This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമാരദാസന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുമാരദാസന്‍

സിംഹളദ്വീപിലെ ഒരു സംസ്‌കൃത മഹാകവി. ഇദ്ദേഹത്തിന്റെ പിതാവ്‌ മാനിതനും അമ്മാവന്മാര്‍ മേഘനും അഗ്രബോധിയും ആണ്‌. മാതുലന്മാരിരുവരും വീരന്മാരും സംസ്‌കൃതപ്രമികളുമായിരുന്നു. അവരാണ്‌ കുമാരദാസന്റെ ജീവിതത്തിലും സാഹിത്യരചനയിലും സ്വാധീനത ചെലുത്തിയത്‌. അന്ധനായ ഇദ്ദേഹം സിംഹളത്തിലെ രാജാവ്‌ (ഭ.കാ. 517-26) ആയിരുന്നുവെന്നും മാതുലന്മാരുടെ സഹായത്തോടെയാണ്‌ രാജ്യം ഭരിച്ചതെന്നും ഐതിഹ്യമുണ്ട്‌.

ഇദ്ദേഹത്തിന്റെ കൃതി ഇരുപതു സര്‍ഗങ്ങളുള്ള ജാനകിഹരണ മഹാകാവ്യമാണ്‌. അതിന്റെ മൂലരൂപം പൂര്‍ണമായി ഉപലഭ്യമല്ല; 14 സര്‍ഗം മാത്രം ലഭിച്ചിട്ടുണ്ട്‌; അതുതന്നെയും മൂലകൃതിയുടെ സിംഹളഭാഷയിലുള്ള വിവര്‍ത്തനത്തെ ആധാരമാക്കി വീണ്ടും സംസ്‌കൃതത്തില്‍ എഴുതപ്പെട്ടിട്ടുള്ളതാണ്‌. രാജശേഖരന്‍ "ജാനകീഹരണം കര്‍ത്തും രഘുവംശേസ്ഥിതേ സതി കവിഃ കുമാരദാസശ്ച രാവണശ്ചയദി ക്ഷമൗ' എന്ന്‌ കാളിദാസന്റെ രഘുവംശം ഇരിക്കവേതന്നെ കുമാരദാസന്‍ ജാനകീഹരണത്തില്‍ തന്റെ പ്രതിഭാകൗശലം പ്രദര്‍ശിപ്പിച്ചിട്ടുള്ളതായി പ്രശംസിച്ചു കാണുന്നു. കാളിദാസന്റെ പ്രഭാവം ഇദ്ദേഹത്തിന്റെ കവിതയില്‍ സ്‌പഷ്‌ടമായി കാണാവുന്നതാണ്‌. വൈദര്‍ഭീ രീതിയില്‍ എഴുതപ്പെട്ട ഈ മഹാകാവ്യത്തില്‍ അലങ്കാരചമത്‌കാരം സര്‍വത്ര ദൃശ്യമാണ്‌. ഈ കാവ്യത്തില്‍ കവി തന്റെ സൂക്ഷ്‌മനിരീക്ഷണശക്തി ബാലപ്രകൃതിയുടെ സ്വാഭാവികവര്‍ണനയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍