This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമിള്‍നാശിനികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുമിള്‍നാശിനികള്‍

Fungicides

നെല്ലിനെ ബാധിച്ച കരിംപൂപ്പ്‌

ജന്തുക്കളിലും സസ്യങ്ങളിലും മറ്റും കാണുന്ന കുമിള്‍ രോഗങ്ങളെ (fungal diseases) നെിയന്ത്രിക്കുന്നതിന്‌ ഉപയോഗിക്കുന്ന രാസപദാര്‍ഥങ്ങള്‍. കൂണ്‍ അഥവാ കുമിള്‍, പൂപ്പ്‌ മുതലായവയെയാണ്‌ ഫംഗസ്‌ (fungus)എന്ന പദംകൊണ്ട്‌ വിവക്ഷിക്കുന്നത്‌. മറ്റു സസ്യങ്ങളില്‍ കാണുന്ന ക്ലോറോഫില്‍ ഇവയിലില്ല; സെല്ലുകളില്‍ സ്റ്റാര്‍ച്ചും ഇല്ല. സ്വയം ഭക്ഷണം നിര്‍മിക്കാത്ത ഇവ ആഹാരത്തിനുവേണ്ടി സസ്യങ്ങളെയും ജന്തുക്കളെയും ആശ്രയിക്കുന്നു. ഈ ആശ്രയം ആതിഥേയനെ കുമിള്‍രോഗങ്ങള്‍ക്കു വിധേയമാക്കുന്നു. കുമിള്‍രോഗങ്ങള്‍ പൂപ്പ്‌ (mildews), കരിംപൂപ്പ്‌ (smut), തുരുമ്പ്‌ (rust), മോള്‍ഡ്‌ (mould) തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്നു. സസ്യങ്ങളില്‍ കുമിള്‍ബാധമൂലം കുലവാട്ടം, തണ്ടുചീയല്‍, വര്‍ണവ്യത്യാസം, അമിതശാഖനം തുടങ്ങി പല പ്രത്യേകതകളും ഉണ്ടാകുന്നു. മനുഷ്യനില്‍ സാധാരണ കണ്ടുവരുന്ന ഒരു കുമിള്‍രോഗമാണ്‌ അത്‌ലറ്റ്‌സ്‌ ഫുട്ട്‌ (athlete's foot). ടീനിയ പിഡിസ്‌ (Tinea pedis)എന്ന കുമിളാണ്‌ ഈ രോഗത്തിനു കാരണം.

അത്‌ലറ്റ്‌സ്‌ ഫുട്ട്‌

കുമിള്‍ശല്യംമൂലം വിളകള്‍ക്കും മറ്റും പ്രതിവര്‍ഷം കോടിക്കണക്കിനുരൂപയുടെ നഷ്‌ടം ഉണ്ടാകുന്നുണ്ട്‌. ഫംഗസുകളുടെയും കീടങ്ങളുടെയും കളകളുടെയും ആക്രമണം മനുഷ്യന്‍ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു വെല്ലുവിളിയായി ഇന്നു മാറിയിട്ടുണ്ട്‌. പ്രയോഗരീതി, സ്വഭാവം, സംയോഗം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തി കുമിള്‍നാശിനികളെ പല വിഭാഗങ്ങളായി തിരിക്കാം. കാര്‍ഷിക കുമിള്‍നാശിനികള്‍, ഇലകളില്‍ പ്രയോഗിക്കുന്ന (foliar) കുമിള്‍നാശിനികള്‍, അകാര്‍ബണിക കുമിള്‍നാശിനികള്‍, കാര്‍ബണിക കുമിള്‍നാശിനികള്‍, ക്യുനോണുകള്‍, ആന്റിബയോട്ടിക്കുകള്‍, ദൈഹിക കുമിള്‍നാശിനികള്‍ (systemic fungicides) തുടങ്ങിയവ ഉദാഹരണങ്ങളാണ്‌.

വിപണിയില്‍ ഇന്നു ലഭിക്കുന്ന കുമിള്‍നാശിനികളില്‍ ഗണ്യമായ വിഭാഗം സംരക്ഷകങ്ങള്‍ (protectants) അഥവാ ഉപരിതല കുമിള്‍നാശിനികള്‍ (surface fungicides) ആണ്‌. ഇവ സസ്യഭാഗങ്ങളില്‍ പൊടിരൂപത്തില്‍ വിതറുകയോ ദ്രാവകരൂപത്തില്‍ സ്‌പ്ര ചെയ്യുകയോ പേസ്റ്റ്‌ രൂപത്തില്‍ തേച്ചുപിടിപ്പിക്കുകയോ ചെയ്യുന്നു. ഇവ സസ്യത്തിന്റെ ഉപചര്‍മത്തിലേക്ക്‌ (cuticle)കാര്യമായി തുളച്ചു കടക്കുകയോ സസ്യത്തില്‍ സ്ഥാനാന്തരണം(translocation) നടത്തുകയോ ചെയ്യുന്നില്ല. എന്നാല്‍ ദൈഹിക കുമിള്‍നാശിനികളുടെ കാര്യം കുറെയൊക്കെ വ്യത്യസ്‌തമാണെന്നു പറയാം. ഇവയെ വേര്‌, ഇല, വിത്ത്‌ മുതലായവയിലൂടെ സസ്യം ആഗിരണം ചെയ്യുന്നു. അതിവിഷകരങ്ങളായ ചില കുമിളുകള്‍ (fungi)ഉപചര്‍മത്തിലൂടെ കടന്ന്‌ സസ്യകലകളില്‍ പ്രവേശിക്കാറുണ്ട്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുമിള്‍ സസ്യകലകളില്‍ എത്തുന്നതിനു മുമ്പുതന്നെ കുമിള്‍നാശിനി പ്രയോഗിച്ചിരിക്കണം. വിളവെടുപ്പിനുശേഷം സൂക്ഷിക്കുന്ന വിത്തുകളിലും മുളപ്പിക്കാന്‍ വേണ്ടി മണ്ണില്‍ കുഴിച്ചിടുന്ന വിത്തുകളിലും ഒരു സംരക്ഷണമെന്ന നിലയില്‍ കുമിള്‍നാശിനികള്‍ പുരട്ടുന്നു.

ഒരു കുമിള്‍നാശിനി കാര്യക്ഷമവും ഫലപ്രദവുമായിരിക്കണമെങ്കില്‍ അതിന്‌ ചില ഗുണധര്‍മങ്ങള്‍ അവശ്യമുണ്ടായിരിക്കണം. പ്രധാനപ്പെട്ട ചിലവ ഇപ്രകാരമാണ്‌; സസ്യവിഷാക്തത (phytotoxicity) ഏറ്റവും കുറവായിരിക്കണം; ശീഘ്രപ്രവര്‍ത്തനശേഷി ഉണ്ടായിരിക്കണം; കുമിളിലേക്കു തുളച്ചുകടക്കാന്‍ ശേഷിയുണ്ടായിരിക്കണം. മഴയിലോ വെയിലിലോ മറ്റു കാലാവസ്ഥാ മാറ്റങ്ങളിലോ വേഗം നഷ്‌ടപ്പെടാതിരിക്കണം.

കുമിള്‍നാശിനികള്‍

പഴങ്ങള്‍, ഇലകള്‍, വിത്ത്‌ തുടങ്ങിയവയിലെല്ലാം തന്നെ കുമിള്‍നാശിനികള്‍ പ്രയോഗിക്കാം. ഏറ്റവുമധികം ഉപയോഗിച്ചുവരുന്നത്‌ സ്‌പ്ര രീതിയാണ്‌. ലായനിയോ നിലംബനമോ (suspension)സ്‌പ്രയിങ്ങിന്‌ ഉപയോഗിക്കാം. നിലംബനത്തില്‍ കണവലുപ്പം താരതമ്യേന കുറഞ്ഞിരിക്കുന്നുവെന്നത്‌ ഒരു വിശേഷപ്രയോജനമാണ്‌. ബാഷ്‌പീകരണസാധ്യത ഏറെയുണ്ടെങ്കിലും ചെറിയ തുള്ളികള്‍ ആകുന്നതാണ്‌ നല്ലത്‌. സ്‌പ്ര ചെയ്യുന്ന കുമിള്‍നാശിനിക്ക്‌ നല്ല വിസരണശേഷി ഉണ്ടായിരിക്കുന്നത്‌ നല്ലതാണ്‌. ഇലകളുടെ എല്ലാഭാഗത്തും ദ്രാവകം ഒഴുകിയെത്തണം. ഉണങ്ങി സസ്യഭാഗങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കുമിള്‍നാശിനികള്‍ പ്രകാശ രാസിക ഓക്‌സീകരണം, ജലാപഘടനം, കാര്‍ബൊണേഷന്‍, സൂര്യപ്രകാശവിഘടനം മുതലായ പ്രക്രിയകള്‍ക്കു വിധേയമാവരുത്‌. അങ്ങനെ സംഭവിക്കുന്നത്‌ കുമിള്‍നാശിനിയെ ദുര്‍ബലപ്പെടുത്തും. ഇലയില്‍ തളിക്കുന്ന കുമിള്‍നാശിനികളായ ക്ലോറാനിലും ഡൈകോളിനും തമ്മിലുള്ള പ്രധാന വ്യത്യാസം സൂര്യപ്രകാശത്തില്‍ ക്ലോറാനില്‍ അസ്ഥിരമാകുന്നുവെന്നതാണ്‌. ഇതിന്റെ അര്‍ഥം കുമിള്‍നാശിനികളുടെ എല്ലാത്തരത്തിലുള്ള വിഘടനപ്രക്രിയകളും ദോഷകരമാണെന്നല്ല. ചിലവയുടെ പ്രവര്‍ത്തന-മെക്കാനിസം തന്നെ ഇത്തരം രാസപ്രക്രിയകളെ ആശ്രയിച്ചാണിരിക്കുന്നത്‌. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌ നബാം എന്ന കുമിള്‍നാശിനി. ഇത്‌ പ്രവര്‍ത്തനോന്മുഖമാവുന്നത്‌ സസ്യ ഇലകളിലും മറ്റും വച്ചു നടക്കുന്ന ഓക്‌സീകരണത്തിലൂടെയാണ്‌.

ഇന്നു ലഭ്യമായ കുമിള്‍നാശിനികള്‍ എല്ലാംതന്നെ ഏറിയോ കുറഞ്ഞോ സസ്യവിഷാക്തത ഉള്ളവയാണ്‌. ആതിഥേയ സസ്യത്തിനു ദോഷകരമല്ലാത്ത കുമിള്‍നാശിനികള്‍ക്കുള്ള സാധ്യതകള്‍ക്കുവേണ്ടി പല ശ്രമങ്ങളും ഇന്നു നടക്കുന്നുണ്ട്‌. മിക്ക പരാന്നകുമിളുകളുടെയും കോശങ്ങളില്‍ ഉള്ളതും ഉയര്‍ന്ന സസ്യങ്ങളില്‍ ഇല്ലാത്തതുമായ കൈറ്റിന്‍ (chitin) എന്ന പദാര്‍ഥത്തിന്റെ ജൈവസംശ്ലേഷണത്തെ തടസ്സപ്പെടുത്തുന്ന യൗഗികങ്ങള്‍ കണ്ടെത്തുകയെന്നതാണ്‌ ഫലപ്രദമെന്നു പ്രതീക്ഷിക്കുന്ന ഒരു രീതി. കുമിള്‍നാശിനി ആക്രമണകാരിയായ കുമിളില്‍ പ്രവേശിച്ചുകഴിഞ്ഞാലുടന്‍ അത്‌ ഒരു ഭൗതിക മെക്കാനിസത്തിലൂടെയോ രാസമെക്കാനിസത്തിലൂടെയോ അതിന്റെ വിഷശക്തി കുമിളിലേക്കു പ്രവേശിപ്പിക്കുന്നു. രാസവിഷങ്ങള്‍ കുമിളിലെ എന്‍സൈമുകളുമായി പ്രതിപ്രവര്‍ത്തിച്ച്‌ അവയെ സംഹരിക്കുന്നു. ഭൗതിക മെക്കാനിസത്തില്‍ കുമിള്‍ കോശങ്ങളിലെ ജല-ലിപ്പിഡ്‌ (lipid) സന്തുലനത്തെയാണ്‌ തകരാറിലാക്കുന്നത്‌.

I. അകാര്‍ബണിക കുമിള്‍നാശിനികള്‍. സള്‍ഫര്‍, ലൈം-സള്‍ഫര്‍, കോപ്പര്‍, മെര്‍ക്കുറി യൗഗികങ്ങള്‍ തുടങ്ങിയ അകാര്‍ബണിക പദാര്‍ഥങ്ങളാണ്‌ ഏറ്റവുംപഴക്കമേറിയ കുമിള്‍നാശിനികള്‍. സള്‍ഫര്‍ ആണ്‌ ഇലയില്‍ തളിക്കാന്‍ ഉപയോഗിച്ച ആദ്യത്തെ കുമിള്‍നാശിനി. ക്രിസ്‌തുവിന്‌ ആയിരം വര്‍ഷം മുമ്പുതന്നെ ഇത്‌ കുമിള്‍നാശിനിയായും കീടനാശിനിയായും ഉപയോഗിച്ചിരുന്നു. മില്‍ഡ്യു (mildew) എന്ന പൂപ്പുരോഗത്തെ നിയന്ത്രിക്കാന്‍ സള്‍ഫര്‍ അനുയോജ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്‌. പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയില്‍ സള്‍ഫര്‍ പൗഡറുകളും പേസ്റ്റുകളും വ്യാപകമായി ഇപ്പോള്‍ തളിക്കുന്നുണ്ട്‌. സള്‍ഫറിന്റെ ബാഷ്‌പീകരണ ശക്തി അതിന്റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നു. സള്‍ഫറിന്റെ കണവലുപ്പം കുറയുന്തോറും അതിന്റെ പ്രവര്‍ത്തനക്ഷമത കൂടുന്നു. 93 മുതല്‍ 98 ശതമാനം വരെ സള്‍ഫര്‍ അടങ്ങിയ നേര്‍മയുള്ള പൊടി, 40 മുതല്‍ 98 ശതമാനം വരെ വീര്യമുള്ളതും വെള്ളത്തില്‍ കലക്കാവുന്നതുമായ പൊടി, ലൈം-സള്‍ഫര്‍ മിശ്രിതം തുടങ്ങി പലവിധത്തില്‍ സള്‍ഫര്‍ ഉപയോഗിച്ചുവരുന്നു. കയോലിന്‍ (Kaolin) ചേര്‍ത്ത്‌ നേര്‍പ്പിച്ച സള്‍ഫര്‍ അഥവാ കൊളോയ്‌ഡല്‍ സള്‍ഫറാണ്‌ ഏറ്റവും ഫലപ്രദം. ഈ കൊളോയ്‌ഡില്‍ 40 ശതമാനം സള്‍ഫര്‍ ഉണ്ടായിരിക്കണം. സള്‍ഫറിന്റെ കണവലുപ്പം 6μ m വ്യാസത്തില്‍ കുറവും ആയിരിക്കേണ്ടതുണ്ട്‌. സള്‍ഫറിന്റെ മറ്റൊരു പ്രധാന ചേരുവയായ ലൈം-സള്‍ഫര്‍, ഒരു ഭാഗം സ്ലേക്കഡ്‌ ലൈമും [Ca(OH)2], രണ്ടു ഭാഗം സള്‍ഫറും നാലു ഭാഗം ജലവും ചേര്‍ത്ത്‌ ഒരു മണിക്കൂര്‍ തിളപ്പിച്ച്‌ തയ്യാര്‍ ചെയ്യാം. ഓറഞ്ചു നിറത്തിലുള്ള ഈ മിശ്രിതത്തില്‍ കാത്സ്യം പെന്റാസള്‍ഫൈഡ്‌ (CaS5), കാത്സ്യം ടെട്രാ സള്‍ഫൈഡ്‌ (CaS4), കാത്സ്യം തയോസള്‍ഫൈറ്റ്‌ (CaS2O3), കാത്സ്യം സള്‍ഫൈറ്റ്‌ (CaSO3)എന്നിവ അടങ്ങിയിരിക്കും. വായു സാന്നിധ്യത്തില്‍ ഇവ വിഘടിച്ച്‌ മൂലകസള്‍ഫര്‍ വേര്‍തിരിയുന്നു. ഈ നവജാതസള്‍ഫര്‍ കുമിള്‍നാശിനിയായി ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. ഡൈ തയോ കാര്‍ബമേറ്റ്‌ കുമിള്‍നാശിനികളിലും സള്‍ഫര്‍ ഒരു ഘടകമാണ്‌. തയോവിറ്റ്‌, സ്‌പെര്‍സള്‍, സോള്‍ബാര്‍, കൊസാന്‍ എന്നീ പല പേരുകളില്‍ സള്‍ഫര്‍ കുമിള്‍നാശിനികള്‍ വിപണിയില്‍ ലഭ്യമാണ്‌. സള്‍ഫര്‍ കുമിള്‍നാശിനികളുടെ പ്രവര്‍ത്തനരീതി ഇനിയും വ്യക്തമായിട്ടില്ല. സള്‍ഫര്‍ ഒരു ഹൈഡ്രജന്‍ സ്വീകാരിയായി വര്‍ത്തിച്ച്‌ കുമിള്‍ കോശങ്ങളിലെ സാധാരണ റിഡോക്‌സ്‌ (redox) പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നുവെന്നതാണ്‌ ഇത്‌ സംബന്ധിച്ചു നിലവിലുള്ള പ്രബലമായ അഭിപ്രായം. സള്‍ഫര്‍ കുമിള്‍നാശിനികള്‍ സസ്‌തനങ്ങള്‍ക്കു പൊതുവേ ദോഷകരവുമല്ല.

ലോഹങ്ങളില്‍ കോപ്പര്‍, മെര്‍ക്കുറി എന്നിവയുടെ യൗഗികങ്ങളാണ്‌ പ്രധാനമായും കുമിള്‍നാശിനികളായി ഉപയോഗിക്കുന്നത്‌ (കുമിളുകള്‍ക്ക്‌ ഏറ്റവും വിഷകരമായ കാറ്റയോണ്‍ സില്‍വര്‍ ആണെങ്കിലും). ലോഹകാറ്റയോണുകളുടെ ആപേക്ഷിക വിഷശക്തി ഇപ്രകാരമാണ്‌: Ag>Hg>Cu>Cd>Cr>Ni>Pb>Co> Zn>Fe>Ca. ആവര്‍ത്തനപ്പട്ടികയിലെ സ്ഥാനം, കിലേറ്റിങ്‌ ശക്തി, ലോഹസള്‍ഫൈഡുകളുടെ സുസ്ഥിരത, കാറ്റയോണുകളുടെ വിദ്യുദ്‌ഋണത തുടങ്ങിയവയ്‌ക്ക്‌ ലോഹത്തിന്റെ വിഷശക്തിയുമായി ബന്ധമുണ്ട്‌.

18-ാം നൂറ്റാണ്ടു മുതല്‍ കോപ്പര്‍ കുമിള്‍നാശിനികള്‍ ഉപയോഗിച്ചു വരുന്നതായി അനുമാനിക്കാം. കോപ്പര്‍ അയോണ്‍ പൊതുവേ സസ്യങ്ങള്‍ക്കു ദോഷകരമായതിനാല്‍ ശുദ്ധലോഹത്തിനു പകരം അലേയമായ കോപ്പര്‍ യൗഗികങ്ങളാണ്‌ കുമിള്‍നാശിനി നിര്‍മാണത്തിന്‌ ഉപയോഗിക്കുക. കോപ്പര്‍ സള്‍ഫേറ്റാണ്‌ (CuSO4,5H2O) കുമിള്‍നാശിനിയായി ആദ്യം ഉപയോഗിച്ച കോപ്പര്‍ യൗഗികം. ഇവ ഗോതമ്പുമണികളിലും തടികളിലും കുമിള്‍ സംരക്ഷകമായി പ്രയോഗിച്ചുവന്നു. പില്‌ക്കാലത്ത്‌ ബേസിക്‌ കോപ്പര്‍ സള്‍ഫേറ്റ്‌ (CuSO4. 3Cu(OH)2, H2O) കോപ്പര്‍ ഓക്‌സിക്ലോറൈഡ്‌ (3Cu(OH)2. CuCl2), കോപ്പര്‍ സിങ്ക്‌ക്രാമേറ്റ്‌ (15CuO. 10ZnO. 6CrO3 25H2O) കുപ്രസ്‌ ഓക്‌സൈഡ്‌ (Cu2O), കോപ്പര്‍ കാര്‍ബണേറ്റ്‌, ബോര്‍ഡോ മിശ്രിതം തുടങ്ങി നിരവധി യൗഗികങ്ങള്‍ പ്രചാരത്തിലായി. കോപ്പര്‍ സാന്‍ഡോസ്‌, കോപ്പിസാന്‍, ഫംഗിമാര്‍, ഫംഗികോപ്പര്‍, പെരിനോക്‌സ്‌ മുതലായ വ്യാവസായിക നാമങ്ങളില്‍ കുപ്രസ്‌ ഓക്‌സൈഡ്‌ കുമിള്‍നാശിനികള്‍ ലഭ്യമാണ്‌. വളരെ പ്രചാരത്തിലുള്ള ഒരു കുമിള്‍നാശിനിയാണ്‌ ബോര്‍ഡോ മിശ്രിതം. 1885-ല്‍ മില്ലാര്‍ഡറ്റ്‌ എന്ന ശാസ്‌ത്രജ്ഞനാണ്‌ ഇത്‌ തയ്യാറാക്കിയത്‌. മുന്തിരിയിലെ ഒരുതരം പൂപ്പിന്‌ (mildew) എതിരായാണ്‌ ഇത്‌ ആദ്യം പ്രയോഗിച്ചത്‌. കുമ്മായത്തിന്റെയും തുരിശിന്റെയും മിശ്രിതമാണ്‌ ബോര്‍ഡോമിശ്രിതം. സാധാരണ ഉപയോഗിക്കുന്ന ഒരു ശതമാനം ബോര്‍ഡോമിശ്രിതത്തില്‍ 190 ലിറ്റര്‍ വെള്ളവും അതില്‍ 2.3 കിലോഗ്രാം തുരിശും ഏതാണ്ട്‌ അത്രയുംതന്നെ കുമ്മായവും അടങ്ങിയിരിക്കും. ബോര്‍ഡോമിശ്രിതം തയ്യാറാക്കിയാലുടന്‍തന്നെ ഉപയോഗിക്കണം. സമയം വൈകുന്തോറും അതിന്റെ ശക്തി കുറയുന്നു. ബോര്‍ഡോമിശ്രിതം കുഴമ്പുരൂപത്തിലും ഉപയോഗിക്കാം. 454 ഗ്രാം വീതം തുരിശും (CuSO4/(Ca(OH)2കുമ്മായവും 38 ലിറ്റര്‍ വെള്ളത്തില്‍ അരച്ചുചേര്‍ത്ത്‌ കുഴമ്പ്‌ നിര്‍മിക്കാവുന്നതാണ്‌. ബോര്‍ഡോമിശ്രിതത്തിന്റെ പ്രവര്‍ത്തന മെക്കാനിസം അതിസങ്കീര്‍ണമാണ്‌. ചേരുവകളുടെ അനുപാതവും നിര്‍മാണ വിധിയും ഔഷധത്തിന്റെ പ്രവര്‍ത്തനക്ഷമതയെ സ്വാധീനിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്‌.

ബോര്‍ഡോ മിശ്രിതത്തെക്കാള്‍ കുറേക്കൂടി കാര്യക്ഷമമാണ്‌ കോപ്പര്‍ ഓക്‌സിക്ലോറൈഡ്‌ കുമിള്‍നാശിനികള്‍. പല കുമിള്‍ രോഗങ്ങള്‍ക്കും പ്രതിവിധിയായി ഇത്‌ ഉപയോഗിക്കുന്നു. ബ്ലൂ കോപ്പര്‍, മൈകാപ്പ്‌, ഷെല്‍കോപ്പര്‍, ചാരികോപ്പ്‌ തുടങ്ങിയ പല പേരുകളില്‍ ഈ കുമിള്‍നാശിനി ലഭ്യമാണ്‌.

ചെമ്പു ചേര്‍ന്ന ഒരു കുമിള്‍നാശിനിയും സിനബ്‌ എന്ന ഒരു ജൈവകുമിള്‍നാശിനിയും ചേര്‍ന്ന ഒരു മിശ്രക്കുമിള്‍നാശിനിയാണ്‌ കോപ്പര്‍ സിനബ്‌. ഈ രണ്ടു ഘടകങ്ങളും ഒറ്റയ്‌ക്ക്‌ ഉപയോഗിക്കാവുന്നവയാണെങ്കിലും മിശ്രിതത്തിന്‌ പ്രവര്‍ത്തനക്ഷമത താരതമ്യേന കൂടുതലായാണ്‌ കണ്ടിട്ടുള്ളത്‌. പല പേരുകളില്‍ ഈ കുമിള്‍നാശിനി ലഭിക്കുന്നു. ഉദാ. സിങ്ക്‌ കോപ്പ്‌, മില്‍ടോക്‌സ്‌. കോപ്പര്‍ ഓക്‌സിനേറ്റ്‌ എന്ന കുമിള്‍നാശിനി തുണികളിലുണ്ടാകുന്ന കുമിള്‍ ആക്രമണത്തെയും ചെടികളിലെ കുമിള്‍ രോഗത്തെയും ചെറുക്കുന്നു.

ബാക്‌റ്റീരിയകളെ ആക്രമിക്കുന്നതിന്‌ മെര്‍ക്കുറിക്‌ ക്ലോറൈഡിനു കഴിയുമെന്ന്‌ വളരെക്കാലം മുമ്പുമുതല്‍ തന്നെ മനസ്സിലാക്കിയിരുന്നു. ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ്‌ കുമിള്‍നാശിനികളായി മെര്‍ക്കുറി യൗഗികങ്ങളെ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്‌. ഇതാകട്ടെ ഫലപ്രദമായ ഒട്ടധികം കുമിള്‍നാശിനികളുടെ കണ്ടെത്തലിനു കാരണമാവുകയും ചെയ്‌തു.

II. കാര്‍ബണിക കുമിള്‍നാശിനികള്‍

1. കാര്‍ബണിക മെര്‍ക്കുറി സംയുക്തങ്ങള്‍. കാര്‍ബണിക മെര്‍ക്കുറി കുമിള്‍നാശിനികളെ ഞ ഒഴ ത എന്നൊരു പൊതുനാമംകൊണ്ടു കുറിക്കാം. ഞ എന്നത്‌ ആരൈല്‍, ആല്‍ക്കൈല്‍, ആരൈലോക്‌സി, ആല്‍കോക്‌സി, ഈഥൈല്‍ തുടങ്ങിയ ഏതെങ്കിലും റാഡിക്കലുകള്‍ ആവാം; X എന്നത്‌ ക്ലോറൈഡ്‌, അസറ്റേറ്റ്‌, ലാക്‌ടേറ്റ്‌, യൂറിയ, കാര്‍ബമേറ്റ്‌ തുടങ്ങിയ ഏതെങ്കിലും ആനയോണിക ഗ്രൂപ്പും, R ഗ്രൂപ്പ്‌, യൗഗികത്തിന്റെ സുസ്ഥിരതയെയും ആനയോണിക ഗ്രൂപ്പ്‌ ലേയത്വത്തെയും നിയന്ത്രിക്കുന്നു.

മണ്ണില്‍വച്ച്‌ കാര്‍ബണിക മെര്‍ക്കുറിക്‌ യൗഗികങ്ങള്‍ മെര്‍ക്കുറിയായോ മെര്‍ക്കുറി ലവണമായോ വിഘടിക്കുന്നു. ഇവയാണ്‌ കുമിളുകളെ നശിപ്പിക്കുന്നത്‌. മണ്ണില്‍ ഇങ്ങനെ രൂപംകൊള്ളുന്ന മെര്‍ക്കുറി മണ്ണിലെ സൂക്ഷ്‌മജീവികളുടെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്ന ഹൈഡ്രജന്‍ സള്‍ഫൈഡുമായി പ്രതിപ്രവര്‍ത്തിച്ച്‌ മെര്‍ക്കുറി സള്‍ഫൈഡായി മാറുന്നു. വിത്തില്‍ പുരട്ടുന്നതിനും ഇലയിലുണ്ടാകുന്ന കുമിള്‍രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുമാണ്‌ ഇവ അധികം ഉപയോഗിക്കുന്നത്‌. മെര്‍ക്കുറി കുമിള്‍നാശിനികള്‍ക്കു ബാഷ്‌പീകരണ സ്വഭാവമുള്ളതുകൊണ്ട്‌ ഒരു പക്ഷേ തളിക്കുന്ന ലായനിയുടെ സ്‌പര്‍ശം ഏല്‌ക്കുന്നില്ലെങ്കിലും ബാഷ്‌പം കുമിളുകളെയും അവയുടെ രേണു(spores)ക്കളെയും നശിപ്പിക്കുന്നു. അഗ്രാസാന്‍, സിരസാന്‍, പനോജന്‍, ക്രമസോള്‍, ഹെക്‌സസാന്‍, അരിട്ടാന്‍, അല്ലഗോള്‍ തുടങ്ങി പല പേരുകളില്‍ മെര്‍ക്കുറി കുമിള്‍നാശിനികള്‍ വിപണികളില്‍ ലഭ്യമാണ്‌. ഈ കുമിള്‍നാശിനികള്‍ക്കുള്ള ഏറ്റവും വലിയ ദോഷം ഇവ മനുഷ്യനടക്കമുള്ള ജീവികള്‍ക്കും പരിസരത്തിനും ദോഷകരമാണെന്നതാണ്‌. നിരന്തരമായി ഇത്തരം കീടനാശിനികള്‍ കൈകാര്യം ചെയ്യുന്നത്‌ അപകടകരവുമാണ്‌. തലച്ചോറിനെയും വൃക്കയെയും ബാധിക്കുന്നു. കൂടാതെ മാനസികാസ്വാസ്ഥ്യം, കേള്‍വിക്കുറവ്‌ മുതലായവയും മെര്‍ക്കുറി വിഷം മൂലമുണ്ടാവുന്നു. ത്വക്കിലൂടെയും വായിലൂടെയും ശ്വാസനാളത്തിലൂടെയും മെര്‍ക്കുറി ശരീരത്തില്‍ കടക്കാം. 0.01 ാഴ/ാ3-ല്‍ കൂടിയ അളവില്‍ മെര്‍ക്കുറി കലര്‍ന്നിട്ടുള്ള വായു ശ്വസനക്ഷമമല്ല. മെര്‍ക്കുറി ത്വഗ്രാഗങ്ങള്‍ക്കു കാരണമാകുമെന്നതിനാല്‍ കൈയുറകള്‍ ധരിച്ചുവേണം മെര്‍ക്കുറി കുമിള്‍നാശിനികള്‍ കൈകാര്യം ചെയ്യാന്‍.

2. കാര്‍ബണിക ടിന്‍ യൗഗികങ്ങള്‍. അകാര്‍ബണിക ടിന്‍ യൗഗികങ്ങള്‍ കുമിള്‍നാശിനികള്‍ അല്ലെങ്കിലും ധാരാളം കാര്‍ബണിക ടിന്‍ യൗഗികങ്ങള്‍ കുമിള്‍നാശിനികളാണ്‌. ട്ര ആരൈല്‍, ട്ര ആല്‍ക്കൈല്‍ യൗഗികങ്ങളാണ്‌ ഇവയില്‍ വിശേഷപ്പെട്ടവ. സസ്യങ്ങള്‍, കീടങ്ങള്‍, കടലിലെ ചെറുതരം ജീവികള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇവ വിഷകരങ്ങളാണ്‌. തടി, തുണി, പെയിന്റ്‌ തുടങ്ങിയവയെ പൂപ്പലിന്റെ ആക്രമണത്തില്‍ നിന്നു നിരോധിക്കാനും ട്രബൂട്ടൈല്‍ ടിന്‍ ഹൈഡ്രാക്‌സൈഡ്‌ ഉപയോഗിച്ചുവരുന്നു. ജലവാഹനങ്ങളില്‍ പുരട്ടാനും അണുനാശകമെന്ന നിലയിലും ഇതിനു പ്രാധാന്യമുണ്ട്‌. ഫിനൈല്‍ മഗ്നീഷ്യം ബ്രാമൈഡും സ്റ്റാനിക്‌ ക്ലോറൈഡും തമ്മില്‍ പ്രതിപ്രവര്‍ത്തിപ്പിച്ച്‌ കാര്‍ബണിക ടിന്‍ യൗഗികങ്ങള്‍ നിര്‍മിക്കാം. പല യൗഗികങ്ങളും സസ്യങ്ങള്‍ക്കു ദോഷം ചെയ്യും. ബ്രസ്റ്റാന്‍ അഥവാ ട്രഫീനൈല്‍ ടിന്‍ അസറ്റേറ്റ്‌ ഉരുളക്കിഴങ്ങിലെ കുലവാട്ടം, കരിമ്പിലെ ഇലപ്പുള്ളിരോഗം, കാപ്പി, വാഴ മുതലായവയിലെ കുമിള്‍രോഗം എന്നിവയ്‌ക്ക്‌ ഉപയോഗിക്കുന്നു.

3. ഫീനോളുകള്‍. ഫീനോളുകള്‍ പ്രസിദ്ധങ്ങളായ ബാക്‌റ്റീരിയാനാശിനികളാണ്‌. ഇവ ശക്തങ്ങളായ കുമിള്‍നാശിനികള്‍ ആണെന്നും പില്‌ക്കാലത്ത്‌ തെളിഞ്ഞു. എന്നാല്‍ ഇവ സസ്യവിഷങ്ങളായതിനാല്‍ ഉപയോഗം വ്യാവസായികരംഗത്തു മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു. മണ്ണിലും തടിയിലും തുണിയിലും ഉള്ള കുമിളുകള്‍ക്ക്‌ എതിരായി മാത്രമേ ഇത്തരം കുമിള്‍നാശിനികള്‍ ഉപയോഗിക്കുന്നുള്ളൂ. തടിയില്‍ പുരട്ടുന്ന ക്രയോസോട്ട്‌ ഓയിലിനെ സംരക്ഷിക്കാനുപയോഗിക്കുന്ന ക്രസോള്‍, ക്ലോറിനീകൃത ഫീനോളുകള്‍ (ഉദാ. പെന്റാക്ലോറോഫീനോളുകളും അവയുടെ എസ്റ്ററുകളും) തുടങ്ങിയവ ഫലപ്രദമായി കണ്ടുവരുന്ന കുമിള്‍നാശിനികളാണ്‌. ഷിര്‍ലാന്‍ എന്നറിയപ്പെടുന്ന സാലിസിലാനിലൈഡ്‌, ഫിനോള്‍ കുമിള്‍നാശിനികളില്‍ ആദ്യത്തേത്‌ ആണെന്നു പറയാം. ഇന്ന്‌ ഏറ്റവും പ്രചാരത്തിലുള്ളത്‌ ഡൈനൈട്രാ ഫീനോളുകളാണ്‌. 2, 4 ഡൈ നൈട്രാ-ഒ-ക്രസോള്‍ (D N O C) ആദ്യം കീടനാശിനിയായും പിന്നീടു കുമിള്‍നാശിനിയായും ഉപയോഗിച്ചു. ഡിനോകാപ്പ്‌ എന്ന്‌ അറിയപ്പെടുന്ന കരാത്തേന്‍ 2, 4-ഡൈനൈട്രാ-6 (2-ഒക്‌ടൈല്‍) ഫിനൈല്‍ക്രാട്ടോണേറ്റ്‌ ആദ്യം അഫിഡ്‌നാശിനിയായി ഉപയോഗിച്ചു തുടങ്ങിയെങ്കിലും ക്രമേണ കുമിള്‍നാശിനിയായും മാറി. ഡിനോകാപ്പിനോടു സാദൃശ്യമുള്ള ബിനാപാക്‌റില്‍ ആപ്പിളിലെ പൂപ്പിന്‌ പ്രസിദ്ധമായ ഔഷധമാണ്‌. മരവും മരസ്സാമാനങ്ങളും കുമിളിന്റെ പ്രവര്‍ത്തനം കൊണ്ടു കേടുവരാതെ സൂക്ഷിക്കുന്ന ഒരു കുമിള്‍നാശിനിയാണ്‌ പെന്റാക്ലോറോഫീനോള്‍.

ചിതലിന്റെയും വണ്ടിന്റെയും ആക്രമണത്തെയും ഇത് ചെറുക്കും. കലകളെ നശിപ്പിക്കാനും ചിലപ്പോൾ ഉപയോഗിക്കാറുണ്ട്. 4 ശതമാനം വീര്യമുള്ള ദ്രവകമായാണ് മിക്കപോഴും ഇത് ലഭിക്കുക. വിവിധ ഫീനോലുകളുടെ ആക്രമണശേശി, ഒക്സീകരണ ഫോസ്ഫോരിലഷനെ ആയുഗ്മനം(uncouple) ചെയ്യുന്നതിനും അങ്ങനെ ഇലക്ട്രോണ്‍ സഞ്ചരണത്തെ ബാധിക്കാതെ അകാര്‍ബണിക ഫോസ്‌ഫേറ്റിനെ ATP (അഡിനോസിന്‍ ട്ര ഫോസ്‌ഫേറ്റ്‌)യിലേക്കു കടത്താതെ തടയുന്നതിനും ഉള്ള കഴിവിനെ ആശ്രയിച്ചിരിക്കുന്നു. ഈ പ്രക്രിയ കുമിളുകളുടെ മൈറ്റോകോണ്‍ഡ്രിയയ്‌ക്കകത്തുവച്ച്‌ നടക്കുന്നതിനാല്‍ അഠജ ലഭിക്കാതെ കുമിളിന്റെ വളര്‍ച്ച നശിക്കുന്നു.

4. ക്യൂനോണുകള്‍. സസ്യങ്ങളില്‍ത്തന്നെ നിരവധി ക്യുനോണുകള്‍ അടങ്ങിയിട്ടുണ്ട്‌; ഫംഗല്‍ മെറ്റബോളിസത്തിന്റെ (fungal metabolism) തന്നെ ഉത്‌പന്നങ്ങളുമാണ്‌ ഇവ. കുമിള്‍നാശിനിയായി ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഒരു ക്യൂനോണാണ്‌ ക്ലോറാനില്‍ അഥവാ ടെട്രാക്ലോറോ പാരാബെന്‍സോ ക്യൂനോണ്‍. ആദ്യം വിജയകരമായി ഉപയോഗിച്ച ഈ കാര്‍ബണിക കുമിള്‍നാശിനി സ്‌പെര്‍ഗാണ്‍ എന്ന പേരിലാണ്‌ വിപണിയില്‍ ലഭിക്കുന്നത്‌. മഞ്ഞനിറത്തിലുള്ള ക്രിസ്റ്റലാണ്‌ ഈ പദാര്‍ഥം. ഉരുകല്‍ നില 290ºC. 1843-ല്‍ ഇതു നിര്‍മിച്ചുവെങ്കിലും 1938 മുതലാണ്‌ കുമിള്‍നാശിനിയായി ഉപയോഗിച്ചുതുടങ്ങിയത്‌. വിത്തില്‍ പുരട്ടുന്നതിനും ചെടിയില്‍ തളിക്കുന്നതിനും ഇതുപയോഗിക്കുന്നു. വേരു ചീയലിനും തണ്ടു ചീയലിനും ഫലപ്രദമാണ്‌. വെള്ളത്തില്‍ കലക്കി ഉപയോഗിക്കാനുള്ള പൊടിയായി ഇതു ലഭിക്കുന്നു. ഡൈക്ലോണ്‍ (2, 3 ഡൈക്ലോറോ 1, 4 നാഫ്‌തൊ ക്യൂനോണ്‍), ഡൈതയനോണ്‍ (2, 3 ഡൈസയനോ 1, 4 ഡൈതയാ ആനസ്‌റാ ക്യൂനോണ്‍) എന്നിവയും ഈ വിഭാഗത്തിലെ ശ്രദ്ധേയമായ കുമിള്‍നാശിനികളാണ്‌.



ക്യൂനോണുകള്‍ അപൂരിത കീറ്റോണുകളാണ്‌. ഇവ സള്‍ഫിഹൈഡ്രില്‍ ഗ്രൂപ്പുകളുമായി (SH ഗ്രൂപ്പ്‌) പ്രതിപ്രവര്‍ത്തിക്കും. അതായത്‌ ഇവ കുമിള്‍സെല്ലിലെ സള്‍ഫിഹൈഡ്രില്‍ ഉള്‍ക്കൊള്ളുന്ന ശ്വസന എന്‍സൈമുകളുമായി സങ്കലന പ്രതിപ്രവര്‍ത്തനം നടത്തുന്നു. അതുകൊണ്ട്‌ ഇവയുടെ പ്രവര്‍ത്തന മെക്കാനിസം ക്യൂനോണ്‍ ന്യൂക്ലിയസുമായി എന്‍സൈമിനെ ബന്ധിപ്പിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു.



5. ഡൈതയോകാര്‍ബമേറ്റുകള്‍. ഡൈതയോകാര്‍ബമേറ്റുകളും അവയുടെ വ്യുത്‌പന്നങ്ങളും പ്രധാനപ്പെട്ട ഒരു വിഭാഗം കുമിള്‍നാശിനിയാണ്‌. തൈറം എന്ന്‌ അറിയപ്പെടുന്ന ടെട്രാമീഥൈല്‍ തൈറം ഡൈസള്‍ഫൈഡ്‌, ടെട്രാമീഥൈല്‍ തൈറം മോണോസള്‍ഫൈഡ്‌ തുടങ്ങിയവയുടെ നിര്‍മിതിയിലൂടെ 1934-ല്‍ സിഡേ വില്യംസ്‌ (Tsdale Williams) ആണ്‌ ഈ കുമിള്‍നാശിനികളെ ആദ്യം അവതരിപ്പിച്ചത്‌. ഇന്നും തൈറം ഇലകള്‍ക്കുണ്ടാകുന്ന പല രോഗങ്ങള്‍ക്കും എതിരായി പ്രയോഗിക്കുന്നു. വിത്തില്‍ക്കൂടി സംക്രമിക്കുന്ന രോഗങ്ങളെ തടയുന്നതിനും തൈകള്‍ക്ക്‌ ഉണ്ടാകുന്ന മൂടു ചീയല്‍ രോഗം തടയുന്നതിനും തൈറം ഫലപ്രദമാണ്‌. മനുഷ്യനും മൃഗങ്ങള്‍ക്കും വിഷകരമായതിനാല്‍ ഇതു സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതുണ്ട്‌. കാര്‍ബണ്‍ ഡൈസള്‍ഫൈഡ്‌, ഡൈമീഥൈല്‍ അമീന്‍ എന്നിവ പ്രതിപ്രവര്‍ത്തിപ്പിച്ച്‌ തൈറം തയ്യാറാക്കാം.

ഈ വിഭാഗത്തില്‍പ്പെടുന്ന മറ്റൊന്നാണ്‌ നബാം. ഡൈസോഡിയം എഥിലിന്‍ബിസ്‌ ഡൈതയോകാര്‍ബമേറ്റ്‌ എന്നാണ്‌ ഇതിന്റെ രാസനാമം. വേരുചീയലിനും ഇലരോഗത്തിനും ഇത്‌ ഉപയോഗിക്കുന്നു. ഡയത്തീന്‍ ഡി-14 എന്ന പേരിലും ഇത്‌ അറിയപ്പെടുന്നുണ്ട്‌.

ഡൈതയോ കാര്‍ബമേറ്റുകളുടെ ഭാരലോഹസങ്കരങ്ങള്‍ ഫലപ്രദമായ കുമിള്‍നാശിനികളാണെന്ന്‌ പില്‌ക്കാലത്തു തെളിഞ്ഞു. സൈറാം, ഫെര്‍ബാം, സിനബ്‌, മെനബ്‌, മെതാം തുടങ്ങിയവ ഉദാഹരണങ്ങള്‍. വെള്ളരി വര്‍ഗത്തിലെ ചെടികള്‍ക്കുണ്ടാകുന്ന ആന്ത്രക്‌നോസ്‌ രോഗത്തിന്‌ സൈറാം നല്ല പ്രതിവിധിയാണ്‌. കമാന്‍ (Caman) എന്നാണ്‌ ഇതിന്റെ വ്യാപാരനാമം. പൊടിയായിട്ടാണ്‌ ഇതു കിട്ടുന്നത്‌. സള്‍ഫര്‍ ചേര്‍ന്നിട്ടുള്ള ഒരു കുമിള്‍നാശിനിയാണ്‌ ഫെര്‍ബാം. ഗന്ധകം ഉപയോഗിക്കുന്നതിനെക്കാള്‍ ഫലപ്രദവും ദോഷരഹിതവുമാണ്‌ ഫെര്‍ബാം. ആപ്പിളിന്റെ സ്ലാബ്‌, ഉള്ളി, മുന്തിരി ഇവയ്‌ക്കുണ്ടാകുന്ന ചീയല്‍ തടയുന്നതിന്‌ ഈ കുമിള്‍നാശിനി പ്രയോഗിച്ചുവരുന്നു. ഇത്‌ മനുഷ്യര്‍ക്കും ജന്തുക്കള്‍ക്കും വിഷകരമല്ല. പച്ചക്കറിച്ചെടികള്‍ക്കും ഫലവൃക്ഷങ്ങള്‍ക്കും അലങ്കാരച്ചെടികള്‍ക്കും ഉണ്ടാകാറുള്ള പല രോഗങ്ങള്‍ക്കും ശക്തമായ ഒരു പ്രതിവിധിയാണ്‌ സിനബ്‌. ചെടികള്‍ക്ക്‌ സിങ്കിന്റെ അപര്യാപ്‌തതമൂലമുള്ള മഞ്ഞളിപ്പു പരിഹരിക്കുന്നതിനും ഇതു സഹായിക്കും. ബ്ലൈസിന്‍ എന്ന വ്യാപാരനാമവും ഇതിനുണ്ട്‌. സിനബിനോടു വളരെ സാദൃശ്യമുള്ള ഒന്നാണ്‌ മെനബ്‌. ഡയത്തേന്‍ എം-22, മന്‍സേറ്റ്‌ എന്നീ പേരുകളില്‍ ഇത്‌ അറിയപ്പെടുന്നു. അപൂര്‍വം അവസരങ്ങളില്‍ ഇത്‌ ചെടികള്‍ക്ക്‌ ദോഷകരമായും അനുഭവപ്പെട്ടിട്ടുണ്ട്‌. മെര്‍ക്കുറിയും ഡൈതയോകാര്‍ബമേറ്റ്‌ എന്ന ജൈവസംയുക്തവും ചേര്‍ന്ന ഒരു കുമിള്‍നാശിനിയാണ്‌ ഫിലം (phelam). ആപ്പിള്‍, കരിമ്പ്‌, കാപ്പി തുടങ്ങിയവയ്‌ക്കുണ്ടാകുന്ന രോഗങ്ങള്‍ക്ക്‌ ഇതു വളരെ ഫലപ്രദമാണ്‌. ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു ഗ്രാം എന്ന തോതില്‍ ഇതു കലക്കിത്തളിക്കാം. ഏറ്റവും അധികമായി ഉപയോഗിക്കപ്പെടുന്ന കുമിള്‍നാശിനികള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. സസ്‌തനികള്‍ക്കു ദോഷകരമല്ല എന്നൊരു സവിശേഷതയും ഇവയ്‌ക്കുണ്ട്‌.

6. കാപ്‌ടാനുകള്‍. N-ട്ര ക്ലോറോ മീഥൈല്‍ തയോഗ്രൂപ്പുകളുള്ള ചില യൗഗികങ്ങള്‍ മേല്‍ത്തരം കുമിള്‍നാശിനികളാണെന്നു കണ്ടിട്ടുണ്ട്‌. ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്‌ കാപ്‌ടാന്‍ (Captan). ഇതിന്റെ രാസനാമം N(ട്ര ക്ലോറോ മീഥൈല്‍ തയോ) 4-സൈക്ലോ ഹെക്‌സിന്‍ 1, 2 ഡൈകാര്‍ ബോക്‌സിമൈഡ്‌. ബ്യൂട്ടാസയീന്‍, മാലിക്‌ അന്‍ഹൈഡ്രഡ്‌ എന്നിവയില്‍ നിന്ന്‌ ഇതു നിര്‍മിക്കുന്നു.

റോസിനുണ്ടാകുന്ന കറുപ്പുപുള്ളി രോഗം, ആപ്പിള്‍, പിയര്‍ എന്നിവയ്‌ക്കുണ്ടാകുന്ന സ്‌കാബ്‌രോഗം, ഇലരോഗങ്ങള്‍ തുടങ്ങിയവയ്‌ക്ക്‌ കാപ്‌ടാന്‍ ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. മണ്ണില്‍ നിന്നുള്ള രോഗങ്ങളെ ചെറുക്കുന്നതിനും വിത്തുകളില്‍ പുരട്ടുന്നതിനും ഉപകാരപ്രദമായ ഈ കുമിള്‍നാശിനി 50 ശതമാനം വീര്യമുള്ള പൊടിയായി ലഭിക്കുന്നു. ഫോള്‍പെറ്റ്‌, ഡിഫോളറ്റാന്‍ എന്നിവ കാപ്‌ടാനോടു സാദൃശ്യമുള്ള കുമിള്‍നാശിനികളാണ്‌. ഉരുളക്കിഴങ്ങിനുണ്ടാകുന്ന കുമിള്‍ രോഗങ്ങള്‍ക്ക്‌ ഇവ ഉപയോഗിച്ചുവരുന്നു.

തക്കാളിച്ചെടിയിലെ ഇലചീയല്‍രോഗം



ഫോള്‍പെറ്റ്‌ ഡിഫോളറ്റാന്‍ സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും യാതൊരു ഉപദ്രവവും ഈ കുമിള്‍നാശിനികള്‍ സൃഷ്‌ടിക്കുന്നില്ല.

7. ക്ലോറോബെന്‍സിനുകള്‍. 1930-കളില്‍ത്തന്നെ ക്ലോറോനൈട്രാബെന്‍സിനുകള്‍ കുമിള്‍നാശിനികളായി ഉപയോഗിച്ചുവന്നിരുന്നു. അലിസാന്‍ എന്നറിയപ്പെടുന്ന 2, 6 ഡൈക്ലോറോ 4-നൈട്രാ അനിലിന്‍ വിളവെടുപ്പിനുശേഷം പഴവര്‍ഗങ്ങള്‍ സംരക്ഷിക്കാന്‍ ഉപയോഗിക്കുന്നു. പാരാനൈട്രാ അനിലിന്റെ ക്ലോറിനേഷന്‍ മൂലം ഇതു നിര്‍മിക്കാം. പെന്റാക്ലോറോ നൈട്രാ ബെന്‍സിന്‍ (PCNB) 1, 2, 4, 5-ടെട്രാക്ലോറോ-3, നൈട്രാബെന്‍സിന്‍ (PCNB) എന്നിവയും ഈ വിഭാഗത്തില്‍പ്പെടുന്നു. ജഇചആ ക്യാന്റോസിന്‍ എന്ന പേരിലും അറിയപ്പെടുന്നു. ബോട്രിറ്റിസ്‌, റിസോക്‌ടോണിയ, മക്കര്‍, ട്രക്കോഡെര്‍മ, ഫുസേറിയം തുടങ്ങിയ മണ്ണിലെ കുമിളുകള്‍ക്കാണ്‌ ഈ മരുന്നുകള്‍ ഏറ്റവും ഫലപ്രദം.

III. ദൈഹികകുമിള്‍ നാശിനികള്‍.(Systemic fungicides). ഇവ സസ്യമരുന്നുകള്‍ എന്നും അറിയപ്പെടുന്നു. സസ്യം വലിച്ചെടുത്ത്‌ സ്വശരീരത്തില്‍ സൂക്ഷിക്കുന്നവയാണ്‌ ഈ മരുന്നുകള്‍. ദൈഹിക കുമിള്‍നാശിനികള്‍ ഫലപ്രദമാകാന്‍ അവ ആതിഥേയ സസ്യത്തില്‍ ഫലപ്രദമായ രോഗപ്രതിരോധക ഏജന്റായി വര്‍ത്തിക്കണം, സസ്യവിഷമില്ലാത്തവയായിരിക്കണം, വേര്‌, വിത്ത്‌, ഇല തുടങ്ങിയ സസ്യഭാഗങ്ങളിലൂടെ ആഗിരണം ചെയ്യാനും സുരക്ഷിതമായി സസ്യങ്ങള്‍ക്കു സൂക്ഷിക്കാനും പറ്റിയതാവണം. കഴിയുന്നതും എല്ലാത്തരം കുമിളുകളെയും ചെറുക്കാന്‍ പര്യാപ്‌തവുമാവണം.

മറ്റു സംരക്ഷക കുമിള്‍നാശിനികള്‍ മഴയത്തും വെയിലത്തും കാറ്റിലും മറ്റും നഷ്‌ടപ്പെടുമ്പോള്‍ ഇവ സസ്യത്തില്‍ത്തന്നെ സുരക്ഷിതമായി സ്ഥിതിചെയ്യും. ഒരേസമയം സംരക്ഷകവും പ്രതിരോധകവുമായി ഇവ വര്‍ത്തിക്കുന്നു. സള്‍ഫൊണമൈഡുകള്‍, ആന്റിബയോട്ടിക്കുകള്‍, ഫീനൊക്‌സി ആല്‍ക്കേന്‍ കാര്‍ബോക്‌സിലിക്‌ അമ്ലങ്ങള്‍, ഫിനൈല്‍ തയോ യൂറിയ തുടങ്ങി വിവിധ വിഭാഗങ്ങളിലും പ്രകൃതത്തിലും പെട്ട ഒട്ടധികം ദൈഹികകുമിള്‍നാശിനികള്‍ ഇന്നും ലഭ്യമാണ്‌.

കുമിള്‍രോഗം ബാധിച്ച വാഴകള്‍

മനുഷ്യരോഗ ചികിത്സയ്‌ക്ക്‌ പെനിസിലിന്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ ദൈഹിക കുമിള്‍നാശിനികള്‍ക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചത്‌. ബാക്‌റ്റീരിയങ്ങള്‍ക്കും കുമിളുകള്‍ക്കും ഏറെ സാമ്യമുള്ളതിനാല്‍ കുമിള്‍നാശിനികളായി ആന്റിബയോട്ടിക്കുകളും ബാക്‌റ്റീരിയ നാശിനികളും പരീക്ഷിക്കാന്‍ തുടങ്ങി. അറിയപ്പെടുന്ന ബാക്‌റ്റീരിയ നാശിനികളായ സള്‍ഫൊണമൈഡുകള്‍ ഫലപ്രദമായ കുമിള്‍നാശിനികള്‍ കൂടിയാണെന്നു കണ്ടെത്താന്‍ ഏറെ വിഷമം വേണ്ടിവന്നില്ല. ഗോതമ്പിന്റെ തണ്ടുചീയലിന്‌ വേരുകളിലൂടെ സള്‍ഫൊണമൈഡുകള്‍ നല്‌കുന്നത്‌ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്‌. പഴവര്‍ഗങ്ങളിലെ പൂപ്പല്‍ തടയാനും ഇതു പറ്റിയതാണ്‌. ഈ കുമിള്‍നാശിനികള്‍ ആതിഥേയസസ്യത്തിനു ദോഷം ചെയ്യാനുള്ള സാധ്യത വിരളമല്ല. സള്‍ഫാഗ്വാനിഡിന്‍, സള്‍ഫാനിലൈഡ്‌, സള്‍ഫാതയാസോള്‍ എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്ന ചില കുമിള്‍നാശിനികളാണ്‌.

1. ആന്റിബയോട്ടിക്കുകള്‍. മോള്‍ഡ്‌ (mould), ബാക്‌റ്റീരിയ, കുമിള്‍ (fungus) തുടങ്ങിയ അതിസൂക്ഷ്‌മ ജീവികള്‍ ഉത്‌പാദിപ്പിക്കുന്ന രാസപദാര്‍ഥങ്ങളാണ്‌ ആന്റിബയോട്ടിക്കുകള്‍. ഇവയ്‌ക്കു ബാക്‌റ്റീരിയങ്ങളെ കൊല്ലാനും നിയന്ത്രിക്കാനും കഴിവുണ്ട്‌. നൂറുകണക്കിന്‌ ആന്റിബയോട്ടിക്കുകള്‍ ഇന്നു കണ്ടെത്തിയിട്ടുണ്ട്‌. മനുഷ്യരുടെയും മൃഗങ്ങളുടെയും രോഗചികിത്സയ്‌ക്ക്‌ ഉപയോഗിക്കുന്നതുപോലെ ഇവ സസ്യരോഗങ്ങള്‍ക്കും ഉപയോഗിക്കാം. പെനിസിലിന്‍ കുമിള്‍നാശിനി എന്ന നിലയില്‍ വേണ്ടത്ര പ്രയോഗക്ഷമമായിട്ടില്ലെങ്കിലും സ്‌ട്രപ്‌റ്റോമൈസിന്‍, ടെറാമൈസിന്‍ തുടങ്ങിയവ പലതരം പൂപ്പലുകള്‍ക്കും പറ്റിയ മരുന്നുകളാണെന്നു തെളിഞ്ഞിട്ടുണ്ട്‌. സസ്യവേരുകള്‍ വേഗം സ്‌ട്രപ്‌റ്റോമൈസിനെ വലിച്ചെടുക്കും. ഈ മരുന്ന്‌ അധികമായാല്‍ സസ്യത്തിലെ ക്ലോറോഫില്‍ സംശ്ലേഷണത്തെ തടസ്സപ്പെടുത്തും. അതുകൊണ്ട്‌ പ്രയോഗിക്കേണ്ട മരുന്നിന്റെ അളവില്‍ കൃത്യത പാലിക്കണം. ഒന്നുമുതല്‍ അഞ്ചു പി.പി.എം.ഡോസ്‌ വരെ കുമിള്‍നാശിനിയായി ഉപയോഗിക്കുന്നതില്‍ തകറാറില്ല. ഗോതമ്പിലെ തണ്ടുചീയല്‍, ചെറി (Cherry)ഇലകളിലെ നിറംമാറ്റം എന്നിവയ്‌ക്ക്‌ പറ്റിയ പ്രതിവിധിയാണ്‌ സ്‌ട്രപ്‌റ്റോമൈസിന്‍. പെനിസിലിന്‍ ഗ്രിസിയോ ഫള്‍വിനില്‍ നിന്നു വേര്‍തിരിച്ചെടുത്ത ഗ്രിസിയോ ഫള്‍വിന്‍ മറ്റൊരു കുമിള്‍നാശക ആന്റിബയോട്ടിക്കാണ്‌. വളരെ കുറഞ്ഞ ലേയത്വമുള്ള ഈ പദാര്‍ഥത്തിന്റെ ഉരുകല്‍ നില 222ºC. ചെടികളുടെ അസാധാരണ ശാഖനം (branching), ശരീരഭാഗങ്ങളുടെ വീര്‍ക്കല്‍ തുടങ്ങിയവയ്‌ക്ക്‌ ഇതുനല്ല പ്രതിവിധിയാണ്‌. പ്രത്യേക രോഗങ്ങള്‍ക്കു പറ്റിയ ഒട്ടധികം ആന്റിബയോട്ടിക്കുകള്‍ കുമിള്‍നാശിനികളായി ഇന്നു ലഭിക്കുന്നുണ്ട്‌. സൈക്ലോഹെക്‌സിമൈഡ്‌ അഥവാ ആന്റിഡയോണ്‍, ബ്ലാസ്റ്റിസിസിന്‍ എസ്‌, പോളിയോക്‌സിന്‍ ഡി, ബ്ലാസ്റ്റോസിസിന്‍, ഓറിയോ ഫന്‍ജിന്‍, അഗ്രിമൈസിന്‍ തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്‌. താരതമ്യേന ഉയര്‍ന്ന വില, കൈകാര്യം ചെയ്യുന്നതിലുള്ള സൂക്ഷ്‌മത, മരുന്നിന്റെ അളവ്‌ അധികമായാല്‍ സസ്യങ്ങള്‍ക്ക്‌ ഉണ്ടാകുന്ന ദോഷം തുടങ്ങിയവ ആന്റിബയോട്ടിക്‌ കുമിള്‍നാശിനികള്‍ സൃഷ്‌ടിക്കുന്ന അസൗകര്യങ്ങളാണ്‌.

2. തയോഫനേറ്റുകള്‍. തയോയൂറിയയെ അടിസ്ഥാനമാക്കിയുള്ള ഒരു വിഭാഗം ദൈഹിക കുമിള്‍നാശിനികളാണ്‌ തയോഫനേറ്റുകള്‍. ടോപ്‌സിന്‍ അഥവാ സെര്‍കോബിന്‍ എന്നറിയപ്പെടുന്നത്‌ 1, 2 ബിസ്‌ (3-ഈതോക്‌സി കാര്‍ബൊണില്‍-2 തയോ യൂറിസോ) ബെന്‍സിന്‍ എന്ന രാസനാമമുള്ള യൗഗികങ്ങളാണ്‌. തയോഫനേറ്റ്‌ എന്നും ഇതു പരക്കെ അറിയപ്പെടുന്നു. മില്‍ഡോത്തിന്‍ ഇതിന്റെ മീഥൈല്‍ അനുരൂപതയാണ്‌ (analogue). ആപ്പിള്‍, പിയര്‍ എന്നിവയിലെ പൂപ്പ്‌, നെല്ലിലെ ഓലവാട്ടം തുടങ്ങി നിരവധി സസ്യരോഗങ്ങള്‍ക്ക്‌ ഈ കുമിള്‍നാശിനികള്‍ ഫലപ്രദമാണ്‌.

3. ഓക്‌സാഥിനുകള്‍ (Oxathins). ദൈഹികകുമിള്‍നാശക ഗുണധര്‍മങ്ങളുള്ള ഹെറ്ററോ സൈക്ലികയൗഗികങ്ങളാണ്‌ ഓക്‌സാഥിനുകള്‍. കാര്‍ബോക്‌സിന്‍ അഥവാ വിവാടെക്‌സ്‌ (5, 6 ഡൈഹൈഡ്രാ-2-മീഥൈല്‍ 1, 4 ഓക്‌സാഥിന്‍-3 കാര്‍ബോക്‌സാനിലൈഡ്‌) ഓക്‌സികാര്‍ബോക്‌സിന്‍ എന്നിവ ഉദാഹരണങ്ങള്‍. ബാസിഡോമൈസെറ്റസ്‌ വിഭാഗം കുമിളുകള്‍ക്കെതിരെ ഇവ രണ്ടും ഫലപ്രദമാണ്‌. കുമിള്‍ കോശങ്ങളിലെ ഡി.എന്‍.എ., ആര്‍.എന്‍.എ., സംശ്ലേഷണത്തെയും ഗ്ലൂക്കോസ്‌, അസറ്റേറ്റ്‌ ഓക്‌സീകരണ മെക്കാനിസത്തെയും തടസ്സപ്പെടുത്തി കുമിളുകളെ ഇവ നേരിടുന്നതായി കരുതപ്പെടുന്നു.

4. പിരമിഡിനുകള്‍. മത്തന്‍, വഴുതന, അലങ്കാരച്ചെടികള്‍ തുടങ്ങിയവയ്‌ക്കുണ്ടാകുന്ന പൂപ്പല്‍ രോഗത്തിന്‌ പ്രതിവിധിയായി ഉപയോഗിച്ചുവരുന്ന ഡൈമിത്തിരിമോള്‍ അഥവാ മില്‍കാര്‍ബാണ്‌ പിരമിഡിന്‍ കുമിള്‍നാശിനികളില്‍ പ്രധാനം. 5-ബ്യൂട്ടൈല്‍, 2-ഡൈമീഥൈല്‍ അമിനോ, 4-ഹൈഡ്രാക്‌സി 6-മീഥൈല്‍ പിരിമിഡിന്‍ എന്നാണ്‌ ഇതിന്റെ രാസനാമം. ഏറെ ദിവസങ്ങള്‍ ഈ മരുന്നിന്റെ ശക്തി സസ്യത്തില്‍ നിലനില്‌ക്കും എന്നതാണ്‌ ഒരു പ്രത്യേകത. എത്തിരിമോള്‍ അഥവാ മില്‍സ്റ്റെം, ട്ര ആരിമോള്‍ എന്നിവയും വിപുലമായി ഉപയോഗിച്ചുവരുന്ന കുമിള്‍നാശിനികളാണ്‌.

ഏതാനും കാര്‍ബണിക ഫോസ്‌ഫറസ്‌ യൗഗികങ്ങളും കുമിള്‍നാശിനികളായി ഉപയോഗിക്കുന്നു. വെപ്‌സിന്‍, കിറ്റാസിന്‍-പി, കോണാന്‍ തുടങ്ങിയവ ഈ വിഭാഗത്തില്‍പ്പെടുന്ന പ്രധാനപ്പെട്ട കുമിള്‍നാശിനികളാണ്‌.

IV.പരിസ്ഥിതിയും കുമിള്‍നാശിനികളും. കുമിള്‍നാശിനികള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നതുമൂലം കോപ്പര്‍, സള്‍ഫര്‍ തുടങ്ങിയ ഘടകങ്ങള്‍ മണ്ണിലും വായുവിലും കൂടുതലായി കടന്നുകൂടുന്നു. ഇവ വര്‍ധിച്ച അളവില്‍ മണ്ണില്‍ നിലനില്‌ക്കുന്നത്‌ മണ്ണിലെ ജന്തു സമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നു. ഇത്‌ ആത്യന്തികമായി മണ്ണിന്റെ ഫലപുഷ്‌ടി കുറയ്‌ക്കുകയും സസ്യങ്ങളുടെ വളര്‍ച്ച മന്ദീഭവിപ്പിക്കുകയും ചെയ്യും. കുമിള്‍നാശിനികള്‍ ഒഴുകി നദികളിലും തടാകങ്ങളിലും മറ്റും എത്തി മത്സ്യം, പായല്‍ എന്നിവയെയും നശിപ്പിക്കാം. 0.2 ശതമാനത്തിലധികം കോപ്പര്‍ മണ്ണില്‍ ഉണ്ടായാല്‍ മണ്ണിന്റെ സ്വഭാവത്തിനാകെ മാറ്റം വരുന്നതായി തെളിഞ്ഞിട്ടുണ്ട്‌. കൃഷിയിടങ്ങളിലെ മണ്ണില്‍നിന്ന്‌ സൂക്ഷ്‌മാണുസമ്പത്ത്‌ നശിപ്പിക്കപ്പെടുന്നത്‌ ജൈവാവശിഷ്‌ടങ്ങളും മറ്റും ചീഞ്ഞളിഞ്ഞ്‌ മണ്ണില്‍ കലരുന്നതിന്‌ വിഘാതമാവും. വന്യജീവിതത്തിനു ദോഷകരമെന്നു കണ്ടതിനാല്‍ സ്വീഡനെപ്പോലുള്ള രാജ്യങ്ങള്‍ ആല്‍ക്കൈല്‍ മെര്‍ക്കുറി യൗഗികങ്ങളുടെ ഉപയോഗം നിരോധിച്ചിരിക്കുന്നു. മെര്‍ക്കുറി കലര്‍ന്ന വെള്ളത്തില്‍ ജീവിക്കുന്ന മത്സ്യങ്ങള്‍ പോലും ഭക്ഷ്യയോഗ്യമല്ലെന്നാണ്‌ തെളിഞ്ഞിട്ടുള്ളത്‌.

കുമിള്‍നാശിനികള്‍ പൊതുവേ പരിസ്ഥിതിക്ക്‌ ദോഷം ചെയ്യുന്നതിനാല്‍ കുമിളുകളുടെ ജൈവനിയന്ത്രണത്തിലാണ്‌ (Biological control)ഇന്നു കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്‌. നാശകാരികളായ കുമിളുകള്‍ക്കെതിരായി താരതമ്യേന നാശകാരികളല്ലാത്ത കുമിളുകളും ബാക്‌റ്റീരിയങ്ങളും ഉപയോഗിക്കുകയെന്നതാണ്‌ ജൈവനിയന്ത്രണത്തില്‍ ഉപയോഗിക്കുന്ന രീതി. ഇതു സംബന്ധിച്ച ഗവേഷണങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോള്‍ നടന്നുവരുന്നു.

(ചുനക്കര ഗോപാലകൃഷ്‌ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍