This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുണ്ഡലിനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുണ്ഡലിനി

കുണ്ഡലിനി

യോഗശാസ്‌ത്രം, തന്ത്രശാസ്‌ത്രം എന്നിവയുടെ സിദ്ധാന്തമനുസരിച്ച്‌ സുഷുമ്‌നാനാഡിയുടെ അധോഭാഗത്ത്‌ സര്‍പ്പാകൃതിയില്‍ സ്ഥിതിചെയ്യുന്നതായി സങ്കല്‌പിച്ചിട്ടുള്ള ജീവശക്തിക്കുള്ള സാങ്കേതിക നാമം. ഇതിന്റെ സ്ഥാനം മൂലാധാരമാണെന്നു യോഗശിഖോപനിഷത്തിലും മണിപൂരകത്തിനു തൊട്ടു മുകളിലാണെന്നു യോഗചൂഡാമണി, യോഗകുണ്ഡലിനി എന്നീ ഉപനിഷത്തുകളിലും പറഞ്ഞിരിക്കുന്നു. ചുറ്റി വളഞ്ഞിരിക്കുന്നവള്‍ എന്നാണ്‌ കുണ്ഡലിനി എന്ന വാക്കിന്‌ അര്‍ഥം. കുണ്ഡലിനി എട്ടു ചുറ്റോടുകൂടി വളഞ്ഞിരിക്കുന്നതായിട്ടാണ്‌ സങ്കല്‌പം. മൂലാധാരം, സ്വാധിഷ്‌ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിങ്ങനെ ആറു ചക്രങ്ങള്‍ സുഷുമ്‌നയില്‍ ഉണ്ട്‌. ഈ ചക്രങ്ങളെയെല്ലാം പദ്‌മങ്ങളായാണ്‌ വിഭാവനം ചെയ്‌തിട്ടുള്ളത്‌. ഓരോന്നിലെയും ദലങ്ങളുടെ എണ്ണം വ്യത്യസ്‌തമാണ്‌. സ്ഥാനത്തെ സംബന്ധിച്ചുള്ള സങ്കല്‌പങ്ങളില്‍ ഈഷദ്‌ വ്യത്യാസങ്ങള്‍ കാണുന്നുണ്ട്‌. നാലുദലങ്ങളുള്ള മൂലാധാരം ഗുദത്തിനും ലിംഗത്തിനും മധ്യത്തിലാണെന്നും, ആറു ദലങ്ങളുള്ള സ്വാധിഷ്‌ഠാനം ലിംഗമൂലത്തിലാണെന്നും യോഗശിഖോപനിഷത്തില്‍ പ്രസ്‌താവിച്ചുകാണുന്നു. എന്നാല്‍ യോഗചൂഡാമണിയില്‍ ആധാരചക്രത്തിന്റെ സ്ഥാനം ഗുദമാണെന്നും രണ്ടാമത്തേതിന്റേത്‌ ലിംഗസ്ഥാനമാണെന്നും പറഞ്ഞിരിക്കുന്നു. രണ്ടിന്റെയും മധ്യത്തിലാണ്‌ കാമരൂപത്തിലുള്ള യോനിസ്ഥാനം. അവിടെയുള്ള നാലുദലങ്ങളോടുകൂടിയ പദ്‌മത്തിനു നടുവിലാണ്‌ സിദ്ധവന്ദിതയായ കാമാഖ്യ എന്ന യോനി. അതിന്റെ മധ്യത്തില്‍ പശ്ചിമാഭിമുഖമായി മഹാലിംഗം സ്ഥിതി ചെയ്യുന്നു. നൂലുകൊണ്ടു മണിയെ എന്നപോലെ സുഷുമ്‌നകൊണ്ട്‌ കന്ദത്തെ കോര്‍ത്തുവച്ചിരിക്കുന്ന ചക്രമാണ്‌ മണിപൂരകം. പത്തു ദലങ്ങളുള്ള അതിന്റെ സ്ഥാനം നാഭിയാണ്‌. കന്ദത്തിനു മുകളില്‍ എട്ടു ചുറ്റുള്ള സര്‍പ്പാകൃതിയില്‍ കുണ്ഡലിനീശക്തി അഥവാ ഈശ്വരി ബ്രഹ്മദ്വാരത്തിന്റെ മുഖം തന്റെ മുഖംകൊണ്ടു മറച്ചുകൊണ്ട്‌ ഉറക്കത്തില്‍ ലയിച്ചിരിക്കുന്നു.

പുച്ഛാഗ്രം വായകൊണ്ടു ഗ്രഹിച്ചിരിക്കുന്ന അവസ്ഥയിലാണ്‌ കുണ്ഡലിനി സ്ഥിതിചെയ്യുന്നത്‌. പന്ത്രണ്ടു ദലങ്ങളുള്ള അനാഹതചക്രം ഹൃദയസ്ഥാനത്തു സ്ഥിതിചെയ്യുന്നു; പതിനാറു ദലങ്ങളുള്ള വിശുദ്ധിചക്രം കണ്‌ഠമൂലത്തിലും. രണ്ടു ദലങ്ങളുള്ള ആജ്ഞാചക്രം ഭ്രൂമധ്യത്തിലാണെന്നും മസ്‌തകത്തിലാണെന്നും യോഗോപനിഷത്തുകളില്‍ പരാമര്‍ശമുണ്ട്‌. ഇതിനും മുകളിലുള്ള ശീതാംശുമണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന ആയിരം ദലങ്ങളോടുകൂടിയ സഹസ്രാരപദ്‌മത്തില്‍ ശിവന്‍ പള്ളികൊള്ളുന്നു എന്നാണ്‌ സങ്കല്‌പം. ചക്രങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിലും മതഭേദമുണ്ട്‌. സൗഭാഗ്യ ലക്ഷ്‌മ്യുപനിഷത്തില്‍ ബ്രഹ്മചക്രം, സ്വാധിഷ്‌ഠാനം, നാഭിചക്രം, മണിപൂരകം, കണ്‌ഠചക്രം, താലുചക്രം, ഭ്രൂചക്രം, ആജ്ഞാചക്രം, നിര്‍വാണചക്രം അഥവാ ബ്രഹ്മരന്ധ്രം, ആകാശചക്രം എന്നിങ്ങനെ ഒന്‍പത്‌ ചക്രങ്ങള്‍ ഉണ്ടെന്നു പറയുന്നു.

കുണ്ഡലിനിയെ ഉണര്‍ത്തുന്നതിനെപ്പറ്റി യോഗകുണ്ഡല്യുപനിഷത്തില്‍ (1, 82-89) ഇങ്ങനെ പറഞ്ഞിരിക്കുന്നു. "കുണ്ഡലിനി' എന്നു പേരോടുകൂടിയ താമരനൂലുപോലെയുള്ള ശുഭശക്തി കമലകന്ദം പോലെയുള്ള മൂലകന്ദത്തെ ഫണാഗ്രം കൊണ്ട്‌ ദര്‍ശിച്ചിട്ട്‌ വായകൊണ്ടു വാലിനെ ഗ്രസിച്ചുകൊണ്ട്‌ ബ്രഹ്മരന്ധ്രസമന്വിതയായി വര്‍ത്തിക്കുന്നു. പദ്‌മാസനസ്ഥനും സ്വസ്ഥനും ഗുദത്തെ ചുരുക്കിയവനുമായ സാധകന്‍ വായുവിനെ ഊര്‍ധ്വഗതമാക്കിയിട്ട്‌ കുംഭകാവിഷ്‌മാനസനായിത്തീരുന്നു. അയാളില്‍ വായുവിന്റെ ആഘാതം ഹേതുവായിട്ട്‌ അഗ്നി സ്വാധിഷ്‌ഠാനത്തില്‍ എത്തി ജ്വലിക്കുന്നു. അഗ്നിയുടെയും വായുവിന്റെയും ഒരുമിച്ചുള്ള ആഘാതത്താല്‍ സര്‍പ്പരാട്‌ ഉറക്കത്തില്‍ നിന്ന്‌ ഉണരുന്നു. അതിനുശേഷം അത്‌ ബ്രഹ്മഗ്രന്ഥിയെയും തുടര്‍ന്ന്‌ വിഷ്‌ണുഗ്രന്ഥിയെയും ഭേദിക്കുന്നു. ഇങ്ങനെയാണ്‌ ആറുകമലങ്ങളെയും അഥവാ ചക്രങ്ങളെയും രുദ്രഗ്രന്ഥിയെയും ഭേദിക്കുന്നത്‌. പിന്നീട്‌ സഹസ്രകമലത്തില്‍ ശിവനോടൊപ്പം മോദിക്കുന്നു. ഈ അവസ്ഥയാണ്‌ നിര്‍വൃതികാരിണി.

യോഗശിഖോപനിഷത്തില്‍ പറയുന്നത്‌ "ഹംസോ, ഹംസോ' എന്ന മന്ത്രാച്ചാരണത്തെ ഗുരുവാക്യാനുസരണം സുഷുമ്‌നയില്‍ വിപരീതശക്തിയുള്ളതായി "സോങ്കഹംസോങ്കഹം' എന്നാക്കിത്തീര്‍ക്കണമെന്നും, ഈ മന്ത്രയോഗപൂര്‍വകമായ പ്രാണായാമംകൊണ്ട്‌ മൂലാധാരസ്ഥിതമായ വായുവിനെ ചലിപ്പിച്ച്‌ കുണ്ഡലിനിയെ ഉണര്‍ത്തണമെന്നുമാണ്‌ (1, 126-136). തന്ത്രശാസ്‌ത്രപ്രകാരം കുണ്ഡലിനീശക്തിയെ ഉണര്‍ത്തേണ്ടത്‌ പഞ്ചദശാക്ഷരീമന്ത്രം ജപിച്ച്‌ ലഭിക്കുന്ന മന്ത്രശക്തികൊണ്ടാണ്‌. ബ്രഹ്മസാക്ഷാത്‌കാരത്തിനു രണ്ടു മാര്‍ഗങ്ങളാണ്‌ ശാസ്‌ത്രങ്ങളില്‍ നിര്‍ദേശിച്ചിട്ടുള്ളത്‌. ഒന്ന്‌ "നേതി, നേതി' എന്ന്‌ എല്ലാറ്റിനെയും അപവദിക്കുന്ന നിവൃത്തിമാര്‍ഗം. ഇതാണ്‌ അദ്വൈതികളുടേത്‌. രണ്ടാമത്തേത്‌ സാധനയിലൂടെ ബ്രഹ്മപദത്തിലേക്ക്‌ ഉയരുന്ന രീതിയാണ്‌. ഇത്‌ യോഗികളുടെ മാര്‍ഗങ്ങളാണ്‌.

ബ്രഹ്മസത്യത്തില്‍ നിന്ന്‌, അഥവാ കേവല ചിച്ഛക്തിയില്‍ നിന്ന്‌, പ്രകൃതിയുടെ വികൃതികളാല്‍ അകന്നുപോയ ജീവനെ തിരികെ ബ്രഹ്മപദത്തിലേക്ക്‌ ആനയിച്ച്‌ അദ്വൈതപദം സാക്ഷാത്‌കരിക്കാന്‍ ഇടവരുത്തുകയാണ്‌ യോഗസമ്പ്രദായത്തിന്റെ ലക്ഷ്യം. കേവലചിച്ഛക്തിയെ ശിവതത്ത്വമായും ജീവനെ ശക്തിതത്ത്വമായും ഭാവനചെയ്‌തിരിക്കുന്നു. ശിവശക്തികളുടെ പുനഃസമാഗമരൂപത്തിലാണ്‌ അദ്വൈതാനുഭൂതിയെ കവികൂടിയായ യോഗി കാണുന്നത്‌. പ്രകൃതി, മഹത്തത്വം, അഹങ്കാരം, അന്തഃകരണങ്ങള്‍, ഇന്ദ്രിയങ്ങള്‍, മഹാഭൂതങ്ങള്‍ എന്നീ ആറ്‌ പരിണാമഘട്ടങ്ങള്‍ കടന്നാണ്‌ ജീവന്‍ പ്രകൃതിയുടെ തടവറയില്‍ പ്പെട്ടിരിക്കുന്നതെന്നാണ്‌ സാംഖ്യമതം. ഈ മതത്തെ അംഗീകരിച്ചുകൊണ്ട്‌ ഈ തടവറയില്‍ നിന്ന്‌, യോഗസാധനകള്‍ കൊണ്ട്‌ സാധ്യമാക്കാവുന്ന പ്രതിപ്രസവത്തിലൂടെ ജീവനെ തിരികെ കൈവല്യപദത്തിലെത്തിക്കുകയാണ്‌ യോഗത്തിന്റെ ലക്ഷ്യം. പ്രകൃതിയുടെ തടവറയില്‍ പ്പെട്ട്‌ പ്രകൃതിസഹജമായ കര്‍മവാസനകളാല്‍ പ്രരിതമായി തന്റെ തന്നെ കുത്സിതമായ ചേഷ്‌ടകളില്‍ രമിച്ച്‌ ഈ ദൂഷിതവലയത്തില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള മാര്‍ഗവും അടച്ചുകൊണ്ട്‌ മയങ്ങിക്കിടക്കുകയാണ്‌ ജീവശക്തി. എട്ടുചുറ്റുകളോടുകൂടി സ്വന്തം വാല്‍ വായ്‌ക്കകത്താക്കിക്കൊണ്ടും, ബ്രഹ്മരന്ധ്രത്തെ അടച്ചുകൊണ്ടും തല കുമ്പിട്ട്‌ ഉറങ്ങിയിരിക്കുന്ന കുണ്ഡലിനീശക്തികൊണ്ട്‌ അര്‍ഥമാക്കുന്നത്‌ ഇങ്ങനെയുള്ള ജീവനെയാണ്‌. ജീവനെ ഈ മയക്കത്തില്‍ നിന്ന്‌ ഉണര്‍ത്തി, പ്രകൃതിയുടെ വലയത്തെ അഴിച്ച്‌ ഋജുവാക്കി, പരമാര്‍ഥത്തിലുള്ള ലക്ഷ്യസ്ഥാനം കാണിച്ചുകൊടുക്കുക മാത്രമാണ്‌ ഈ ദൂഷിതവലയത്തില്‍ നിന്ന്‌ ജീവനെ രക്ഷിക്കാനുള്ള ഏകമാര്‍ഗം. ഇതാണ്‌ കുണ്ഡലിനിയെ ഉണര്‍ത്തുക എന്നതുകൊണ്ടര്‍ഥമാക്കുന്നത്‌. പ്രകൃതിക്ക്‌ ആറ്‌ പരിണാമഘട്ടങ്ങള്‍ ഉള്ളതിനു സമാനമായി, പ്രതിപ്രസവത്തിനും ആറ്‌ ഘട്ടങ്ങള്‍ തരണം ചെയ്യണം. അതിനെ ആറുചക്രങ്ങളായി ഭാവന ചെയ്‌തിരിക്കുന്നു എന്ന്‌ പറയാം. ഇങ്ങനെ പ്രാകൃതഭാവത്തില്‍ നിന്ന്‌, അപ്രാകൃതവും ശുദ്ധവുമായ ശിവപദത്തിലേക്ക്‌ അഥവാ സഹസ്രാരപദ്‌മത്തിലേക്ക്‌ ഈശ്വരി ആനയിക്കപ്പെടുന്നു. ശക്തിയുടെ സാന്നിധ്യമില്ലാത്തതുകൊണ്ട്‌ അചേതനനായിരുന്ന ശിവനും അപ്പോള്‍ ശക്തിയുക്തനായി സ്‌പന്ദിച്ചുതുടങ്ങുകയും ശിവശക്തികള്‍ ഏകീഭവിച്ച്‌ പരാസംവിത്തായിത്തീരുകയും ചെയ്യുന്നു.

ശിവനില്‍ നിന്നു പിരിഞ്ഞ്‌ ശക്തി ബാഹ്യപ്രകൃതിയെ പ്രസവിക്കുന്ന പ്രക്രിയ "ഹംസഃ' എന്ന ശബ്‌ദപ്രതീകത്താല്‍ അറിയപ്പെടുന്നു. അതിന്റെ തിരിച്ചുള്ള ഭാവമാണ്‌ "സോങ്കഹം'. അതിനാല്‍ "സോങ്കഹം' "സോങ്കഹം' എന്ന മന്ത്രയോഗത്തോടുകൂടി വേണം കുണ്ഡലിനിയെ ഉണര്‍ത്തേണ്ടതെന്ന്‌ യോഗികള്‍ നിര്‍ദേശിച്ചിരിക്കുന്നു. പ്രകൃതി ത്രിഗുണാത്മികയാണ്‌. ഈ ഗുണങ്ങളെ തരണം ചെയ്‌താലേ ഗുണാതീതമായ ശിവപദം പ്രാപിക്കുകയുള്ളൂ. ബ്രഹ്മഗ്രന്ഥി, വിഷ്‌ണുഗ്രന്ഥി, രുദ്രഗ്രന്ഥി എന്നിങ്ങനെ മൂന്നു ഗ്രന്ഥികളെ ഭേദിച്ചിട്ടുവേണം ബ്രഹ്മരന്ധ്രം തുറക്കേണ്ടതെന്നു നിര്‍ദേശിച്ചിട്ടുള്ളത്‌ ഈ അര്‍ഥത്തിലാണ്‌. ഈ സാധനാക്രമങ്ങള്‍ അനുഷ്‌ഠിക്കുന്നത്‌ അനുഭവസിദ്ധിയുള്ള ഒരു ഗുരുവിന്റെ മാര്‍ഗനിര്‍ദേശത്തോടുകൂടി മാത്രമേ ആകാവൂ എന്നു പ്രത്യേകം നിഷ്‌കര്‍ഷിച്ചിരിക്കുന്നു. അല്ലാത്തപക്ഷം അത്‌ ആപത്തുകള്‍ക്കു കാരണമായിത്തീരും.

മലയാളസാഹിത്യത്തില്‍ കുണ്ഡലിനിയെ ആധാരമാക്കിക്കൊണ്ട്‌ സ്വതന്ത്രമായി ശാസ്‌ത്രകൃതി രചിച്ചിട്ടുള്ളത്‌ നാരായണഗുരു മാത്രമാണെന്നു കരുതേണ്ടിയിരിക്കുന്നു. യോഗോപനിഷത്തുകളില്‍ പറയുന്ന സാധനാക്രമങ്ങളൊന്നും ഗുരുവിന്റെ കുണ്ഡലിനിപ്പാട്ടില്‍ പരാമര്‍ശിക്കപ്പെടുന്നില്ല. ശിവപദത്തില്‍ എത്തി ആനന്ദനൃത്തം ചെയ്യുന്ന പാമ്പിന്റെ അനുഭൂതികളും തത്ത്വാവബോധവും മാത്രമാണ്‌ ഇതിലെ പ്രമേയം. കുണ്ഡലിനീയോഗത്തില്‍ നിന്ന്‌ നാരായണഗുരു ഇതില്‍ സ്വീകരിച്ചിട്ടിട്ടുള്ള ഒരേയൊരു സങ്കല്‌പം ബ്രഹ്മരന്ധ്രത്തിന്റേതു മാത്രമാണ്‌.

""ആടു പാമ്പേ പുനം തേടു പാമ്പേ
	അരുളാനന്ദക്കൂത്തു കണ്ടാടു പാമ്പേ''
 

എന്നതിലെ "പുനം' ബ്രഹ്മരന്ധ്രത്തെ സൂചിപ്പിക്കുന്നു. കൃതിയുടെ മറ്റു ഭാഗങ്ങളിലെല്ലാം നിറഞ്ഞുനില്‍ ക്കുന്നത്‌ ശിവഭക്തിയും അദ്വൈതബോധവും മാത്രമാണ്‌. അദ്വൈതവേദാന്തദൃഷ്‌ട്യാ കുണ്ഡലിനീയോഗത്തിന്റെ പുതുക്കി വിലയിരുത്തലാണ്‌ കുണ്ഡലിനിപ്പാട്ടില്‍ നാരായണഗുരു നടത്തിയിരിക്കുന്നതെന്നു പറയാം. കബീര്‍ദാസും ഈ വിഷയത്തെ ആസ്‌പദമാക്കി കുണ്ഡലിനിപ്പാട്ട്‌ രചിച്ചിട്ടുണ്ട്‌.

(മുനി നാരായണപ്രസാദ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍