This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുണ്ഡലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുണ്ഡലം

മത്സ്യാകാരകുണ്ഡലവും (ഇടത്ത്‌) കമലാകാരകുണ്ഡലവും (വലത്ത്‌)

ഒരുതരം കര്‍ണാഭരണം. ഹൈന്ദവ ദേവീദേവന്മാരെല്ലാം കുണ്ഡലധാരികളായാണ്‌ സങ്കല്‌പിക്കപ്പെട്ടിട്ടുള്ളത്‌. തട്ടുതട്ടായി പണിതീര്‍ത്തിട്ടുള്ള ഈ ആഭരണം പുരാതനകാലത്ത്‌ സ്‌ത്രീകളും പുരുഷന്മാരും അണിഞ്ഞിരുന്നു. കാതിനെ സംരക്ഷിക്കുന്നത്‌ (കുഡിരക്ഷായാം എന്ന ധാതുവില്‍ നിന്നുണ്ടായ പദം) എന്നാണ്‌ കുണ്ഡലം എന്ന വാക്കിനര്‍ഥം. കര്‍ണഭൂഷണം, കര്‍ണപൂരം, കുണ്ഡലം, മണികുണ്ഡലം എന്നീ കര്‍ണാഭരണങ്ങളെക്കുറിച്ച്‌ കാളിദാസ കൃതികളില്‍ പരാമര്‍ശമുണ്ട്‌. മണികുണ്ഡലം, പത്രകുണ്ഡലം, മകരകുണ്ഡലം, സിംഹകുണ്ഡലം, ഗജകുണ്ഡലം മുതലായ കുണ്ഡലഭേദങ്ങളെക്കുറിച്ചുള്ള പ്രസ്‌താവം ശില്‌പരത്‌നത്തില്‍ (ഉത്തരഭാഗം 16-ാം അധ്യായം, 14-17) കാണുന്നു. രത്‌നക്കല്ലുകള്‍ പതിച്ച കുണ്ഡലങ്ങളാണ്‌ മണികുണ്ഡലങ്ങള്‍. കുണ്ഡലങ്ങള്‍ രാജാക്കന്മാരുടെ വേഷഭൂഷാദികളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായിരുന്നു എന്ന്‌ തെളിയിക്കുന്ന പ്രസ്‌താവനകള്‍ പുരാണേതിഹാസങ്ങളില്‍ കാണാം. മകരകുണ്ഡലം പ്രതിബിംബിക്കുന്ന ശ്രീകൃഷ്‌ണന്റെ കവിള്‍ത്തടത്തെക്കുറിച്ചും ജന്മനാ കവചകുണ്ഡലങ്ങള്‍കൊണ്ട്‌ അനുഗൃഹീതനായ കര്‍ണന്‍ തന്റെ വജ്രകുണ്ഡലങ്ങളും കവചവും ദേവേന്ദ്രനു ദാനംചെയ്‌തതിനെക്കുറിച്ചും മഹാഭാരതത്തിലും മറ്റും വര്‍ണിച്ചിട്ടുണ്ട്‌. രാമനെ "രത്‌നകിരീട കുണ്ഡലധര'നായും ദേവിയെ "മണികുണ്ഡലോദ്യത്‌കേയൂരാഢ്യ'യായും ധ്യാനിച്ചുവരുന്നു.

ബഹര്‍ട്ട്‌, അജന്താ എന്നിവിടങ്ങളിലെ ചുവര്‍ചിത്രങ്ങളില്‍ നിന്ന്‌ അക്കാലത്ത്‌ അണിഞ്ഞിരുന്ന പലജാതി കുണ്ഡലങ്ങളെക്കുറിച്ച്‌ മനസ്സിലാക്കാം. കുണ്ഡലം എന്ന വാക്കിന്‌ ആകാശം, പരിവേഷം, കയര്‍ച്ചുരുള്‍ എന്നീ അര്‍ഥങ്ങളുമുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%81%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍