This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുണ്ടറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുണ്ടറ

കൊല്ലം ജില്ലയിലെ ഒരു പഞ്ചായത്തും ആസ്ഥാനമായ പട്ടണവും. അഷ്‌ടമുടിക്കായലിന്റെ ഭാഗമായ കാഞ്ഞിരോട്ട്‌ കായലിന്റെ സാമീപ്യവും ഇവിടെ സമൃദ്ധമായുള്ള ചീനക്കളിമണ്‍ നിക്ഷേപവും വര്‍ധിച്ച ഗതാഗത-വിദ്യാഭ്യാസ സൗകര്യങ്ങളും ദ്രുതഗതിയിലുള്ള നഗരവത്‌കരണവും കുണ്ടറയുടെ പുരോഗതിയെ ത്വരിതപ്പെടുത്തുന്നു. ഗവണ്‍മെന്റുടമയിലുള്ള കേരള സിറാമിക്‌സ്‌ 1937-ല്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രമുഖ സിറാമിക്‌സ്‌ വിദഗ്‌ധനായ ഡോഗര്‍സിങ്ങിന്റെ മേല്‍ നോട്ടത്തില്‍ തുടങ്ങിയ ഈ സ്ഥാപനത്തിലെ ഉത്‌പന്നങ്ങള്‍ ഗുണമേന്മയില്‍ വളരെ മെച്ചപ്പെട്ടവയായിരുന്നു. പെട്ടെന്ന്‌ ഇവ വിദേശമാര്‍ക്കറ്റുകളില്‍ ഖ്യാതി നേടി. ഇപ്പോള്‍ പോഴ്‌സലെയിന്‍ ക്രാക്കറിക്ക്‌ പുറമേ സിറാമിക്‌സ്‌ കമ്പനിയുടെ വിവിധ യൂണിറ്റുകളില്‍ ലോടെന്‍ഷന്‍ ഇലക്‌ട്രിക്കല്‍ ഇന്‍സുലേറ്റേഴ്‌സ്‌, സ്റ്റോണ്‍വയര്‍ പൈപ്പുകള്‍, റിഫ്രാക്‌റ്റെറികള്‍, റിഫൈന്‍ഡ്‌ ചൈനാക്ലേ എന്നിവ ഉത്‌പാദിപ്പിക്കുന്നു. ഇലക്‌ട്രിക്കല്‍ കേബിളുകള്‍ വന്‍തോതില്‍ നിര്‍മിക്കുന്ന കുണ്ടറയിലെ അലുമിനിയം ഇന്‍ഡസ്‌ട്രീസ്‌ കമ്പനി ഈ ഗണത്തില്‍ പ്പെട്ട ഇന്ത്യയിലെ സ്ഥാപനങ്ങളുടെ മുന്‍പന്തിയിലാണ്‌. ഇലക്‌ട്രിക്കല്‍ ആന്‍ഡ്‌ അലൈഡ്‌ ഇന്‍ഡസ്‌ട്രീസ്‌ എന്ന മറ്റൊരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇരുമ്പും പിച്ചളയുംകൊണ്ടുള്ള ഇലക്‌ട്രിക്കല്‍ സാധനങ്ങള്‍ നിര്‍മിക്കുന്നു. കുണ്ടറയില്‍ വിപുലമായി പ്രവര്‍ത്തിക്കുന്ന ആറ്‌ കശുവണ്ടി ഫാക്‌ടറികള്‍ നാലായിരത്തിലധികം തൊഴിലാളികള്‍ക്ക്‌ -ഭൂരിപക്ഷവും സ്‌ത്രീകള്‍ക്ക്‌-ആണ്ടില്‍ കുറച്ചുദിവസത്തേക്കെങ്കിലും തൊഴില്‍ നല്‌കുന്നു.

കൊല്ലത്തുനിന്ന്‌ 14 കി.മീ. കിഴക്കുമാറി കൊല്ലം-ചെങ്കോട്ട റോഡിന്റെ ഇരുവശങ്ങളിലുമായി പട്ടണം സ്ഥിതിചെയ്യുന്നു. ജനസംഖ്യ: 17,656 (2001). പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തി കായല്‍ ക്കരയാണ്‌.

ബ്രിട്ടീഷ്‌ അധിനിവേശത്തിനെതിരെ പൊരുതിയ വേലുത്തമ്പിദളവ 984 മകരം 1-ന്‌ (1809) പുറപ്പെടുവിച്ച ചരിത്രപ്രധാനമായ വിളംബരംകൊണ്ട്‌ ഈ നാട്‌ ചരിത്രത്തില്‍ അവിസ്‌മരണീയമായ സ്ഥാനം നേടി. ഇവിടത്തെ റയില്‍ വേസ്റ്റേഷന്‌ വളരെ പഴക്കമുണ്ട്‌. നിരവധി ഹൈസ്‌കൂളുകളും മറ്റനേകം വിദ്യാലയങ്ങളുമുള്ളതിനാല്‍ വിദ്യാഭ്യാസകാര്യത്തിലും സാക്ഷരതയിലും മുന്നണിയിലാണ്‌ ഈ പഞ്ചായത്ത്‌. യാക്കോബായ സഭക്കാരുടെ പഴയ സിറിയന്‍ പള്ളിയും ഇതര ക്രിസ്‌തീയവിഭാഗക്കാരുടെ രണ്ടു പള്ളികളും കുണ്ടറയുടെ യശസ്‌തംഭമായി ഉയര്‍ന്ന്‌ നില്‍ ക്കുന്നു. ഇളംപള്ളൂര്‍ ക്ഷേത്രം നിരവധി ഭക്തജനങ്ങളെ ആകര്‍ഷിക്കുന്നു.

കായലോരത്ത്‌ തെങ്ങും ഉള്‍നാടുകളില്‍ മരച്ചീനിയും പറങ്കിമാവും റബ്ബറും വാഴയും മറ്റും കൃഷിചെയ്യുന്നു. കാഞ്ഞിരോട്ടു കായലിലെ രുചികരമായ കരിമീന്‍ തീന്‍മേശയിലെ ഒരു ഇഷ്‌ടവിഭവമാണ്‌.

(തോട്ടം രാജശേഖരന്‍; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍