This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുലശേഖരപുരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുലശേഖരപുരം

പ്രസിദ്ധമായ തിരുവഞ്ചിക്കുളം മഹാദേവര്‍ ക്ഷേത്രത്തിന്റെ 400 മീറ്റര്‍ ദൂരെയായി പടിഞ്ഞാറുഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ഒരു കൃഷ്‌ണക്ഷേത്രം. ഇവിടത്തെ പ്രതിഷ്‌ഠാമൂര്‍ത്തിയാണ്‌ കൊടുങ്ങല്ലൂര്‍ രാജവംശത്തിന്റെ കുലഭരദേവത. തൃക്കുലശേഖരപുരമെന്നു പ്രസിദ്ധിയാര്‍ജിച്ച ഈ ക്ഷേത്രത്തിന്റെ സ്ഥാപകന്‍ ഭക്താഗ്രണിയും മഹാകവിയും രാജര്‍ഷിയുമായിരുന്ന കുലശേഖര ആഴ്‌വാരാണ്‌. മഹാഭക്തനായ ആഴ്‌വാരുടെ രാജധാനിക്കു സമീപം വൈഷ്‌ണവക്ഷേത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. ചേരരാജാക്കന്മാരില്‍ അധികം പേരും ശിവഭക്തന്മാരായിരുന്നതിനാല്‍ തിരുവഞ്ചിക്കുളം മഹാദേവര്‍ ക്ഷേത്രം, കീഴ്‌ത്തളി ശിവക്ഷേത്രം എന്നിവയ്‌ക്കായിരുന്നു കൊടുങ്ങല്ലൂരില്‍ പ്രാധാന്യം. ശ്രീകൃഷ്‌ണ ഭഗവാനെ ആരാധിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്ന ആഴ്‌വാര്‍ തന്റെ ആസ്ഥാനത്തിനു സമീപം ഒരു ശ്രീകൃഷ്‌ണക്ഷേത്രം നിര്‍മിക്കാന്‍ തീരുമാനിച്ച്‌ ഒരു ശില്‌പിവര്യനെക്കൊണ്ട്‌ നല്ലൊരു ശിലാവിഗ്രഹം ഉണ്ടാക്കിച്ചു. തന്ത്രിയായി പല സിദ്ധികളുമുണ്ടായിരുന്ന ഭക്തോത്തംസമായ താമരശ്ശേരി മേക്കാട്ടു നമ്പൂതിരിപ്പാടിനെയാണ്‌ നിയമിച്ചത്‌. തന്ത്രിയുടെയും മറ്റു വൈദികരുടെയും നിര്‍ദേശമനുസരിച്ചു ക്ഷേത്രത്തില്‍ പ്രതിഷ്‌ഠിക്കാനുള്ള വിഗ്രഹം പുണ്യതീര്‍ഥമായ പെരിയാറില്‍ ഒരു മണ്ഡലക്കാലം ജലസ്‌ഫുടം ചെയ്‌തു ശുദ്ധിവരുത്തുവാന്‍ വേണ്ടി സ്ഥാപിച്ചു. മണ്ഡലാവസാനദിവസം പ്രതിഷ്‌ഠ നടത്തണമെന്നായിരുന്നു നിശ്ചയം. പ്രതിഷ്‌ഠാദിനത്തിനു തലേനാള്‍ ഘോരമായ പേമാരി ഉണ്ടായതിനാല്‍ പെരിയാറ്റില്‍ ജലപ്രളയമുണ്ടാവുകയും വിഗ്രഹം അതിനടിയിലാവുകയും ചെയ്‌തു. ആഴ്‌വാര്‍ തന്ത്രിയോടു വിഗ്രഹം പ്രളയത്തില്‍ നിന്നെടുത്ത്‌ നിശ്ചിത മുഹൂര്‍ത്തത്തില്‍ പ്രതിഷ്‌ഠ നടത്താന്‍ സാധിക്കുമോ എന്ന്‌ ആരാഞ്ഞപ്പോള്‍ "സാധിക്കും' എന്നായിരുന്നു തന്ത്രിയുടെ മറുപടി. മുഹൂര്‍ത്തത്തിന്‌ അല്‌പം മുമ്പായി ശ്രീകോവിലില്‍ കയറി ധ്യാനിച്ചശേഷം തന്ത്രി, പെരിയാര്‍ തീരത്തെത്തി പുഷ്‌പാര്‍ച്ചന നടത്തുകയും നദിയില്‍ മുങ്ങി വിഗ്രഹം വീണ്ടെടുക്കുകയും ചെയ്‌തു എന്നാണ്‌ ഐതിഹ്യം. പ്രതിഷ്‌ഠ കഴിഞ്ഞ്‌ പൂജയ്‌ക്കു ശേഷം നട തുറന്നപ്പോള്‍ ആഴ്‌വാര്‍ പാടിയതാണത്ര പ്രസിദ്ധമായ മുകുന്ദമാല.

അക്കാലത്ത്‌ ഒരു വന്‍മതില്‍ ക്കെട്ടിനുള്ളിലായിരുന്നു ക്ഷേത്രം സ്ഥിതിചെയ്‌തിരുന്നത്‌. വിദേശീയാക്രമണങ്ങള്‍കൊണ്ട്‌ ക്ഷേത്രത്തിന്‌ ഹാനി സംഭവിച്ചിട്ടുണ്ടെങ്കിലും വിഗ്രഹത്തിന്‌ ഹാനിയൊന്നും നേരിട്ടിട്ടില്ല. ശ്രീകോവിലിന്‌ അഭിമുഖമായി ഗരുഡവിഗ്രഹം സ്ഥിതിചെയ്യുന്നു.

ഇവിടെ ഒട്ടധികം ഉപദേവന്മാരുണ്ട്‌. പ്രധാനശ്രീകോവിലിന്റെ പിന്നില്‍ (പടിഞ്ഞാറ്‌) ആദിശേഷന്റെ പ്രതിഷ്‌ഠയാണ്‌. ചുറ്റമ്പലത്തിനു പുറത്ത്‌ "വാതില്‍ കാപ്പോര്‍' എന്നൊരു ഉപദേവതയുടെ വാനരാകൃതിയിലുള്ള ശിലാവിഗ്രഹമുണ്ട്‌. അത്‌ നന്ദികേശ്വരന്‍, ശിവന്‍, ഹനുമാന്‍ എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നു. ശിവന്റെ ഒരു പ്രത്യേക പ്രതിഷ്‌ഠയ്‌ക്കു പുറമേ നന്ദഗോപര്‍, വസുദേവര്‍, മോഹിനി, പാര്‍ഥസാരഥി, പരശുരാമന്‍ മുതലായവരുടെ പ്രതിഷ്‌ഠകളുണ്ട്‌. പ്രവേശനദ്വാരത്തില്‍ ഉള്ള പടിക്ക്‌ "കുലശേഖരന്‍ പടി' എന്നാണ്‌ പേര്‌.

രണ്ടു പ്രാകാരങ്ങളുള്ള ഈ ക്ഷേത്രം മോഹനശില്‌പങ്ങള്‍കൊണ്ടും ശിലാരേഖകള്‍കൊണ്ടും ശ്രദ്ധേയമാണ്‌. ഒന്നാം പ്രാകാരത്തിന്റെ നടുവില്‍ സ്ഥിതിചെയ്യുന്ന ശ്രീകോവിലിന്റെ മുന്‍ഭാഗത്തുള്ള വട്ടെഴുത്തു ലിഖിതം ക്ഷേത്രത്തിന്റെ 195-ാം വര്‍ഷത്തില്‍ സ്ഥാപിക്കപ്പെട്ടതാണ്‌. ലിപിയുടെ പഴക്കമനുസരിച്ച്‌ അത്‌ എ.ഡി. ആയിരാമാണ്ടിനടുത്തുളളതാണെന്നു വിചാരിക്കാം. ആ സ്ഥിതിക്ക്‌ ക്ഷേത്രം നിര്‍മിക്കപ്പെട്ടത്‌ 800-നടുത്താണെന്നു കരുതാവുന്നതാണ്‌.

(വി.ആര്‍. പരമേശ്വരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍