This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുന്നംകുളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുന്നംകുളം

തൃശൂര്‍ ജില്ലയില്‍ തലപ്പിള്ളിത്താലൂക്കിലുള്ള ഒരു മുനിസിപ്പല്‍ പട്ടണം. ചര്‍ച്ച്‌ മിഷന്‍ സൊസൈറ്റി ഒഫ്‌ ഇന്ത്യയുടെ പ്രമുഖ കേന്ദ്രങ്ങളിലൊന്നാണ്‌ കുന്നംകുളം. അടയ്‌ക്കാവിപണനകേന്ദ്രം എന്ന നിലയിലും പട്ടണം പ്രസിദ്ധമാണ്‌. 1949-ല്‍ മുനിസിപ്പാലിറ്റിയായി.

കക്കാട്‌ കാരണവപ്പാടിന്റെയും അയിനിക്കൂര്‍ നമ്പിയുടെയും ഭരണത്തില്‍ ഇരുന്ന സ്ഥലമാണ്‌ കുന്നംകുളം. നഗരത്തിനു നാലു കി.മീ. വടക്കുള്ള ആര്‍ത്താറ്റ്‌ പള്ളി ടിപ്പുസുല്‍ ത്താന്റെ കാലത്ത്‌ ആക്രമിക്കപ്പെടുകയുണ്ടായി. ആ ആക്രമണങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ ഇവിടത്തെ ക്രസ്‌തവര്‍ ചിറളയം, മണക്കുളം എന്നീ രാജകുടുംബങ്ങളെ അഭയം പ്രാപിച്ചുവത്ര. പ്രസ്‌തുത രാജാക്കന്മാര്‍ ഇവര്‍ക്ക്‌ ധാരാളം വസ്‌തുവകകളും ദേവാലയങ്ങള്‍ സ്ഥാപിക്കാന്‍ സഹായവും നല്‌കി. ചിറളയം പള്ളി, പഴയപള്ളി, കുരിശുപള്ളി, പുത്തന്‍പള്ളി എന്നിവ കാലക്രമത്തില്‍ ഇവിടെയുണ്ടായി.

കുന്നംകുളത്തുനിന്ന്‌ ഏതാനും പത്രമാസികകള്‍ പ്രസിദ്ധീകരിച്ചിരുന്നു. എ.ആര്‍.പി. പ്രസ്സില്‍ നിന്ന്‌ പ്രസാധനം ചെയ്‌തിരുന്ന ആത്മപോഷിണി (1910)യാണ്‌ ഇവയില്‍ പ്രധാനം. കെ. രാമകൃഷ്‌ണപിള്ള, മൂര്‍ക്കോത്ത്‌ കുമാരന്‍, വള്ളത്തോള്‍, കുറ്റിപ്പുഴ തുടങ്ങിയവര്‍ ഇതിന്റെ പത്രാധിപത്യം വഹിച്ചുകൊണ്ട്‌ ഇവിടെ താമസിച്ചിരുന്നു. സുവിശേഷ വെണ്‍മഴു, നിഷ്‌പക്ഷവാദി, സുറിയാനിസഭാകാഹളം തുടങ്ങിയ സാമുദായിക പത്രങ്ങളും കഥാകൗമുദി എന്നൊരു സാഹിത്യമാസികയും ഇവിടെ നിന്നു പ്രസിദ്ധീകരിച്ചിരുന്നു. പ്രസിദ്ധീകരണരംഗത്ത്‌ ഇന്നും കുന്നംകുളം വിസ്‌മൃതമായിട്ടില്ല. തച്ചുശാസ്‌ത്രത്തിലും ജ്യോതിശ്ശാസ്‌ത്രത്തിലും പ്രസിദ്ധിനേടിയ കാണിപ്പയ്യൂര്‍ കുടുംബക്കാര്‍ സ്ഥാപിച്ച പഞ്ചാംഗം പ്രസ്സും, അത്യന്താധുനിക സജ്ജീകരണങ്ങളോടുകൂടിയ വിക്‌ടറി പ്രസ്സും ഇവിടത്തെ പേരെടുത്ത പ്രസിദ്ധീകരണ സ്ഥാപനങ്ങളാണ്‌. കേരളത്തിലെ പ്രസിദ്ധ ശിവക്ഷേത്രമായ പെരുമനം കുന്നംകുളത്തിനടുത്താണ്‌. സാമൂതിരിയും കൊച്ചിരാജാവും തമ്മിലുള്ള യുദ്ധങ്ങള്‍ക്ക്‌ ഈ സ്ഥലം സാക്ഷ്യംവഹിച്ചിട്ടുണ്ട്‌.

(വിളക്കുടി രാജേന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍