This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുലഗോത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുലഗോത്രം

രക്തബന്ധത്തിന്റെയോ വംശാവലിയുടെയോ പേരില്‍ ഒന്നിച്ചുനില്‍ ക്കുന്ന ഒരുകൂട്ടം ആളുകള്‍. കുലത്തിന്‌ വംശം, ഗോത്രം, കുടുംബം, ജാതി, കൂട്ടം, ഗണം, സംഘം, ശാഖ, ഇനം എന്നിങ്ങനെ ബഹുവിധ വിവക്ഷകളുണ്ട്‌. പൊതുവായ ഭാഷയും സംസ്‌കാരവും സ്ഥലവും ഒരേ വംശത്തിലെ ജനനവും ഉള്ള ജനവിഭാഗത്തെ കുലം എന്നു വിളിക്കാം. പ്രാകൃതജീവിതഘട്ടത്തിനു ശേഷമുള്ള സാമൂഹ്യജീവിതം ആരംഭിച്ചത്‌ ഗോത്രങ്ങളായിട്ടാണ്‌. രക്തബന്ധമുള്ളവരായിരിക്കും സാധാരണഗതിയില്‍ ഒരു കുലത്തില്‍ പ്പെടുക. ഏതെങ്കിലും ഒരു വ്യക്തിയുടെ വംശപരമ്പരയില്‍ പ്പെട്ട പിന്‍ഗാമികളല്ലാത്തവരും പില്‌ക്കാലത്ത്‌ ഒരു കുലത്തിലെ അംഗങ്ങളായിത്തീരുന്നു. മക്കത്തായ-മരുമക്കത്തായ ദായക്രമങ്ങള്‍ പുലര്‍ത്തുന്നവര്‍ വ്യത്യസ്‌തകുലങ്ങളില്‍ ആയിരിക്കും ഉള്‍പ്പെടുക. പലപ്പോഴും ഗോത്രങ്ങള്‍ മത്സരങ്ങളുടെ കേളീരംഗമായിരുന്നു. മധ്യയുഗം വരെ ഗോത്രങ്ങളുടെ സ്വാധീനത വളരെ പ്രകടമായിരുന്നു. ഒരു ഗോത്രത്തില്‍ ത്തന്നെ പല കുലങ്ങള്‍ ഉണ്ടാകാറുണ്ട്‌. പാകിസ്‌താന്‍, ഇന്ത്യ, അറേബ്യന്‍ രാജ്യങ്ങള്‍, ആഫ്രിക്ക തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഇന്നും ഗോത്രസമൂഹങ്ങള്‍ നിലനില്‍ ക്കുന്നുണ്ട്‌.

ചരിത്രപരമായി സ്റ്റേറ്റ്‌ രൂപീകൃതമാകുന്നതിന്‌ മുന്‍പെ രൂപപ്പെട്ട സാമൂഹികകൂട്ടായ്‌മയാണ്‌ ഗോത്രം. ഒരേ പൂര്‍വികന്റെ പിന്‍ഗാമികളാണ്‌ തങ്ങളുടെ കൂട്ടത്തിലുള്ളതെന്ന്‌, സാമൂഹ്യജീവിതത്തിന്റെ തുടക്കത്തില്‍ വിവിധഗോത്രങ്ങളില്‍ പ്പെട്ടവര്‍ വിശ്വസിച്ചിരുന്നു. കാലക്രമത്തില്‍ ജനസംഖ്യ വര്‍ധിച്ചതോടെ ഒരേ ഗോത്രത്തില്‍ പ്പെട്ടവര്‍തന്നെ പ്രത്യേകം പ്രത്യേകം വിഭാഗങ്ങളായി വേര്‍തിരിഞ്ഞു. രക്തബന്ധമുള്ളവര്‍ അപ്പോഴും ഒരുമിച്ചു നിന്നു. ഒരു കുലത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി തലവനായി അവരോധിക്കപ്പെട്ടു. പില്‌ക്കാലത്ത്‌ ഓരോ തലവന്റെയും സന്തതി പരമ്പരകള്‍ ഓരോ കുലങ്ങളായി തിരിഞ്ഞു. നവീനശിലായുഗമായതോടെ മനുഷ്യന്‍ കൃഷിയില്‍ താത്‌പര്യം പ്രകടിപ്പിച്ചു തുടങ്ങുകയും ഗോത്രങ്ങള്‍ക്ക്‌ സ്വന്തമായി കൃഷിഭൂമി ഉണ്ടാകുകയും ചെയ്‌തു. രാജവാഴ്‌ച ആരംഭിക്കുന്നതിനു മുമ്പുള്ള കാലഘട്ടത്തിലെ സാമൂഹ്യവ്യവസ്ഥിതി ഗോത്രഭരണത്തിലധിഷ്‌ഠിതമായിരുന്നു. ഋഗ്വേദകാലം രാജവാഴ്‌ചയുടേതാണെങ്കിലും അന്നും ഗോത്രങ്ങള്‍ക്ക്‌ സമുദായത്തിലുണ്ടായിരുന്ന സ്ഥാനം അഭംഗുരം നിലനിന്നിരുന്നു. ആധുനിക സമൂഹത്തിന്റെ വികാസഘട്ടത്തില്‍ ഗോത്രത്തിന്റെ പ്രാധാന്യം നഷ്‌ടമാവുകയായിരുന്നു.

ഒരു കുലത്തിലെ അംഗങ്ങള്‍ പരസ്‌പരം വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുതെന്നു ചില കുലങ്ങളില്‍ നിഷ്‌കര്‍ഷയുണ്ടായിരുന്നു. എന്നാല്‍ ഇത്‌ സമൂഹങ്ങള്‍ക്കനുസരിച്ച്‌ വ്യത്യാസപ്പെട്ടു. കാല്‌പനികമോ യഥാര്‍ഥമോ ആയ ഒരു പൂര്‍വികനില്‍ നിന്നാണ്‌ തങ്ങളുടെ കുലം ഉടലെടുത്തതെന്ന്‌ ഓരോ അംഗവും വിശ്വസിക്കുന്നു. തായ്‌വഴിയിലോ തന്തവഴിയിലോ ഉള്ള ബന്ധുജനങ്ങളുടെ ഒരു കൂട്ടമായിരിക്കും ഓരോ കുലത്തിലും ഉണ്ടാവുക. അതിനാല്‍ മക്കത്തായകുലങ്ങളും മരുമക്കത്തായ കുലങ്ങളും സാധാരണമായിരുന്നു. പരസ്‌പരസഹായത്തില്‍ അധിഷ്‌ഠിതമാണ്‌ കുലത്തിലെ സാമൂഹ്യവ്യവസ്ഥിതി. ഓരോ അംഗത്തിനും സംരക്ഷണം നല്‌കാന്‍ കുലത്തിലെ ഓരോ അംഗവും ബാധ്യസ്ഥനാണ്‌. ഒരു കുലത്തിലെ അംഗങ്ങള്‍ എല്ലാവരും തുല്യരാണെന്നും സ്വന്തം പ്രശ്‌നംപോലെ തന്നെ മറ്റുള്ളവരുടെ പ്രശ്‌നങ്ങളും കണക്കാക്കണമെന്നുമുള്ളത്‌ കുലവ്യവസ്ഥിതിയിലെ അലിഖിതനിയമമാണ്‌. കുലത്തിലെ അംഗങ്ങളുടെ മേല്‍ ഫലപ്രദമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെയും മാര്‍ഗനിര്‍ദേശം നല്‌കുന്നതിന്റെയും ചുമതല കുലത്തലവനാണ്‌. കുലത്തില്‍ ക്രമസമാധാനവും നീതിന്യായവും പുലര്‍ത്തുന്നതിന്‌ എല്ലാ അംഗങ്ങളും പ്രതിജ്ഞാബദ്ധരാണ്‌.

സ്വകുലവിവാഹം നിഷിദ്ധമായതുകൊണ്ട്‌ അനുകൂലങ്ങളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നതുവഴി സമുദായമൈത്രി കൈവരിക്കുന്നതിനും കുലവ്യവസ്ഥിതിമൂലം സാധിച്ചിരുന്നു. കുലാംഗങ്ങളുടെ ഇടയില്‍ വധുവിനു വേണ്ടിയുള്ള വഴക്ക്‌ ഒഴിവാക്കാനും കുലാന്തര്‍വിവാഹബന്ധനിരോധനം സഹായിച്ചിട്ടുണ്ട്‌. കുലത്തലവന്‍ കൃഷിഭൂമി അംഗങ്ങള്‍ക്കു വിതരണം ചെയ്യുകയും കൃഷിനാശം ഭവിക്കുന്നവര്‍ക്ക്‌ വേണ്ട സഹായങ്ങള്‍ നല്‌കുകയും ചെയ്‌തിരുന്നു. കുലത്തിന്റെ പൊതുഭരണ ഭദ്രതയ്‌ക്ക്‌ വിധേയമായിരുന്നു വ്യക്തിയുടെ സ്വകാര്യജീവിതം. ഇത്തരം സമൂഹങ്ങളില്‍ സാമൂഹികശാസ്‌ത്രപരമായി "വ്യക്തികള്‍' രൂപപ്പെട്ടിരുന്നില്ലെന്നോ അവികസിതമാണെന്നോ പറയേണ്ടിവരും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍