This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമ്പളരാജവംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുമ്പളരാജവംശം

കേരളത്തിന്റെ വടക്കുഭാഗവും കര്‍ണാടകത്തിന്റെ തെക്കുഭാഗവും ചേര്‍ന്ന കുമ്പളനാടു ഭരിച്ചിരുന്ന രാജവംശം. ഇവര്‍ തുളു-മലയാള-കര്‍ണാടക സംസ്‌കാരങ്ങള്‍ ഉള്‍ക്കൊണ്ടവരാണ്‌. ഇവരുടെ ഉത്‌പത്തി ബനവാസി കദംബന്മാരില്‍നിന്നാണെന്നും ചേരമാന്‍ പെരുമാളില്‍നിന്നാണെന്നും ഉത്തരേന്ത്യയില്‍ നിന്നുവന്ന ഒരു ക്ഷത്രിയവംശത്തില്‍നിന്നാണെന്നും ഉള്ള അഭിപ്രായങ്ങള്‍ ഉന്നീതമായിട്ടുണ്ട്‌. ഇവയ്‌ക്കു ചരിത്രപരമായ തെളിവുകളൊന്നുമില്ല. പ്രാചീന കേരളത്തിലെ അറുപത്തിനാലു ഗ്രാമങ്ങളില്‍പ്പെട്ട തുളു-മലയാള പ്രദേശത്തിന്റെ അധിപന്മാരായ കുമ്പളരാജാക്കന്മാരെപ്പറ്റി സ്ഥലപുരാണങ്ങളില്‍ പരാമര്‍ശമുണ്ട്‌. 17-ാം ശതകത്തിന്റെ മധ്യംവരെ ഈ ദേശവഴിയില്‍, നേത്രവതീനദിക്കും പയസ്വിനീ നദിക്കും ഇടയ്‌ക്കു വ്യാപിച്ചുകിടക്കുന്ന മഞ്ചേശ്വരം, കുമ്പള, പെര്‍ദല, അങ്ങാടിമൊഗരു, കാസര്‍കോട്‌, മോഗ്രന്‍, വഞ്ചരുമഗനീസ്‌ എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. രാജകുടുംബത്തിലെ പിന്തുടര്‍ച്ചാവകാശം മരുമക്കത്തായ വഴിക്കായിരുന്നു. ബുക്കാനന്‍ (1801) പറയുന്നു: "മറ്റു മലയാള രാജാക്കന്മാരുടേതു പോലെയാണ്‌ അദ്ദേഹത്തിന്റെ (കുമ്പളരാജാവിന്റെ) കുടുംബത്തിന്റെയും ആചാരങ്ങള്‍. പുരുഷന്മാരെല്ലാം നായര്‍ സ്‌ത്രീകളെ വിവാഹം ചെയ്യുന്നു; പക്ഷേ അവരുടെ തമ്പാന്മാര്‍ എന്നു വിളിക്കപ്പെടുന്ന മക്കള്‍ക്കു പിന്തുടര്‍ച്ചയ്‌ക്ക്‌ അവകാശമില്ല. കുടുംബത്തിലെ മൂത്ത സ്‌ത്രീ തുളു ബ്രാഹ്മണനെയാണ്‌ ഭര്‍ത്താവാക്കുന്നത്‌. അവരുടെ ആദ്യത്തെ മകള്‍ കുടുംബപരമ്പര നിലനിര്‍ത്തുന്നു'. തെക്ക്‌ ചന്ദ്രഗിരിപ്പുഴ മുതല്‍ വടക്കു കുമ്പള വരെ വ്യാപിച്ചിരുന്ന ഈ നാട്ടില്‍ ഇന്നത്തെ കാസര്‍കോടു താലൂക്കിന്റെ ഏറിയഭാഗവും ഉള്‍പ്പെട്ടിരുന്നു.

പത്താം ശതകത്തില്‍ ജയസിംഹന്‍ ഭരണാധികാരിയായി ത്തീരുന്നതുവരെയുള്ള കുമ്പളരാജാക്കന്മാരുടെ ആദ്യകാലചരിത്രം അജ്ഞാതമാണ്‌. പ്രസ്‌തുതരാജകുടുംബത്തില്‍പ്പെട്ട ജയസിംഹന്‍ കക, ഗുണാപ്പരശന്‍, കാമദേവരശന്‍ എന്നീ രാജാക്കന്മാരെപ്പറ്റി സാഹിത്യത്തിലും ശിലാലേഖനങ്ങളിലും അങ്ങിങ്ങു ചില പരാമര്‍ശങ്ങള്‍ കാണാം. ഈ അപര്യാപ്‌തമായ പ്രഭവങ്ങളെ ആധാരമാക്കി കൃത്യമായി ഈ രാജവംശത്തിന്റെ കാലനിര്‍ണയം ചെയ്യാന്‍ വിഷമമാണ്‌. പതിനാറാം ശതകത്തിന്റെ ആദ്യം കുമ്പള നാടുവാഴികള്‍ വിജയനഗര രാജാക്കന്മാരുടെ അധികാരത്തിനു കീഴ്‌പ്പെട്ടതായി ശിലാലേഖനങ്ങളില്‍നിന്നും ബര്‍ബോസയുടെ വിവരണങ്ങളില്‍നിന്നും തെളിയുന്നു. ആ ശതകത്തിന്റെ മധ്യത്തില്‍ കേളടി നായ്‌ക്കന്മാര്‍ കുമ്പളസീമ ആക്രമിക്കുകയും 17-ാം ശതകത്തിന്റെ ആദ്യം നായ്‌ക്കന്മാരുടെ അധീശത്വം കുമ്പള നാടുവാഴികള്‍ക്ക്‌ അംഗീകരിക്കേണ്ടി വരികയും ചെയ്‌തു.

മേല്‍ക്കോയ്‌മയില്‍നിന്ന്‌ ഉപദ്രവം നേരിട്ടപ്പോള്‍, നാടുവാഴികളില്‍ ചിലര്‍ നായര്‍പ്രഭുക്കന്മാരുമായി കൂട്ടുചേര്‍ന്ന്‌ അധീശാധികാരത്തെ നിഷ്‌കാസനം ചെയ്യുന്നതിനു ചില വിഫലശ്രമങ്ങള്‍ നടത്തി. കേളടി നായ്‌ക്കന്മാരുടെ ഭരണകാലത്താണ്‌ കുമ്പള, നേത്രവതീനദിക്കും കുമ്പളനദിക്കും ഇടയ്‌ക്കു നാലുമഗണികളാക്കി കുറച്ചതും തലസ്ഥാനം മായ്‌പ്പാടിയിലേക്കു മാറ്റിയതും.

ഐതിഹ്യങ്ങളില്‍ രാമനാഥരശ്‌, പ്രൗഡദേവരായര്‍, വീരനരസിംഹന്‍, പലയനരസിംഹരായര്‍, അച്യുതന്‍, കവിസിംഹരശ്‌ എന്നീ രാജാക്കന്മാരുടെ പേരുകള്‍ പരാമൃഷ്‌ടമാവുന്നുണ്ട്‌. രാമനാഥരശിന്‌ ഇല്ലലയിലെ ചൗടനുമായി വിവാഹബന്ധം ഉണ്ടായിരുന്നു. കവി സിംഹരശ്‌ പൂജാദി കര്‍മങ്ങള്‍ക്കു മഞ്ചേശ്വരം ക്ഷേത്രത്തിലേക്കു ഭൂദാനം ചെയ്യുകയുണ്ടായി (1706).

മൈസൂറിലെ ഹൈദര്‍ ആലി 1763 ഏപ്രിലില്‍ കുമ്പള ആക്രമിച്ചു. ടിപ്പുവിന്റെ കാലത്ത്‌ ബ്രിട്ടീഷുകാരുമായി കൂട്ടുചേര്‍ന്ന കുമ്പളനാട്‌ നാടുവാഴിക്ക്‌, വലിയ കഷ്‌ടനഷ്‌ടങ്ങള്‍ നേരിട്ടു. ഈ ചുറ്റുപാടില്‍ നാടുവാഴിക്ക്‌ ബ്രിട്ടീഷുകാരുടെ തലശ്ശേരിയിലുള്ള ആസ്ഥാനത്തില്‍ അഭയാര്‍ഥിയായി കഴിയേണ്ടിവന്നു.

ടിപ്പുസുല്‍ത്താന്റെ പതനത്തിനു(1799)ശേഷം ബ്രിട്ടീഷുകാര്‍ രാജ്യം നാടുവാഴിക്കു വീണ്ടും കൊടുത്തുവെങ്കിലും 1808-ല്‍ അദ്ദേഹത്തെ അടുത്തൂണ്‍ നല്‌കി മാറ്റിനിര്‍ത്തി. സ്വദേശീയവും വിദേശീയവുമായ ഏതാനും രേഖകള്‍ കുമ്പളരാജാക്കന്മാരുടെ ഭൂനികുതി, സാമ്പത്തികപ്രവര്‍ത്തനങ്ങള്‍, മതനയം എന്നിവയെപ്പറ്റി രസകരമായ വിവരങ്ങള്‍ പ്രദാനം ചെയ്യുന്നു. ഭൂനികുതി കൂടാതെ, സീമവരദ (പണപരി), ഒസാഗി (വിശേഷവാര്‍ത്താവിനിമയത്തിന്‌ ചില പ്രത്യേക ദിവസങ്ങളില്‍ കൊടുക്കേണ്ട പണം), പഗുഡി (മുസ്‌ലിം ഭരണാധികാരികള്‍ക്കു കൊടുക്കേണ്ട പണം) എന്നിങ്ങനെ മറ്റു കരങ്ങളും രാജാക്കന്മാര്‍ ഈടാക്കിയിരുന്നു. കുമ്പളസീമയിലെ ജനങ്ങള്‍ കൃഷിയിലും കച്ചവടത്തിലും ഏര്‍പ്പെട്ടിരുന്നവരാണ്‌. രാജാവിനു സ്വേച്ഛപോലെ വിനിയോഗിക്കാവുന്ന പണ്ടാരവക വസ്‌തുക്കള്‍ ഉണ്ടായിരുന്നു. ഭൂമിയുടെ ക്രയവിക്രയങ്ങളില്‍ ഭരണാധികാരികള്‍ ജനങ്ങളുടെ അവകാശങ്ങളെ മാനിച്ചിരുന്നു.

പതിനെട്ടാം ശതകത്തില്‍ കുമ്പളയും മഞ്ചേശ്വരവും കുമ്പളസീമയിലെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രങ്ങളായിരുന്നു. നെല്ല്‌, തേങ്ങ, അടയ്‌ക്ക, ചന്ദനം, ഇരുമ്പ്‌, പഞ്ഞി എന്നീ വിഭവങ്ങള്‍ ഈ തുറമുഖങ്ങളില്‍ ധാരാളമായി വിറ്റഴിഞ്ഞിരുന്നു. കുമ്പളരാജാക്കന്മാര്‍ മഞ്ചേശ്വരം, മസ്സുരു, കണിപ്പുര (കുമ്പള) എന്നീ ക്ഷേത്രങ്ങളിലേക്കു ധനസഹായം നല്‌കി മതസംരക്ഷണം നടത്തിപ്പോന്നു. കണിപ്പുര ഗോപാലകൃഷ്‌ണന്‍ കുമ്പളരാജാക്കന്മാരുടെ കുടുംബപരദേവതയാണ്‌. അവരുടെ ഭരണകാലത്തു മതസൗഹാര്‍ദം അഭംഗുരം നിലനിന്നിരുന്നു. നോ: ഇക്കേരിനായ്‌ക്കന്മാര്‍.

(ഡോ. വസന്തമാധവ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍