This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുതിര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുതിര

Horse

കുതിരയുടെ അസ്ഥിവ്യൂഹം

ഇക്വിഡേ കുടുംബത്തില്‍ ഉള്‍പ്പെട്ട ഒറ്റക്കുളമ്പുള്ള ഒരു സസ്‌തനി. ഈ കുടുംബത്തില്‍ ഇക്വസ്‌ കബാലസ്‌ (Equus caballus)എന്ന ഒരൊറ്റ ജീനസ്‌ മാത്രമേയുള്ളൂ. ഇന്നു കാണപ്പെടുന്ന വിവിധയിനം കുതിരകള്‍ ഈ ജീനസിന്റെ വിഭിന്നജാതികള്‍ (breeds) മാത്രമാണ്‌.

ഇംഗ്ലീഷ്‌ ഷൈര്‍
കുതിരയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്‌ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ കുതിരയെ ഇറച്ചിക്കുവേണ്ടി മനുഷ്യന്‍ വേട്ടയാടിയിരുന്നു. പിന്നീട്‌ മനുഷ്യന്‍ കുതിരയെ ഇണക്കിവളര്‍ത്താന്‍ തുടങ്ങിയതോടെ ഭാരം വലിക്കാനും പാലിനും ആയി ഉപയോഗപ്പെടുത്തി. ഏതാണ്ട്‌ ബി.സി. 1500-നല്‌പം മുമ്പുമാത്രമാണ്‌ യുദ്ധരംഗത്തേക്ക്‌ കുതിര കടന്നുവന്നത്‌. മെസൊപ്പൊട്ടേമിയക്കാരാണ്‌ ആയുധവണ്ടികള്‍ വലിക്കാനായി ആദ്യമായി കുതിരകളെ യുദ്ധഭൂമിയിലിറക്കിയത്‌. മധ്യകാലഘട്ടത്തിന്റെ അവസാനത്തോടെ നിലം ഉഴാനും മറ്റു കൃഷിപ്പണികള്‍ക്കുമായി കുതിരയെ ഉപയോഗപ്പെടുത്തിത്തുടങ്ങി. കായികവിനോദങ്ങള്‍ക്കും പന്തയങ്ങള്‍ക്കുമായി കുതിരകളെ വിപുലമായ തോതില്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്‌ 20-ാം ശതകത്തോടെയാണ്‌.
അറേബ്യന്‍ കുതിര
ആംഗ്ലോ-അറബ്‌ കുതിര

ഒരു കാലഘട്ടത്തില്‍ ഭരണാധികാരികളുടെ അടയാളമായിത്തന്നെ കുതിര കരുതപ്പെട്ടിരുന്നു. രാജാക്കന്മാരും പ്രഭുക്കളും കുതിരപ്പുറത്തും കുതിരയെ കെട്ടിയ വാഹനങ്ങളിലുമാണ്‌ സഞ്ചരിച്ചിരുന്നത്‌. ഗ്രീക്കുകാരാണ്‌ ഒരു കല എന്ന നിലയിലേക്ക്‌ കുതിരവളര്‍ത്തലിനെയും കുതിരസ്സവാരിയെയും മത്സരങ്ങളെയും ഉയര്‍ത്തിയത്‌. ആഥന്‍സില്‍ കുതിര ഉടമകള്‍ സാമൂഹികമായ ഉന്നതപദവിക്കര്‍ഹരായിരുന്നു.

കുതിരയെ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ തുടങ്ങിയത്‌ കുതിരക്കോപ്പു(Harness)കളുടെ കണ്ടുപിടിത്തത്തോടെയാണ്‌. 5-ാം ശതകത്തില്‍ ചൈനക്കാരാണിത്‌ കണ്ടുപിടിച്ചത്‌. 10-ാം ശതകത്തോടുകൂടി ഇത്‌ യൂറോപ്പില്‍ എത്തിച്ചേര്‍ന്നു.

ഷെവാല്‍ സ്‌കി ഏഷ്യന്‍ കുതിരകള്‍
ഉഴവുജോലിയിലേര്‍പ്പെട്ടിരിക്കുന്ന ഹാഫ്‌ളിംഗര്‍ കുതിരകള്‍

മോട്ടോര്‍വാഹനങ്ങളുടെയും നവീന കാര്‍ഷികോപകരണങ്ങളുടെയും ആവിര്‍ഭാവത്തോടെ ഒരു വാഹനം എന്ന നിലയിലും കൃഷിപ്പണിസഹായി എന്ന നിലയിലുമുള്ള കുതിരയുടെ സ്ഥാനം അസ്‌തമിച്ചു. അവികസിത രാഷ്‌ട്രങ്ങളില്‍ ഇന്നും കുതിരയെ ഈ ആവശ്യങ്ങള്‍ക്കായുപയോഗിക്കുന്നുണ്ട്‌.

ക്വാര്‍ട്ടര്‍ കുതിര
ഹൈലാന്‍ഡ്‌ പോണി

ഐക്യരാഷ്‌ട്രസഭയുടെ ഫുഡ്‌ ആന്‍ഡ്‌ അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ കണക്കുകള്‍ പ്രകാരം ലോകത്താകമാനം 58 ദശലക്ഷം കുതിരകളാണുള്ളത്‌ (2006). റഷ്യ, ബ്രസീല്‍ , ചൈന, യു.എസ്‌., മെക്‌സിക്കോ, അര്‍ജന്റീന, പോളണ്ട്‌, ഫ്രാന്‍സ്‌ എന്നിവയാണ്‌ കുതിരകളധികമുള്ള രാജ്യങ്ങള്‍.

ഇംപീരിയല്‍ പാലസിലെ പ്രതിമ-ടോക്യോ

ചരിത്രം. 5,00,00,000 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഇയോസീന്‍ കാലഘട്ടത്തിലെ പാറകളില്‍ നിന്നാണ്‌ കുതിരകളുടെ പൂര്‍വികരെപ്പറ്റിയുള്ള ആദ്യസൂചനകള്‍ ലഭ്യമായിട്ടുള്ളത്‌. നാലു കാല്‍ വിരലുകള്‍ തറയിലൂന്നി നടന്നിരുന്നതും കുറുക്കനോളം മാത്രം വലുപ്പമുണ്ടായിരുന്നതുമായ ഒരു ജീവിയായിരുന്നിരിക്കണം ഇന്നത്തെ കുതിരകളുടെ പൂര്‍വികന്‍ എന്നനുമാനിക്കപ്പെടുന്നു. നോ. അശ്വവംശം

ഇക്വസ്‌ കബാലസ്‌ മധ്യഏഷ്യയിലാണ്‌ ആദ്യമായി പ്രത്യക്ഷപ്പെട്ടത്‌. ബലമുള്ളതും ഉറച്ച ശരീരഘടനയുള്ളതും തവിട്ടുനിറമുള്ളതുമായ ഒരിനമായിരുന്നു ഇത്‌. മധ്യഏഷ്യയില്‍ നിന്ന്‌ ഇത്‌ കിഴക്കോട്ടു വ്യാപിച്ചു. അങ്ങനെ ചൈനീസ്‌ മംഗോളിയന്‍ ഇനങ്ങള്‍ ഉടലെടുത്തു. പടിഞ്ഞാറോട്ടു സഞ്ചരിച്ചവ യൂറോപ്യന്‍ ഇനങ്ങള്‍ക്ക്‌ ജന്മമേകി. കുതിരയുടെ വന്യവര്‍ഗങ്ങള്‍ തെക്കുപടിഞ്ഞാറു ദിശയിലേക്കു നീങ്ങുകയും ഏഷ്യാമൈനറിലെത്തിച്ചേരുകയും ചെയ്‌തു. അവിടെനിന്ന്‌ ഈജിപ്‌തിലും മെഡിറ്ററേനിയന്‍ രാജ്യങ്ങളിലും എത്തി. ഇവിടെയൊക്കെ ഇവ അതതു പ്രദേശത്തെ ഇനങ്ങള്‍ക്കു ജന്മമേകി. സ്‌പാനിഷ്‌ സഞ്ചാരഗവേഷകനായിരുന്ന ഹെര്‍നാന്‍ഡോ കോര്‍ട്ടെസ്‌ ആണ്‌ 1519-ല്‍ കുതിരയെ അമേരിക്കന്‍ ഭൂഖണ്ഡത്തിലെത്തിച്ചത്‌.

ശരീരഘടന. വേഗതയേറിയ ഒരു മൃഗത്തിനനുയോജ്യമായ സംവിധാനങ്ങളോടുകൂടിയ ശരീരഘടനയാണ്‌ കുതിരയ്‌ക്കുള്ളത്‌. ശരീരത്തില്‍ 205 അസ്ഥികളാണുള്ളത്‌. നീളമേറിയ കാലിലെ അസ്ഥികള്‍ കപ്പിപോലെയുള്ള സന്ധികളില്‍ തിരിയുന്നു. ഏറ്റവും മേന്മയേറിയ രീതിയില്‍ ഊര്‍ജത്തെ ഉപയോഗിക്കാനുതകുംവിധമാണ്‌ കാലിലെ മാംസപേശികള്‍ ഘടിപ്പിച്ചിരിക്കുന്നത്‌. ഒതുങ്ങിയ ശരീരത്തെ സദാ കാല്‍ വിരലിന്റെ അഗ്രങ്ങള്‍ കൊണ്ട്‌ താങ്ങിനിര്‍ത്തിയിരിക്കുന്നതിനാല്‍ ഓടുമ്പോള്‍ പൂര്‍ണരൂപത്തില്‍ കാലുകള്‍ വലിഞ്ഞുകിട്ടുന്നു. വൃത്താകൃതിയിലുള്ള തലയോടിനുള്ളില്‍ താരതമ്യേന വലുതും സങ്കീര്‍ണവുമായ തലച്ചോറ്‌ സ്ഥിതിചെയ്യുന്നു. പേശീസമന്വയത്തെ നിയന്ത്രിക്കുന്ന മസ്‌തിഷ്‌കഭാഗങ്ങള്‍ അധികം വികസിച്ചവയുമാണ്‌. ശരാശരി 40-48 കി.മീ./മണിക്കൂര്‍ വേഗതയില്‍ കുതിച്ചുപായാന്‍ ശേഷിയുള്ളവയാണിവ.

കുതിര സസ്യാഹാരിയാണ്‌. ഇതിന്‌ അനുയോജ്യമായ അനുകൂലനങ്ങളും ശരീരഘടനയില്‍ കാണപ്പെടുന്നു. പുല്ലുകളും കട്ടിയേറിയ സസ്യങ്ങളും ചവച്ചു പൊടിക്കാനായി ബലമേറിയതും ഉയര്‍ന്ന ശീര്‍ഷങ്ങളുള്ളതുമായ പല്ലുകളുടെ ഒരു നിരയുണ്ട്‌. അതുപോലെതന്നെ പചനവ്യൂഹം നീളമേറിയതുമാണ്‌. ഇതിന്റെ ഒരു നല്ലഭാഗം സെല്ലുലോസിനെ ദഹിപ്പിച്ചെടുക്കാനുള്ള കുടലാണ്‌. കുതിരക്കുട്ടികള്‍ക്ക്‌ ആദ്യഘട്ടത്തിലുണ്ടാകുന്ന ദന്തങ്ങള്‍ (milk teeth)ഏതാണ്ട്‌ രണ്ടരവയസ്സു പ്രായമാകുന്നതോടെയാണ്‌ കൊഴിയുന്നത്‌. നാല്‌-അഞ്ചു വയസ്സാകുന്നതോടെ യഥാര്‍ഥ ദന്തനിര പൂര്‍ണമാവുന്നു. അപ്പോള്‍ 36-40 പല്ലുകളുണ്ടായിരിക്കും. ആകാരത്തിന്റെയും ശരീരഘടനയുടെയും അടിസ്ഥാനത്തില്‍ വളര്‍ത്തുകുതിരകളെ മൂന്നു പ്രധാന ഇനങ്ങളായി തരംതിരിക്കാറുണ്ട്‌. ഭാരം വലിക്കുന്നതിനും നിലം ഉഴുന്നതിനും ഉപയോഗിക്കുന്ന വണ്ടിക്കുതിരകള്‍((Draft Horses)ക്ക്ഭാരമുള്ള കാലുകളും 200 സെ.മീ. ഉയരവുമാണ്‌. 142 സെ.മീ. വരെ ഉയരം വയ്‌ക്കുന്ന പോണികളാണ്‌ അടുത്തയിനം.

സവാരിക്കുപയോഗിക്കപ്പെടുന്ന മൂന്നാമത്തെയിനത്തിന്റെ ഉയരം മുകളില്‍ പറഞ്ഞ രണ്ടിനങ്ങളുടെയും മധ്യേവരും. നീണ്ട മോന്തയുടെ പിന്നറ്റത്തായി സ്ഥിതിചെയ്യുന്ന വലിയ കണ്ണുകള്‍ ഓട്ടത്തിന്‌ കുതിരയ്‌ക്ക്‌ സഹായകരമായി വര്‍ത്തിക്കുന്നു. നീണ്ട കഴുത്തും ഉയര്‍ന്നു സ്ഥിതി ചെയ്യുന്ന കണ്ണുകളും മനുഷ്യനെക്കാള്‍ കൂടിയ രീതിയിലുള്ള ദര്‍ശനപരിധി ഇതിനു നല്‌കുന്നു. ഈ പ്രത്യേകതമൂലം തറനിരപ്പിലുള്ള പുല്ലുകളില്‍ മേഞ്ഞുനടക്കുമ്പോഴും ദൂരത്തുനിന്നുള്ള അപകടം മനസ്സിലാക്കാനിതിനു കഴിയുന്നു. മനുഷ്യരുടേതുപോലെ തന്നെ ദ്വിനേത്രി(binocular) ദര്‍ശനമാണ്‌ കുതിരകള്‍ക്കുള്ളതെങ്കിലും നിറം തിരിച്ചറിയാനിവയ്‌ക്കാകുമെന്നു തോന്നുന്നില്ല. കാഴ്‌ചശക്തി ഉയര്‍ന്ന നിലവാരത്തിലുള്ളതാണെങ്കിലും വിവിധങ്ങളായ കോണകേന്ദ്രങ്ങള്‍(focus)ഇവയുടെ കണ്ണുകള്‍ക്കില്ല. വിവിധദൂരങ്ങളിലുള്ള വസ്‌തുക്കള്‍ നേത്രാന്തരപടല(retina)ത്തിന്റെ വിവിധഭാഗങ്ങളിലായാണ്‌ പതിയുക. തല ചരിച്ചും മറിച്ചുമാണ്‌ ഈ വസ്‌തുക്കളെ ഇവ കാണുന്നത്‌. ഘ്രാണ-ശ്രവണശക്തികള്‍ മനുഷ്യരിലേതിനെക്കാള്‍ വികസിതമാണ്‌.

പൂര്‍ണവളര്‍ച്ചയെത്തിയ കുതിരയ്‌ക്ക്‌ 1,000 കിലോഗ്രാം വരെ തൂക്കം ഉണ്ടായിരിക്കും; ചെറുകുതിരകളായ പോണികളുടെ തൂക്കം 135 കിലോഗ്രാം വരെയും. താപനിയന്ത്രണകര്‍മമാണ്‌ കുതിരയുടെ രോമങ്ങള്‍ക്കുള്ളത്‌. ചൂടിലും തണുപ്പിലും നിന്ന്‌ ശരീരത്തെ പരിരക്ഷിക്കുകയും താപനില 100ºF (38ºC) ആയി നിലനിര്‍ത്തുകയും ചെയ്യുന്നത്‌ രോമങ്ങളാണ്‌. തണുപ്പുരാജ്യങ്ങളിലുള്ള കുതിരകളുടെ രോമങ്ങള്‍ ശൈത്യകാലത്ത്‌ വളര്‍ന്നിറങ്ങാറുണ്ട്‌. ചൂടുകാലത്ത്‌ ഈ രോമം പൊഴിഞ്ഞുപോകുകയും ചെയ്യും.

നിറം. ആദിമകുതിരകള്‍ക്ക്‌ ഇരുണ്ട തവിട്ടുനിറമായിരുന്നു. ഇതില്‍ നിന്നാണ്‌ ഇന്നുകാണപ്പെടുന്ന കുതിരകള്‍ക്ക്‌ വൈവിധ്യമാര്‍ന്ന നിറങ്ങള്‍ കൈവന്നത്‌. പ്രധാനനിറങ്ങള്‍ കറുപ്പ്‌, ചെമ്പന്‍, കടുംതവിട്ട്‌, ക്രീം, വെള്ള എന്നിവയാണ്‌. കറുത്ത കുതിരകളുടെ മുഖത്തും കണങ്കാലിലും വെള്ളപ്പാടുകള്‍ കാണാറുണ്ട്‌. തവിട്ടുനിറമുള്ള കുതിരകള്‍ ഏതാണ്ട്‌ കറുത്ത കുതിരകള്‍ തന്നെയാണ്‌; അവയുടെ മോന്ത, കണ്ണുകള്‍, കാലുകള്‍ എന്നിവയുടെ നിറം മങ്ങിയതായിരിക്കുമെന്നുമാത്രം. ചെമ്പന്‍ കുതിരകള്‍ തവിട്ടിന്റെ വിവിധ വകഭേദങ്ങളുള്ളവയാണ്‌. മിക്ക ചെമ്പന്‍ കുതിരകളുടെയും കുഞ്ചിരോമം, വാല്‌ എന്നിവ കറുത്തതായിരിക്കും. വെള്ളക്കുതിരകളില്‍ മങ്ങിയ ചാരനിറമുള്ളവ മുതല്‍ അല്‍ ബിനോകള്‍ വരെ ഉണ്ട്‌. അല്‍ ബിനോകള്‍ക്ക്‌ നീലകണ്ണുകളും പാടല വര്‍ണത്തിലുള്ള തൊലിയും കാണപ്പെടുന്നു. ചാരനിറമുള്ള കുതിരകള്‍ ജനിക്കുമ്പോള്‍ കടുംതവിട്ടോ കറുപ്പോ നിറമുള്ളവയാണ്‌. പ്രായമാകുന്നതോടെ രോമങ്ങളുടെ നിറം കുറയുന്നു. വളര്‍ച്ചയെത്തുന്നതോടെ ഇവ മിക്കവാറും വെള്ളക്കുതിരകളായി മാറാറുമുണ്ട്‌.

ആഹാരം. കുതിരകളുടെ ആഹാരം പ്രധാനമായും ധാന്യങ്ങളും വയ്‌ക്കോലുമാണ്‌. ജോലി ചെയ്യുന്നതിനു തൊട്ടുമുമ്പോ പിമ്പോ ഇവയ്‌ക്ക്‌ ആഹാരം നല്‌കാറില്ല. ഓട്‌സും കുതിരകള്‍ക്ക്‌ പോഷകമൂല്യമുള്ള ആഹാരമാണ്‌. പ്രായമേറിയ കുതിരകള്‍ക്കും ഉദരരോഗങ്ങളുള്ളവയ്‌ക്കും പൊടിച്ച ഓട്‌സ്‌ നല്‌കാറുണ്ട്‌. ഓട്‌സിനുപകരം ബാര്‍ലിയും നല്‌കാം. എങ്കിലും ആഹാരത്തിന്റെ സിംഹഭാഗവും വയ്‌ക്കോലുതന്നെ. ഉപ്പ്‌ ഇവയ്‌ക്ക്‌ അത്യാവശ്യമാണ്‌. റൊട്ടി, കാരറ്റ്‌, ഉരുളക്കിഴങ്ങ്‌, പയറിനങ്ങള്‍, പച്ചിലകള്‍ എന്നിവയും കുതിരയ്‌ക്ക്‌ പഥ്യംതന്നെ. ഇന്ന്‌ കുതിരത്തീറ്റകളായി പോഷകമൂല്യങ്ങളടങ്ങിയ നിരവധി ഫാക്‌ടറി ഉത്‌പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്‌.

പ്രജനനം. കുതിര 16-18 മാസം പ്രായമെത്തുന്നതോടെ ലൈംഗിക പ്രത്യേകതകള്‍ പ്രകടമാക്കിത്തുടങ്ങും. എങ്കിലും മൂന്നുവയസ്സോടെ മാത്രമേ ഇവ പ്രായപൂര്‍ത്തിയിലെത്തുന്നുള്ളൂ. വിവിധ ഇനങ്ങളില്‍ ഇതിനല്‌പസ്വല്‌പം വ്യത്യാസം കാണപ്പെടാറുണ്ട്‌. നല്ലയിനം കുതിരകള്‍ 20 വയസ്സുകഴിഞ്ഞാലും ഉത്‌പാദനശേഷിയുള്ളവയായിരിക്കും. സാധാരണയിനങ്ങള്‍ക്ക്‌ 12-15 വയസ്സാകുന്നതോടെ പ്രജനനക്ഷമത ഇല്ലാതാവുന്നു. ഗര്‍ഭകാലം 11 മാസമാണ്‌. സാധാരണ ഒരു പ്രസവത്തില്‍ ഒരു കുട്ടിമാത്രം കാണപ്പെടുന്നു. ഇരട്ടകളും അപൂര്‍വമല്ല.

കുതിരയുടെ ആയുര്‍ദൈര്‍ഘ്യം 30-35 വര്‍ഷമാണ്‌. എങ്കിലും 44 വയസ്സുവരെ ജീവിച്ചിരുന്ന ഒരു കുതിരയുടെ അസ്ഥികൂടം വിയന്നയിലെ വെറ്ററിനറി സര്‍വകലാശാലയില്‍ സൂക്ഷിച്ചിട്ടുണ്ട്‌.

രോഗങ്ങളും പരാദങ്ങളും. കുതിരകള്‍ നിരവധി പകര്‍ച്ചവ്യാധികള്‍ക്ക്‌ ഇരയാകാറുണ്ട്‌. ഇന്‍ഫ്‌ളുവന്‍സ, പുഴുക്കടി എന്നിവ ഇവയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ചീഞ്ഞളിഞ്ഞ ആഹാരസാധനങ്ങളോട്‌ ഇവയുടെ പചനവ്യൂഹം വളരെവേഗം പ്രതികരിക്കാറുണ്ട്‌. ഇതുമൂലം ദഹനക്കേട്‌ ഉണ്ടാവുന്നു. നിരവധിയിനം വിരകള്‍ കുടലില്‍ കാണപ്പെടാറുണ്ട്‌. നാടവിര, ഉരുളന്‍വിര, കൊക്കപ്പുഴു എന്നിവ പ്രധാന വിരയിനങ്ങളാണ്‌. കുതിരയുടെ ത്വക്കില്‍ ഉണ്ണികള്‍, മൈറ്റുകള്‍, പേന്‍ എന്നിവ കാണാറുണ്ട്‌. കണ്‌ഠനാളത്തിനു സാധാരണ പിടിപെടാറുള്ള ഒരസുഖമാണ്‌ റോറിങ്‌. ഈ അസുഖമുള്ള കുതിരകള്‍ ശ്വാസം ഉള്ളിലേക്കെടുക്കുമ്പോള്‍ ശബ്‌ദം ഉണ്ടാവാറുണ്ട്‌. ചികിത്സിച്ചു ഭേദമാക്കാനാവാത്തയിനം ആസ്‌ത്മയും ചില കുതിരകളില്‍ കാണാറുണ്ട്‌. അമിതമായി ജോലി ചെയ്യിക്കുന്നതുമൂലവും ശരിയായി പരിപാലിക്കാതിരിക്കുന്നതു മൂലവും ന്യുമോണിയയും വാതരോഗവും ഇവയ്‌ക്കു പിടിപെടാറുണ്ട്‌.

കുതിരയിനങ്ങള്‍ (Breeds). മധ്യേഷ്യയിലാണ്‌ പോറ്റിവളര്‍ത്തപ്പെട്ട കുതിരകള്‍ വളര്‍ന്നു വികസിച്ചത്‌. ഭാരക്കുറവുള്ള ചെറിയ കുതിരകളായിരുന്നു ഇവ. കാലക്രമേണ ഇവിടെനിന്ന്‌ രണ്ടിനം കുതിരകള്‍ ഉരുത്തിരിഞ്ഞു വന്നു: തെക്കന്‍ അറബ്‌ ബാര്‍ബ്‌ ഇനവും വടക്കന്‍ ഇനവും. ഏതു കാലഘട്ടത്തില്‍ എപ്രകാരമാണിവ ഉരുത്തിരിഞ്ഞതെന്ന്‌ വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

ഭാരം കുറഞ്ഞയിനം. അറേബ്യന്‍. മുഹമ്മദ്‌ നബിക്ക്‌ അനുയായികള്‍ സമ്മാനിച്ച അഞ്ചു കുതിരകളില്‍ നിന്ന്‌ ഉടലെടുത്തയിനമാണ്‌ അറേബ്യന്‍ കുതിരകളെന്ന്‌ വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ബി.സി. 400-ല്‍ ത്തന്നെ ഇവയെപ്പറ്റി രേഖപ്പെടുത്തിക്കാണുന്നു. ഈ കാലഘട്ടത്തിനുമുമ്പും അറബികള്‍ക്ക്‌ കുതിരകളുണ്ടായിരുന്നതിന്‌ തെളിവുകളുണ്ട്‌.

അറേബ്യന്‍ ഇനത്തില്‍ പ്പെട്ടവ ഒതുങ്ങിയ ശരീരഘടനയുള്ളവയാണ്‌. ചെറിയ തല, ഉന്തിനില്‍ ക്കുന്ന കണ്ണുകള്‍, വിസ്‌താരമേറിയ നാസാദ്വാരങ്ങള്‍ എന്നിവ ഇവയുടെ പ്രത്യേകതകളാണ്‌. മറ്റെല്ലായിനങ്ങള്‍ക്കും 24 കശേരുകളുള്ളപ്പോള്‍ അറേബ്യന്‍ കുതിരകള്‍ക്ക്‌ 23 കശേരുകളേയുള്ളൂ. വാല്‌, കുഞ്ചി, പുറന്തൊലി എന്നിവ പട്ടുപോലെയുള്ള രോമത്താലാവൃതമായിരിക്കും. വിവിധ നിറത്തിലുള്ളവ ഉണ്ടെങ്കിലും ചാരനിറത്തിലുള്ളവയാണ്‌ അധികം. അറേബ്യന്‍ കുതിരകള്‍ ശക്തി, ബുദ്ധി, സ്വഭാവം എന്നിവയ്‌ക്ക്‌ പ്രസിദ്ധമാണ്‌.

ശുദ്ധരക്തയിനം (Throughbred). മൂന്നാം ശതകത്തോടെ അറബ്‌-ബാര്‍ബ്‌ കുതിരകളെ ഇംഗ്ലണ്ടില്‍ കൊണ്ടുവന്നു. (വടക്കന്‍ ആഫ്രിക്കയിലെ ബാര്‍ബറി കോസ്റ്റില്‍ വികാസം പ്രാപിച്ച കുതിര ഇനമാണ്‌ ബാര്‍ബ്‌. ശക്തിയേറിയ ഈ ഇനം, കുതിരപ്പന്തയങ്ങള്‍ക്ക്‌ ധാരാളമായി ഉപയോഗിക്കുന്നു.) ഇംഗ്ലണ്ടിലെ കാലാവസ്ഥയും വെള്ളവും ഈ കുതിരകളുടെ വളര്‍ച്ചയ്‌ക്ക്‌ അനുകൂലമായിരുന്നതിനാല്‍ ഈ ഇനം വളരെവേഗം വളര്‍ന്നു വികസിച്ചു. കുതിരപ്പന്തയത്തില്‍ താത്‌പര്യമുണ്ടായിരുന്നവര്‍ ഈയിനത്തെ നിര്‍ധാരണ പ്രജനനത്തിലൂടെ വികസിപ്പിച്ചെടുത്തു. ജെയിംസ്‌ ഒന്നാമന്റെയും ചാള്‍സ്‌ ഒന്നാമന്റെയും ഭരണകാലത്ത്‌ ഇംഗ്ലണ്ടിലേക്ക്‌ 43 പെണ്‍കുതിരകളെ ഇറക്കുമതിചെയ്യുകയും ഇതിന്റെ വംശപരമ്പരയിലൂടെ ഒരു പുതിയ ശുദ്ധരക്തയിനം ഉടലെടുക്കുകയും ചെയ്‌തു. ഇംഗ്ലീഷ്‌ ശുദ്ധരക്തയിനങ്ങളെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ കുതിരപ്പന്തയങ്ങള്‍ക്കും നാടന്‍ കുതിരകളുമായിച്ചേര്‍ത്ത്‌ സങ്കരയിനം വളര്‍ത്തിയെടുക്കുന്നതിനും ഉപയോഗപ്പെടുത്തിവരുന്നു. ശുദ്ധരക്തയിനങ്ങളുടെ തല ചെറുതും നെഞ്ച്‌ ആഴമുള്ളതുമാണ്‌. കാലിലെ അസ്ഥികള്‍ കുറുകിയവയാണ്‌. ഇവയുടെ നിറം ചെമ്പനും കടുംതവിട്ടുമായിരിക്കും. കറുപ്പും ചാരനിറവും അപൂര്‍വമാണ്‌.

ഏഷ്യന്‍. അറേബ്യന്‍ ഇനങ്ങളുടെ സ്വാധീനതയുള്ളവയാണ്‌ ഏഷ്യന്‍ ഇനം. അറേബ്യന്‍ ഇനവും സ്റ്റെപ്പീസിലെ കുതിരകളും ചേര്‍ന്ന്‌ ബുദ്ധിശക്തിയിലും കാര്യക്ഷമതയിലും മുന്‍പന്തിയിലായ ഏഷ്യന്‍ ഇനങ്ങള്‍ക്ക്‌ ജന്മമേകി. ഷെവാല്‍ സ്‌കി എന്നറിയപ്പെടുന്ന ഇനത്തിന്‌ താരതമ്യേന നീളം കുറഞ്ഞ കാലുകളാണുള്ളത്‌. ഇവയില്‍ ടാര്‍ടാര്‍, കിര്‍ഗിസ്‌, മംഗോള്‍, കൊസ്സാക്ക്‌ കുതിരകളും പെടുന്നു.

ആംഗ്ലോ-അറബ്‌. ഇംഗ്ലീഷ്‌ ശുദ്ധരക്തയിനവും യഥാര്‍ഥ അറേബ്യന്‍ ഇനവും തമ്മില്‍ ഇണചേര്‍ത്ത്‌ ഫ്രാന്‍സില്‍ ഉരുത്തിരിച്ചെടുത്ത ഇനമാണ്‌ ആംഗ്ലോ-അറബ്‌. ഈ വര്‍ഗസങ്കലനം വഴി അറേബ്യന്‍ ഇനത്തെക്കാള്‍ വലുതും ഇംഗ്ലീഷ്‌ ഇനത്തേക്കാള്‍ ചെറുതുമായ ഒരു പുതിയ ഇനം രൂപമെടുത്തു. കടുംതവിട്ടുനിറമോ ചെമ്പന്‍ നിറമോ ഉള്ള ഇവ കൂടുതല്‍ ഭാരം വലിക്കാന്‍ കെല്‌പുള്ളവയാണ്‌.

സ്റ്റാന്‍ഡേര്‍ഡ്‌ ബ്രഡ്‌-സാഡില്‍ കുതിരകള്‍. ഇംഗ്ലീഷ്‌ ശുദ്ധരക്തയിനത്തില്‍ നിന്ന്‌ അമേരിക്കന്‍ ശുദ്ധരക്തയിനം ഉടലെടുത്തു. അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ്‌ ബ്രഡ്‌ ഇനങ്ങള്‍ ചെറിയ തലയുള്ളവയും നന്നായി നടക്കാന്‍ കഴിവുള്ളവയുമാണ്‌. മിക്കപ്പോഴും പ്രദര്‍ശനങ്ങള്‍ക്കായാണ്‌ ഇവയെ ഉപയോഗപ്പെടുത്താറുള്ളത്‌. ചെമ്പന്‍ കടുംതവിട്ടുനിറമുള്ളവയാണിവ. ശുദ്ധരക്തയിനത്തില്‍ നിന്നു തന്നെയാണ്‌ ടെന്നിസി നടപ്പുകുതിരയിനവും രൂപമെടുത്തത്‌. ഇവ സവാരിക്കു പറ്റിയവയാണ്‌. മണിക്കൂറില്‍ 16 കി.മീ. വരെ ഇവ സഞ്ചരിക്കുന്നു. ചെമ്പന്‍ നിറമാണിവയ്‌ക്ക്‌.

ക്വാര്‍ട്ടര്‍, മോര്‍ഗന്‍, അപ്പാലോസ, ക്ലീവ്‌ലാന്‍ഡ്‌ കാരിയേജ്‌, ജര്‍മന്‍ ഹോള്‍സ്റ്റീന്‍, ഹാനോവേറിയന്‍, ട്രക്കെനെര്‍ എന്നീ കുതിരയിനങ്ങളും സങ്കരജനുസുകളില്‍ പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നവയാണ്‌.

ഭാര ഇനങ്ങള്‍. കൂടുതല്‍ ഭാരം ചുമക്കാന്‍ കഴിവുള്ളവയും കൃഷിപ്പണികള്‍ക്കുപയോഗിക്കുന്നവയും ആയ ഇനങ്ങള്‍ മധ്യകാലഘട്ടത്തിലെ യുദ്ധക്കുതിരകളില്‍ നിന്ന്‌ ഉരുത്തിരിഞ്ഞുവന്നവയാണ്‌. ലോകത്തിലെ ഏറ്റവും വലിയ കുതിരയായ ഇംഗ്ലീഷ്‌ ഷൈര്‍, ഫ്രഞ്ച്‌ പെര്‍ച്ചെറോണ്‍, ബെല്‍ ജിയന്‍, ജര്‍മന്‍ നോറിക്കര്‍, ആസ്റ്റ്രിയന്‍ പിന്‍സ്‌ഗോര്‍ എന്നീ ഇനങ്ങളെ ഇപ്പോള്‍ കൃഷിപ്പണിക്ക്‌ വിരളമായേ ഉപയോഗിക്കാറുള്ളൂ. തെക്കന്‍ ടൈറോളില്‍ (Tyrol) ഉദ്‌ഭവിച്ച ഹാഫ്‌ളിംഗര്‍ എന്നയിനം മലങ്കുതിരകളെ കൃഷിപ്പണികള്‍ക്കായാണ്‌ പ്രധാനമായും ഉപയോഗിക്കാറുള്ളത്‌. 140 സെ.മീ. വരെ ഉയരമുള്ള ഇവയുടെ നിറം കടുംതവിട്ടാണ്‌.

പോണികള്‍. അറേബ്യന്‍ ഇനമല്ലാത്തതും 142 സെ.മീ.-നു താഴെ ഉയരമുള്ളതുമായ ചെറു കുതിരകളാണ്‌ പോണികള്‍ എന്ന പേരിലറിയപ്പെടുന്നത്‌. വളരെയധികം ഊര്‍ജസ്വലവും ബുദ്ധിശക്തി അധികമുള്ളവയുമാണിവ. വണ്ടി വലിക്കാനും ഭാരം ചുമക്കാനുമാണിവയെ ഉപയോഗിക്കുക. കുട്ടികളുടെ സവാരിക്കുതിരകളായും ഇവ വര്‍ത്തിക്കുന്നു. വെല്‍ ഷ്‌, ഡാര്‍ട്ട്‌മോര്‍, എക്‌സ്‌മോര്‍, ന്യൂഫോറസ്റ്റ്‌, ഹൈലാന്‍ഡ്‌, ഡെയില്‍ , ഫെല്‍ എന്നിങ്ങനെ നിരവധിയിനം പോണികളുണ്ട്‌. കുതിര, കലകളില്‍ . പൗരാണിക കാലംമുതല്‍ തന്നെ കലാകാരന്മാരെ വളരെയധികം സ്വാധീനിച്ച ഒരു മൃഗമാണ്‌ കുതിര. ചരിത്രാതീതകാലം മുതല്‌ക്കേ എല്ലായിനം കലാകാരന്മാരുടെയും പ്രിയപ്പെട്ട വിഷയമായി കുതിര കണക്കാക്കപ്പെട്ടുവന്നു. നൂറ്റാണ്ടുകള്‍ക്കുമുമ്പ്‌ വേട്ടയാടി നടന്നിരുന്നവര്‍ ഗുഹകളുടെ ഭിത്തികളിലും മറ്റും കുതിരയുടെ ചിത്രങ്ങള്‍ പോറി വച്ചിരുന്നതിന്‌ ഇന്നും തെളിവുകളുണ്ട്‌. ബി.സി. 1800-നോടടുത്ത സമയത്തെ ഗുഹാചിത്രങ്ങളിലും കുതിര സ്ഥാനംപിടിച്ചിട്ടുള്ളതായി കാണാം. കുതിരയുടെ താരതമ്യേന ചെറിയ തല, തടിച്ച കഴുത്ത്‌, ചെറിയ ചട്ടക്കൂട്‌, സുന്ദരമായ കാലുകള്‍, കുഞ്ചിരോമം, വാല്‌ തുടങ്ങിയ ഭാഗങ്ങളെ ഗുഹാചിത്രകാരന്മാര്‍പോലും യഥാതഥമായും തന്മയത്വത്തോടുകൂടിയും രേഖപ്പെടുത്തിയിട്ടുണ്ട്‌.

യൂഫ്രട്ടിസ്‌, ടൈഗ്രിസ്‌ നദികള്‍ക്കിടയില്‍ വസിച്ചിരുന്ന അസീറിയക്കാരുടെ ആദികാല കൊത്തുപണികളില്‍ കുതിരയ്‌ക്കാണ്‌ പ്രാമുഖ്യം. കല്ലില്‍ ക്കൊത്തിയ അസീറിയന്‍ ശില്‌പങ്ങളില്‍ കുതിരപ്പുറത്തിരിക്കുന്ന പടയാളികളുടെ പരാക്രമങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു. ഇറാഖിലെ പൗരാണിക നഗരമായ കാലായില്‍ നിന്നു ലഭ്യമായിട്ടുള്ള കല്ലിലുള്ള അവശിഷ്‌ടങ്ങളിലും കുതിരയുടെ ചിത്രങ്ങള്‍ക്കാണ്‌ മുന്‍തൂക്കം.

ഈജിപ്‌തുകാര്‍ പുരാതനകാലം മുതല്‌ക്കേ സ്‌തൂപങ്ങളും ശവക്കല്ലറകളും മറ്റും മോടിപിടിപ്പിക്കാന്‍ കുതിരയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്നു വ്യക്തമാക്കുന്ന ഭീമാകാരങ്ങളായ നിരവധി ചിത്രങ്ങള്‍ ലഭ്യമായിട്ടുണ്ട്‌. ബി.സി. 1500-നോടടുത്ത്‌ രൂപപ്പെടുത്തിയതെന്നു വിശ്വസിക്കപ്പെടുന്ന, തടിയില്‍ കൊത്തിയെടുത്ത ഒരു കുതിരയുടെയും യോദ്ധാവിന്റെയും ശില്‌പം ഒരു ശവകുടീരത്തില്‍ നിന്ന്‌ കണ്ടെടുത്തിട്ടുണ്ട്‌.

ആഥന്‍സിലെ പാര്‍ത്തിനോണിലുള്ള കുതിരയുടെ ചില ശില്‌പങ്ങള്‍ അതിമനോഹരശില്‌പങ്ങളുടെ പട്ടികയില്‍ പ്പെടുന്നു. ബി.സി. 447-ല്‍ ഫിഡിയാസ്‌ എന്ന ഗ്രീക്‌ ശില്‌പി രൂപപ്പെടുത്തിയവയാണിവ. യുവാക്കള്‍ കുതിരസ്സവാരി നടത്തുന്നത്‌ ചിത്രീകരിച്ചിരിക്കുന്ന ഈ ശില്‌പങ്ങള്‍ ഗ്രീക്കുകാരുടെ സവിശേഷശില്‌പചാരുതയുടെ നിദര്‍ശനങ്ങളാണ്‌.

ലോകത്തങ്ങോളമിങ്ങോളം കുതിരപ്പുറത്തിരിക്കുന്ന രാജാക്കന്മാരുടെയും യോദ്ധാക്കളുടെയും പ്രതിമകളുണ്ട്‌. ബി.സി. ഒന്നാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന, ഇപ്രകാരമുള്ള ഒരു പ്രതിമ ഇറ്റലിയിലെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. വെനീസില്‍ സൈനികത്തലവനായിരുന്ന ബെര്‍ത്തലോമിയോ കോളിയോനിയുടെ അതിമനോഹരമായ ഒരു പ്രതിമയുണ്ട്‌. 1400-ല്‍ ഉണ്ടാക്കിയ ഈ പ്രതിമ ഒരു പട്ടാളക്കുതിരയുടെ ശക്തിപ്രതീകമായി കണക്കാക്കപ്പെടുന്നു.

16-ഉം 17-ഉം നൂറ്റാണ്ടുകളിലെ ഡച്ച്‌, ഫ്‌ളെമിഷ്‌, സ്‌പാനിഷ്‌ ചിത്രകാരന്മാരുടെ പ്രധാന വിഷയം കുതിരയായിരുന്നു. കളികളിലേര്‍പ്പെട്ടിരിക്കുന്ന കുതിരകളുടെ ചിത്രങ്ങളായിരുന്നു ഈ ചിത്രകാരന്മാര്‍ അധികമായും വരച്ചിരുന്നത്‌. 18, 19 നൂറ്റാണ്ടുകളില്‍ ഇംഗ്ലണ്ടിലും ചിത്രകാരന്മാരെ കുതിരപ്രമം സ്വാധീനിക്കുകയുണ്ടായി. അമേരിക്കന്‍ ചിത്രകാരനായ ഫ്രഡറിക്‌ റെമിങ്‌ടന്റെ ഇഷ്‌ടവിഷയം കുതിരയായിരുന്നു.

കുതിര, സാഹിത്യത്തില്‍ . ഋഗ്വേദം, രാമായണം, ഭാരതം, ഭാഗവതം മുതലായ ഭാരതീയ ഗ്രന്ഥങ്ങളില്‍ കുതിരകളുടെ പരാമര്‍ശം ധാരളം കാണുന്നുണ്ട്‌. കുതിരകളെയും കുതിര പൂട്ടിയ രഥത്തെയുംപറ്റി ഋഗ്വേദത്തില്‍ പരാമര്‍ശമുണ്ടെങ്കിലും കുതിരപ്പടയാളികളെക്കുറിച്ചു പറഞ്ഞുകാണുന്നില്ല. രാമായണത്തില്‍ രഥവാഹകമെന്ന നിലയിലാണ്‌ പ്രധാനമായി കുതിരകളെക്കുറിച്ചു പ്രസ്‌താവിച്ചുകാണുന്നത്‌. രാമരാവണ യുദ്ധത്തില്‍ ഇന്ദ്രന്‍ തന്റെ രഥം ശ്രീരാമന്‌ അയച്ചുകൊടുത്തതായികാണുന്നു. മാതലിയായിരുന്നു തേരാളി. ബ്രഹ്മാവ്‌ യാഗം കഴിച്ചതിന്റെ ഫലമായി ഉച്ചൈശ്രവസ്സ്‌ എന്ന കുതിര ഉണ്ടായെന്നും അദ്ദേഹം അതിനെ പാലാഴിയില്‍ ഒളിച്ചുവച്ചുവെന്നും പാലാഴി കടഞ്ഞപ്പോള്‍ അതു വീണ്ടും പ്രത്യക്ഷപ്പെട്ടുവെന്നും ഇന്ദ്രന്‍ അതിനെ കൈക്കലാക്കിയെന്നും പുരാണങ്ങളില്‍ പറഞ്ഞുകാണുന്നു. ആ കുതിര ചിറകുള്ളതായിരുന്നുവത്ര. സൂര്യദേവന്‍ സപ്‌താശ്വനാണെന്നാണ്‌ പ്രസിദ്ധി. അദ്ദേഹം ഏഴു കുതിരകളെ പൂട്ടിയ ഏകചക്രമായ രഥത്തില്‍ ലോകത്തെ ചുറ്റിസഞ്ചരിക്കുന്നുവെന്നു പുരാണങ്ങള്‍ ഉദ്‌ഘോഷിക്കുന്നു. കദ്രുവും വിനതയും തമ്മിലുള്ള വിവാദവും സൂര്യാശ്വങ്ങളുടെ നിറത്തെക്കുറിച്ചായിരുന്നു. അര്‍ജുനന്‍ ശ്വേതഹയയുക്തമായ രഥത്തില്‍ സ്ഥിതിചെയ്‌തുകൊണ്ടാണ്‌ ഭാരതയുദ്ധത്തില്‍ പങ്കെടുത്തതെന്നു ഭാരതത്തില്‍ പരാമര്‍ശമുണ്ട്‌. "അശ്വമേധം', "രാജസൂയം' എന്നീ യാഗങ്ങളിലും കുതിരയ്‌ക്കു പ്രാധാന്യം കല്‌പിക്കപ്പെട്ടിട്ടുണ്ട്‌. ചതുരംഗസൈന്യത്തിന്റെ വിഭാഗമെന്ന നിലയില്‍ അശ്വങ്ങളെയും അശ്വസൈന്യത്തെയും കുറിച്ചുള്ള പ്രസ്‌താവങ്ങള്‍ സംസ്‌കൃതസാഹിത്യത്തില്‍ ധാരാളമുണ്ട്‌. അഭിജ്ഞാനശാകുന്തളത്തില്‍ ദുഷ്യന്തന്‍ കുതിരകളെ പൂട്ടിയ രഥത്തിലാണ്‌ രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌; ഇന്ദ്രലോകത്തിലേക്കു പോകുന്നതും അവിടെനിന്നു മടങ്ങുന്നതും അശ്വവാഹകമായ രഥത്തില്‍ ത്തന്നെ. അശ്വങ്ങളുടെ ഓട്ടത്തെക്കുറിച്ചുള്ള മനോഹരമായ വര്‍ണനയും അതിലുണ്ട്‌. കലിയുഗാവസാനത്തില്‍ മഹാവിഷ്‌ണു വെളുത്ത കുതിരപ്പുറത്തു സഞ്ചരിക്കുന്ന കല്‌ക്കിയായി അവതരിക്കുമെന്നു കല്‌ക്കി പുരാണത്തില്‍ പറയുന്നു. കാംബോജം, സിന്ധു, ബാഹ്‌ലീകം എന്നിവിടങ്ങളില്‍ ഉള്ള അശ്വങ്ങള്‍ ഏറ്റവും മെച്ചപ്പെട്ടവയെന്ന്‌ അന്നു കരുതപ്പെട്ടിരുന്നു. മഹാറാണാ പ്രതാപ്‌ സിംഹന്റെ "ചേതക്‌' എന്ന കുതിര ഭാരതചരിത്രത്തില്‍ ത്തന്നെ സ്ഥാനംപിടിച്ചിട്ടുള്ളതാണ്‌. കുതിരകളെക്കുറിച്ചുള്ള അനേകം ശാസ്‌ത്രഗ്രന്ഥങ്ങളും സംസ്‌കൃതസാഹിത്യത്തിലുണ്ട്‌. ശാലിഹോത്രന്റെ ശാലിഹോത്രം, നളന്റെ അശ്വശാസ്‌ത്രം, നകുലന്റെ അശ്വചികിത്സ, ഗണന്റെ അശ്വായുര്‍വേദം, ജയദത്തന്റെ അശ്വവൈദികം എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്‌.

പടിഞ്ഞാറന്‍ നാടുകളിലെ പുരാണങ്ങളിലും കുതിര പ്രധാന കഥാപാത്രമായിരുന്നു. ഉദാഹരണമായി ഗ്രീക്‌ സൂര്യഭഗവാനായ അപ്പോളോ യാത്ര ചെയ്‌തിരുന്നത്‌ കുതിര വലിക്കുന്ന വാഹനത്തിലായിരുന്നു. മറ്റൊരു ഗ്രീക്‌ സങ്കല്‌പമായ പെഗാസസ്‌ എന്ന പറക്കുംകുതിരയ്‌ക്ക്‌ നക്ഷത്രങ്ങളുടെ ഇടയ്‌ക്കാണ്‌ സ്ഥാനംകൊടുത്തിരിക്കുന്നത്‌. കവിഭാവനയ്‌ക്കും വിഷയീഭവിച്ചിട്ടുള്ള ഒരു വിഷയമാണ്‌ കുതിര. വില്യം ഷെയ്‌ക്‌സ്‌പിയറിന്റെ "വീനസ്‌ ആന്‍ഡ്‌ അഡോണിസ്‌' എന്ന കവിതയില്‍ കുതിരയെ ഹൃദയസ്‌പര്‍ശിയായ രീതിയില്‍ വര്‍ണിച്ചിട്ടുണ്ട്‌. മറ്റൊരു കവിയായ ജോണ്‍ മാസ്‌ഫീല്‍ ഡ്‌ കുതിരകളെ വര്‍ണിക്കുന്ന രണ്ട്‌ മാസ്‌റ്റര്‍പീസുകള്‍ തന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ റെയ്‌നാര്‍ഡ്‌, ദ ഫോക്‌സ്‌ ഒരു കുതിരവേട്ടയുടെ മനോജ്ഞമായ വാങ്‌മയ ചിത്രമാണ്‌. കുതിരപ്പന്തയത്തിന്റെ ആവേശം ചിത്രീകരിക്കുന്ന ഈ കവിയുടെ മറ്റൊരു കൃതിയാണ്‌ റൈറ്റ്‌ റോയല്‍ . കുതിരകളെയും അവയുടെ കളികളെയും ആധാരമാക്കിയിട്ടുള്ള നിരവധി ഇംഗ്ലീഷ്‌ സാഹിത്യകൃതികളുണ്ട്‌. സി.ഡബ്ല്യു.ആന്‍ഡേഴ്‌സന്റെ ബില്ലി ആന്‍ഡ്‌ ബ്‌ളെയിസ്‌, വാള്‍ട്ടര്‍ ഫാര്‍ലിയുടെ ബ്ലാക്ക്‌ സ്റ്റാലിയണ്‍, നോബല്‍ ജേതാവായ ജോണ്‍ സ്റ്റീന്‍ബെക്കിന്റെ ദ റെഡ്‌ പോണി എന്നിവ ഇവയില്‍ ചിലതാണ്‌. നോ. അശ്വവംശം; അശ്വാരൂഢമത്സരങ്ങള്‍; കുതിരപ്പട്ടാളം; കുതിരപ്പന്തയം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%81%E0%B4%A4%E0%B4%BF%E0%B4%B0" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍