This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുറുമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുറുമ

ഒരു ഭക്ഷ്യവിഭവം. ഇത്‌ പച്ചക്കറിയോ ഇറച്ചിയോ ഉപയോഗിച്ച്‌ തയ്യാറാക്കുന്നു. കുറുമ രണ്ടുവിധത്തില്‍ തയ്യാറാക്കാം:

(1) ആവശ്യത്തിനു പച്ചമുളക്‌, ഇഞ്ചി, ജീരകം, കുരുമുളക്‌, മഞ്ഞള്‍, കശകശ, വെളുത്തുള്ളി, മല്ലിയില എന്നിവ നല്ലപോലെ അരച്ചുവയ്‌ക്കുക. തേങ്ങ പിഴിഞ്ഞ പാലില്‍ നുറുക്കിയ ഇറച്ചി കുതിര്‍ത്തുവയ്‌ക്കണം. സവാള ഉള്ളി (ചെറിയ ഉള്ളിയും ആകാം) അരിഞ്ഞെടുത്തു നെയ്യിലോ എണ്ണയിലോ വരട്ടിയശേഷം അതില്‍ തേങ്ങാപ്പാലില്‍ കുതിര്‍ത്തുവച്ചിരിക്കുന്ന ഇറച്ചിയിട്ടു വേവിക്കണം. ഇറച്ചി പകുതി വെന്തുകഴിയുമ്പോള്‍ നുറുക്കിയ ഉരുളക്കിഴങ്ങും ആവശ്യത്തിന്‌ ഉപ്പും ചേര്‍ത്ത്‌ വീണ്ടും വേവിക്കണം. തേങ്ങ അരച്ചു തൈരില്‍ കലക്കി അതും ഒഴിക്കണം. കുറച്ചു കുങ്കുമപ്പൂവ്‌ കലക്കി ഒഴിച്ചശേഷം എല്ലാംകൂടി വെന്ത്‌ ചാറ്‌ ഒരുവിധം കുറുകുമ്പോള്‍ വാങ്ങിവയ്‌ക്കണം.

(2) പാകത്തിന്‌ പച്ചമുളക്‌, വറ്റല്‍ മുളക്‌, ഉള്ളി, ഇഞ്ചി, ജീരകം, പെരുംജീരകം, തേങ്ങാപ്പീര, വെളുത്തുള്ളി, മഞ്ഞള്‍, മല്ലിയില, ഉണക്കമല്ലി, ബദാംപരിപ്പ്‌ എന്നിവ നല്ലതുപോലെ അരച്ചുചേര്‍ത്ത്‌ ഇറച്ചിയും പാകത്തിന്‌ തൈരും ഉപ്പും കൂടി യോജിപ്പിച്ച്‌ വേവിക്കണം. ഏകദേശം വെന്തുകഴിയുമ്പോള്‍ ഒന്നരക്കപ്പു തേങ്ങാപ്പാല്‍ ഒഴിക്കണം. കുറച്ചു കുങ്കുമപ്പൂവ്‌ തേങ്ങാപ്പാലില്‍ ചൂടാക്കി കലക്കി ഒഴിക്കണം. അല്‌പം നാരങ്ങാനീരുകൂടി ചേര്‍ത്താല്‍ കുറുമയ്‌ക്കു നല്ല വാസനയുണ്ടായിരിക്കും.

ചപ്പാത്തി, പത്തിരി, ഫ്രഡ്‌ റൈസ്‌ എന്നിവയുടെ കൂടെ ഉപയോഗിക്കാന്‍ പറ്റിയതാണ്‌ കുറുമ.

ഇറച്ചിക്കു പകരം പച്ചക്കറി ഉപയോഗിച്ചും കുറുമ ഉണ്ടാക്കാം. പച്ചമുളക്‌, ജീരകം, കശകശ, കുരുമുളക്‌, ഇഞ്ചി, മഞ്ഞള്‍, വെളുത്തുള്ളി, ഉണക്കമല്ലി എന്നിവ നല്ലതുപോലെ അരച്ചെടുക്കണം. തിരുമ്മിയ തേങ്ങ നല്ലതുപോലെ അരച്ച്‌ പാകത്തിന്‌ തൈരില്‍ കുതിര്‍ത്തുവയ്‌ക്കണം. ഒരു പാത്രത്തില്‍ എണ്ണയോ നെയ്യോ ഒഴിച്ചു ചൂടാകുമ്പോള്‍ ഏലയ്‌ക്കായും പട്ടയും ഗ്രാമ്പുവും ചതച്ച്‌ അതിലിട്ടു മൂപ്പിക്കണം. സവാളയോ സമം ചെറിയ ഉള്ളിയോ നീളത്തില്‍ അരിഞ്ഞ്‌ അതും പാത്രത്തില്‍ ഇട്ട്‌ വഴറ്റണം. എന്നിട്ട്‌ അരച്ചുവച്ച മസാല ചേര്‍ത്ത്‌ നല്ലതുപോലെ മൂപ്പിക്കണം. മസാല മൂത്തമണം വരുമ്പോള്‍ മുരിങ്ങക്കായും അമരപ്പയറും (പറങ്കിയണ്ടിപ്പരിപ്പും ആകാം) ചേര്‍ക്കണം. ഇതോടൊപ്പം തേങ്ങാപ്പാലും ആവശ്യത്തിന്‌ ഉപ്പും ഒഴിച്ച്‌ പാത്രം അടച്ചുവേവിക്കണം. കഷണം വെന്തുവരുമ്പോള്‍ തൈരില്‍ കുതിര്‍ത്തുവച്ചിരിക്കുന്ന തേങ്ങയും മണത്തിന്‌ അല്‌പം നാരങ്ങാനീരും ചേര്‍ത്ത്‌ അല്‌പസമയം കൂടി വേവിച്ച ശേഷം വാങ്ങിവയ്‌ക്കാം. മുരിങ്ങക്കായ്‌ക്കു പകരം ഏതു പച്ചക്കറിയുംകൊണ്ട്‌ കുറുമ ഉണ്ടാക്കാം. ഇറച്ചിക്കൂട്ടു ചേര്‍ത്തും പച്ചക്കറി കുറുമ ഉണ്ടാക്കാവുന്നതാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍