This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുറുന്തൊകൈ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുറുന്തൊകൈ

തമിഴ്‌സംഘകാലകൃതികളില്‍ പ്പെട്ട ഒരു പ്രധാനകൃതി. ക്രിസ്‌ത്വബ്‌ദത്തിന്റെ ആദിമശതകങ്ങളാണ്‌ തമിഴ്‌ സംഘകാലമെന്നു പറയപ്പെടുന്നത്‌. സംഘ കൃതികളെ എട്ടുത്തൊകൈ, പത്തുപ്പാട്ട്‌, പതിനെണ്‍കീഴ്‌കണക്ക്‌ എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. അവയില്‍ മുഖ്യമായിട്ടുള്ളത്‌ എട്ടുത്തൊകൈയാണ്‌. അവ നറ്റിണൈ, കുറുന്തൊകൈ, ഐങ്കുറുനൂറ്‌, പതിറ്റുപ്പത്ത്‌, പരിപാടല്‍ , കലിത്തൊകൈ, അകനാനൂറ്‌, പുറനാനൂറ്‌ എന്നിവയാണ്‌. അക്കൂട്ടത്തില്‍ ആദ്യം സമാഹരിക്കപ്പെട്ടത്‌ കുറുന്തൊകൈയാണെന്ന്‌ മഹാമഹോപാധ്യായ ഡോ. വി. സ്വാമിനാഥയ്യര്‍ പ്രസ്‌താവിച്ചിരിക്കുന്നു. യുദ്ധം, പൗരുഷം മുതലായവ വര്‍ണിക്കുന്ന കൃതികളെ പുറമെന്നും പ്രമവിഷയകമായ കൃതികളെ അകമെന്നും തമിഴര്‍ വിഭജിച്ചിരിക്കുന്നു. അകപ്പൊരുള്‍ സംബന്ധിച്ച്‌ ഇരുനൂറ്റിയഞ്ചു പണ്ഡിതന്മാര്‍ പാടിയ നാനൂറ്റിയൊന്നു പാട്ടുകളാണ്‌ കുറുന്തൊകൈയിലെ ഉള്ളടക്കം. ഇതിലെ ഈശ്വരപ്രാര്‍ഥന രചിച്ചത്‌ "ഭാരതം പാടിയ' പെരുന്തേവനാരാണ്‌. ഇതില്‍ ചെറിയ പദ്യങ്ങള്‍ക്കു നാലു പാദങ്ങളും വലിയ പദ്യങ്ങള്‍ക്ക്‌ എട്ടു പാദങ്ങളും കാണുന്നു. കുറുകിയ-ചെറുതായ-പദ്യങ്ങളുടെ സമാഹാരമായതുകൊണ്ടാണ്‌ ഇതിനു കുറുന്തൊകൈ എന്ന പേരുവന്നത്‌. ഇവയെ വൃത്തം അടിസ്ഥാനമാക്കി അകവല്‍ പാട്ടുകള്‍ എന്നും പറയുന്നു. ഇവ രചിച്ചവര്‍ അഞ്ചിലാന്തൈയാര്‍ മുതല്‍ വേമ്പറ്റൂര്‍ കണ്ണന്‍ കൂത്തനാര്‍ വരെയുള്ള പണ്ഡിതന്മാരാകുന്നു. മുന്‍പറഞ്ഞവിധം നാനൂറ്റി ഒന്നു ആശിരിയപ്പായും ഒരു ഈശ്വരപ്രാര്‍ഥനയും ഇതിലുണ്ട്‌. ഈ പദ്യങ്ങളെ സമാഹരിച്ചത്‌ പൂരിക്കോ എന്ന പണ്ഡിതനാണ്‌. അപ്രകാരം സമാഹരിക്കാന്‍ പ്രരിപ്പിച്ചത്‌ ആരാണെന്നറിയുന്നില്ല. ഇതു പാടിയവരുടെ കൂട്ടത്തില്‍ അള്ളൂര്‍ നന്‍മുല്ലൈയാര്‍, ആതിമണിയാര്‍, ഊണ്‍പിത്തൈ, ഒക്കൂര്‍ മാചാത്തിയാര്‍, ഔവൈയാര്‍, കച്ചിപ്പേട്ടു നന്നാകൈയാര്‍, കാക്കൈ പാടിനിയാര്‍, നച്ചെള്ളൈയാര്‍, നന്നാകൈയാര്‍, പൂങ്കണുത്തിരൈയാര്‍, വെള്ളിവീതിയാര്‍ മുതലായ മഹിളാമണികളെയും കാണുന്നു. ഒടുവിലത്തെ ഇരുപതു പാട്ടുകള്‍ ഒഴികെയുള്ളവയ്‌ക്ക്‌ പേരാശിരിയരും ഇരുപത്‌ പാട്ടുകള്‍ക്ക്‌ നച്ചിനാര്‍ക്കിനിയരും വ്യാഖ്യാനമെഴുതിയിട്ടുണ്ടത്ര. അവയൊന്നും ഇന്ന്‌ ലഭ്യമല്ല.

കാവ്യമാധുര്യവും ചരിത്രപരമായ പ്രാധാന്യവും ഉള്ളവയാണിതിലെ പദ്യങ്ങള്‍. പ്രമജീവിതത്തിനാണ്‌ മുന്‍തൂക്കം. പ്രകൃതിവര്‍ണനയ്‌ക്കും കുറവില്ല. ഈ സംഘകൃതി മഹാമഹോപാധ്യായ ഡോ. വി. സ്വാമിനാഥയ്യര്‍ വിശദമായ അവതാരികയോടും നല്ലൊരു വ്യാഖ്യാനത്തോടുംകൂടി മാതൃകായോഗ്യമായ വിധത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

(വി.ആര്‍. പരമേശ്വരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍