This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുറുന്തോട്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുറുന്തോട്ടി

Common sida

മാല്‍ വേസീ സസ്യകുടുംബത്തില്‍ പ്പെടുന്ന ഒരു ഔഷധസസ്യം. ശാ.നാ.: സിഡാ കോര്‍ഡിഫോളിയ (Sida cordifolia). സംസ്‌കൃതത്തില്‍ "ബല'യെന്നും തമിഴില്‍ "ചിത്താമുട്ടി'യെന്നുമറിയപ്പെടുന്ന കുറുന്തോട്ടി തരിശുഭൂമികളിലും തുറസ്സായ കുറ്റിക്കാടുകളിലും മറ്റും ഒരു പാഴ്‌ചെടിയായിട്ടാണ്‌ വളരുന്നത്‌. ഇന്ത്യയില്‍ ബംഗാള്‍, അസം, മഹാരാഷ്‌ട്ര, കര്‍ണാടകം, ആന്ധ്രപ്രദേശ്‌, തമിഴ്‌നാട്‌, കേരളം എന്നിവിടങ്ങളിലും കാണപ്പെടുന്നു.

കുറുന്തോട്ടി-ഇലയും പൂവും

ശാഖോപശാഖകളോടുകൂടി 90-120 സെ.മീ. ഉയരത്തില്‍ വളരുന്ന ഒരു കുറ്റിച്ചെടിയാണ്‌ കുറുന്തോട്ടി. വേരുകള്‍ക്ക്‌ മഞ്ഞകലര്‍ന്ന തവിട്ടുനിറമാണ്‌. പിഴുതെടുത്തയുടനെയാണെങ്കില്‍ വേരിന്റെ പുറന്തൊലി നിഷ്‌പ്രയാസം ഉരിഞ്ഞുപോരും. സസ്യമാസകലം താരാകാരത്തിലുള്ള സൂക്ഷ്‌മലോമങ്ങളുണ്ട്‌. 2-5 സെ.മീ. വലുപ്പമുള്ള ഇലകള്‍ക്ക്‌ ദീര്‍ഘവൃത്താകാരമാണ്‌; അരികുകള്‍ ദന്തുരവും. നവംബര്‍-ജനുവരി മാസങ്ങളാണ്‌ പൂക്കാലം. ഉച്ചയ്‌ക്കോ ഉച്ചകഴിഞ്ഞോ വിടരുന്ന മഞ്ഞനിറമുള്ള ചെറിയ പൂക്കള്‍ ഒറ്റയ്‌ക്കോ കൂട്ടമായോ കാണപ്പെടുന്നു. കുറുന്തോട്ടി സമൂലം ഔഷധമായി ഉപയോഗിക്കുമെങ്കിലും വേരുകള്‍ക്കാണ്‌ ഏറ്റവും പ്രാധാന്യം. വാതസംബന്ധമായ രോഗങ്ങള്‍ക്ക്‌ പേരുകേട്ട ഔഷധമാണ്‌ ഇത്‌. പിത്തം, ജ്വരം, രക്താര്‍ശസ്‌, അശ്‌മരി, ഗൊണോറിയ, അസ്ഥിസ്രാവം, ഡിസന്ററി, ഉന്മാദം എന്നിവയ്‌ക്കു ഇത്‌ ഫലപ്രദമാണ്‌. ശരീരകാന്തി വര്‍ധിപ്പിക്കുന്നതിനും ദേഹം തടിപ്പിക്കുന്നതിനും ഇത്‌ ഉത്തമമത്ര. നല്ലൊരു വാജീകരണൗഷധം കൂടിയാണിത്‌. വിത്തുകള്‍ക്ക്‌ ഈ ഗുണം ഏറും.

""ത്രിദോഷഘ്‌നം കുറുന്തോട്ടി 
	സ്‌നിഗ്‌ധം മധുരമാംഹിമം, 
	വൃഷ്യമോജസ്‌കരം ബല്യം, 
	രക്തപിത്തം ക്ഷയം കെടും.''
 

എന്ന്‌ ധന്വന്തരിനിഘണ്ടുവില്‍ കുറുന്തോട്ടിയെക്കുറിച്ച്‌ പരാമര്‍ശിച്ചിട്ടുണ്ട്‌. പച്ചക്കുറുന്തോട്ടിയില അരച്ചു പുരട്ടുന്നത്‌ കുരുക്കള്‍ വേഗം പഴുത്തുപൊട്ടാന്‍ സഹായിക്കും. കുറുന്തോട്ടിവേരും ഇഞ്ചിയും ചേര്‍ത്തുള്ള കഷായം പനിയകറ്റാന്‍ പറ്റിയതാണ്‌. വേരിന്‍മേല്‍ തൊലി പൊടിച്ചത്‌ അപ്രകാരമോ പാലും പഞ്ചസാരയും ചേര്‍ത്തോ കഴിക്കുന്നത്‌ വെള്ളപോക്കു തുടങ്ങി സ്‌ത്രീകള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്കും നാഡീവ്യൂഹരോഗങ്ങള്‍ക്കും കൈകണ്ട ഔഷധമാണ്‌. കുറുന്തോട്ടിവേര്‌ ചേര്‍ത്തുണ്ടാക്കുന്ന "പാല്‍ ക്കഷായം' സുഖപ്രസവത്തിനുവേണ്ടി ഗര്‍ഭകാലത്ത്‌ സേവിക്കാറുണ്ട്‌. "ആയിരം കുറുന്തോട്ടി, അകത്തുചെന്നാല്‍ അയലറിയാതെ പെറും' എന്ന്‌ കുറുന്തോട്ടിയുടെ ഈ ഗുണത്തെ പരാമര്‍ശിച്ചു പഴമക്കാര്‍ പറയാറുണ്ട്‌. ഈ ജീനസിലെ തന്നെ സമാനഗുണങ്ങളുള്ള പ്രധാനപ്പെട്ട മറ്റൗഷധസസ്യങ്ങള്‍ താഴെ പറയുന്നവയാണ്‌: സിഡാ അക്യൂട്ടാ; ഇതിന്റെ വേര്‌ നാഡീരോഗങ്ങള്‍, മൂത്രാശയരോഗങ്ങള്‍, പനി, ഉദരരോഗങ്ങള്‍ എന്നിവയുടെ നിവാരണത്തിന്‌ ഉത്തമമാണ്‌. ഇലകള്‍ക്കും ഔഷധവീര്യമുണ്ട്‌. സിഡാ റോബിഫോളിയ എന്ന സസ്യം വാതസംബന്ധമായ വേദനയ്‌ക്കും ശ്വാസകോശക്ഷയത്തിനും ഫലപ്രദമാണ്‌. കുഴമ്പുണ്ടാക്കി പുരട്ടുന്നത്‌ വ്രണങ്ങള്‍ക്ക്‌ ആശ്വാസപ്രദമാണ്‌. സിഡാ സ്‌പൈനോസ എന്നയിനത്തിന്റെ വേരും വേരിന്‍മേല്‍ തൊലിയും മൂത്രസഞ്ചിക്കുണ്ടാകുന്ന ഈര്‍ച്ച അകറ്റുന്നതിനുള്ള കുഴമ്പായും ഗൊണോറിയ, പനി ഇവയ്‌ക്കും ബലവര്‍ധകൗഷധമായും ഉപയോഗിക്കുന്നു. ഇലകള്‍ക്കും സമാനഗുണങ്ങളുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍