This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുതിരപ്പട്ടാളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുതിരപ്പട്ടാളം

Cavalry

ഫ്രഞ്ച്‌ യുദ്ധത്തിലെ കുതിരപ്പട്ടാളം (1807)

കരസേനയിലെ ഒരു വിഭാഗം. ആയുധങ്ങളേന്തി കുതിരപ്പുറത്തു കയറി യുദ്ധം ചെയ്യുന്നവരാണ്‌ കുതിരപ്പട്ടാളക്കാര്‍. ആധുനികരീതിയിലുള്ള യുദ്ധസാമഗ്രികളുടെയും നൂതനസജ്ജീകരണങ്ങളുടെയും ആവിര്‍ഭാവത്തോടുകൂടി കുതിരപ്പട്ടാളത്തിന്റെ പ്രാധാന്യം മിക്കവാറും നഷ്‌ടപ്പെട്ടിരിക്കുന്നു.

ഡ്രാഗൂണുകള്‍

ആദ്യകാലചരിത്രം. യുദ്ധത്തില്‍ കുതിരപ്പട്ടാളത്തെ ആദ്യമായി ഉപയോഗപ്പെടുത്തിയത്‌ എന്നാണെന്നോ, ആരാണെന്നോ കൃത്യമായ വിവരങ്ങളൊന്നുമില്ല. സെത്തേറിയന്മാരാണ്‌ ആദ്യമായി കുതിരപ്പുറത്തുകയറി സവാരിചെയ്‌തു തുടങ്ങിയതെന്നു കരുതപ്പെടുന്നു. സെത്തേറിയന്മാര്‍ കുതിരസ്സവാരിയില്‍ പ്രത്യേകം വിരുതു നേടിയവരാണ്‌. അശ്വാരൂഢരായ സെത്തേറിയന്മാരെ കണ്ടപ്പോള്‍ ശരീരത്തിന്റെ പകുതി മനുഷ്യനും, പകുതി കുതിരയുമായ എന്തോ വിചിത്രജീവികളാണെന്ന്‌ ഗ്രീക്കുകാര്‍ ശങ്കിച്ചുവത്ര. ഹോമറിന്റെ ഇലിയഡിലും വ്യാസന്റെ മഹാഭാരതത്തിലും അശ്വരഥങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം.

നെപ്പോളിയന്‍ സേനയുടെ കുയിറാസ്സിയറുകള്‍

കൗടല്യ(ചാണക്യ)ന്റെ അര്‍ഥശാസ്‌ത്രത്തില്‍ നിന്നും മെഗസ്‌തനീസിന്റെ യാത്രാവിവരണങ്ങളില്‍ നിന്നും ചന്ദ്രഗുപ്‌തന്റെ സേനയില്‍ സുസംഘടിതമായ ഒരു കുതിരപ്പട്ടാളവിഭാഗം നിലവിലുണ്ടായിരുന്നതായി മനസ്സിലാക്കാം. ചന്ദ്രഗുപ്‌തന്റെ കുതിരപ്പട്ടാളത്തില്‍ 30,000 പടയാളികളുണ്ടായിരുന്നതായി കരുതപ്പെടുന്നു. കുതിരകളുടെ ഭക്ഷണക്രമം, ചികിത്സകള്‍, പരിശീലനം, കുതിരകളെ തിരഞ്ഞെടുക്കല്‍ , കുതിരപ്പന്തിയുടെ നിര്‍മാണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും അര്‍ഥശാസ്‌ത്രത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്‌. കുതിരകളുടെ മേല്‍ നോട്ടം വഹിക്കുന്നയാള്‍ കുതിരകളെ പരിശീലിപ്പിക്കുന്നതിനും ചികിത്സിക്കുന്നതിനും നല്ല വൈദഗ്‌ധ്യമുള്ള ആളായിരിക്കണമെന്നും അതില്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. കുതിരകളുടെ മുഴുവന്‍ രജിസ്റ്റര്‍ അയാള്‍ സൂക്ഷിച്ചിരിക്കണമെന്നും കുതിരകളുടെ പേര്‌, തരം, വലുപ്പം, തൂക്കം, നിറം, വയസ്സ്‌, ആരോഗ്യവിവരങ്ങള്‍ മുതലായവയെല്ലാം പ്രസ്‌തുത രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതാണെന്നും യുദ്ധത്തിനുപയോഗിക്കുന്ന കുതിരകള്‍ ഏറ്റവും നല്ല ഇനമായിരിക്കണമെന്നും അര്‍ഥശാസ്‌ത്രകാരന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. സിന്ധു, കംബോജം, പഞ്ചാബ്‌, അറേബ്യ എന്നിവിടങ്ങളിലെ കുതിരകളാണ്‌ ഏറ്റവും നല്ലയിനങ്ങള്‍ എന്നും അതില്‍ സൂചനയുണ്ട്‌.

ഹുസ്സാറുകള്‍-ഹംഗറി

യൂറോപ്പില്‍ , ഷാര്‍ലിമാന്റെ കാലഘട്ടം മുതല്‌ക്കേ ആയുധധാരികളായ അശ്വാരൂഢര്‍, യുദ്ധത്തിന്റെ ഗതി നിയന്ത്രിക്കുവാന്‍ തുടങ്ങിയിരുന്നു. ലോഹകവചങ്ങളും വിലകൂടിയ വസ്‌ത്രങ്ങളും ആയുധങ്ങളും മറ്റു യുദ്ധസാമഗ്രികളും കൂടിയായപ്പോള്‍ കുതിരപ്പടയാളിയാവാന്‍ ധാരാളം പണച്ചെലവു വേണ്ടിവന്നു. തന്മൂലം പ്രഭുക്കന്മാരും രാജകുമാരന്മാരുമാണ്‌ അധികവും കുതിരപ്പടയാളികളായിത്തീര്‍ന്നത്‌. അക്കാലത്ത്‌ പ്രഭുത്വത്തിന്റെയും ധീരതയുടെയും പ്രതീകമായി കുതിരപ്പടയെ കണക്കാക്കിയിരുന്നു.

ഇന്ത്യന്‍ ആര്‍മിയുടെ 61-ാം കാവല്‍ റി

പ്രത്യേകതകള്‍. കുതിരപ്പട്ടാളം നിലവില്‍ വന്ന ആദ്യകാലത്ത്‌ യൂറോപ്പില്‍ കാലാള്‍പ്പടയ്‌ക്കും, ഏഷ്യയില്‍ കുതിരപ്പട്ടാളത്തിനും ആണ്‌ പ്രാധാന്യം കല്‌പിച്ചിരുന്നത്‌. പില്‌ക്കാലത്ത്‌ കാലാള്‍പ്പടയും കുതിരപ്പട്ടാളവും പരസ്‌പരം സഹകരിച്ചു യുദ്ധത്തില്‍ പങ്കെടുത്തുതുടങ്ങി. മറ്റു സേനാഘടകങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ കുതിരപ്പട്ടാളത്തിന്റെ പ്രധാനകര്‍ത്തവ്യങ്ങള്‍; ശത്രുക്കളെ നിരീക്ഷിക്കുക, ശത്രുക്കളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുക, ശത്രുനിരകളുടെ നേരെ കുതിച്ചുചെന്ന്‌ മുന്‍നിരയെഭേദിച്ച്‌ ഉള്ളിലേക്കു കടക്കുക, പരാജിതരായ ശത്രുക്കളെ പിന്‍തുടര്‍ന്ന ഓടിക്കുക, അവരുടെ ആത്മവിശ്വാസം കെടുത്തുക, ശത്രുനിരയുടെ പിന്നിലൂടെ ചെന്ന്‌ പെട്ടെന്ന്‌ ആക്രമിക്കുക, സ്വന്തം സേനയ്‌ക്കു രക്ഷ നല്‌കുക, ശത്രുക്കളുടെ ഭക്ഷ്യധാന്യങ്ങളും ആയുധങ്ങളും മറ്റും പിടിച്ചെടുത്തു കൊണ്ടുവരിക, ശത്രുക്കളില്‍ നാനാവിധത്തിലുള്ള ഭീതി ഉളവാക്കുക തുടങ്ങിയവയാണ്‌. യുദ്ധക്കളത്തിലേക്കു പോകുന്ന കാലാള്‍പ്പടയെ രണ്ടു പാര്‍ശ്വങ്ങളില്‍ നിന്നും സംരക്ഷിക്കേണ്ട ചുമതലയും കുതിരപ്പട്ടാളത്തിന്‌ ഉണ്ടായിരുന്നു. ശത്രുരാജ്യത്തിന്റെ കുതിരപ്പട്ടാളത്തെ എങ്ങനെയെങ്കിലും തോല്‌പിക്കാന്‍ എല്ലാ രാജ്യങ്ങളും യുദ്ധകാലത്ത്‌ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

കുതിരപ്പട്ടാളക്കാരുടെ പരിശീലനം വളരെ പ്രയാസമേറിയതായിരുന്നു. വൃത്താകൃതിയിലുള്ള ചലനം, സാവധാനത്തിലുള്ള ചലനം, ദ്രുതഗതിയിലുള്ള കുതിച്ചുപായല്‍ , കുതിച്ചുയരല്‍ , അടയാളവാക്യങ്ങള്‍ തിരിച്ചറിഞ്ഞ്‌ പ്രവര്‍ത്തിക്കല്‍ എന്നിവയിലെല്ലാം ഇവര്‍ക്ക്‌ പ്രാവീണ്യം നേടണമായിരുന്നു; കുതിരപ്പുറത്തിരുന്നുകൊണ്ട്‌ പലതരം കുണ്ടുകളും കുഴികളും ചുമരുകളും മറ്റു പ്രതിബന്ധങ്ങളും താണ്ടിക്കടക്കാനുള്ള കഴിവും ഓടുന്ന കുതിരപ്പുറത്ത്‌ ചാടിക്കയറി അവയെ നിയന്ത്രിക്കാനുള്ള വൈദഗ്‌ധ്യവും സമ്പാദിക്കണമായിരുന്നു.

വിഭാഗങ്ങള്‍. കുതിരപ്പട്ടാളത്തില്‍ നിലവിലുണ്ടായിരുന്ന ചില പ്രധാനവിഭാഗങ്ങളാണ്‌ താഴെ കൊടുത്തിട്ടുള്ളത്‌.

1. ഡ്രാഗൂണുകള്‍ (Dragoons).എ.ഡി. 1540-ലാണ്‌ ആദ്യമായി നിലവില്‍ വന്നത്‌. ഈ വിഭാഗം കാലാള്‍പ്പടയെ കുതിരപ്പുറത്തു കയറ്റി യുദ്ധക്കളത്തിലേക്ക്‌ എത്തിച്ചിരുന്നു. സാധാരണഗതിയില്‍ കുതിരപ്പുറത്തുനിന്നിറങ്ങിയ ശേഷം മാത്രമായിരുന്നു യുദ്ധം ചെയ്‌തിരുന്നത്‌.

2. കുയിറാസ്സിയറുകള്‍ (Cuirassiers). ചെറിയതോതില്‍ മാത്രമേ ഇവര്‍ പടച്ചട്ടകളണിഞ്ഞിരുന്നുള്ളൂ. കൈത്തോക്കുകളും വളഞ്ഞ വാളുകളുമായിരുന്നു ആയുധങ്ങളായി ഉപയോഗിച്ചിരുന്നത്‌. പടയണിയുടെ ഇരുഭാഗങ്ങളിലും മുന്നേറ്റത്തിന്‌ സഹായകമായി പ്രവര്‍ത്തിക്കുക, ശത്രുനിരയുടെ പിന്നില്‍ ച്ചെന്ന്‌ ആക്രമിക്കുക എന്നിവയായിരുന്നു പ്രധാന കര്‍ത്തവ്യങ്ങള്‍.

3. ഹുസ്സാറുകള്‍ (Hussars). പ്രത്യേകാവശ്യങ്ങള്‍ക്കുള്ള കുതിരപ്പട്ടാളമാണിത്‌. ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ 15-ാം ശതകത്തിന്റെ പകുതിക്കു ശേഷമാണിത്‌ നിലവില്‍ വന്നത്‌. ശത്രുക്കളെ നിരീക്ഷിക്കുക, ശത്രുതാവളത്തില്‍ ചെന്ന്‌ വിവരങ്ങള്‍ ശേഖരിക്കുക, ശത്രുകേന്ദ്രത്തിലേക്കുള്ള ദൂരമറിയുക തുടങ്ങിയവയായിരുന്നു പ്രധാന ജോലികള്‍.

മാസിഡോണിയയിലെ ഫിലിപ്പ്‌ രാജാവ്‌ തന്റെ ശക്തി വര്‍ധിപ്പിക്കാന്‍വേണ്ടി സൈന്യത്തില്‍ ഒരു കുതിരപ്പട്ടാളവിഭാഗം കൂട്ടിച്ചേര്‍ത്തു. ഫിലിപ്പ്‌ രാജാവിന്റെ കുതിരപ്പടയാളികള്‍ കനത്ത പടച്ചട്ട അണിഞ്ഞിരുന്നു. ഹുസ്സാര്‍, കമ്പാനിയന്‍, ഡ്രാഗൂണുകള്‍ എന്നിങ്ങനെ മൂന്നു പ്രധാന വിഭാഗങ്ങളായി കുതിരപ്പട്ടാളത്തെ വിഭജിച്ചിരുന്നു. വളരെയധികം ചലനശക്തിയുള്ള കുതിരപ്പട്ടാളം അലക്‌സാണ്ടറുടെ കാലം മുതല്‍ ഒരു നിര്‍ണായക സൈന്യഘടകമായിത്തീര്‍ന്നു. അലക്‌സാണ്ടറുടെ ആക്രമണകാലത്ത്‌ ഇന്ത്യയില്‍ വ്യാപകമായ തോതില്‍ കുതിരപ്പട്ടാളമുണ്ടായിരുന്നു. പുരൂരവസ്‌ (പോറസ്‌) രാജാവിന്റെ കീഴില്‍ 4,000 കുതിരപ്പട്ടാളക്കാരുണ്ടായിരുന്നു. പുരുവിന്റെതിനെക്കാള്‍ വളരെ മികച്ച ഒരു കുതിരപ്പട്ടാളമായിരുന്നു അലക്‌സാണ്ടറുടേത്‌. ഇന്ത്യന്‍ കുതിരപ്പട്ടാളത്തിന്റെ ആദ്യകാലത്തെ പ്രധാന ആയുധം കുന്തമായിരുന്നു. വേഷഭൂഷാദികളിലും ആയുധങ്ങളിലും കാലാകാലങ്ങളില്‍ പല മാറ്റങ്ങളും വന്നുകൊണ്ടിരുന്നു. കുതിരപ്പടയാളിയുടെ മാറിലും കൈത്തണ്ടയിലും കാലിലും തലയിലും ലോഹകവചങ്ങള്‍ അണിയുന്ന രീതിയും മര്‍മഭാഗങ്ങളില്‍ മാത്രം കവചങ്ങള്‍ അണിയുന്ന രീതിയും കവചങ്ങള്‍ തീരെയില്ലാത്ത രീതിയും ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്നു. വെട്ടുകത്തി, വാള്‍, കൈത്തോക്ക്‌ എന്നീ ആയുധങ്ങളും കാലാനുസൃതമായി ഇന്ത്യന്‍ കുതിരപ്പട്ടാളക്കാര്‍ ഉപയോഗിച്ചിരുന്നു. ഭംഗിയുള്ള തലക്കെട്ട്‌ ഇന്ത്യന്‍ കുതിരപ്പട്ടാളക്കാരന്റെ സവിശേഷതയായിരുന്നു. കാര്‍ത്തജീനിയന്‍ കുതിരപ്പട്ടാളം പിന്നില്‍ നിന്നുള്ള ആക്രമണത്തിലൂടെ റോമാനഗരത്തിന്റെ നട്ടെല്ലൊടിച്ചു. നല്ല കുതിരപ്പട്ടാളത്തിന്റെ അഭാവംകൊണ്ടാണ്‌ റോമാനഗരം നിലംപതിച്ചത്‌. ജസ്റ്റീനിയന്റെ കാലം മുതല്‍ സൈന്യത്തില്‍ കുതിരപ്പട്ടാളവിഭാഗത്തെ പുലര്‍ത്തിപ്പോന്നിരുന്നു. വാന്‍ഡലുകള്‍ക്ക്‌ എതിരായി ആഫ്രിക്കയില്‍ വച്ചുനടത്തിയ യുദ്ധത്തില്‍ ട്രകേമറോന്‍ വിജയിച്ചത്‌ കുതിരപ്പട്ടാളത്തിന്റെ ശക്തികൊണ്ടു മാത്രമാണ്‌. യുദ്ധത്തില്‍ , മധ്യകാലഘട്ടത്തിലെ കുതിരപ്പടയാളികള്‍ക്കുവേണ്ട സംരക്ഷണം ലഭിച്ചിരുന്നത്‌, അവര്‍ ധരിച്ച പടച്ചട്ടയും കുതിരയുടെ വേഗതയും കൊണ്ടായിരുന്നു. 13-ാം ശതകത്തിന്റെ ആരംഭത്തില്‍ മംഗോളിയയിലെ ജങ്കിസ്‌ഖാന്‍ കുതിരപ്പട്ടാളത്തിന്റെ പ്രാധാന്യവും ഉപയോഗവും മനസ്സിലാക്കി. ജങ്കിസ്‌ഖാന്റെ സൈനികര്‍ മുഴുവന്‍ കുതിരപ്പട്ടാളക്കാരായിരുന്നു; ഒട്ടാകെ എഴ്‌ ലക്ഷം കുതിരപ്പട്ടാളക്കാരാണുണ്ടായിരുന്നത്‌. അച്ചടക്കത്തോടും സഹകരണത്തോടുംകൂടി പ്രവര്‍ത്തിച്ച കുതിരപ്പട്ടാളം അദ്ദേഹത്തിന്റെ വിജയത്തിനു ഹേതുഭൂതമായി. യുദ്ധക്കളത്തിലേക്കു നീങ്ങുമ്പോള്‍ ശബ്‌ദംകൊണ്ടുമാത്രം കുതിരപ്പട്ടാളത്തിന്റെ നിയന്ത്രണം സാധ്യമല്ലെന്നു വന്നു. പകല്‍ സമയം നിറമുള്ള കൊടികള്‍ ഉയര്‍ത്തിക്കാണിച്ചും രാത്രിസമയം നിറമുള്ള വിളക്കുകള്‍ ഉയര്‍ത്തിക്കാണിച്ചുമാണ്‌ അദ്ദേഹം കുതിരപ്പട്ടാളത്തെ നിയന്ത്രിച്ചത്‌. ജങ്കിസ്‌ഖാന്റെ മരണശേഷം അശ്വാരൂഢരായ 1,50,000 മംഗോളിയന്‍ പടയാളികള്‍ ആറുവര്‍ഷംകൊണ്ട്‌ ഭൂഗോളത്തിന്റെ നാലിലൊരുഭാഗം സഞ്ചരിക്കുകയും അവിടെയുള്ള എതിരാളികളെ കിടിലംകൊള്ളിക്കുകയും ചെയ്‌തു. കുതിരപ്പുറത്തു കയറി കടന്നുപോവാന്‍ കഴിയാത്ത ഭൂവിഭാഗങ്ങളില്‍ താഴെ ഇറങ്ങിയശേഷം കുതിരകളെ ഉപേക്ഷിച്ച്‌ കാല്‍ നടയായി മുമ്പോട്ടുപോവുകയായിരുന്നു പതിവ്‌. കുതിരപ്പട്ടാളത്തിന്റെ യുദ്ധതന്ത്രപരമായ ശക്തി കുറയുന്നത്‌ ഇത്തരം ചില ഘട്ടങ്ങളിലാണ്‌.

1550 നോടടുത്ത്‌ മാര്‍ഷല്‍ ചാള്‍സ്‌ ഡിബ്രിസാള്‍ കാലാള്‍പ്പടയെ കുതിരപ്പുറത്തു കയറ്റി യുദ്ധത്തിനയച്ചു. "മുപ്പതു വര്‍ഷയുദ്ധ' (1618-48)ത്തില്‍ കുതിരപ്പട്ടാളം ഒരു പ്രധാനപങ്കു വഹിച്ചു. മഹാനായ ഫ്രഡറിക്‌ തന്റെ 22 യുദ്ധങ്ങളില്‍ 15 എണ്ണം ജയിച്ചത്‌ കുതിരപ്പട്ടാളത്തിന്റെ സഹായംകൊണ്ടാണ്‌. 1854 ഒ. 25-ന്‌ കുതിരപ്പട്ടാളത്തിന്റെ ധീരോദാത്തമായ പോരാട്ടം ക്രിമിയന്‍ യുദ്ധരംഗത്തു നടന്നു. ചീറിയടുക്കുന്ന തുര്‍ക്കി പീരങ്കികളുടെയും തോക്കുകളുടെയും വെടിയുണ്ടകളെ നേരിട്ടുകൊണ്ട്‌ തുറന്ന താഴ്‌വരയില്‍ രണ്ടു കി.മീ. ദൂരംവരെ പിന്നിട്ട്‌ സധൈര്യം പോരാടിയെങ്കിലും പ്രസ്‌തുത യുദ്ധത്തില്‍ കുതിരപ്പട്ടാളം നിശ്ശേഷം പരാജയപ്പെടുകയാണുണ്ടായത്‌.

നെപ്പോളിയന്റെ കുതിരപ്പട്ടാളം സുപ്രസിദ്ധമാണ്‌. കൂട്ടത്തോടെ കുതിരപ്പടയെ ഉപയോഗിച്ചാലുണ്ടാവുന്ന വിജയസാധ്യതയെപ്പറ്റി അദ്ദേഹം ബോധവാനായിരുന്നു. ആസ്റ്റ്രാപ്രഷ്യന്‍ യുദ്ധ (1866)ത്തില്‍ 56,000-ഉം ഫ്രഞ്ച്‌-ജര്‍മന്‍ യുദ്ധ(1870-71)ത്തില്‍ 96,000-ഉം കുതിരപ്പട്ടാളക്കാര്‍ വിജയകരമായി യുദ്ധത്തില്‍ പങ്കെടുത്തു. റഷ്യന്‍ ആക്രമണത്തില്‍ നിന്ന്‌ നെപ്പോളിയന്‍ പിന്മാറേണ്ടിവന്നതിന്റെ പിന്നിലുള്ള ഒരു പ്രധാനഘടകം കൊസാക്കുകള്‍ക്കു ഭൂരിപക്ഷമുള്ള റഷ്യന്‍ അശ്വസേനയുടെ സമരവീര്യവും വൈദഗ്‌ധ്യവും ആയിരുന്നു.

ഏകദേശം പത്തു നൂറ്റാണ്ടുകളോളം കുതിരപ്പട്ടാളം ഒരു വലിയ ശക്തിതന്നെയായിരുന്നു. വെടിമരുന്ന്‌, പീരങ്കി, തോക്ക്‌ തുടങ്ങിയവയുടെ കണ്ടുപിടിത്തം കുതിരപ്പട്ടാളത്തിന്റെ നിലനില്‌പിനെ സാരമായി ബാധിച്ചു. വെടിമരുന്ന്‌ കണ്ടുപിടിച്ചതോടെ, വെടിയുണ്ടകള്‍ പ്രചാരത്തില്‍ വന്നു. പടച്ചട്ടകള്‍ തുളച്ച്‌ ഉള്ളില്‍ കടക്കാന്‍ വെടിയുണ്ടകള്‍ക്ക്‌ കഴിയുമെന്നു വന്നതോടെ കുതിരയും കുതിരപ്പുറത്തെ യോദ്ധാവും സുരക്ഷിതരല്ലാതായി. കുതിരപ്പട്ടാളത്തിന്റെ പ്രാധാന്യം കുറഞ്ഞുവരികയും അതിനെ ആര്‍ട്ടിലറി പോലുള്ള സൈന്യവിഭാഗത്തോടു സംയോജിപ്പിച്ചു പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങുകയും ചെയ്‌തു. കുതിരപ്പടയാളികള്‍ കുന്തം, പെട്രാണല്‍ , കൈപ്പീരങ്കി തുടങ്ങിയ ആയുധങ്ങള്‍ കാലത്തിനൊത്തു മാറ്റിക്കൊണ്ടിരുന്നെങ്കിലും കുതിരപ്പട്ടാളത്തിന്റെ പ്രാധാന്യം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല.

ഒന്നാം ലോകയുദ്ധത്തില്‍ വിപുലമായ തോതില്‍ കുതിരപ്പട്ടാളത്തെ ഉപയോഗിച്ചിരുന്നു. പശ്ചിമഭാഗത്ത്‌ പത്തു ജര്‍മന്‍ കുതിരപ്പട്ടാളഡിവിഷനുകള്‍ (70,000), പത്ത്‌ ഫ്രഞ്ച്‌ കുതിരപ്പട്ടാളഡിവിഷനുകളും ഒരു ബ്രിട്ടീഷ്‌ കുതിരപ്പട്ടാള ഡിവിഷനുമായി ഏറ്റുമുട്ടി. പൂര്‍വഭാഗത്ത്‌ റഷ്യയുടെ 54 കുതിരപ്പട്ടാള ഡിവിഷനുകള്‍ അണിനിരന്നുവെങ്കിലും പടനായകന്മാര്‍ക്ക്‌ കൂട്ടായ പ്രവര്‍ത്തനശൈലി ഇല്ലാതിരുന്നതിനാല്‍ പ്രതീക്ഷിച്ചത്ര വിജയം നേടാന്‍ കഴിഞ്ഞില്ല.

ആമ്‌ഡ്‌ ഡിവിഷനുകള്‍ ഉടലെടുത്തത്‌ ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ക്കിടയിലാണ്‌. ആധുനികയുദ്ധങ്ങള്‍ക്ക്‌ അനിവാര്യമായ കാലാള്‍പ്പട, ആര്‍ട്ടിലറി, സിഗ്നല്‍ സ്‌, എന്‍ജിനിയേഴ്‌സ്‌ ആദിയായ ഘടകങ്ങള്‍ ചേര്‍ത്ത്‌ ആണ്‌ ആമ്‌ഡ്‌ ഡിവിഷനുകള്‍ ഉണ്ടാക്കിയത്‌. ആമ്‌ഡ്‌കോറുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന കുതിരപ്പട്ടാളമാണ്‌ പില്‌ക്കാലത്ത്‌ യന്ത്രവത്‌കരിച്ച കുതിരപ്പട്ടാളമായിത്തീര്‍ന്നത്‌. ഈ വിഭാഗക്കാരുടെ ആയുധങ്ങള്‍, ടാങ്കുകള്‍, മോര്‍ട്ടാറുകള്‍, പിന്നാക്കം തെറിക്കാത്ത ഗണ്‍ (RCL), തോക്കുകള്‍, കൈത്തോക്കുകള്‍, ബയനറ്റുകള്‍, ഗ്രനേഡുകള്‍, ഹോയിറ്റ്‌സറുകള്‍, സ്വയം പ്രവര്‍ത്തിക്കുന്ന ആയുധങ്ങള്‍ എന്നിവയാണ്‌.

റഷ്യയിലൊഴികെ രണ്ടാംലോകയുദ്ധത്തില്‍ ഒരിടത്തും കുതിരപ്പട്ടാളം ഒരു നിര്‍ണായകഘടകമായിരുന്നില്ല. 1942-ല്‍ അമേരിക്കന്‍ സേനയില്‍ നിന്ന്‌ കുതിരപ്പട്ടാളത്തലവന്റെ സ്ഥാനം നീക്കം ചെയ്യുകയും ആമ്‌ഡ്‌ ഡിവിഷനുകള്‍ സ്ഥാപിക്കുകയും ചെയ്‌തു. 1950-ഓടെ ബ്രിട്ടീഷ്‌ സേനയും ഇത്തരം നടപടികള്‍ സ്വീകരിച്ചു. സെറിമോണിയല്‍ പരേഡുകളില്‍ അലങ്കാരത്തിനും രാഷ്‌ട്രത്തലന്മാരുടെ വരവിന്‌ അകമ്പടി സേവിക്കുന്നതിനും പോളോ കളിക്കുന്നതിനും മറ്റുമായാണ്‌ കുതിരകളെ ഇന്ന്‌ സേനയില്‍ നിലനിര്‍ത്തിയിട്ടുള്ളത്‌. യുദ്ധാവശ്യങ്ങള്‍ക്കുവേണ്ടി കുതിരപ്പട്ടാളത്തെ ഉപയോഗിക്കുന്നത്‌ ഇക്കാലത്ത്‌ വിരളമാണ്‌. അലങ്കാരത്തിനും അകമ്പടിക്കുമല്ലാതെ നിലനിര്‍ത്തപ്പെട്ട കുതിരപ്പട്ടാളങ്ങളില്‍ ഇന്ന്‌ ഏറ്റവും വലുത്‌ ഇന്ത്യന്‍ ആര്‍മിയുടെ 61-ാം കാവല്‍ റിയാണ്‌.

(കാവുമ്പായി ജനാര്‍ദനന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍