലങ്കാരങ്ങളെക്കൂടി ഉള്‍പ്പെടുത്തി 124 അലങ്കാരങ്ങള്‍ ഈ കൃതിയില്‍ പ്രതിപാദിച്ചിരിക്കുന്നു. ചന്ദ്രാലോകത്തിലെ അലങ്കാരങ്ങള്‍ക്ക്‌ അതിലെ ലക്ഷ്യലക്ഷണശ്ലോകങ്ങള്‍തന്നെ ഇവിടെയും സ്വീകരിച്ചിരിക്കുന്നു. ഒടുവിലത്തെ രസവദാദികളായ 24 അലങ്കാരങ്ങള്‍ക്ക്‌ മാത്രമേ പുതിയതായി ലക്ഷ്യലക്ഷണശ്ലോകങ്ങള്‍ എഴുതിച്ചേര്‍ത്തിട്ടുള്ളൂ.

""യേഷാം ചന്ദ്രാലോകേ, ദൃശ്യന്തേലക്ഷ്യലക്ഷണ 
						ശ്ലോകാഃ
	പ്രായസ്‌ത ഏവതേഷാ മിതരേഷാം ത്വഭിനവാ 
						വിരച്യന്തേ''
 

എന്നു ഗ്രന്ഥകാരന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌. കുവലയാനന്ദകാരന്‍ അലങ്കാരസ്വരൂപങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ പ്രാചീനാചാര്യന്മാരുടെ മതങ്ങളെ നിരൂപണം ചെയ്‌ത്‌ സ്വമതം സ്ഥാപിക്കുന്നു. സമാസോക്തി, ശ്ലേഷം, പരികരം, പരികരാങ്കുരം, വ്യാജനിന്ദ, അര്‍ഥാന്തരന്യാസം, ലളിതം മുതലായ അലങ്കാരങ്ങളെ പ്രതിപാദിക്കുന്നിടത്തു ദീക്ഷിതരുടെ സഹൃദയത്വവും കാവ്യമര്‍മജ്ഞതയും വ്യക്തമായിക്കാണാം. ശ്ലേഷാലങ്കാരനിരൂപണത്തില്‍ "ഗൂഢധ്വനി'യെക്കുറിച്ചുള്ള പ്രസ്‌താവം ആലോചനാമൃതമത്ര. അലങ്കാരങ്ങളെക്കുറിച്ചുള്ള വിസ്‌തൃതവും വിശദവും ശാസ്‌ത്രീയവുമായ പ്രതിപാദനമാണ്‌ ചിത്രമീമാംസ ഉള്‍ക്കൊള്ളുന്നത്‌. എന്നാല്‍ ഈ കൃതിയില്‍ സരളവും സുഗ്രഹവും ശാസ്‌ത്രസമ്മതവുമായ സംക്ഷിപ്‌ത പ്രതിപാദനമാണ്‌ കാണുന്നത്‌. തുല്യയോഗിത-ദീപകം-ആവൃത്തിദീപകം, പ്രതിവസ്‌തൂപമ-ദൃഷ്‌ടാന്തം, നിദര്‍ശന-രൂപകം, സമാസോക്തി-അപ്രസ്‌തുത പ്രശംസ മുതലായ സൂക്ഷ്‌മഭേദങ്ങളായ അലങ്കാരങ്ങളുടെ പരസ്‌പരഭേദം അവിടവിടെ വ്യക്തമായി നിര്‍ദേശിച്ചിരിക്കുന്നു. സങ്കരസംസൃഷ്‌ടികളുടെ ഭേദവും വിഭാഗവും ഉദാഹരണസഹിതം വിശദീകരിച്ചിട്ടുണ്ട്‌.

ഈ ഗ്രന്ഥം അര്‍ഥാലങ്കാരങ്ങളെ സംബന്ധിച്ച്‌ പ്രാമാണികവും സര്‍വാദരണീയവുമായ സാഹിത്യശാസ്‌ത്രകൃതിയാണ്‌. ഇതിന്‌ സംസ്‌കൃതത്തിലും ഹിന്ദിയിലും അനേകം വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. രായിരങ്കണ്ടത്തു ഗോവിന്ദമേനോന്‍ (1859-1930) "കേരള കുവലയാനന്ദ'മെന്ന പേരില്‍ മലയാളത്തിലേക്ക്‌ ഇത്‌ വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌. കേരളപാണിനി ഭാഷാഭൂഷണമെന്ന സാഹിത്യശാസ്‌ത്രഗ്രന്ഥത്തില്‍ അര്‍ഥാലങ്കാരങ്ങള്‍ക്കു നല്‌കിയിട്ടുള്ള ലക്ഷ്യലക്ഷണങ്ങള്‍ മിക്കവാറും കുവലയാനന്ദശ്ലോകങ്ങളുടെ പരിഭാഷയത്ര. ചില ഉദാഹരണങ്ങള്‍:

"ചേദ്‌ബിംബപ്രതിബിംബത്വം
	ദൃഷ്‌ടാന്തസ്‌തദലംകൃതിഃ (കുവലയാനന്ദം)
	"ദൃഷ്‌ടാന്തമതിനെബിംബ
	പ്രതിബിംബങ്ങളാക്കുകില്‍ ' (ഭാഷാഭൂഷണം)
	"രൂപകാതിശയോക്തിഃസ്യാ
	ന്നിഗീര്യാധ്യവസാനതഃ (കുവലയാനന്ദം)
	"നിഗീര്യാധ്യവസാനംതാന്‍
	രൂപകാതിശയോക്തിയാം' (ഭാഷാഭൂഷണം)
	"ധൂമസ്‌തോമം തമഃശങ്കേ
	കോകീവിരഹശുഷ്‌മണാം' (കുവലയാനന്ദം)
	"കോകസ്‌ത്രീവിരഹത്തീയിന്‍
	പുകയല്ലോ തമസ്സിത്‌' (ഭാഷാഭൂഷണം)
	"മദേനഭാതികളഭഃ
	പ്രതാപേനമഹീപതിഃ' (കുവലയാനന്ദം)
	"മദംകൊണ്ടാന ശോഭിക്കും
	ഔദാര്യംകൊണ്ടു ഭൂപതി' (ഭാഷാഭൂഷണം)
 

ബോംബെ(മുംബൈ)യിലെ നിര്‍ണയസാഗര പ്രസ്സുകാരും വാരണാസിയിലെ ചൗഖംബാ സംസ്‌കൃതഗ്രന്ഥാലയക്കാരും വ്യാഖ്യാനത്തോടുകൂടിയ കുവലയാനന്ദം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

(മുതുകുളം ശ്രീധര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍