This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുത്തക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുത്തക

Monopoly

ഒരു ഉത്‌പാദകനോ വില്‌പനക്കാരനോ മാത്രമുള്ള മത്സരരഹിത കമ്പോളം. ഉത്‌പാദനത്തിന്റെ തോതിലും വിലനിലവാരത്തിലും നിയന്ത്രണമേര്‍പ്പെടുത്തിയാണ്‌ കുത്തകക്കാരന്‍ അമിതലാഭമുണ്ടാക്കുന്നത്‌. സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിനാവശ്യമായ "കമ്പോളമത്സര'ത്തെ ഇല്ലാതാക്കുന്നു എന്നതാണ്‌ കുത്തകയുടെ ഏറ്റവും വലിയ ന്യൂനത. സര്‍ക്കാര്‍ തലത്തിലും സ്വകാര്യതലത്തിലും കുത്തകകളുണ്ട്‌. ടെലിഫോണ്‍- കമ്പിത്തപാല്‍ സേവനങ്ങള്‍ സര്‍ക്കാര്‍ കുത്തകയ്‌ക്കുദാഹരണമാണ്‌. എന്നാല്‍ , സ്വകാര്യ തപാല്‍ -കൊറിയര്‍-മോണ്‍ കമ്പനികളുടെ ആവിര്‍ഭാവത്തോടെ ഈ രംഗത്തെ സര്‍ക്കാര്‍ കുത്തക അവസാനിച്ചു. തുകല്‍ സാധനങ്ങള്‍ നിര്‍മിക്കുന്നതില്‍ ബാറ്റാ കമ്പനിക്കുണ്ടായിരുന്ന കുത്തക, സ്വകാര്യകുത്തകയ്‌ക്കുദാഹരണമാണ്‌.

മോണൊസ്‌ (ഒറ്റ), പോളീന്‍ (വില്‌ക്കുക) എന്നീ ഗ്രീക്കുപദങ്ങളില്‍ നിന്നാണ്‌ "കുത്തക' എന്ന അര്‍ഥംവരുന്ന "മോണോപ്പൊളി' എന്ന ഇംഗ്ലീഷ്‌പദം നിഷ്‌പന്നമായിട്ടുള്ളത്‌. കുത്തകാവകാശം ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ ആകാം. ഇപ്പോള്‍ ഗവണ്‍മെന്റ്‌ നേരിട്ടു നടത്തുന്ന കുത്തകയിടപാടുകളുമുണ്ട്‌. ഉദാ. റെയില്‍ വേ.

കുത്തകയ്‌ക്ക്‌ ഒരു നീണ്ട ചരിത്രമുണ്ട്‌. ക്രിസ്‌ത്വബ്‌ദത്തിനു മുമ്പുതന്നെ ചൈന, ബാബിലോണിയ, ഇന്ത്യ എന്നിവിടങ്ങളില്‍ കുത്തകവ്യാപാരങ്ങള്‍ക്കെതിരായ നിയമങ്ങള്‍ പ്രാബല്യത്തിലുണ്ടായിരുന്നുവെന്നത്‌ കുത്തക അക്കാലത്തു നിലനിന്നിരുന്നുവെന്നതിനു തെളിവായി ചൂണ്ടിക്കാണിക്കാം. അരിസ്റ്റോട്ടലിന്റെ (ബി.സി. 384-322) കാലത്ത്‌ തേല്‌സില്‍ കുത്തക നിലനിന്നിരുന്നതായി അദ്ദേഹത്തിന്റെ പോളിറ്റിക്‌സ്‌ എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. ബി.സി. 330-23 കാലത്ത്‌ രാജ്യത്തിന്റെ സാമ്പത്തിക വരുമാനം വര്‍ധിപ്പിക്കുന്നതിനുവേണ്ടി ഗവണ്‍മെന്റ്‌ തന്നെ കുത്തകാവകാശം കൈവശം വച്ചിരുന്നതായും രേഖകളുണ്ട്‌. എ.ഡി. 1-ാം ശതകത്തില്‍ റോമിലെ ചക്രവര്‍ത്തിമാരായിരുന്ന ഫ്‌ളേവിയനും അന്റോനിനും ധാന്യങ്ങളുടെ കുത്തകാവകാശം കൈക്കലാക്കിയിരുന്നു. ധാന്യങ്ങളുടെ പ്രദാനത്തില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയാണ്‌ ഇവര്‍ ജനങ്ങളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തിയത്‌. 483-ലെ സിനോശാസനത്തിലും ജസ്റ്റിനിയന്റെ നിയമസംഹിതയിലും കുത്തകയോടു സാദൃശ്യമുള്ള ചില സംവിധാനങ്ങള്‍ ചില മേഖലകളില്‍ നിലനിന്നിരുന്നതായുള്ള പരാമര്‍ശങ്ങള്‍ കാണാം.

മധ്യയുഗമായതോടെ കുത്തകസമ്പ്രദായം സര്‍വസാധാരണമായിത്തീര്‍ന്നു; കുത്തക വ്യവസ്ഥയെ പിന്താങ്ങുന്ന തരത്തിലുള്ള നിയമസംവിധാനങ്ങളോടൊപ്പം കുത്തകാവകാശത്തിന്റെ നിഴലില്‍ വിലവര്‍ധനവുണ്ടാക്കുന്ന വ്യാപാരികളെ നിര്‍ദയമായി ശിക്ഷിക്കുന്നതിലും സര്‍ക്കാര്‍ ശ്രദ്ധിച്ചുവന്നു. 12-ാം ശതകത്തിലാണ്‌ കുത്തകാധികാരങ്ങളുള്ള "ഗില്‍ ഡു'കള്‍ ഉദയം ചെയ്‌തത്‌. ഒരേ ഉത്‌പന്നം ഉത്‌പാദിപ്പിക്കുന്ന ഉത്‌പാദകരുടെയോ വിതരണക്കാരുടെയോ സംഘടനയായ ഗില്‍ ഡിനു കുത്തകാധികാരമുണ്ടായിരുന്നു. ലണ്ടനിലെ സ്വര്‍ണപ്പണിക്കാരുടെ ഗില്‍ ഡില്‍ അംഗത്വമില്ലാത്ത ആര്‍ക്കുംതന്നെ അമൂല്യരത്‌നങ്ങളുടെ പണിയില്‍ ഏര്‍പ്പെടാന്‍ കഴിയില്ല എന്നതായിരുന്നു 16-ാം ശതകത്തിലെ സ്ഥിതി. ഇതുപോലെ മറ്റു വ്യാപാരങ്ങള്‍ക്കും വാണിജ്യങ്ങള്‍ക്കും ഗില്‍ ഡുകളുണ്ടായി. വിദേശവാണിജ്യങ്ങളുടെ കുത്തകയും ഇതുപോലെ നല്‌കപ്പെട്ടു. ഹഡ്‌സണ്‍ ബേ കമ്പനി, 1600-ല്‍ രാജകീയ വിളംബരത്തിലൂടെ സ്ഥാപിതമായ ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാക്കമ്പനി എന്നിവ ഇതിനുദാഹരണങ്ങളാണ്‌.

രാജകീയ ചാര്‍ട്ടറുകളിലൂടെ കുത്തകാവകാശം നല്‌കുന്ന പതിവ്‌ 16-ാം ശതകത്തിലാണ്‌ ആരംഭിച്ചതെന്നു പറയാം. നിരവധി ടിന്‍ ഖനികളില്‍ നിന്നു ഖനനം ചെയ്യുന്ന ടിന്‍ മൂന്നുവര്‍ഷത്തേക്കു വില്‌ക്കുന്നതിനുള്ള കുത്തകാവകാശം സാക്‌സണിയിലെ ഡ്യൂക്കായ ജോര്‍ജ്‌ 1539-ല്‍ മൈക്കല്‍ പഫറിനു കൊടുത്തത്‌ ഇതിനുദാഹരണമാണ്‌. ഇതിനു പകരമായി ഖനികള്‍ പ്രവര്‍ത്തിക്കുന്നതിനുവേണ്ട പണം പഫര്‍ നല്‌കിവന്നു.

1467-ല്‍ ബേണില്‍ കടലാസുനിര്‍മാണത്തിനു നല്‌കിയ കുത്തക, 1469-ല്‍ വെനിസില്‍ അച്ചടിക്കു നല്‌കിയ കുത്തക, 1507-ല്‍ ദര്‍പ്പണ നിര്‍മാണത്തിനു വെനീസില്‍ നല്‌കിയ കുത്തക എന്നിവ മറ്റുദാഹരണങ്ങളാണ്‌. 1590 ആയതോടെ കടലാസ്‌, ദര്‍പ്പണം, വിനാഗിരി, കറിയുപ്പ്‌, സ്റ്റാര്‍ച്ച്‌, എണ്ണ തുടങ്ങി ചീട്ടുകളിക്കാവശ്യമായ കാര്‍ഡുകള്‍ ഉള്‍പ്പെടെ മിക്ക സാധനങ്ങളുടെയും ഉത്‌പാദനവിതരണങ്ങള്‍ക്കുള്ള കുത്തക നല്‌കപ്പെട്ടു. രാജാധികാരത്തില്‍ നിന്നു നല്‌കപ്പെടുന്ന ഈ കുത്തകാവകാശത്തെ ഇംഗ്ലീഷ്‌ പാര്‍ലമെന്റ്‌ നിശിതമായി വിമര്‍ശിച്ചതിന്റെ ഫലമായാണ്‌ കുത്തകകളെ നിയന്ത്രിച്ചുകൊണ്ടുള്ള 1624-ലെ "സ്റ്റാറ്റ്യൂട്ട്‌ ഒഫ്‌ മോണോപ്പൊളീസ്‌' പാസാക്കപ്പെട്ടത്‌. 17-ാം ശതകത്തിനു മുമ്പുതന്നെ മിക്ക യൂറോപ്യന്‍ രാഷ്‌ട്രങ്ങളിലും കുത്തകകള്‍ നിയന്ത്രണവിധേയമാക്കാനുള്ള നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നിരുന്നു.

19-ാം ശതകത്തിന്റെ ആദ്യപാദത്തില്‍ വ്യാവസായിക കുത്തകകളുടെ ഒരു വേലിയേറ്റം തന്നെയുണ്ടായെന്നു പറയാം. പ്രവിശ്യകളില്‍ ഒതുങ്ങിനിന്ന കുത്തകവ്യാപാരങ്ങള്‍ ദേശീയവും അന്താരാഷ്‌ട്രീയവുമായ നിലവാരത്തിലേക്കുയര്‍ന്നത്‌ ഇക്കാലത്താണ്‌. അന്താരാഷ്‌ട്രീയ ഗതാഗതരംഗത്തുണ്ടായ പുരോഗതിയോടൊപ്പം അന്താരാഷ്‌ട്രീയ കുത്തകവാണിജ്യവും പരിപുഷ്‌ടമായി; എന്നാല്‍ കുത്തകക്കാരുടെ സംഘടനയ്‌ക്ക്‌ അതിനുതക്ക കെട്ടുറപ്പുണ്ടായിരുന്നില്ല; അതിന്റെ ഫലമായി മിക്ക സംഘടനകളും പൊളിഞ്ഞുപോകുകയാണുണ്ടായത്‌. 1880-കളില്‍ ഈ ദുഃസ്ഥിതിക്കു പരിഹാരമെന്നോണം "ട്രസ്റ്റ്‌' രൂപവത്‌കരണം സാധാരണമായി. 1882-ല്‍ "സ്റ്റാന്‍ഡേഡ്‌' ഓയില്‍ കമ്പനി' ട്രസ്റ്റായി മാറിയതാണ്‌ ആദ്യത്തെ ട്രസ്റ്റ്‌ സമാരംഭം. 1890-കളില്‍ എണ്ണ, പഞ്ചസാര, മദ്യം തുടങ്ങി മിക്ക ഉത്‌പന്നങ്ങള്‍ക്കും ട്രസ്റ്റുകളുണ്ടായി. ട്രസ്റ്റുകളും കുത്തകകള്‍ തന്നെ ആയിരുന്നു. ട്രസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണാധീനമായതോടെയാണ്‌ ട്രസ്റ്റുകളെ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങള്‍ ഇംഗ്ലണ്ടിലും യു.എസ്സിലും പാസാക്കപ്പെട്ടത്‌.

ട്രസ്റ്റുകള്‍ക്ക്‌ സമാനങ്ങളാണ്‌ "കാര്‍ട്ടലു'കള്‍. ഉത്‌പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെ അളവിലോ വിലയിലോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുത്തക സാധ്യമാക്കുകയാണ്‌ കാര്‍ട്ടലുകളുടെയും ലക്ഷ്യം. ജര്‍മനിയില്‍ ചെറുകിട ഉത്‌പാദകരുടെ ഒരു സംഘമായി ആരംഭിച്ച കാര്‍ട്ടല്‍ പിന്നീട്‌ വന്‍കിട ഉത്‌പാദകരുടെ സംഘടനയായി വികാസം പ്രാപിച്ചു. ജര്‍മനിയിലെ ഇരുമ്പുത്‌പാദകര്‍ തങ്ങളുടെ ഉത്‌പന്നങ്ങള്‍ വിദേശങ്ങളില്‍ കുന്നുകൂട്ടി തങ്ങളുടെ രാജ്യത്ത്‌ ഉത്‌പന്നങ്ങളുടെ വില ക്രമാതീതമായി വര്‍ധിപ്പിച്ച പ്രക്രിയയെ 1879-ല്‍ ജര്‍മന്‍ ഗവണ്‍മെന്റിന്റെ ഒരു ഡെപ്യൂട്ടിയായ ഇ. റിച്‌റ്റര്‍, "കാര്‍ട്ടല്‍ ' എന്ന്‌ വിശേഷിപ്പിച്ചതോടെയാണ്‌ കുത്തകയ്‌ക്കു സദൃശമായ "കാര്‍ട്ടല്‍ ' എന്ന സംജ്ഞ ആദ്യമായി പ്രയോഗത്തില്‍ വന്നത്‌. ജര്‍മനിയിലെ കാര്‍ട്ടല്‍ യു.എസ്സിലെ ട്രസ്റ്റില്‍ നിന്ന്‌ ഭിന്നമാണ്‌. താരിപ്പു സംരക്ഷണം നല്‌കുന്നതുവഴി തന്നാട്ടു വിലകള്‍ വര്‍ധിപ്പിക്കാനും വിദേശരാഷ്‌ട്രങ്ങളില്‍ വില കുറച്ചുവില്‌ക്കാനും കാര്‍ട്ടലുകള്‍ക്കു കഴിയുന്നു. ഒന്നാം ലോകയുദ്ധകാലത്ത്‌ ജര്‍മനി ഒരു പരിധിവരെ കാര്‍ട്ടലിന്റെ രൂപവത്‌കരണത്തെ പ്രോത്സാഹിപ്പിക്കുകയാണുണ്ടായത്‌. കാര്‍ട്ടലുകളുടെ വളര്‍ച്ച നിയന്ത്രണാതീതമായതോടെ 1923-ല്‍ കാര്‍ട്ടലുകള്‍ക്കെതിരായ നിയമങ്ങള്‍ ജര്‍മനിയിലും നടപ്പിലാക്കുകയുണ്ടായി. രണ്ടാം ലോകയുദ്ധാരംഭത്തോടെയാണ്‌ കാര്‍ട്ടലിനെ നിയന്ത്രിക്കുന്ന ജര്‍മന്‍ നിയമങ്ങള്‍ കര്‍ക്കശമായത്‌. കുത്തകയുടെ ഫലമായുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ നിവാരണം ചെയ്‌ത്‌ മത്സരാടിസ്ഥാനത്തിലുള്ള വിപണികള്‍ പ്രോത്സാഹിപ്പിക്കുകയാണ്‌ ട്രസ്റ്റ്‌ വിരുദ്ധ നിയമങ്ങളുടെ ലക്ഷ്യം. ഉത്‌പാദകര്‍ തമ്മിലുള്ള ഗൂഢാലോചന, കുത്തക കൈവരുത്താനുള്ള യുക്തിരഹിതമായ ശ്രമം, വിലവിവേചനം, തുറന്ന മത്സരത്തിനെതിരായുള്ള ലയനശ്രമം, വഞ്ചനാത്മകമായ പരസ്യം എന്നിവ തടയുന്നതിനുവേണ്ടി നിര്‍മിക്കപ്പെട്ടിട്ടുള്ള നിയമങ്ങളില്‍ ഏറ്റവും പ്രധാനം യു.എസ്സിലെ ഷെര്‍മന്‍ ആക്‌റ്റ്‌ (1890), ക്ലേയ്‌റ്റണ്‍ ആക്‌റ്റ്‌ (1914), ഫെഡറല്‍ ട്രഡ്‌ കമ്മിഷന്‍ ആക്‌റ്റ്‌ (1914), സെല്ലെര്‍ കെഫാവുവെര്‍ ആക്‌റ്റ്‌ (1950) എന്നിവയാണ്‌. ചില രാജ്യങ്ങള്‍ കാര്‍ട്ടലുകളെ പ്രോത്സാഹിപ്പിക്കുകയും മറ്റു ചില രാജ്യങ്ങള്‍ കാര്‍ട്ടലുകളുടെമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നു. അന്താരാഷ്‌ട്രാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ട്ടലുകളുടെ സ്ഥിതി ഓരോ രാജ്യത്തെയും നിയമവ്യവസ്ഥയെ ആശ്രയിച്ചാണിരിക്കുന്നത്‌. അന്താരാഷ്‌ട്രാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ട്ടലുകള്‍ കാര്‍ട്ടല്‍ അടിസ്ഥാനമാക്കിയുള്ള പേറ്റന്റുകളും ട്രഡ്‌മാര്‍ക്കുകളും സംബന്ധിച്ച അന്താരാഷ്‌ട്ര ഉടമ്പടികളും മറ്റും നിര്‍ബന്ധമായും അനുസരിക്കണമെന്നു ചില രാഷ്‌ട്രങ്ങളിലെ നിയമങ്ങള്‍ അനുശാസിക്കുന്നുണ്ട്‌. അന്യോന്യം നശിപ്പിക്കുന്ന വ്യാപാര വാണിജ്യ മത്സരങ്ങള്‍ ഒഴിവാക്കുകവഴി ലാഭവിഹിതം വിതരണം ചെയ്യുന്നതിനും ഉത്‌പന്നങ്ങളുടെ അളവും വിലയും നിശ്ചയിച്ച്‌ വില്‌പന ക്വോട്ടാ വിതരണം ചെയ്‌തു നിശ്ചിതനിരക്കില്‍ കുറയാത്ത ലാഭം ഉറപ്പുവരുത്തുന്നതിനും കാര്‍ട്ടല്‍ വ്യവസ്ഥയ്‌ക്കു കഴിയുമെങ്കിലും വന്‍കിട സ്ഥാപനങ്ങളുടെ താത്‌പര്യസംരക്ഷണാര്‍ഥം കാര്‍ട്ടലുകള്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടും ചെറുകിട സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ കഴിയുന്നില്ല എന്നതാണ്‌ കാര്‍ട്ടലിന്റെ ഒരു പ്രധാന ന്യൂനത.

പ്രവര്‍ത്തനം. കുത്തകയില്‍ സാധാരണയായി ഒരു വ്യക്തിയോ ഒരു സ്ഥാപനമോ മാത്രമേ ഉണ്ടായിരിക്കൂ. ഉപഭോക്താക്കളുടെ എണ്ണത്തിനു യാതൊരു പരിധിയുമില്ല. എങ്കില്‍ മാത്രമേ ഉത്‌പാദനത്തിന്റെ അളവില്‍ കുറവു വരുത്തിയോ വിലയില്‍ വര്‍ധനവു വരുത്തിയോ അമിതലാഭമുണ്ടാക്കാന്‍ കുത്തകക്കാരനു കഴിയൂ. കുത്തകക്കാരന്റെ ഉത്‌പന്നങ്ങള്‍ നിര്‍മിക്കുന്നതിനും വില്‌പന നടത്തുന്നതും ആയ മറ്റു സ്ഥാപനങ്ങള്‍ ഉണ്ടാകരുത്‌. ഇങ്ങനെ മറ്റു സ്ഥാപനങ്ങളെ ഉത്‌പാദന-വിതരണ രംഗത്തേക്കു കടത്താതിരിക്കുന്നത്‌ കുത്തകയുടെ സംരക്ഷണത്തിനനിവാര്യമാണ്‌. കുത്തകക്കാരന്റെ അതേ ചരക്കുകള്‍ ഉത്‌പാദിപ്പിക്കുന്ന മറ്റു സ്ഥാപനങ്ങള്‍ വ്യാപാരരംഗത്തെത്തുന്നതോടെ ശുദ്ധ കുത്തക അവസാനിക്കും. ഉത്‌പാദിപ്പിക്കുന്നതോ വിതരണം ചെയ്യുന്നതോ ആയ സാധനങ്ങളുടെ പ്രതിവസ്‌തുക്കള്‍ (substitutes) ഉണ്ടായാലും കുത്തകയ്‌ക്കു കോട്ടം സംഭവിക്കും. ഉപഭോക്താക്കള്‍ പ്രതിവസ്‌തുക്കള്‍ വാങ്ങാന്‍ തയ്യാറായാല്‍ കുത്തകക്കാരന്റെ ഉത്‌പാദനത്തിന്റെ ചോദനം (demand)കുറയും. ചരക്കിന്റെ പ്രദാന(supply)ത്തില്‍ ഏറ്റക്കുറവുകള്‍ വരുത്തുന്നതിനു പകരമായി വിലയില്‍ ഏറ്റക്കുറവുകള്‍ സൃഷ്‌ടിച്ചും അമിതലാഭമുണ്ടാക്കാന്‍ കുത്തകക്കാരനു കഴിയുന്നു. വിവിധ വിപണികളിലേക്കു വേണ്ടി വിവിധ വില നിശ്ചയിക്കുക കുത്തകവ്യാപാരികളുടെ പതിവാണ്‌.

കുത്തകകള്‍ ഉണ്ടാകുന്ന വിവിധ സാഹചര്യങ്ങള്‍ നിലവിലുണ്ട്‌. ചിലതു നിയമവിരുദ്ധമായ കുത്തകകളായിരിക്കും; മറ്റു ചിലത്‌ ഗവണ്‍മെന്റിന്റെ ലൈസന്‍സ്‌, പേറ്റന്റ്‌ എന്നിവ കരസ്ഥമാക്കി നടത്തുന്നവയും. അവികസിത രാഷ്‌ട്രങ്ങളില്‍ ആസ്‌ബസ്റ്റോസ്‌, പെട്രാളിയം തുടങ്ങിയ വസ്‌തുക്കളുടെ നിക്ഷേപം ഒന്നോ മറ്റോ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഇങ്ങനെയുള്ള രാജ്യങ്ങളില്‍ ഗവണ്‍മെന്റിനെ സ്വാധീനിച്ച്‌ ലൈസന്‍സ്‌ നേടിയും ഇറക്കുമതി തടഞ്ഞും മറ്റുമാണ്‌ കുത്തക സാധ്യമാക്കുന്നത്‌. ചില ഉത്‌പാദനമേഖലകളില്‍ ഒന്നിലധികം ഉത്‌പാദകരുടെ ഉത്‌പന്നങ്ങള്‍ക്കാവശ്യമായ ഉപഭോക്താക്കള്‍ ഉണ്ടായി എന്നുവരില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ബലവാനായ ഉത്‌പാദകന്‍ മറ്റ്‌ ഉത്‌പാദകരുടെ "കഴുത്തു ഞെരിച്ചു' കുത്തക നേടുന്നു. ഗതാഗതസൗകര്യങ്ങളുടെ അപര്യാപ്‌തതയും മറ്റു വിപണികളില്‍ നിന്നു സാധനങ്ങള്‍ വാങ്ങുന്നതിനുള്ള മറ്റു അസൗകര്യങ്ങളും നിമിത്തം ഉപഭോക്താക്കള്‍ ഒരേ ഉത്‌പാദകനെ ആശ്രയിക്കാറുണ്ട്‌. തന്നാട്ടിലെ ഉത്‌പാദകന്‍ അതു ചൂഷണം ചെയ്‌തു കുത്തക സാധ്യമാക്കുന്നു. താമസസ്ഥലത്തിനടുത്തു വില്‌ക്കുന്ന വിറകു വാങ്ങാതെ ദൂരസ്ഥലങ്ങളില്‍ യാത്ര ചെയ്‌തു വില കുറഞ്ഞ വിറകു വാങ്ങാന്‍ തയ്യാറാകാത്തതും ഇതിനുദാഹരണമാണ്‌. അടുത്ത പട്ടണത്തിലെ ഹോട്ടലില്‍ എത്തി താരതമ്യേന കുറഞ്ഞ വിലനിരക്കിലുള്ള ആഹാരം കഴിക്കുന്നതിനെക്കാള്‍ അല്‌പം വില കൂടുതല്‍ കൊടുത്തു അടുത്തുള്ള ഹോട്ടലിലെ ഭക്ഷണംകൊണ്ടു തൃപ്‌തിപ്പെടാനാണ്‌ ആളുകള്‍ തയ്യാറാകുക. ഇതും കുത്തകയുടെ മറ്റൊരുദാഹരണമാണ്‌.

കുത്തക വളരുകയാണോ ഇല്ലാതാകുകയാണോ എന്നത്‌ ഒരു തര്‍ക്കവിഷയമായിത്തന്നെ അവശേഷിക്കുന്നു. മോട്ടോര്‍വാഹനനിര്‍മാണം പോലെ വന്‍കിട മൂലധനശേഖരം ആവശ്യമായ സംരംഭങ്ങളില്‍ മത്സരത്തിനുള്ള സാധ്യതകള്‍ വളരെ വിരളമാണെന്നു പറയാം. ആദ്യഘട്ടത്തില്‍ മത്സരത്തിനു തയ്യാറായ ചെറുകിടക്കാര്‍ പിന്നീടു വന്‍കിടക്കാരുമായി ലയിക്കുകയാണു ചെയ്യാറുള്ളത്‌. ലയിക്കാത്ത പക്ഷം അവര്‍ രംഗത്തുനിന്നു പുറത്തുപോകാന്‍ നിര്‍ബന്ധിതരാകുന്ന നിലയിലായിരിക്കും വന്‍കിടക്കാരില്‍ നിന്ന്‌ പിന്നീട്‌ നേരിടേണ്ടിവരുന്ന മത്സരം.

വിവിധതരം കുത്തകകള്‍

i.സ്വാഭാവിക കുത്തക (Natural Monopoly). ചില പ്രദേശങ്ങളില്‍ ചില സാധനങ്ങളുടെ ഉത്‌പാദനത്തിനു കുത്തകയുണ്ടായിരിക്കും. ദക്ഷിണാഫ്രിക്കയിലെ വൈര ഖനനം സ്വാഭാവികക്കുത്തകയ്‌ക്ക്‌ ഉദാഹരണമാണ്‌.

ii.സാമൂഹ്യ കുത്തക (Social Monopoly). സമൂഹത്തിനൊട്ടാകെ ആവശ്യമായ ചില സേവനങ്ങള്‍ കുത്തകാടിസ്ഥാനത്തില്‍ നടത്തുന്നതിന്‌ ഗവണ്‍മെന്റ്‌ അനുമതി നല്‌കാറുണ്ട്‌. ഉദാ. ഒരു പ്രദേശത്ത്‌ ബസ്‌ സര്‍വീസ്‌ നടത്തുന്നതിനുള്ള അവകാശം.

iii.നിയമപരമായ കുത്തക (Legal Monopoly). ഗവണ്‍മെന്റില്‍ നിന്നു പേറ്റന്റോ ട്രഡ്‌ മാര്‍ക്കോ നേടി ഒരു പ്രത്യേക സാധനം നിര്‍മിക്കുന്നതിനു കുത്തക ലഭിക്കുന്നതിനെയാണ്‌ നിയമപരമായ കുത്തക എന്നു പറയുന്നത്‌. ഉദാ. മോട്ടോര്‍വാഹന നിര്‍മാണം.

iv. സ്വമേധയായുള്ള കുത്തക (Voluntary Monopoly). ഒരു പ്രത്യേക പദാര്‍ഥം നിര്‍മിക്കുന്ന ഉത്‌പാദകര്‍ ചേര്‍ന്നുള്ള കൂട്ടുവ്യാപാരസംഘങ്ങള്‍. ഇതില്‍ പ്പെട്ടതാണ്‌ ട്രസ്റ്റ്‌, കാര്‍ട്ടല്‍ , പൂള്‍, ഹോള്‍ഡിങ്‌ കമ്പനി എന്നിവ.

v. ഗവണ്‍മെന്റ്‌ കുത്തക(Government Monopoly). രാഷ്‌ട്രത്തിനൊട്ടാകെ ആവശ്യമായ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതു സംബന്ധിച്ച ചുമതല ഗവണ്‍മെന്റ്‌ നേരിട്ട്‌ ഏറ്റെടുക്കുന്നു. ഉദാ. വ്യോമഗതാഗതം, റെയില്‍വേ.

ഉത്‌പാദനം, വില എന്നിവയിലുള്ള നിയന്ത്രണം. ഒരു ഉത്‌പന്നത്തിന്റെ ഏക ഉത്‌പാദകനോ വില്‌പനക്കാരനോ ആണ്‌ കുത്തകയിലെ സ്ഥാപനം. അതേ ഉത്‌പന്നം വില്‌ക്കുന്ന മറ്റു മത്സരക്കാര്‍ കുത്തകക്കമ്പോളത്തില്‍ ഉണ്ടായിരിക്കുകയില്ല. കുത്തക വില്‌പനക്കാരന്റെ ലക്ഷ്യം അമിതലാഭം ഉണ്ടാക്കുകയെന്നതാണ്‌. നിശ്ചിതയളവില്‍ , അതായത്‌, ഉപഭോക്താക്കള്‍ക്കാവശ്യമായ അളവില്‍ കുറവായി ഉത്‌പാദിപ്പിച്ചോ വിലനിരക്കില്‍ മാറ്റംവരുത്തിയോ കുത്തകവ്യാപാരി അമിതലാഭം ഉണ്ടാക്കുന്നു. കുത്തകയുടെ ദോഷഫലങ്ങള്‍. കുത്തകമൂലം സാധനവില വളരെ കൂടുതലാകുന്നു. ഒരു കുത്തക സ്ഥാപനത്തിന്റെ ശേഷിക്കൊത്തോ ഉപഭോക്താക്കളുടെ ആവശ്യാനുസരണമോ സാധനങ്ങള്‍ ഉത്‌പാദിപ്പിക്കാന്‍ കുത്തകക്കാരന്‍ തയ്യാറാവുന്നില്ല. ലാഭം പരമാവധി വര്‍ധിപ്പിക്കുക എന്നതുമാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കുത്തകക്കാരന്‍ ഏത്‌ ഉത്‌പാദനത്തോതാണോ പരമാവധി ലാഭം ഉണ്ടാക്കുന്നത്‌ അത്രത്തോളമേ ഉത്‌പാദിപ്പിക്കാറുള്ളൂ. കുത്തകയ്‌ക്കു കോട്ടം തട്ടുമെന്നതുകൊണ്ടു പുതിയ സ്ഥാപനങ്ങള്‍ ഉത്‌പാദനരംഗത്തു കടക്കാന്‍ കുത്തകക്കാര്‍ അനുവദിക്കുകയില്ല. ചില വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ കൈവശം ധനം കേന്ദ്രീകരിക്കാന്‍ സഹായിക്കുന്ന കുത്തകവ്യവസ്ഥിതിയുടെ ഫലമായി ദേശീയതലത്തില്‍ വരുമാനത്തിലും സമ്പത്തിന്റെ വിതരണത്തിലും അസമത്വങ്ങളുണ്ടാകുന്നു. സമ്പന്നരായ കുത്തകക്കാര്‍ കൂടുതല്‍ സമ്പന്നരായും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായും തീരുന്നു. കുത്തകവ്യവസായങ്ങളിലെ തൊഴിലാളികള്‍ക്കു കുറഞ്ഞ കൂലിയേ ലഭിക്കാറുള്ളൂ; മത്സരമില്ലാത്തതിനാല്‍ അവര്‍ക്കു വിലപേശലിനുള്ള അവസരങ്ങള്‍ ലഭിക്കാറില്ല.

കുത്തക വിപണിക്കു പുറമേ ഒരു ഉത്‌പാദകന്റെയോ വില്‌പനക്കാരന്റെയോ സ്ഥാനത്ത്‌ ഏതാനും ഉത്‌പാദകരോ വില്‌പനക്കാരോ ഉള്‍ക്കൊള്ളുന്ന ഒരു വിപണിയുണ്ട്‌. ഇതിനു "ഒളിഗൊപ്പളി'(Oligopoly) എന്നും പറയുന്നു. ശുദ്ധമത്സരത്തിനും ശുദ്ധകുത്തകയ്‌ക്കും ഇടയ്‌ക്കുള്ള സ്ഥാനമാണ്‌ "ഒളിഗൊപ്പളി'ക്കുള്ളത്‌. യു.എസ്സിലെ മിക്ക കൂറ്റന്‍ വ്യവസായങ്ങളും ഒളിഗൊപ്പളികളാണ്‌. ഉദാ. മോട്ടോര്‍വാഹനനിര്‍മാണം, കംപ്യൂട്ടര്‍ നിര്‍മാണം. ഇന്ത്യയിലെ മോട്ടോര്‍ വാഹന നിര്‍മാണരംഗത്തും ഏതാണ്ടു സദൃശമായ പ്രവണതയാണ്‌ കാണുന്നത്‌. മോട്ടോര്‍വാഹന നിര്‍മാണം ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്‌, സ്റ്റാന്‍ഡേര്‍ഡ്‌ മോട്ടോഴ്‌സ്‌, പ്രീമിയര്‍ മോട്ടോഴ്‌സ്‌ എന്നീ കമ്പനികളുടെ കുത്തകയാണ്‌. സ്‌കൂട്ടര്‍, ജീപ്പ്‌ എന്നിവയുടെ നിര്‍മാണവും ഏതാനും കമ്പനികളുടെ മാത്രം നിയന്ത്രണത്തിലാണ്‌. ഇന്ത്യയില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന സോപ്പുകളില്‍ ഭൂരിഭാഗവും നിര്‍മിക്കുന്നത്‌ ഹിന്ദുസ്ഥാന്‍ ലിവറും ടാറ്റാ ഓയില്‍ മില്ലുമാണ്‌.

ഇന്ത്യ. ഇന്ത്യയില്‍ ആധുനിക വന്‍കിട വ്യവസായങ്ങള്‍ ആരംഭിക്കുന്ന കാര്യത്തില്‍ മുന്‍കൈയെടുത്തത്‌ "മാനേജിങ്‌ ഏജന്‍സി'കളായിരുന്നു. വ്യവസായസ്ഥാപനങ്ങളിലെ ഓഹരികളില്‍ ഭൂരിഭാഗവും അവര്‍തന്നെ നിയന്ത്രിക്കുകയും ചെയ്‌തുവന്നു. ബ്രിട്ടീഷുകാരാണ്‌ മാനേജിങ്‌ ഏജന്‍സി സമ്പ്രദായം ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയത്‌. പിന്നീട്‌ ബ്രിട്ടീഷുകാരെ അനുകരിച്ച്‌ ഇന്ത്യാക്കാരും മാനേജിങ്‌ ഏജന്‍സി സ്ഥാപനങ്ങള്‍ തുറന്നു. കാലക്രമേണ മാനേജിങ്‌ ഏജന്‍സികള്‍ അനേകം കമ്പനികളെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന വന്‍വ്യാപാര-വാണിജ്യ സ്ഥാപനങ്ങളായി രൂപാന്തരപ്പെട്ടു. ഇന്ത്യയില്‍ കുത്തകയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തിയത്‌ ഈ മാനേജിങ്‌ ഏജന്‍സി സമ്പ്രദായമാണ്‌. മാനേജിങ്‌ ഏജന്‍സി സമ്പ്രദായത്തിന്റെ ഏറ്റവും വലിയ ദോഷം സാമ്പത്തികശക്തികളുടെ കേന്ദ്രീകരണമായിരുന്നു. ആസൂത്രണത്തിന്റെ ഫലമായുണ്ടാകുന്ന വരുമാനം ഏതുവിധത്തില്‍ വിതരണം ചെയ്യുന്നുവെന്നു പരിശോധിക്കാന്‍ ആസൂത്രണക്കമ്മിഷന്‌ 1960-ല്‍ പ്രൊഫ. പി.സി. മഹലനോബിസ്‌ അധ്യക്ഷനായി ഒരു സമിതിയെ നിയമിക്കുകയുണ്ടായി. സ്വകാര്യമേഖലയില്‍ ന്യായീകരിക്കുവാന്‍ പാടില്ലാത്ത വിധത്തില്‍ സാമ്പത്തികശക്തിയുടെ കേന്ദ്രീകരണമുണ്ടെന്നാണ്‌ ഈ സമിതി കണ്ടെത്തിയത്‌. ഇന്ത്യയില്‍ സ്വാതന്ത്യ്രലബ്‌ധിക്കു മുമ്പ്‌ നിലവിലിരുന്ന സാമ്പത്തികാസമത്വം ഒരു ദശകത്തെ ആസൂത്രണംകൊണ്ട്‌ വര്‍ധിച്ചിട്ടേയുള്ളൂ എന്നും തെളിഞ്ഞു. വരുമാനത്തിന്റെയും സമ്പത്തിന്റെയും ഉത്‌പാദനോപാധികളുടെയും കാര്യത്തില്‍ തെളിഞ്ഞത്‌ സമൂഹത്തിലെ ഒരു ചെറിയ വിഭാഗത്തിന്റെ പക്കല്‍ ഗണ്യമായ തോതില്‍ സമ്പത്തിന്റെ കേന്ദ്രീകരണം ഉണ്ടെന്നാണ്‌. മാനേജിങ്‌ ഏജന്‍സിയുടെ പ്രവര്‍ത്തനം മുഖേനയുണ്ടാകുന്ന സമ്പത്‌കേന്ദ്രീകരണം തടയാന്‍വേണ്ടി കമ്പനി നിയമത്തില്‍ ഭേദഗതികള്‍ വരുത്തുകയുണ്ടായി. 1956-ലെ കമ്പനിനിയമത്തിലെ വ്യവസ്ഥകള്‍ മുഖേന 1960 ആഗ. 15-ന്‌ എല്ലാ മാനേജിങ്‌ ഏജന്റുമാരുടെയും കാലാവധി അവസാനിപ്പിച്ചു.

വ്യവസായവാണിജ്യമേഖലകളിലെ സമ്പദ്‌കേന്ദ്രീകരണത്തെപ്പറ്റി ഡോ. ആര്‍.കെ. ഹസാരി നടത്തിയ പഠനത്തിലൂടെ കുത്തക സമ്പ്രദായത്തിന്റെ പല വസ്‌തുതകളും വെളിച്ചത്തുവന്നു. മഹലനോബിസ്‌ സമിതിയുടെ ശിപാര്‍ശയനുസരിച്ച്‌ 1964-ല്‍ ഒരു കുത്തകാന്വേഷണക്കമ്മിഷന്‍ നിയമിതനായി. ഈ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിത്യോപയോഗസാധനങ്ങളുടെ ഭൂരിഭാഗവും കേന്ദ്രീകരണത്തിന്റെ കെടുതികള്‍ക്കു വിധേയമാണെന്നു വ്യക്തമാക്കിയിട്ടുണ്ട്‌. ടാറ്റാ, ബിര്‍ളാ എന്നീ ഗ്രൂപ്പുകള്‍ 709 കോടി രൂപയുടെ ആസ്‌തിയുള്ള 204 കമ്പനികളെ നിയന്ത്രിക്കുന്നതായും ഈ കമ്മിഷന്‍ കണക്കാക്കി. ഗവണ്‍മെന്റ്‌ കമ്പനികളും ബാങ്കിങ്‌ കമ്പനികളും ഒഴികെയുള്ള കമ്പനികളുടെ മൊത്തം പിരിഞ്ഞുകിട്ടിയ മൂലധനത്തിന്റെ 44 ശതമാനവും ആസ്‌തിയുടെ 47 ശതമാനവും ഈ രണ്ടു ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണെന്നും കമ്മിഷന്‍ വ്യക്തമാക്കി. സ്വകാര്യവ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈയില്‍ സാമ്പത്തികശേഷി കേന്ദ്രീകരിച്ചിരിക്കുന്നതു തടയുന്നതിനുവേണ്ടി ഈ നിയമസംവിധാനം ആവശ്യമാണെന്ന്‌ കമ്മിഷന്‍ അഭിപ്രായപ്പെട്ടതിന്റെ വെളിച്ചത്തില്‍ 1969-ല്‍ "മോണോപ്പളീസ്‌ ആന്‍ഡ്‌ റെസ്റ്റ്രിക്‌റ്റീവ്‌ ട്രേഡ്‌ പ്രാക്‌റ്റീസസ്‌ ആക്‌റ്റ്‌' (MRTP Act)പാസാക്കപ്പെട്ടു. 1970 ജൂണ്‍ 1-നു പ്രാബല്യത്തില്‍ വന്ന ഈ നിയമത്തിന്റെ മുഖ്യോദ്ദേശ്യം കുത്തക നിയന്ത്രിക്കുകയും കുത്തകസ്വഭാവമുള്ളതോ അവരോധാത്മകമോ(restrictive) ആയ വ്യാപാരങ്ങളെ തടയുകയും ചെയ്യുകയെന്നതാണ്‌. ഈ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച്‌ ഒരു കുത്തകനിയന്ത്രണക്കമ്മിഷനും (Monopolies and Restrictive Trade Practices Commission)നിയമിക്കപ്പെട്ടു. ഈ കമ്മിഷന്റെ പരിശോധനയ്‌ക്കു ശേഷമാണ്‌ ഇപ്പോള്‍ വന്‍കിട വ്യവസായസംരംഭങ്ങള്‍ക്ക്‌ ലൈസന്‍സ്‌ നല്‌കുന്നത്‌. 1990-കളില്‍ ഇന്ത്യയിലാരംഭിച്ച നവ-ഉദാരസാമ്പത്തികനയങ്ങളുടെ ഫലമായി മിക്ക മേഖലകളിലും സര്‍ക്കാര്‍ കുത്തക അവസാനിച്ചു. മുതലാളിത്ത സാമ്പത്തിക ക്രമത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന്‌ അനിവാര്യം കമ്പോളമത്സരമാണെന്ന സിദ്ധാന്തമാണ്‌ സമകാലിക ആഗോളസമ്പദ്‌ഘടനയെ നിര്‍ണയിക്കുന്നത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍