This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുരുക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുരുക്ഷേത്രം

1. ഹരിയാന സംസ്ഥാനത്തിലുള്‍പ്പെട്ട ഒരു ജില്ലയും ആസ്ഥാന പട്ടണവും. സംസ്ഥാനത്തിന്റെ വടക്കുകിഴക്കുഭാഗത്ത്‌ സ്ഥിതിചെയ്യുന്നു. വിസ്‌തീര്‍ണം: 1,682.53 ച.കി.മീ.; ജനസംഖ്യ: 82,81,820 (2001). ന്യൂഡല്‍ ഹിയില്‍ നിന്ന്‌ 160 കിലോമീറ്റര്‍ വടക്കുമാറിയാണ്‌ കുരുക്ഷേത്രപട്ടണം സ്ഥിതിചെയ്യുന്നത്‌. 1973-ല്‍ , കര്‍ണാല്‍ ജില്ലയിലുള്‍പ്പെട്ട ചില പ്രദേശങ്ങള്‍ ചേര്‍ന്നാണ്‌ കുരുക്ഷേത്രജില്ല രൂപംകൊണ്ടത്‌. അംബാല-ഡല്‍ ഹി ബ്രാഡ്‌ഗേജ്‌ റെയില്‍ പ്പാതയിലെ ഒരു പ്രധാനസ്റ്റേഷനാണ്‌ കുരുക്ഷേത്ര. ഇവിടെയുണ്ടെന്ന്‌ പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്ന 360 തീര്‍ഥക്കുളങ്ങളില്‍ പലതിലും ആധുനിക സ്‌നാനഘട്ടങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്‌. ഒരു തീര്‍ഥാടനകേന്ദ്രമെന്ന നിലയിലും ഒരു വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിലും ഇന്ന്‌ കുരുക്ഷേത്ര പ്രാധാന്യം അര്‍ഹിക്കുന്നു. 1956-ല്‍ സ്ഥാപിതമായ കുരുക്ഷേത്ര സര്‍വകലാശാലയാണ്‌ പ്രധാന ഉന്നതവിദ്യാഭ്യാസകേന്ദ്രം.

പൊതുവേ ഒരു സമതലപ്രദേശമാണ്‌ കുരുക്ഷേത്രജില്ല. സരസ്വതി, മാര്‍കണ്ഡ, ഘാഗര്‍ എന്നിവ ജില്ലയിലെ മുഖ്യനദികളാണ്‌. കൃഷിക്ക്‌ ഏറെ പ്രാമുഖ്യമുള്ള ഈ ജില്ലയില്‍ കനാലുകള്‍, കുഴല്‍ ക്കിണറുകള്‍ തുടങ്ങിയവ ഉപയോഗിച്ച്‌ ജലസേചനസൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്‌. എക്കല്‍ കലര്‍ന്ന മണ്ണാണ്‌ ജില്ലയിലുള്ളത്‌. ചൂടുകൂടിയ വേനലും ചൂടുകുറഞ്ഞ ശൈത്യവും കാലാവസ്ഥയുടെ പ്രത്യേകതയാണ്‌.

2. കൗരവപാണ്ഡവ (മഹാഭാരത)യുദ്ധം നടന്ന ഇതിഹാസപ്രസിദ്ധമായ പ്രദേശം.

""ധര്‍മക്ഷേത്ര കുരുക്ഷേത്ര
	സമവേതാ യുയുത്സവഃ
	മാമകാഃപാണ്ഡവാശ്ചൈവ
	കിമകുര്‍വത സഞ്‌ജയ''
 

എന്ന ഭഗവദ്‌ഗീതാപദ്യത്തില്‍ കുരുക്ഷേത്രത്തിന്റെ ഭൗതികവും ആധ്യാത്മികവുമായ പ്രാധാന്യത്തിന്റെ സൂചനയുണ്ട്‌. കുരുക്ഷേത്രം ഒരേസമയം യുദ്ധഭൂമിയും ധര്‍മക്ഷേത്രവുമാണ്‌. ധര്‍മക്ഷേത്രമെന്നതിനു ധര്‍മത്തിന്റെ വിളനിലമെന്നര്‍ഥം. മഹാഭാരതത്തിലെ പരാമര്‍ശമനുസരിച്ച്‌ ഈ സ്ഥലം സ്ഥിതിചെയ്യുന്നത്‌

""സരസ്വതീ തെക്ക്‌, ദൃഷ-
	ദ്വതി തന്റെ വടക്കുമായ്‌''
 

ആണ്‌ (ആരണ്യപര്‍വം, അധ്യായം 63). പൂരുവംശത്തിലെ പ്രസിദ്ധരാജാവായ കുരു സ്ഥാപിച്ച പ്രദേശമായതുകൊണ്ടാണ്‌ ഇതിന്‌ കുരുക്ഷേത്രം എന്ന പേരുണ്ടായതെന്ന്‌ മഹാഭാരതവും (ആദിപര്‍വം, അധ്യായം 94) ഭാഗവതവും (നവമസ്‌കന്ധം) അഗ്നിപുരാണവും (അധ്യായം 248) വിവരിക്കുന്നു. കുരു ഇവിടത്തെ ഭൂമി ഉഴുതുകൊണ്ടിരുന്നപ്പോള്‍ ഇന്ദ്രന്‍ പ്രസാദിച്ച്‌ മഴ പെയ്യിച്ചുവെന്നും അദ്ദേഹം അവിടെവച്ച്‌ നടത്തിയ യാഗത്തിന്റെ ഫലമായി സരസ്വതി നദി അവിടെ നിത്യം ജലസേചനം നടത്തിക്കൊണ്ടിരിക്കുന്നുവെന്നും മറ്റും ഈ സ്ഥലത്തിന്റെ മാഹാത്മ്യത്തെ മഹാഭാരതം പ്രകീര്‍ത്തിക്കുന്നുണ്ട്‌ (ശല്യപര്‍വം, അധ്യായം 26, 27, 53). പ്രസിദ്ധമായ മഹാഭാരത യുദ്ധത്തിനുമുമ്പ്‌ ശന്തനുപുത്രനായ ചിത്രാംഗദനും ഗന്ധര്‍വനായ ചിത്രാംഗദനും തമ്മിലും ഭീഷ്‌മരും പരശുരാമനും തമ്മിലും ഉള്ള യുദ്ധങ്ങള്‍ നടന്നതും കുരുക്ഷേത്രത്തില്‍ വച്ചാണ്‌. അസുരന്മാരായ സുന്ദോപസുന്ദരന്മാരും നാഗരാജാവായ തക്ഷകനും മാന്ധാതാവ്‌ എന്ന രാജാവും മുദ്‌ഗലന്‍ എന്ന മുനിയും ഓരോ കാലത്ത്‌ കുരുക്ഷേത്രത്തില്‍ വസിച്ചിരുന്നു. ജനമേജയന്റെ സര്‍പ്പസത്രം നടന്ന രംഗവും കുരുക്ഷേത്രം തന്നെ. ആര്യന്മാരുടെ ആഗമനത്തിന്‌ മുമ്പും കുരുക്ഷേത്രം മതപരവും സാംസ്‌കാരികവുമായ പ്രാധാന്യം വഹിച്ചിരുന്നുവെന്ന്‌ ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്‌. ഋഗ്വേദത്തില്‍

""..........ഋജീകാഖ്യ-
	ദിക്കിലെശ്ശര്യണാവത്തിന്‍
	അഗ്യ്രസോമംചേര്‍ന്നഗൃഹ-
	ത്തേക്കിറങ്ങിച്ചെല്ലുമല്ലോ''
 

(VIII, 2,7,29) എന്ന ശര്യണാവത്‌തീര്‍ഥം (ഇന്ന്‌ അതിന്റെ പേര്‌ "സാനിഹിത്‌' എന്നാണ്‌.) കുരുക്ഷേത്രത്തിലെ ഒരു തീര്‍ഥമായിരുന്നുവെന്ന്‌ സായണഭാഷ്യത്തിലുണ്ട്‌ ("ശരണ്യാവദ്‌വൈ നാമകുരുക്ഷേത്രസ്യസരഃസ്യന്ദതേ'). കുരുശ്രവണന്‍ എന്ന രാജാവിനെക്കുറിച്ചുള്ള പരാമര്‍ശവും ഋഗ്വേദത്തിലുണ്ട്‌. അഥര്‍വവേദം, ബ്രാഹ്മണങ്ങള്‍, മനുസ്‌മൃതി എന്നീ പ്രാചീനഗ്രന്ഥങ്ങളിലും കുരുക്ഷേത്രത്തെപ്പറ്റി നിരവധി പരാമര്‍ശങ്ങളുണ്ട്‌. ശതപഥബ്രാഹ്മണത്തില്‍ അതിന്റെ മാഹാത്മ്യം ഉദീരണം ചെയ്യുന്നത്‌ ഇപ്രകാരമാണ്‌. ""യജനമാസ തസ്‌മാദാഹുഃ കുര്യക്ഷേത്രം ദേവാനാം ദേവയജനമിതി. ജംബുദ്വീപിലെ 16 മഹാജനപദങ്ങളില്‍ ഒന്നായി കുരുക്ഷേത്രത്തെ അംഗുസ്‌തരം വര്‍ണിക്കുന്നു. പാണിനിയും അഷ്‌ടാധ്യായിയില്‍ കുരുക്ഷേത്രത്തെക്കുറിച്ച്‌ സൂചിപ്പിക്കുന്നുണ്ട്‌ (IV, 1127, 176). യോഗിനീതന്ത്രം എന്ന ബുദ്ധസാഹിത്യകൃതിയിലും ഇതേപ്പറ്റി അനവധി പരാമര്‍ശങ്ങളുണ്ട്‌ (III; II 7,8). ഇരുപത്തൊന്നു പ്രാവശ്യം ക്ഷത്രിയ നിഗ്രഹം നടത്തിയ പരശുരാമന്‍ അവരുടെ രക്തം കുരുക്ഷേത്രത്തിലുള്ള അഞ്ചു കയങ്ങളില്‍ നിറച്ച്‌ അവിടെവച്ച്‌ പിതൃതൃപ്‌തിക്കായി രക്തതര്‍പ്പണം നടത്തിയതുകൊണ്ട്‌ ഈ സ്ഥലത്തിന്‌ സമന്തപഞ്ചകം എന്നുകൂടി പേര്‌ കിട്ടിയിട്ടുണ്ട്‌ (മഹാഭാരതം, ആദിപര്‍വം, അധ്യായം 2). അഞ്ചു ചതുരശ്രയോജന വിസ്‌താരമുണ്ടായിരുന്നതുകൊണ്ടാണത്ര ഈ സ്ഥലത്തിന്‌ ഇങ്ങനെ ഒരു പേരുകൂടിയുണ്ടായത്‌. ഇതിനും പുറമേ കുരുക്ഷേത്രത്തിന്‌ സ്ഥാണുതീര്‍ഥം അല്ലെങ്കില്‍ സ്ഥാനേശ്വരം എന്നും (മത്സ്യപുരാണം, ബൃഹത്‌സ്വയംഭൂപുരാണം), ശ്രീകണ്‌ഠം എന്നും (ആര്യമഞ്‌ജുശ്രീമൂലകല്‌പം) ബ്രഹ്മക്ഷേത്രം എന്നും (ജാബാലോപനിഷത്ത്‌) പേരുകളുണ്ടായിരുന്നതായി പ്രാചീന പരാമര്‍ശങ്ങളില്‍ നിന്ന്‌ മനസ്സിലാക്കാന്‍ കഴിയും.

കുരുക്ഷേത്രത്തെ വലയം ചെയ്‌തിരുന്ന ഏഴു വനങ്ങളുടെയും (കാമ്യകവനം, അദിതിവനം, വ്യാസവനം, ഫലകീവനം, സൂര്യവനം, മധുവനം, സീതാവനം) ഒമ്പത്‌ നദികളുടെയും (സരസ്വതി, വൈതരണി, ആപഗ, മന്ദാകിനി, മധുസ്രാതസ്സ്‌, അംബുമതി, കൗശികി, ദൃഷദ്വതി, ഹിരണ്യവതി) പേരുകള്‍ വാമനപുരാണം വിവരിക്കുന്നു (ഇവ പലതും ആധുനീകരിച്ച പേരുകളോടുകൂടി കുരുക്ഷേത്രത്തിലും പ്രാന്തപ്രദേശങ്ങളിലും ഇന്നും കാണാം).

ഫലഭൂയിഷ്‌ഠമായ ഗംഗാസമതലത്തിലേക്കുള്ള പ്രവേശനകവാടമെന്ന നിലയില്‍ കുരുക്ഷേത്രം ഭാരതത്തിന്റെ രാഷ്‌ട്രീയത്തില്‍ നിര്‍ണായകമായ പങ്കാണ്‌ വഹിച്ചിട്ടുള്ളത്‌. മഹാഭാരതപ്രഥിതമായ സാമ്രാജ്യയുദ്ധത്തെത്തുടര്‍ന്ന്‌ പല ആധിപത്യമത്സരങ്ങളുടെയും രംഗവേദിയായി കുരുക്ഷേത്രം ചരിത്രത്തില്‍ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നു. തരൗരി, പാനിപ്പത്ത്‌, കുഞ്‌ജപുരം, കര്‍ണാല്‍ എന്നിവ ഭാരതചരിത്രത്തിലെ വഴിത്തിരിവുകള്‍ കുറിച്ച രണഭൂമികളായിരുന്നു. 20-ാം ശതകത്തിന്റെ ആരംഭം മുതല്‍ ഇന്ത്യന്‍ പുരാവസ്‌തുവകുപ്പും കുരുക്ഷേത്ര സര്‍വകലാശാലയിലെ ചരിത്രവിഭാഗവും ഇവിടെ നടത്തിക്കൊണ്ടിരിക്കുന്ന ഉത്‌ഖനന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ അമൂല്യമായ പല ചരിത്രവസ്‌തുതകളും പുറത്തുകൊണ്ടുവന്നു കൊണ്ടിരിക്കുന്നു. കുരുക്ഷേത്രത്തിലെ തീര്‍ഥങ്ങളില്‍ സൂര്യഗ്രഹണവേളയില്‍ സ്‌നാനം ചെയ്‌ത്‌ തര്‍പ്പണം നടത്തുന്നത്‌ വളരെ പാവനമായ കര്‍മമായി ഹിന്ദുക്കള്‍ കരുതിവരുന്നു. ഭാഗവതം മത്സ്യപുരാണം, കല്‍ ഹണന്റെ രാജതരംഗിണി, വരാഹമിഹിരന്റെ ബൃഹത്‌സംഹിത തുടങ്ങിയവയില്‍ ഗ്രഹണാവസാനത്തില്‍ കുരുക്ഷേത്ര തീര്‍ഥങ്ങളിലെ സ്‌നാനത്തിന്റെ ഫലശ്രുതികള്‍ വിവരിക്കുന്നുണ്ട്‌. അല്‍ ബിറൂണി, അബുറിഹാന്‍ തുടങ്ങിയ മധ്യകാല മുസ്‌ലിം സഞ്ചാരികളും ഈ സ്ഥലത്തിനുള്ള ആധ്യാത്മികമാഹാത്മ്യം വര്‍ണിക്കുന്നതില്‍ ഒട്ടും പിന്നിലായിരുന്നില്ല.

അറിയപ്പെടുന്ന ചരിത്രത്തില്‍ ഈ പ്രദേശത്തിന്റെ ആധിപത്യം വഹിച്ചിരുന്നത്‌ താ(സ്ഥാ)നേശ്വരത്തെ പുഷ്‌പഭൂതിവംശമായിരുന്നു. പുഷ്യമിത്രന്റെയും ഹൂണന്മാരുടെയും ആക്രമണങ്ങളുടെ ഫലമായുണ്ടായ അനിശ്ചിതാവസ്ഥയിലാണ്‌ ആദ്യത്തെ പുഷ്‌പഭൂതിരാജാവായ നരവര്‍ധനന്‍ തന്റെ വംശത്തിന്റെ ഭരണം ഇവിടെ സ്ഥാപിച്ചത്‌ (505). ഇവരുടെ ആധിപത്യം ഇവിടെ അവസാനചക്രവര്‍ത്തിയായ ഹര്‍ഷവര്‍ധനന്റെ ചരമം വരെ (647) നീണ്ടുനിന്നു. ഇതിനുശേഷം 1081 വരെ തോമരവംശമാണ്‌ ഈ സ്ഥലം തലസ്ഥാനമാക്കിക്കൊണ്ട്‌ ഇവിടം വാണത്‌. തോമരന്മാരില്‍ നിന്ന്‌ അധികാരം പിടിച്ചടക്കിയ ചൗഹാന്‍ വംശത്തിന്റെ അവസാനരാജാവായ പൃഥിരാജന്‍ കകക-നെ തരൗരി യുദ്ധത്തില്‍ വച്ച്‌ 1192-ല്‍ മുഹമ്മദ്‌ ഗോറി പരാജയപ്പെടുത്തിയതിനെത്തുടര്‍ന്ന്‌ ഉത്തരേന്ത്യയുടെ മറ്റു ഭാഗങ്ങളോടൊപ്പം കുരുക്ഷേത്രം ഉള്‍പ്പെടുന്ന പ്രദേശങ്ങളും മുസ്‌ലിം ഭരണത്തിലമര്‍ന്നു. ഗോറിയെത്തുടര്‍ന്ന്‌ അടിമ, തുഗ്ലക്ക്‌, സയ്യദ്‌, ലോദി, മുഗള്‍ എന്നീ വംശങ്ങളിലുള്ള അധിപതികളുടെ ഭരണവുമായി കുരുക്ഷേത്രത്തിന്റെ ഭാഗധേയങ്ങള്‍ കെട്ടുപിണഞ്ഞുകിടന്ന ഏതാനും നൂറ്റാണ്ടുകള്‍ കടന്നുപോയി. മുഗള്‍ ഭരണകാലത്ത്‌ കുരുക്ഷേത്രം മുസ്‌ലിങ്ങള്‍ക്കും സിക്കുകാര്‍ക്കുംകൂടി ഒരു പുണ്യസ്ഥലമായിത്തീര്‍ന്നു. സിക്കുകാരുടെ പല ഗുരുദ്വാരങ്ങളും ഗുരുനാനാക്കിന്റെ കാലം (1469-1539) മുതല്‍ ഇവിടെ ഉയര്‍ന്നുതുടങ്ങി. മുഗള്‍ശക്തിയുടെ അധഃപതനത്തോടുകൂടി പല അകാലിപ്രമാണികളുടെയും ആധിപത്യത്തിലൂടെ കുരുക്ഷേത്രത്തിന്‌ കടന്നുപോകേണ്ടതായി വന്നു. ഡല്‍ ഹിയുടെ കൈവശപ്പെടുത്തലോടുകൂടി വ്യാപിക്കാന്‍ തുടങ്ങിയ ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിയുടെ ശക്തിയില്‍ അവസാനം 1809-ല്‍ കുരുക്ഷേത്രവും അമര്‍ന്നു. എങ്കിലും വിദേശീയ ഭരണങ്ങള്‍ക്കെതിരായ നിരവധി കലാപങ്ങള്‍ കുരുക്ഷേത്രത്തില്‍ അനേകം സ്വാതന്ത്യ്രഭടന്മാരെയും രക്തസാക്ഷികളെയും സൃഷ്‌ടിച്ചിട്ടുണ്ട്‌. കൈതാള്‍ ലഹള (1842), 1845-46-ലെ ആംഗ്ലോ-സിക്കു യുദ്ധം, 1857-ലെ ഇന്ത്യന്‍ കലാപം, 1863-ല്‍ ശക്തി പ്രാപിച്ച വഹാബി പ്രസ്ഥാനം തുടങ്ങിയവയുടെ സിരാകേന്ദ്രം കുരുക്ഷേത്രഭൂമി തന്നെയായിരുന്നു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്യ്രസമരത്തിലെന്നപോലെ സുഭാഷ്‌ ചന്ദ്രബോസ്‌ നയിച്ച ഇന്ത്യന്‍ ദേശീയസേനയിലും കുരുക്ഷേത്രത്തില്‍ നിന്നുള്ള സാന്നിധ്യമുണ്ടായിരുന്നു.

കുരുക്ഷേത്രം ഇന്ന്‌ ഒരു പ്രതീകത്തിന്റെ പേരും കൂടിയാണ്‌. വിഷാദിയായ അര്‍ജുനന്റെ ആത്മാവിനെ ദുര്‍ബലമാക്കിയ സംശയങ്ങളെ വേരോടെ പിഴുതെറിഞ്ഞ്‌ അയാളെ കര്‍മസജ്ജനാക്കിയ ഗീതോപദേശം കുരുക്ഷേത്രത്തിലെ രണരംഗത്തുവച്ചാണ്‌ നടന്നത്‌. അതിഗംഭീരമായ ഒരു തത്ത്വചിന്തയുടെ ജന്മഭൂമിയാകാന്‍ കുരുക്ഷേത്രത്തിലെ മണ്ണിന്‌ ഭാഗ്യം ലഭിച്ചു. ഇന്നും മനുഷ്യമനസ്സുകളുടെ അഗാധതലങ്ങളെ ഇളക്കിമറിക്കുന്ന കോളിളക്കങ്ങള്‍ക്ക്‌ പ്രതീകമാണ്‌ "കുരുക്ഷേത്രം' എന്ന പദം. ആ സംശയങ്ങളുടെ ഇരുളടഞ്ഞ കാരാഗൃഹങ്ങളില്‍ നിന്ന്‌ ഉത്തമോപദേശത്തിന്റെ വെളിച്ചത്തില്‍ കണ്ണുതുറന്ന്‌ ഇറങ്ങിവരുന്ന മനുഷ്യന്‍ അവന്റെ കുരുക്ഷേത്രത്തിലെ ജേതാവാണ്‌. ഭഗവദ്‌ഗീതയിലെ ആദ്യശ്ലോകത്തില്‍ "ധര്‍മക്ഷേത്രം' എന്ന്‌ കുരുക്ഷേത്രത്തെ വര്‍ണിച്ചിരിക്കുന്നതിന്റെ അര്‍ഥവും മനുഷ്യാത്മാവിന്റെ ആധ്യാത്മികമായ ഈ അന്തഃസമരത്തിന്റെ കഥ തന്നെ.

കുരുക്ഷേത്രം എന്ന ഈ നിത്യവൈഭവമുളള പ്രതീകം കവികളെയും ദാര്‍ശനികരെയും എന്നും ഉത്തേജിപ്പിച്ചുണ്ട്‌. മലയാളത്തിലെ മികച്ച കവിതകളില്‍ ഒന്നായ കെ. അയ്യപ്പപ്പണിക്കരുടെ "കുരുക്ഷേത്രം' പ്രസ്‌താവയോഗ്യമാണ്‌.

3. രാമധാരിസിംഹ "ദിനകര്‍' എഴുതിയ ഒരു ഹിന്ദികാവ്യം. നിവൃത്തിപക്ഷത്തില്‍ യുദ്ധം ത്യാജ്യവും പ്രവൃത്തിപക്ഷത്തില്‍ ധര്‍മസ്ഥാപനത്തിനു യുദ്ധം സ്വീകാര്യവും കര്‍ത്തവ്യവുമാണെന്ന തത്ത്വമാണ്‌ ഇതിലെ പ്രതിപാദ്യം. കുരുക്ഷേത്രത്തിലെ മഹാഭാരതയുദ്ധമാണ്‌ പശ്ചാത്തലം. യുധിഷ്‌ഠിരനും ഭീഷ്‌മരും തമ്മിലുള്ള പ്രശ്‌നോത്തര രൂപത്തിലുള്ള അവതരണം ഹൃദ്യമാണ്‌.

(ചെങ്ങാരപ്പള്ളി നാരായണന്‍ പോറ്റി; ഡോ. കെ. രാഘവന്‍പിള്ള; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍