This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുറത്തിയാട്ടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുറത്തിയാട്ടം

കുറത്തിയാട്ടം

സംഗീതപ്രധാനമായ ഒരു ദൃശ്യകല. തെക്കന്‍ കുറത്തിയാട്ടം, വടക്കന്‍ കുറത്തിയാട്ടം എന്നിങ്ങനെ ഇത്‌ രണ്ടുതരത്തിലുണ്ട്‌. ഭാഷാ സംഗീതനാടക പ്രസ്ഥാനവുമായി ആത്മീയബന്ധമുള്ള ഒരു ഗ്രാമീണ കലയാണ്‌ "വടക്കന്‍ കുറത്തിയാട്ടം'. ഗദ്യസംഭാഷണം കുറഞ്ഞതും ഗാനങ്ങള്‍ കൂടുതലുള്ളതുമായ നാടകമാണിത്‌. കുറവന്‍, കുറത്തി, വൃദ്ധന്‍, കള്ളുഷാപ്പുകാരന്‍, നാട്ടുപ്രമാണി തുടങ്ങിയ വേഷങ്ങള്‍ കുറത്തിയാട്ടത്തിലുണ്ടാകും. തൃശൂര്‍പൂരം കാണുവാന്‍ ചെന്ന കുറവനും കുറത്തിയും ജനത്തിരക്കില്‍ പ്പെട്ട്‌ വേര്‍പിരിയുകയും പരസ്‌പരം കാണാതെ ഊരുചുറ്റുകയും ഒടുവില്‍ കണ്ടുമുട്ടുകയും പരസ്‌പരമുണ്ടായ പ്രണയകലഹത്തിനുശേഷം യോജിപ്പിലെത്തുകയും ചെയ്യുന്നതാണ്‌ വടക്കന്‍ കുറത്തിയാട്ടത്തിലെ പ്രമേയം. അയിത്താചാരം, മദ്യപാനം മുതലായവയെ കഠിനമായി വിമര്‍ശിക്കുകയെന്ന ലക്ഷ്യം കൂടി ഈ കലയ്‌ക്കു പിന്നിലുണ്ട്‌. മൃദംഗവും കൈമണിയുമാണ്‌ പിന്നണിവാദ്യങ്ങള്‍. ഗാനങ്ങളേറ്റു പാടുവാന്‍ പിന്നണിഗായകന്മാരുണ്ടാകും. പുരുഷന്മാരാണ്‌ പ്രായേണ സ്‌ത്രീവേഷം കെട്ടുന്നത്‌. വടക്കന്‍ കുറത്തിയാട്ടം സാമൂഹികപ്രധാനമാണെങ്കില്‍ , തെക്കന്‍ കുറത്തിയാട്ടം ഒരു ക്ഷേത്രകല കൂടിയാണ്‌. കുറത്തി, കുറവന്‍, മുത്തിയമ്മ എന്നീ കഥാപാത്രങ്ങളാണ്‌ തെക്കന്‍ കുറത്തിയാട്ടത്തില്‍ പതിവുള്ളത്‌. പാര്‍വതിയുടെയും മഹാലക്ഷ്‌മിയുടെയും സങ്കല്‌പത്തിലുള്ള കുറത്തിവേഷങ്ങള്‍ രംഗത്തുവന്ന്‌ പരസ്‌പരം ഭര്‍ത്താക്കന്മാരെ പഴിക്കുകയും, ഒടുവില്‍ സരസ്വതീസങ്കല്‌പത്തിലുള്ള മറ്റൊരു കുറത്തി വന്ന്‌ ആ തര്‍ക്കം തീര്‍ക്കുകയും ചെയ്യുന്ന ഒരു രംഗം കുറത്തിയാട്ടത്തിലുണ്ട്‌. കുറവന്റെ മാതാവായ മുത്തിയമ്മ പ്രക്ഷകരെ ചിരിപ്പിക്കുന്ന ഹാസ്യകഥാപാത്രമാണ്‌.

കേരള ബ്രാഹ്മണരുടെ വൈദിക വിനോദകലയായ സംഘക്കളി (ചാത്തിരാങ്കം)യിലും പാണന്മാരുടെ പുറാട്ടുകളിയായ "പാങ്കളി' (പാലക്കാട്ടു ജില്ല)യിലും കുറത്തിയാട്ടം പതിവുണ്ട്‌.

പാങ്കളിയില്‍ കുറവന്‍, കുറത്തി, വണ്ണാന്‍, വണ്ണാത്തി തുടങ്ങിയ പല നാടന്‍ കഥാപാത്രങ്ങളും രംഗത്തുവരും. ഗദ്യസംഭാഷണമുണ്ടെങ്കിലും ഗാനത്തിനും അതില്‍ പ്രാധാന്യം കുറവല്ല. കുറത്തിയും കുറവനും തമ്മിലുള്ള വഴക്ക്‌ ചിരിക്കു വക നല്‌കും.

സംഘക്കളിയിലെ "കുറത്തിയാട്ടം' അനുഷ്‌ഠാനത്തിന്റെ പരിവേഷമുള്ളതാണ്‌. കുറത്തിവേഷം രംഗത്തുവരുന്നതിനു മുമ്പ്‌ പാടുന്ന പാട്ടില്‍ "ബലിക്കളത്തില്‍ തുള്ളിവാ മലങ്കുറത്തി' എന്ന്‌ ആവശ്യപ്പെടുന്നുണ്ട്‌. പാര്‍വതിയാണ്‌ കുറത്തിയെന്ന്‌ സങ്കല്‌പിക്കപ്പെടുന്നു. കഥകളിച്ചിട്ടയിലുള്ള ആട്ടം തന്നെയാണ്‌ സംഘക്കളിയിലെ കുറത്തിയാട്ടത്തിലുമുള്ളത്‌. മുറമെടുത്തുകൊണ്ടുള്ള ആട്ടം ഈ "കുറത്തിയാട്ട'ത്തിലെ പ്രധാന ഭാഗമാണ്‌.

(ഡോ. എം.വി. വിഷ്‌ണുനമ്പൂതിരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍