This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമ്മാട്ടിക്കളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുമ്മാട്ടിക്കളി

ഒരു നാടന്‍ കലാരൂപം. വയനാട്‌, തൃശൂര്‍, പാലക്കാട്‌ (വടക്കാഞ്ചേരി, ആലത്തൂര്‍, കുനിശ്ശേരി, ചിറ്റൂര്‍) എന്നീ ജില്ലകളില്‍ പ്രചാരത്തിലുള്ള ഈ കല വിനോദപരമായും അനുഷ്‌ഠാനപരമായും നടത്താറുണ്ട്‌. തൃശൂരില്‍ ഓണാഘോഷങ്ങളോടനുബന്ധിച്ചാണ്‌ കുമ്മാട്ടി നടത്തപ്പെടുന്നത്‌. പാലക്കാട്‌ ജില്ലയില്‍ മണ്ണാന്മാരും തൃശൂരില്‍ നായന്മാരും വയനാട്ടില്‍ എല്ലാ ജാതിക്കാരും കുമ്മാട്ടി അവതരിപ്പിച്ചുവരുന്നു. കുമ്മാട്ടി എന്ന ഒരുതരം പുല്ല്‌ ദേഹത്തു ധരിച്ചുകൊണ്ട്‌ കളിക്കുന്നതിനാലാകാം ഈ വിനോദത്തിനു കുമ്മാട്ടിക്കളി എന്ന പേര്‌ ലഭിച്ചിട്ടുള്ളത്‌.

കുമ്മാട്ടിക്കളി

തൃശൂരില്‍ ഓണത്തിന്‌ നാലു ദിവസവും കുമ്മാട്ടിക്കളിയുണ്ടായിരിക്കും. കുട്ടികളും യുവാക്കളും മാത്രമേ ഇതില്‍ പങ്കെടുക്കാറുള്ളൂ. പുരുഷന്മാര്‍ തന്നെ സ്‌ത്രീവേഷവും കെട്ടും. തൃശൂരില്‍ വെള്ളായ്‌ക്കല്‍, കാരപ്പുറത്ത്‌ തുടങ്ങിയ നായര്‍വീട്ടുകാരാണ്‌ കളിക്കു നേതൃത്വം കൊടുക്കുന്നത്‌. വീടുവീടാന്തരം കയറിയിറങ്ങിയാണ്‌ കുമ്മാട്ടികളിക്കുന്നത്‌. കളി അവസാനിച്ചുകഴിയുമ്പോള്‍ വീട്ടുകാര്‍ കളിക്കാര്‍ക്ക്‌ ഓണക്കാലത്തെ വിഭവങ്ങളും കോടിമുണ്ടും സമ്മാനമായി നല്‌കുന്നു. പാലക്കാട്‌, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ കാര്‍ഷികോത്സവത്തിന്റെ ഭാഗമാണ്‌ കുമ്മാട്ടിക്കളി, മണ്ണാന്മാര്‍ അവതരിപ്പിക്കുന്ന കുമ്മാട്ടി മകരമാസത്തെ വിളവെടുപ്പുകഴിഞ്ഞാണ്‌ ആരംഭിക്കുന്നത്‌.

ചിറ്റൂരില്‍ കൊങ്ങന്‍പടയിലെ ഒരു ചടങ്ങായിട്ടാണ്‌ കുമ്മാട്ടി അവതരിപ്പിക്കുന്നത്‌. ദേവീസ്‌തുതിപരമായ ഈ കുമ്മാട്ടി വെള്ളിയാഴ്‌ച ദിവസമാണ്‌ സാധാരണ അരങ്ങേറുക. കുട്ടികളാണ്‌ ഇതിലെ കളിക്കാര്‍. കുമ്മാട്ടിക്കളിയില്‍ സാധാരണയായി എട്ടോ പത്തോ കുമ്മാട്ടി വേഷക്കാരും അഞ്ചോ എട്ടോ മറ്റു വേഷക്കാരും പങ്കെടുക്കുന്നു. പ്രധാനകഥാപാത്രമായ തള്ളക്കുമ്മാട്ടി തന്നെയാണ്‌ ഇതിലെ ഹാസ്യപാത്രവും. കളിക്കാരെല്ലാം ഓരോ തരത്തിലുള്ള മുഖാവരണങ്ങള്‍ ധരിച്ചിരിക്കും. കവുങ്ങിന്റെ പാളകൊണ്ടാണ്‌ മുഖാവരണങ്ങള്‍ നിര്‍മിക്കുക. തലമുടി ഉച്ചിയില്‍ കെട്ടിവച്ചിട്ടുള്ള പല്ലില്ലാത്ത കിഴവിയുടെ മുഖാവരണമാണ്‌ തള്ളക്കുമ്മാട്ടിക്കു നല്‌കുക. കാതില്‍ വഴുതിനങ്ങ കെട്ടിത്തൂക്കും; കുമ്മാട്ടിപ്പുല്ലുകൊണ്ട്‌ പാവാടയുണ്ടാക്കി അണിഞ്ഞിരിക്കും. തള്ളക്കുമ്മാട്ടി ഒരു കുമ്മാട്ടിക്കോലു പിടിച്ചുകൊണ്ട്‌ അഭിനയിക്കുന്നതോടൊപ്പം കളിക്കാരെ നിയന്ത്രിക്കുകയും ചെയ്യുന്നു. ശ്രീകൃഷ്‌ണന്‍, കിരാതന്‍, ഗണപതി, ദാരികന്‍, കാട്ടാളന്‍, ശിവന്‍ എന്നീ കഥാപാത്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന കളിക്കാര്‍ അതാതു വേഷങ്ങള്‍ക്കു യോജിച്ച മുഖാവരണം ധരിച്ചുകൊണ്ട്‌ കാഴ്‌ചക്കാരായി നോക്കി നില്‌ക്കുകയേയുള്ളൂ. കുമ്മാട്ടിയില്‍ കളിക്കാര്‍ പാടാറില്ല; പിന്‍ പാട്ടുകാര്‍ ഉണ്ടായിരിക്കും.

""ഉത്രാടംനാള്‍ അസ്‌തമനത്തില്‍
	എത്രയും മോഹിനി മോദത്തോടെ
	തെക്കന്‍, തെക്കന്‍ തെക്കിനിയപ്പന്‍
	തക്കത്തില്‍ ചില പേരുകള്‍ നല്‌കി
	ഗണനായകനും ഗുരുവരനും മേ
	തുണയായ്‌ വരണം കുമ്മാട്ടിക്ക്‌''
 

എന്ന ഗാനത്തോടെയാണ്‌ കുമ്മാട്ടിക്കളി തുടങ്ങുന്നത്‌.

""ഓണത്തപ്പാ കുടവയറാ
	നാണംകൂടാതടുത്തുവാ
	തേങ്ങാമരമതു കായ്‌ക്കണമെങ്കില്‍
	കുമ്മാട്ടിക്കൊരു തേങ്ങ കൊടുപ്പിന്‍''
 

ഇത്‌ ഓണക്കാലത്തെ കുമ്മാട്ടിക്കളിയിലെ ഒരു ഗാനമാണ്‌. ഗായകര്‍ തന്നെ പശ്ചാത്തലത്തില്‍ ഓണവില്ലും കൊട്ടുന്നു. പനയുടെ വാരി വളച്ചു മുളകൊണ്ടു ഞാണിട്ടാണ്‌ വില്ല്‌ നിര്‍മിക്കുന്നത്‌. ഇതില്‍ ഒരടി നീളമുള്ള കമ്പുകൊണ്ട്‌ കൊട്ടിയാണ്‌ ശബ്‌ദം പുറപ്പെടുവിക്കുന്നത്‌. ചെറിയ ചെണ്ടയും ഉണ്ടായിരിക്കും. ഇവയുടെ താളത്തിനനുസൃതമായി കളിക്കാര്‍ ചുവടുവച്ചുതുള്ളുന്നു. തനി നാടോടി രീതിയിലുള്ള കുമ്മാട്ടിപ്പാട്ടുകളില്‍ നിരര്‍ഥകങ്ങളെങ്കിലും രസകരങ്ങളായ ശൈലീപ്രയോഗങ്ങള്‍ കാണാം.

"കുണ്ടന്‍ കിണറ്റില്‍ കുറുവടി വീണാല്‍
	കുമ്പിട്ടെടുക്കും കുമ്മാട്ടി...'
 

എന്ന ഗാനം പ്രസിദ്ധമാണ്‌. മഹാബലിയുടെ വരവിനെ വര്‍ണിച്ചും ഭഗവതിയെ പ്രകീര്‍ത്തിച്ചുംകൊണ്ടുള്ള കുമ്മാട്ടിപ്പാട്ടുകളും പ്രചാരത്തിലുണ്ട്‌. പാട്ടിന്റെ ആരംഭത്തിലും അവസാനത്തിലും ആര്‍പ്പുവിളിയുണ്ടായിരിക്കും. ആന്ധ്രപ്രദേശിലെ "ഗുമ്മത്തി' വിഭാഗക്കാരുടെ ഗുമ്മത്തിക്കളി കുമ്മാട്ടിയുടെ ഒരു വകഭേദമാണ്‌.

(ചുമ്മാര്‍ ചൂണ്ടല്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍