This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുരുവംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുരുവംശം

പുരാണ പ്രസിദ്ധമായ ഒരു രാജവംശം. കുരു എന്ന പേരില്‍ പ്രസിദ്ധിയാര്‍ജിച്ച മൂന്നു രാജാക്കന്മാരും ഒരു മഹര്‍ഷിയും ഒരു രാജ്യവും പൗരാണികകാലത്തു ഭാരതത്തില്‍ ഉണ്ടായിരുന്നതായി കാണുന്നു.

വിഷ്‌ണുവില്‍ നിന്നു ബ്രഹ്മാവും അദ്ദേഹത്തില്‍ നിന്നു സ്വായംഭുവമനുവും ജനിച്ചു. ആ മനുവിന്റെ മകനായി ഉത്താനപാദനും അദ്ദേഹത്തിന്റെ മകനായി ധ്രുവനും ഉണ്ടായി. പിന്നീട്‌ ധ്രുവന്റെ മകന്‍ ശിഷ്‌ടിയും അദ്ദേഹത്തിന്റെ പുത്രന്‍ രിപുവും ജനിച്ചു. രിപുവിന്റെ പുത്രനാണ്‌ ചാക്ഷുഷന്‍; അദ്ദേഹത്തിന്റെ മകന്‍ ചാക്ഷുഷമനുവും. ചാക്ഷുഷമനുവിന്റെ മകന്‍ കുരു എന്നിങ്ങനെയാണ്‌ ആ കുരുവംശപരമ്പര. ഈ കുരുവിന്റെ സഹോദരന്മാരായിരുന്നു പൂരു, ഊരു, ശതദ്യുമ്‌നന്‍, തപസ്വി, സത്യവാക്‌, ശുചി, അഗ്നിനിഷ്‌ടുത്ത്‌, അധിരഥന്‍, സുദ്യുമ്‌നന്‍, അഭിമന്യു എന്നിവര്‍. കുരുവിനു ഭാര്യയായ ആത്രയിയില്‍ അംഗന്‍, സുമനസ്സ്‌, സ്വാതി, ക്രതു, അംഗിരസ്സ്‌, ഗയന്‍, ശിബി എന്ന്‌ ഏഴു പുത്രന്മാരുണ്ടായി. അവരില്‍ അംഗനു സുനീഥയില്‍ ജനിച്ച പുത്രനാണ്‌ വേനന്‍. വേനന്റെ പുത്രന്‍ പൃഥുവും.

പൃഥുവിന്‌ അന്തര്‍ധാനന്‍, വാദി, സൂതന്‍, മഗധന്‍, പാലിതന്‍ എന്നിങ്ങനെ അഞ്ചു പുത്രന്മാര്‍ ജനിച്ചു. അന്തര്‍ധാനനു ശിഖണ്ഡിയില്‍ ഹവിര്‍ധാനന്‍ ഉണ്ടായി. ഹവിര്‍ധാനനു ഭാര്യയായ ധിഷണയില്‍ പ്രാചീനബര്‍ഹിസ്സ്‌, ശുക്രന്‍, ഗയന്‍, കൃഷ്‌ണന്‍, വൃജന്‍, അജിനന്‍ എന്നീ ആറു പുത്രന്മാര്‍ ജനിച്ചു (വിഷ്‌ണുപുരാണം അധ്യായം 1 ശ്ലോകം 13). മറ്റൊരു കുരുരാജാവ്‌ പ്രിയവ്രതന്റെ വംശത്തില്‍ പിറന്ന ആളാണ്‌. പ്രിയവ്രതന്‌ പത്‌നിയായ ബര്‍ഹിഷ്‌മതിയില്‍ അഗ്നീധ്രന്‍, ഇധ്‌മജിഹ്വന്‍, യജ്ഞബാഹു, മഹാവീരന്‍, ഹിരണ്യരേതസ്സ്‌, ഘൃതപൃഷ്‌ഠന്‍, സവനന്‍, മേധാതിഥി, വീതിഹോത്രന്‍, കവി, ഊര്‍ജസ്വതി, ഉത്തമന്‍, താമസന്‍, രൈവതന്‍ എന്നു പതിനാലു പുത്രന്മാര്‍ ജനിച്ചു. ഇവരില്‍ ജ്യേഷ്‌ഠനായ അഗ്നീധ്രനു ഭാര്യയായ പൂര്‍വചിത്തിയില്‍ ഒമ്പതു പുത്രന്മാര്‍ ഉണ്ടായി. അവരുടെ പേരുകള്‍-നാഭി, കിമ്പുരുഷന്‍, ഹരി, ഇളാവ്രതന്‍, രമ്യകന്‍, ഹിരണ്മയന്‍, കുരു, ഭദ്രാശ്വന്‍, കേതുമാലന്‍ എന്നിങ്ങനെയാണ്‌. ഇവരില്‍ കുരു നാരി എന്നൊരു സ്‌ത്രീയെ വിവാഹം കഴിച്ചതായി പറയുന്നു (വിഷ്‌ണുപുരാണം). മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല.

പുരാണങ്ങളില്‍ രന്തിദേവന്റെ സഹോദരനായി മറ്റൊരു കുരുരാജാവും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്‌. പുരുവംശത്തില്‍ സംവരണന്റെ പുത്രനായി സുപ്രസിദ്ധനായ ഒരു കുരുരാജാവ്‌ ഉണ്ടായിരുന്നു.

""തപതിയാകും സൂര്യപുത്രിയില്‍ സംവരണന്‍ തപസാംനിധി കുരു തന്നെയും ജനിപ്പിച്ചാന്‍ (ഭാഗവതം-നവമസ്‌കന്ധം)

ഈ കുരുരാജാവാണ്‌ പ്രസിദ്ധമായ കുരുക്ഷേത്രം നിര്‍മിച്ചതെന്ന്‌ അഗ്നിപുരാണം 278-ാം അധ്യായത്തിലും ഭാഗവതത്തിലും പറയുന്നു. ഈ കുരുരാജാവിന്റെ വംശക്രമം ചുവടെ ചേര്‍ക്കുന്നു. വിഷ്‌ണുവില്‍ നിന്നു ബ്രഹ്മാവും അദ്ദേഹത്തില്‍ നിന്ന്‌ അത്രിയും ജനിച്ചു. അത്രിയുടെ മകന്‍ ചന്ദ്രന്‍. ചന്ദ്രന്റെ പുത്രന്‍ ബുധന്‍. ബുധന്റെ മകന്‍ പുരൂരവസ്സ്‌. അദ്ദേഹത്തിന്റെ മകന്‍ ആയുസ്സ്‌. ആയുസ്സിന്റെ മകനാണ്‌ നഹുഷന്‍. നഹുഷന്റെ പുത്രന്‍ യയാതി. അദ്ദേഹത്തിന്റെ മകന്‍ പുരു. പുരുവിന്റെ പുത്രന്‍ ജനമേജയന്‍. അദ്ദേഹത്തിന്റെ മകന്‍ പ്രാചിന്വാന്‍. പ്രാചിന്വാന്റെ മകനാണ്‌ പ്രവീരന്‍. നമസ്യുവാണ്‌ പ്രവീരന്റെ മകന്‍. നമസ്യുവിന്റെ പുത്രന്‍ വീതഭയന്‍. അദ്ദേഹത്തിന്റെ മകന്‍ ശുണ്ഡു. ശുണ്ഡുവിന്റെ പുത്രന്‍ ബഹുവിധന്‍. ബഹുവിധന്റെ മകനാണ്‌ സംയാതി. രഹോവാദി സംയാതിയുടെ പുത്രന്‍. രഹോവാദിയുടെ മകന്‍ രൗദ്രാശ്വന്‍. രൗദ്രാശ്വന്റെ പുത്രനാണ്‌ മതിനാരന്‍. സന്ധുരോധനാണ്‌ മതിനാരന്റെ മകന്‍. സന്ധുരോധന്റെ പുത്രന്‍ ദുഷ്യന്തന്‍. അദ്ദേഹത്തിന്റെ മകന്‍ ഭരതന്‍. ഭരതപുത്രനാണ്‌ സുഹോത്രന്‍. സുഹോത്രപുത്രന്‍ സുഹോതാവ്‌. സുഹോതാവിന്റെ മകന്‍ ഗലന്‍. ഗലന്റെ മകന്‍ ഗര്‍ദന്‍. ഗര്‍ദന്റെ പുത്രന്‍ സുകേതു. സുകേതുവിന്റെ മകന്‍ ബൃഹത്‌ക്ഷേത്രന്‍. അദ്ദേഹത്തിന്റെ മകന്‍ ഹസ്‌തി. ഹസ്‌തിയുടെ മകന്‍ അജമീഡന്‍. അദ്ദേഹത്തിന്റെ പുത്രന്‍ ഋക്ഷന്‍. ഋക്ഷന്റെ മകന്‍ സംവരണനും സംവരണന്റെ മകന്‍ കുരുവും. ഇവരുടെ രാജധാനി മിക്കവാറും ഹസ്‌തിനപുരി തന്നെ ആയിരുന്നിരിക്കണം. ഈ കുരുരാജാവിനു പരീക്ഷിത്ത്‌, സുധനുസ്സ്‌, ജഹ്നു, നിഷാധാശ്വന്‍ എന്നു നാലു പുത്രന്മാര്‍ ഉണ്ടായി. സുധനുസ്സില്‍ നിന്നു ച്യവനനും അദ്ദേഹത്തില്‍ നിന്നും കൃതിയും ജനിച്ചു. കൃതിയില്‍ നിന്ന്‌ ഉപരിചരവസുവും അദ്ദേഹത്തില്‍ നിന്നു ബൃഹദ്രഥനും ഉണ്ടായി. ബൃഹദ്രഥന്റെ മകനായ കുശാഗ്രജനും അദ്ദേഹത്തിന്റെ മകനായി ഋഷഭനും ജനിച്ചു. ഋഷഭന്റെ പുത്രന്‍ പുഷ്‌പവാനും അദ്ദേഹത്തിന്റെ മകന്‍ ജുഹുവുമാകുന്നു.

ബൃഹദ്രഥന്റെ മറ്റൊരു പുത്രനായ ജരാസന്ധന്‌ സോമന്‍, സഹദേവന്‍, തുര്യന്‍, ശ്രുതശ്രു എന്നു നാലു പുത്രന്മാര്‍ ഉണ്ടായി. കുരുപുത്രനായ ജഹ്നുവില്‍ നിന്നു സുരഥനും അദ്ദേഹത്തില്‍ നിന്നു വിഡൂരഥനും ജനിച്ചു. വിഡൂരഥന്റെ പുത്രനായി സാര്‍വഭൗമനും അദ്ദേഹത്തിന്റെ മകനായി ജയത്സേനനും പിറന്നു. ജയത്‌സേന പുത്രനായ രവീയന്റെ മകനാണ്‌ ഭാവുകന്‍. അദ്ദേഹത്തിന്റെ മകന്‍ ചക്രാദ്ധതനും. ചക്രാദ്ധതപുത്രനായ ദേവാതിഥിയുടെ മകനാണ്‌ ഋക്ഷന്‍. ഋക്ഷന്റെ പുത്രന്‍ ഭീമനും ഭീമന്റെ പുത്രന്‍ പ്രതീചനുമാണ്‌.

പ്രതീചനു ദേവാപി, ശന്തനു, ബാല്‌ഹികന്‍ എന്നു മൂന്നു പുത്രന്മാര്‍ ജനിച്ചു. ശന്തനുവിനു ഗംഗാദേവിയില്‍ ജനിച്ച മകനാണ്‌ ദേവവ്രതന്‍ (ഭീഷ്‌മര്‍). പിന്നീട്‌ സത്യവതിയില്‍ ശന്തനുവിനു ജനിച്ച മക്കളാണ്‌ ചിത്രാംഗദനും വിചിത്രവീര്യനും. ചിത്രാംഗദനെ ചിത്രാംഗദന്‍ എന്ന ഗന്ധര്‍വന്‍ വധിച്ചു (മഹാഭാരതം ആദിപര്‍വം അധ്യായം 101, ശ്ലോകം 8, 9). വിചിത്രവീര്യനും രോഗിയായി മരിച്ചു. വിചിത്രവീര്യന്റെ പത്‌നിമാരില്‍ അംബികയ്‌ക്ക്‌ ധൃതരാഷ്‌ട്രരും അംബാലികയ്‌ക്ക്‌ പാണ്ഡുവും വ്യാസനില്‍ നിന്നു ജനിച്ചു. അങ്ങനെ ധൃതരാഷ്‌ട്രരും പാണ്ഡുവും കുരുവംശ്യരുടെ പിന്‍ഗാമികളായി പരിണമിക്കയാല്‍ അവരും കുരുവംശക്കാര്‍ തന്നെ. അതിനാല്‍ അവരെ കൗരവരെന്നു പറയുന്നു. ധൃതരാഷ്‌ട്രപുത്രന്മാരും കൗരവര്‍ തന്നെ. പാണ്ഡുവിന്റെ പത്‌നിമാരായ കുന്തിയിലും മാദ്രിയിലും പിറന്ന സന്താനങ്ങള്‍ ദേവപുത്രന്മാരാണെങ്കിലും അവരെയും കൗരവരായിത്തന്നെ പരിഗണിച്ചുവരുന്നുണ്ട്‌.

""ഇഭകുംഭതുംഗഘടിതേതരേതര-
	സ്‌തനഭാരദൂരവിനിവാരിതോദരാ:
	പരിഫുല്ലഗണ്ഡഫലകാ: പരസ്‌പരം
	പരിരേഭിരേ കുകുരകൗരവസ്‌ത്രിയ:'' (മാഘം XIII-16)
 

ഇവിടെ കൗരവപദംകൊണ്ടു പാണ്ഡവരെയാണ്‌ ഉദ്ദേശിച്ചിട്ടുളളത്‌. സംവരണപുത്രനായ കുരു തന്റെ തപസുകൊണ്ടു പവിത്രമാക്കിത്തീര്‍ത്തതും (മഹാഭാരതം ആദിപര്‍വം 94-ാമധ്യായം, ശ്ലോകം 80) സരസ്വതീ നദി (ഓഘവതി) കനിഞ്ഞു യാഗഭൂമി നനച്ചുകൊടുത്തതു (മഹാഭാരതം ശല്യപര്‍വം 38-ാമധ്യായം 26, 27 ശ്ലോകങ്ങള്‍) മായ കുരുക്ഷേത്ര (പഴയ പേര്‌-സമന്തപഞ്ചകം) ത്തില്‍ വച്ചു പാണ്ഡവരുമായുള്ള യുദ്ധത്തില്‍ ധൃതരാഷ്‌ട്രപുത്രരായ നൂറുപേര്‍ നാമാവശേഷരായിത്തീര്‍ന്നു. വിജയികളായ പാണ്ഡവരുടെ മഹാപ്രസ്ഥാനത്തിനുശേഷം അര്‍ജുനപൗത്രനായ പരീക്ഷിത്ത്‌ കുരുവംശം നിലനിര്‍ത്തി. അദ്ദേഹത്തിന്റെ പുത്രന്‍ ജനമേജയന്‍ സര്‍പ്പസത്രം നടത്തി. പിന്‍ഗാമികള്‍ പ്രസിദ്ധരല്ല.

(മുതുകുളം ശ്രീധര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍