This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുരുക്കള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുരുക്കള്‍

ദക്ഷിണകേരളത്തിലെ അമ്പലവാസികളില്‍ ഒരു വിഭാഗം. ബ്രാഹ്മണരെപ്പോലെ ഇവരും പൂണൂല്‍ ധരിക്കുന്നുണ്ട്‌. ക്ഷേത്രത്തിലെ കഴകപ്പണിയാണ്‌ ഇവരുടെ പ്രധാന തൊഴില്‍ . വിളക്കെടുപ്പ്‌, മാലകെട്ടല്‍ , പൂക്കളൊരുക്കല്‍ തുടങ്ങിയ ജോലികളാണ്‌ ഇവരുടേത്‌. അപൂര്‍വം ചില ക്ഷേത്രങ്ങളില്‍ ഇവര്‍ പൂജാരികളുമാണ്‌. വാരിയര്‍, പിഷാരടി തുടങ്ങിയ മറ്റു അമ്പലവാസികളെപ്പോലെ ഇവര്‍ക്കും ക്ഷേത്രങ്ങളില്‍ നിന്ന്‌ പല ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്‌. ഉണ്ണി, വാരിയര്‍, ക്ഷത്രിയര്‍, നമ്പൂതിരി, വര്‍മ എന്നീ വിഭാഗങ്ങള്‍പ്പെട്ടവരുമായി കുരുക്കള്‍ അനുലോമവിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. "ഗുരുക്കള്‍' എന്ന പദത്തില്‍ നിന്ന്‌ ഉടലെടുത്തതാകാം കുരുക്കള്‍. ആചാര്യന്മാരുടെ പട്ടികയിലും ഇവര്‍ക്ക്‌ സ്ഥാനമുണ്ട്‌. ആയോധനവിദ്യയില്‍ അദ്വിതീയരായിരുന്ന കുരുക്കളെക്കുറിച്ചു വടക്കന്‍ പാട്ടുകളിലും മറ്റും പരാമര്‍ശമുണ്ട്‌.

കുരുക്കള്‍ ആഢ്യബ്രാഹ്മണര്‍ ആയിരുന്നുവെന്നാണ്‌ ഐതിഹ്യം. വില്വമംഗലം സ്വാമിയാര്‍ ഇവരുടെ ഗ്രാമം സന്ദര്‍ശിച്ചപ്പോള്‍ ഇവര്‍ അദ്ദേഹത്തെ വേണ്ടവിധത്തില്‍ ആദരിച്ചില്ലെന്നു മാത്രമല്ല, പരിഹസിക്കുകയും ചെയ്‌തുവത്ര. കുപിതനായ വില്വമംഗലം "ഒരിക്കലും ഉദ്‌ഗതി ഉണ്ടാകാതെ പോകട്ടെ' എന്ന്‌ ഇവരെ ശപിച്ചു. അങ്ങനെയാണ്‌ "കുരുക്കള്‍വംശം' ക്ഷയിച്ചതെന്നു കരുതപ്പെടുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ്‌ ഈ വിഭാഗക്കാര്‍ കൂടുതലായുള്ളത്‌. കൊച്ചി, മലബാര്‍ പ്രദേശങ്ങളില്‍ കുരുക്കള്‍ വിഭാഗത്തില്‍ പ്പെട്ട അമ്പലവാസികള്‍ ഇല്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍