This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുറുനരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുറുനരി

Jackal

കേരളത്തില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന ശ്വാനവര്‍ഗത്തില്‍പ്പെട്ട ഒരു സസ്‌തനി. ഇംഗ്ലീഷില്‍ ജക്കാള്‍ (Jackal), ഫോക്‌സ്‌ (fox) എന്നീ പേരുകളില്‍ അറിയപ്പെടുന്ന ജീവികളെ പൊതുവേ കുറുനരി (കുറുക്കന്‍) എന്നു വിളിക്കുന്നുണ്ടെങ്കിലും ഇവ വിഭിന്നവര്‍ഗത്തില്‍പ്പെടുന്നവയാണ്‌. കാനിഡേ കുടുംബത്തില്‍ കാനിസ്‌ ജീനസ്സില്‍പ്പെട്ടവയാണ്‌ ജക്കാള്‍. എന്നാല്‍ ഫോക്‌സിനെ വള്‍പസ്‌ ജീനസ്സിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. "ജക്കാള്‍' ആണ്‌ യഥാര്‍ഥ കുരുനരി. ഫോക്‌സ്‌ മലയാളത്തില്‍ ഊളന്‍ എന്നറിയപ്പെടുന്ന ജന്തുവാണ്‌. ഊളന്റെ വാലിനു പിന്നിലായി ദുര്‍ഗന്ധം വമിപ്പിക്കുന്ന ഒരു ഗ്രന്ഥിയുണ്ട്‌.

വരയന്‍ കുറുനരി

പട്ടികള്‍ ഉള്‍പ്പെടുന്ന കാനിസ്‌ (Canis) ജീനസ്‌ തന്നെയാണ്‌ കുറുനരിയുടേതും. കുറുനരിയുടെ ദന്തവിന്യാസം, വൃത്തത്തിലുള്ള കൃഷ്‌ണമണി, ഗര്‍ഭകാലം എന്നിവ ചെന്നായ, പട്ടി എന്നിവയുടേതിനു സമാനമാണ്‌. ഉഷ്‌ണമേഖലാപ്രദേശങ്ങളാണ്‌ കുറുനരിയുടെ വിഹാരരംഗങ്ങള്‍. വിവിധങ്ങളായ അവാന്തരവിഭാഗങ്ങളില്‍പ്പെടുന്ന കുറുനരികളുണ്ട്‌. ഇന്ത്യ, ബര്‍മ, ശ്രീലങ്ക എന്നിവിടങ്ങളിലും ഉത്തരാഫ്രിക്കയിലും കിഴക്കന്‍ യൂറോപ്പിലും ദക്ഷിണേന്ത്യന്‍ ഭാഗങ്ങളിലും കാണപ്പെടുന്ന ഇനത്തെ മഞ്ഞക്കുറുനരി (yellow jackal )എന്നു വിളിക്കുന്നു. ചെന്നായെപ്പോലെ തോന്നിക്കുന്ന ഇവയ്‌ക്ക്‌ വലുപ്പമേറും. കൂര്‍ത്തമോന്തയും വലിയ ചെവികളും ഇവയുടെ പ്രത്യേകതകളാണ്‌. പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ ഇവയുടെ ഉടലിന്‌ 75 സെന്റിമീറ്ററോളം നീളം വരും; വാലിന്റെ നീളം 20 സെ.മീ. എന്നാല്‍ തൂക്കം പത്ത്‌ കിലോഗ്രാമില്‍ കവിയാറില്ല.

ചെമ്പന്‍ ഊളന്‍

ഹിമാലയന്‍ പ്രദേശങ്ങളിലും സയാമിലും കാണപ്പെടുന്ന ഹിമാലയന്‍ കുറുനരിക്ക്‌ മഞ്ഞക്കുറുനരിയേക്കാള്‍ വലുപ്പം കൂടുതലാണ്‌. ഇവയുടെ പുറത്ത്‌ കറുത്ത നിറത്തിലുള്ള ഇടതൂര്‍ന്ന രോമങ്ങള്‍ കാണപ്പെടുന്നു. പാര്‍ശ്വഭാഗങ്ങള്‍ക്കും കാലുകള്‍ക്കും ചുവപ്പുകലര്‍ന്ന തവിട്ടുനിറമാണ്‌. കാനിസ്‌ അഡസ്റ്റസ്‌ (Canisadustus)എന്ന്‌ ശാസ്‌ത്രനാമമുള്ള വരയന്‍ കുറുനരിയും ഈ പ്രദേശങ്ങളില്‍ തന്നെ വസിക്കുന്നു. തവിട്ടുനിറത്തിലുള്ള ഇതിന്റെ ഇരുപാര്‍ശ്വങ്ങളിലും ഓരോ വെള്ളവര ഉണ്ട്‌. അബിസീനിയയില്‍ കാണപ്പെടുന്ന ചുവന്ന കുറുനരി (C. simensis)നീളമേറിയ കാലുകളോടുകൂടിയതും ചെന്നായെപ്പോലെ തോന്നിക്കുന്നതുമാണ്‌.

രാത്രിഞ്ചരനായ കുറുനരിയുടെ പ്രധാന വാസസ്ഥാനങ്ങള്‍ കുറ്റിക്കാടുകളും ചെറുവനങ്ങളുമാണ്‌. അത്യുന്നതങ്ങളായ പര്‍വതപ്രദേശങ്ങളിലും കുറുക്കനെ കണ്ടെത്താം. ഹിമാലയത്തില്‍ നാലായിരം മീറ്റര്‍ വരെ ഉയരത്തില്‍ ഇവയെ കാണാറുണ്ട്‌. പകല്‍ മുഴുവന്‍ സ്വന്തം താവളത്തില്‍ ഇത്‌ പതുങ്ങിക്കഴിഞ്ഞുകൂടും. പക്ഷേ സന്ധ്യ മയങ്ങുന്നതോടെ ഇരതേടി ഇറങ്ങുന്നു. എലി, ഞണ്ട്‌, തവള, കീടങ്ങള്‍ എന്നിവയാണ്‌ മുഖ്യാഹാരം. കരിമ്പും ഇത്‌ ഭക്ഷിക്കാറുണ്ട്‌. ആട്‌, കോഴി, താറാവ്‌ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളും കുറുനരിക്ക്‌ ഇരയാകാറുണ്ട്‌. ഇരതേടുന്നതിനിടയില്‍ കണ്ടുപിടിക്കപ്പെട്ടാല്‍ വളരെവേഗം മുള്‍പ്പടര്‍പ്പിലോ കുറ്റിക്കാട്ടിലോ ഓടയിലോ കടന്നുപറ്റി ശ്വാസംവിടാതെ കിടക്കുന്ന കൗശലക്കാരനാണ്‌ കുറുനരി.

ടിബറ്റന്‍ മണല്‍ ഊളന്‍

ചില ആഫ്രിക്കന്‍ കുറുനരികള്‍ സിംഹത്തിന്‌ തീറ്റ കാണിച്ചുകൊടുക്കുന്ന ജോലി ഏറ്റെടുക്കാറുണ്ട്‌. കാട്ടില്‍ ചുറ്റിത്തിരിഞ്ഞ്‌ ഇരയെ കണ്ടെത്തിയശേഷം വിശന്നു വലഞ്ഞിരിക്കുന്ന സിംഹത്തെ ഇരയുടെ അടുത്തേക്കു കൂട്ടിക്കൊണ്ടുപോകുന്നു. സിംഹം ഇരയെ കൊന്നുഭക്ഷിച്ചശേഷം ഒരു പങ്ക്‌ കുറുനരിക്കും നല്‌കുന്നു.

ചെന്നായുടേതുപോലുള്ള ദൃഢമായ ഒരു ബന്ധമൊന്നും കുറുനരി ഇണയോട്‌ കാണിക്കാറില്ല. ഇണചേരലിന്റെ കാലത്ത്‌ ഒരു ഇണയെ തേടിപ്പിടിക്കുന്നു. തുടര്‍ന്ന്‌ രണ്ടുപേരും ചേര്‍ന്ന്‌ ഒരു താവളം ഒരുക്കിയെടുക്കും. ഇണചേരലിന്‌ പ്രത്യേകകാലമൊന്നുമില്ല. ഗര്‍ഭകാലം രണ്ടുമാസമാണ്‌. ഒരു പ്രസവത്തില്‍ നാലു കുട്ടികളുണ്ടാവും; ഒമ്പതു കുട്ടികള്‍വരെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. ആണ്‍ കുറുനരി അധികം താമസിയാതെ മാളം വിട്ടുപോകുന്നു. ഒരു വര്‍ഷം പ്രായമെത്തുന്നതുവരെ കുട്ടികളെ പെണ്‍കുറുനരി സംരക്ഷിക്കുന്നു.

രാത്രികാലങ്ങളിലെ കുറുനരിയുടെ ഓരിയിടല്‍ പ്രസിദ്ധമാണ്‌. ഒരു പ്രത്യേകശബ്‌ദത്തിലുള്ള ഈ "കൂവല്‍' കുറുനരിയുടെ സാന്നിധ്യം വിളിച്ചറിയിക്കുന്നു.

ആഫ്രിക്കന്‍ വെള്ളി ഊളന്‍

ഊളന്‍. മാംസഭോജികളായ സസ്‌തനി വര്‍ഗത്തിലെ വള്‍പ്പസ്‌ (Vulpus), ഫെണിക്കസ്‌ (Fennecus), യൂറോസയോണ്‍ (Urocyon), അലോപെക്‌സ്‌ (Alopex), ഓട്ടോസയോണ്‍ (Otocyon)എന്നീ ജീനസുകളിലെ നിരവധി സ്‌പീഷീസുകളുടെ പൊതുവായ ഒരു നാമമാണിത്‌. ഇവയെല്ലാം തന്നെ കാനിഡേ എന്ന ശ്വാനകുടുംബത്തില്‍പ്പെട്ടവയാണ്‌. ഇടതൂര്‍ന്നു വളരുന്ന രോമങ്ങളോടുകൂടിയതും ബ്രഷുപോലെയുള്ളതും ആയ വാലോടുകൂടിയ ഊളന്‍ ഇടത്തരത്തില്‍പ്പെട്ട ഒരു പട്ടിയെപ്പോലിരിക്കും.

വാള്‍പ്പസ്‌ ജീനസില്‍പ്പെട്ട ചെമ്പനൂളന്‍ (Red fox) ആണ്‌ ഊളവര്‍ഗത്തില്‍ പ്രധാനപ്പെട്ടത്‌. ഈ ജീനസില്‍ വള്‍പ്പസ്‌ വള്‍പ്പസ്‌, വള്‍പ്പസ്‌ ഫള്‍വ എന്നീ രണ്ടു സ്‌പീഷീസുകളുണ്ട്‌. യൂറോപ്പ്‌, ഉത്തരാഫ്രിക്ക, ഏഷ്യയിലെ ഹിമാലയം മുതല്‍ തെക്കന്‍ ചൈന വരെയുളള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ചെമ്പനൂളന്‍ ധാരാളമായി കാണപ്പെടുന്നു. വള്‍പ്പസ്‌ വള്‍പ്പസ്‌ (Vulpus vulpus) എന്ന ശാസ്‌ത്രനാമമുള്ള ഇതിന്റെ വാലില്‍ വെള്ളവരകളുണ്ട്‌. ചെവിയുടെ പുറംഭാഗം കറുത്താണ്‌ ഇരിക്കുന്നത്‌. ഉയര്‍ന്നു നില്‌ക്കുന്ന വലിയ ചെവികളും കൂര്‍ത്ത മോന്തയും ചെമ്പിച്ച രോമാവരണവും ഇവയുടെ പ്രത്യേകതകളാണ്‌. പൊതുവേ ഇവയുടെ നിറം ചുവപ്പാണെങ്കിലും മറ്റ്‌ വൈവിധ്യമാര്‍ന്ന വര്‍ണങ്ങളിലും ഇവ കാണപ്പെടാറുണ്ട്‌. കറുപ്പ്‌, വെള്ളിനിറം, തവിട്ടിന്റെ വിവിധ ഷേഡുകള്‍ എന്നീ വര്‍ണങ്ങളിലുള്ളവ അമേരിക്കയില്‍ ധാരാളമായുണ്ട്‌. പൂര്‍ണ വളര്‍ച്ചയെത്തിയ ചെമ്പനൂളന്‌ ഒരു മീറ്ററോളം നീളംവരും; വാലിന്‌ ഏതാണ്ട്‌ അരമീറ്ററും.

വള്‍പ്പസ്‌ ഫള്‍വ എന്ന സ്‌പീഷീസിലുള്ള ചെമ്പനൂളന്‍ വടക്കേ അമേരിക്കയിലാണ്‌ കൂടുതലായി കാണപ്പെടുന്നത്‌. വയലിന്‌ സമീപമുള്ള കുറ്റിക്കാടുകളാണ്‌ ഇവയുടെ ഇഷ്‌ടതാവളം. അപൂര്‍വമായി വനാന്തരങ്ങളിലും ഇവയെ കണ്ടെത്താറുണ്ട്‌. എലി, ആമ തുടങ്ങിയ ചെറിയ സസ്‌തനികളും കോഴി, താറാവ്‌ എന്നീ വളര്‍ത്തു ജന്തുക്കളുമാണ്‌ ഇവയുടെ പ്രധാനഭക്ഷണം. ചെമ്പനൂളന്റെ ശ്രവണ-ദര്‍ശന-ഘ്രാണശക്തികള്‍ വികസിച്ചവയാണ്‌. ഇരയെ കണ്ടെത്താന്‍ ഇവ പ്രയോജനപ്പെടുത്തുന്നു.

ഊളന്റെ നിരവധി സ്‌പീഷീസുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്നുണ്ട്‌. ഓരോ സ്‌പീഷീസും ഒരു പ്രത്യേക ഭൂഭാഗത്ത്‌ ഒതുങ്ങിക്കഴിയുന്നു. ഏതാണ്ട്‌ മുക്കാല്‍ മീറ്ററോളം നീളംവരുന്ന വള്‍പ്പസ്‌ കാന എന്ന സ്‌പീഷീസ്‌ ഇറാന്‍ മുതല്‍ ബലൂചിസ്‌താന്‍വരെയുള്ള പ്രദേശങ്ങളില്‍ കണ്ടുവരുന്നു. ടിബറ്റന്‍ മണല്‍ ഊളന്‍ എന്നറിയപ്പെടുന്ന വള്‍പ്പസ്‌ ഫെറിലേറ്റ ടിബറ്റിലും നേപ്പാളിലും മാത്രം കാണപ്പെടുന്നവയാണ്‌. മഞ്ഞനിറമുള്ള ഇവയ്‌ക്ക്‌ ചെറിയ ചെവിയും വാലുമാണുള്ളത്‌. വള്‍പ്പസ്‌ ബംഗംലെന്‍സിസ്‌ എന്നു ശാസ്‌ത്രനാമമുള്ളതും ചാരനിറമുള്ളതുമായ ബംഗാള്‍ ഊളന്‍ ആണ്‌ പ്രധാനമായും ഇന്ത്യയില്‍ കാണപ്പെടുന്നത്‌. വള്‍പ്പസ്‌ റപ്പെല്ലി എന്നയിനം ഊളന്‍ അല്‍ജീരിയ മുതല്‍ അഫ്‌ഗാനിസ്‌താന്‍വരെയുള്ള ഭാഗങ്ങളില്‍ ഒതുങ്ങിക്കഴിയുന്നു. വള്‍പ്പസ്‌ പല്ലിഡ എന്ന ആഫ്രിക്കന്‍ ഊളന്‍ പ്രധാനമായും മരുഭൂമിയിലാണ്‌ കഴിഞ്ഞുകൂടുന്നത്‌. പടിഞ്ഞാറന്‍ ആഫ്രിക്ക മുതല്‍ ഈജിപ്‌തുവരെയുള്ള പ്രദേശങ്ങളില്‍ ഇവയെ കണ്ടെത്താം. ചാരനിറവും നീണ്ട ചെവിയുമുള്ള ആഫ്രിക്കന്‍ വെള്ളി ഊളന്‍ (വള്‍പ്പസ്‌ ചാമ) തെക്കേ ആഫ്രിക്കയില്‍ മാത്രം കാണപ്പെടുന്ന ഒരിനമാണ്‌.

യൂറോസയോണ്‍ സൈനെറിയോര്‍ ജെന്റസ്‌ എന്നു ശാസ്‌ത്രനാമമുള്ള അമേരിക്കന്‍ ഊളന്‍ ചെമ്പനൂളനോളം ശക്തനല്ല. കുറ്റിക്കാടുകളിലും ചതുപ്പുപ്രദേശങ്ങളിലും ഏതാണ്ട്‌ ഒരു ഒളിജീവിതം നയിക്കുന്ന ഒരിനമാണിത്‌. മരത്തില്‍ കയറാന്‍ കഴിവുള്ള ഒരേ ഒരിനവും ഇതുതന്നെ. തെക്കന്‍ കാലിഫോര്‍ണിയ തീരങ്ങളില്‍ കാണപ്പെടുന്നതും അമേരിക്കന്‍ ഊളന്റെ അടുത്ത ബന്ധുവുമായ യൂറോസയോണ്‍ ലിറ്റൊറാലിസ്‌ വലുപ്പം കുറഞ്ഞ ഒരിനമാണ്‌.

മഞ്ഞുനിറഞ്ഞ ആര്‍ട്ടിക്‌ പ്രദേശങ്ങളില്‍ കഴിഞ്ഞുകൂടുന്ന അലോപ്പസ്‌ ലാഗോപ്പസ്‌, തണുപ്പു കൂടുമ്പോള്‍ മറ്റു ജന്തുക്കള്‍ അന്യസ്ഥലങ്ങളിലേക്ക്‌ നീങ്ങുമ്പോഴും ആര്‍ട്ടിക്‌ പ്രദേശങ്ങളില്‍ തന്നെ കഴിഞ്ഞുകൂടാനിഷ്‌ടപ്പെടുന്നു. പൊഴിയുന്ന മഞ്ഞിനടിയില്‍ വളഞ്ഞുകൂടി രോമാവൃതമായ നീണ്ട വാല്‍ നാസാഗ്രത്തോടു ചേര്‍ത്ത്‌ നിദ്രയിലാണ്ടാണ്‌ ഇവ തണുപ്പുകാലത്തെ അതിജീവിക്കുന്നത്‌. ഇതിന്റെ നിറം ഉഷ്‌ണകാലത്ത്‌ ചാരവും തണുപ്പുകാലത്ത്‌ വെള്ളയുമായിരിക്കും. തണുപ്പുകാലത്ത്‌ ഹിമധവളരോമകഞ്ചുകമണിയുകവഴി ഇത്‌ ശത്രുക്കളില്‍ നിന്ന്‌ രക്ഷനേടുകയും ചെയ്യുന്നു.

പൊതുവേ, കുറുനരിയെക്കാള്‍ ദൃഢമായ കുടുംബബന്ധം ഊളന്‍ പുലര്‍ത്തുന്നു. സന്താനങ്ങള്‍ വളര്‍ച്ചയെത്തുന്നതുവരെ ഇണകള്‍ പിരിയാറില്ല. മണ്ണിനടിയില്‍ കുഴിമാന്തിയാണ്‌ ഇവ മാളം ഉണ്ടാക്കാറുള്ളത്‌. ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ഇണചേരുന്നു. അമ്പത്തിയൊന്നു ദിവസം ആണ്‌ ഗര്‍ഭകാലം. ഒരു പ്രസവത്തില്‍ നാലുമുതല്‍ പത്തുവരെ കുട്ടികള്‍ കാണും. ഏഴു ദിവസം കഴിഞ്ഞാല്‍ മാത്രമേ കുഞ്ഞുങ്ങളുടെ കണ്ണുകള്‍ തുറക്കുകയുള്ളൂ. തുടര്‍ന്ന്‌ ഒരു മാസത്തിനകം ഇവ മാളത്തില്‍നിന്ന്‌ വെളിയില്‍ വരാന്‍ തുടങ്ങും. ഈ കാലയളവിലെല്ലാം ആണ്‍ ഊളന്‍ മാതാവിനും കുഞ്ഞുങ്ങള്‍ക്കും ആഹാരം തേടിപ്പിടിച്ചുകൊടുത്തുകൊണ്ടിരിക്കും.

ആര്‍ട്ടിക്‌ ഊളന്മാര്‍ ഇണയെ സ്വന്തമാക്കാന്‍ സമരം ചെയ്യാറുണ്ട്‌. സംഘട്ടനത്തിലൂടെ ഇണയെ കൈവശമാക്കിയാല്‍ അവ പിരിയാതെ കഴിഞ്ഞുകൂടുന്നു. വസന്തകാലത്ത്‌ ഇണചേരുന്ന ഇവയുടെ ഗര്‍ഭകാലം 52 ദിവസമാണ്‌. ഒരു പ്രസവത്തില്‍ ആറുകുട്ടികള്‍ കാണും. ആദ്യം രോമാവൃതമായ പന്തുപോലെയിരിക്കുന്ന കുഞ്ഞുങ്ങള്‍ വളര്‍ന്നു വരുന്നതോടെ നിറംമാറ്റത്തിനു വിധേയമാകുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%A8%E0%B4%B0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍