This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുറ്റസമ്മതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുറ്റസമ്മതം

Confession

ഒരുവന്‍ താന്‍ ചെയ്‌തുപോയ കുറ്റം സ്വമേധയാ അധികാരികളുടെ മുമ്പില്‍ സമ്മതിക്കുന്ന ഏര്‍പ്പാട്‌. ഈ സമ്മതം രണ്ടുതരത്തിലുണ്ട്‌: സിവില്‍ കേസുകളില്‍ കക്ഷികള്‍ തങ്ങളുടെ ബാധ്യതകളെ സമ്മതിക്കുന്ന പ്രസ്‌താവനകള്‍ക്കു സമ്മതം (Admission) എന്നോ ബാധ്യതാസമ്മതം എന്നോ പറയുന്നു; ക്രിമിനല്‍ കേസുകളില്‍ പ്രതികളുടെ സമ്മതത്തെ കുറ്റസമ്മതം (Confession)എന്നു പറയുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ ചെയ്യുന്ന കുറ്റത്തെ സംബന്ധിച്ച്‌ ഇന്ത്യന്‍ തെളിവുനിയമം 24 മുതല്‍ 30 വരെ വകുപ്പുകളിലെ വ്യവസ്ഥകള്‍ക്കു വിധേയമായി ആയിരിക്കണം കുറ്റസമ്മതം എന്നു നിയമസംഹിത അനുശാസിക്കുന്നു.

പ്രതി സ്വമേധയാ ഏറ്റുപറഞ്ഞിരിക്കണമെന്നുള്ളതാണ്‌ കുറ്റസമ്മതത്തിന്റെ അടിസ്ഥാനതത്ത്വം. അധികാരവും സ്വാധീനവുമുള്ള സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ഭീഷണികളോ പ്രതിഫല പ്രചോദനമോ മറ്റു പ്രയോജന വാഗ്‌ദാനങ്ങളോ പ്രതിയുടെ മേല്‍ ഉണ്ടാകുന്നത്‌. ഇത്തരം വാഗ്‌ദാനങ്ങളോ ബലാത്‌ക്കാര സമ്മര്‍ദങ്ങളോമൂലം പ്രതി ചെയ്യുന്ന കുറ്റസമ്മതം പ്രത്യക്ഷത്തില്‍ ത്തന്നെ അസാധുവും അസ്വീകാര്യവുമാണെന്ന്‌ ഇന്ത്യന്‍ തെളിവുനിയമം 24-ാം വകുപ്പ്‌ അനുശാസിക്കുന്നു. പ്രതി പോലീസുദ്യോഗസ്ഥരോടു നേരിട്ടു ചെയ്യുന്ന കുറ്റസമ്മതം ഒരു കാരണവശാലും തെളിവായി സ്വീകരിക്കാന്‍ പാടില്ല (25-ാം വകുപ്പ്‌). പൊലീസ്‌ കസ്റ്റഡിയിലിരിക്കുമ്പോള്‍ പൊലീസുകാരല്ലാത്തവരോടു ചെയ്യുന്ന കുറ്റസമ്മതവും സ്വീകാര്യമല്ല. എന്നാല്‍ ഒരു മജിസ്റ്റ്രട്ടിന്റെ സാന്നിധ്യത്തില്‍ പ്രതി നല്‌കുന്ന കുറ്റസമ്മതം സ്വീകാര്യമാണ്‌. പ്രതി പോലീസുകാരോടു ചെയ്‌ത കുറ്റസമ്മതത്തിന്റെ ഫലമായി ഏതെങ്കിലും തൊണ്ടിസാധനങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ആയതു തെളിവുനിയമം 27-ാം വകുപ്പനുസരിച്ച്‌ കോടതിക്കു സ്വീകരിക്കാം.

ഭീഷണി മുതലായ ദുസ്വാധീനതകളും ദുസ്സമ്മര്‍ദങ്ങളും കൂടാതെ പ്രതി ചെയ്യുന്ന കുറ്റസമ്മതത്തെയാണ്‌ തെളിവായി സ്വീകരിക്കുന്നത്‌ (25, 28). ഒരു പ്രതി ചെയ്യുന്ന കുറ്റസമ്മതത്തെ ഒരേ കുറ്റത്തിനു വിധേയരായവരും എന്നാല്‍ ആ കുറ്റം സമ്മതിക്കാത്തവരുമായ പ്രതികളുടെ വിചാരണയില്‍ കോടതിക്കു യുക്ത്യനുസരണം പരിഗണിക്കാവുന്നതാണെന്ന്‌ 30-ാം വകുപ്പ്‌ വ്യവസ്ഥ ചെയ്യുന്നു.

കുറ്റസമ്മതംകൊണ്ടു വിവക്ഷിക്കപ്പെടുന്ന പ്രതിയുടെ സമ്മതം, യഥാര്‍ഥമായും പരിപൂര്‍ണമായും അയാളില്‍ ആരോപിക്കപ്പെടുന്ന കുറ്റത്തെ സംബന്ധിച്ചുള്ള അസന്ദിഗ്‌ധമായ സമ്മതമായിരിക്കണമെന്നു നിയമം അനുശാസിക്കുന്നു. ഉദാഹരണമായി, വാളു കൊണ്ടുള്ള വെട്ടുകൊണ്ട്‌ ഒരാള്‍ മരണമടഞ്ഞ കേസിലെ പ്രതി ആ വാള്‍ തന്റേതാണെന്ന്‌ സമ്മതിച്ചാല്‍ പോലും അയാള്‍ ആ വാള്‍കൊണ്ടു പ്രതിയെ കൊന്നുവെന്നുള്ള നിഗമനത്തില്‍ എത്താന്‍ പാടില്ല. താന്‍ ആ വാള്‍കൊണ്ട്‌ പരേതനെ വെട്ടിയെന്ന്‌ അസന്ദിഗ്‌ധമായ ഭാഷയില്‍ പ്രതി മജിസ്റ്റ്രട്ടിനോടു നടത്തുന്ന പ്രസ്‌താവത്തെ മാത്രമേ കുറ്റസമ്മതമായി കണക്കാക്കാന്‍ പാടുള്ളൂ (പാകാല നാരായണസ്വാമി-കേസ്‌ അ.ക.ഞ. 1939 ജ.ഇ. 47) എന്ന്‌ പ്രിവി കൗണ്‍സില്‍ വിധിച്ചിട്ടുണ്ട്‌.

"ഞാന്‍ മരിച്ചആളെ വെട്ടിയ വാള്‍ അമ്പലക്കുളത്തില്‍ എറിഞ്ഞു' എന്ന്‌ ഒരു പ്രതി പൊലീസുകാരനോടു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആ വാള്‍ അമ്പലക്കുളത്തില്‍ നിന്നും പൊലീസുകാര്‍ എടുത്തെങ്കിലും താന്‍ വെട്ടിയെന്ന ഭാഗം തെളിവില്‍ സ്വീകരിക്കുവാന്‍ പാടില്ലെന്നും (25-ാം വകുപ്പിനെതിരാകയാല്‍ ) എന്നാല്‍ 27-ാം വകുപ്പനുസരിച്ച്‌ അമ്പലക്കുളത്തില്‍ നിന്ന്‌ വാള്‍ തൊണ്ടിയായി എടുത്ത വസ്‌തുത മാത്രം സ്വീകാര്യമാണെന്നും പ്രിവി കൗണ്‍സില്‍ വിധിച്ചിട്ടുണ്ട്‌ (കോട്ടയ്യ V.എംപറര്‍ A.I.R. 1947 P.C. 67). ക്രിമിനല്‍ കുറ്റവിചാരണകളില്‍ പ്രതികള്‍ അവരുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ ചെയ്‌തുവെന്നു നിരാക്ഷേപമായും അസന്ദിഗ്‌ധമായും തെളിയിക്കേണ്ട ചുമതല പ്രോസിക്യൂഷനാണ്‌. ആയതില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ആയതിന്റെ ആനുകൂല്യം പ്രതിക്കു നല്‌കേണ്ടതാണെന്നുള്ളത്‌ കുറ്റസമ്മതത്തിലും ബാധകമാണ്‌.

(പ്രൊഫ. പി.എസ്‌. അച്യുതന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍