This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുന്തളവരാളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുന്തളവരാളി

കര്‍ണാടകസംഗീതത്തില്‍ പ്രചരിച്ചിട്ടുള്ള ഒരു ജന്യരാഗം. 28-ാമത്തെ മേളകര്‍ത്താവായ ഹരികാംബോജിരാഗത്തില്‍ നിന്ന്‌ രൂപംകൊണ്ടിട്ടുള്ള കുന്തളവരാളി ഒരു ഉപാംഗരാഗമാണ്‌.

ആരോ -സമപധനിധസ
അവ  -സനിധപമസ

ഒരു വക്ര-ഔഡവരാഗമായ കുന്തളവരാളിയില്‍ ഷഡ്‌ജം, പഞ്ചമം, ശുദ്ധമധ്യമം, ചതുഃശ്രുതി ധൈവതം, കൈശകിനീനിഷാദം മുതലായ സ്വരങ്ങളാണ്‌ പ്രയോഗിക്കുന്നത്‌. ആരോഹണത്തില്‍ മാത്രമേ വക്രസ്വരപ്രയോഗങ്ങള്‍ ഉള്ളൂ. ആരോഹണാവരോഹണങ്ങളില്‍ "രി', "ഗ' എന്നീ സ്വരങ്ങള്‍ വര്‍ജ്യമാണ്‌. മധ്യമസ്വരം ഈ രാഗത്തിന്റെ ജീവസ്വരവും രാഗച്ഛായാസ്വരവും ആയിവരുന്നു. ഒരു അര്‍ധകമ്പിതരാഗം (ചില സ്വരങ്ങള്‍ മാത്രം ഗമകത്തോടുകൂടി പാടുന്ന രാഗം) കൂടിയാണിത്‌. സമയഭേദമന്യേ പാടാവുന്ന ഈ രാഗത്തില്‍ പ്രത്യാഹതഗമകം (സനിനിധധപപമ) പ്രയോഗിക്കാറുണ്ട്‌. ശൃംഗാരസങ്കീര്‍ത്തനുലു എന്ന ഗ്രന്ഥത്തില്‍ ഈ രാഗത്തെപ്പറ്റിയുള്ള പ്രതിപാദനമുണ്ട്‌. ത്യാഗരാജ സ്വാമികളുടെ കാലത്തോടുകൂടിയാണ്‌ ഈ രാഗത്തിനു പ്രചാരം സിദ്ധിച്ചത്‌. "സരസരസമരൈ', "കലിനാരുലക', "ചെന്തനേസദാ' (ത്യാഗരാജസ്വാമികള്‍), "ഭോഗീന്ദ്രശായിനോ' (സ്വാതിതിരുനാള്‍), "തുംഗതരംഗേ' (സദാശിവബ്രഹ്മേന്ദ്രര്‍), "നിന്നുപൊഗഡതരമാ' (ജി.എന്‍.ബാലസുബ്രഹ്മണ്യം), "തില്ലാനനാദൃതീം' (തില്ലാന-ബാലമുരളീകൃഷ്‌ണ) എന്നിങ്ങനെ പല കൃതികളും ഈ രാഗത്തില്‍ രചിക്കപ്പെട്ടിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍