This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുട്ട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുട്ട

കുട്ട

ചൂരല്‍ , ഈറ മുതലായവ കൊണ്ടുണ്ടാക്കുന്ന ഒരു സംഭരണി. വളരെ പ്രാചീനകാലം മുതല്‌ക്കേ കുട്ട(കൊട്ട) ഉപയോഗത്തിലിരുന്നതായി ചരിത്രരേഖകളുണ്ട്‌. സഹസ്രാബ്‌ദങ്ങള്‍ക്കുമുമ്പ്‌ ഈറകൊണ്ടു മെടഞ്ഞ കുട്ടകളിലായിരുന്നു മനുഷ്യന്‍ ആഹാരസാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്‌. കുട്ടകളുടെ ദ്വാരത്തിലൂടെ സാധനങ്ങള്‍ ചോര്‍ന്നുപോകാതിരിക്കാനായി അവയുടെ അകവശം നനഞ്ഞ കളിമണ്ണുകൊണ്ടു മെഴുകുന്ന പതിവും അന്നുണ്ടായിരുന്നു. കളിമണ്ണുകൊണ്ട്‌ സംഭരണികള്‍ നിര്‍മിക്കാമെന്ന ആശയം ഉടലെടുത്തത്‌ ഈ സമ്പ്രദായത്തില്‍ നിന്നായിരിക്കണം. ഇന്നും ഈറ, മുള, ചൂരല്‍ , വള്ളി എന്നിവകൊണ്ടു കുട്ടകളുണ്ടാക്കി അവയുടെ അകവശം ചാണകംകൊണ്ടു മെഴുകി ദ്വാരങ്ങള്‍ അടയ്‌ക്കുന്ന പതിവ്‌ നിലവിലുണ്ട്‌. കേരളത്തിലെ ചില ആദിവാസിവര്‍ഗങ്ങളും മറ്റുചില സമുദായാംഗങ്ങളും കുട്ട നെയ്യുന്ന ജോലി കുലത്തൊഴിലായി സ്വീകരിച്ചിട്ടുണ്ട്‌. മുള, ഈറ എന്നിവ ചെറിയ പാളികളാക്കിയാണ്‌ കുട്ട മെടയുന്നത്‌. മണ്ണ്‌, ചാണകം തുടങ്ങിയവ കൊണ്ടുപോകുന്നതിന്‌ വള്ളിക്കുട്ട ധാരാളമായി ഉപയോഗിച്ചുവരുന്നുണ്ട്‌. മുളകൊണ്ടു നിര്‍മിക്കപ്പെടുന്ന കുട്ടകള്‍ കട്ടിയും ഭാരവുമുള്ള സാധനങ്ങള്‍ ചുമക്കുന്നതിനു പറ്റിയതാണ്‌. കുട്ടകള്‍ക്ക്‌ വിവിധവര്‍ണങ്ങള്‍ നല്‌കി ആകര്‍ഷകമാക്കാറുണ്ട്‌.

കരകൗശല വികസനകോര്‍പ്പറേഷന്‍, ഖാദി-ഗ്രാമവ്യവസായകമ്മിഷന്‍, ഖാദി-ഗ്രാമവ്യവസായ ബോര്‍ഡ്‌ എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ശ്രമഫലമായി കുട്ടനിര്‍മാണം വികസനസാധ്യതകള്‍ കൂടുതലായുള്ള ഒരു ചെറുകിട വ്യവസായമായി വളര്‍ന്നിട്ടുണ്ട്‌. അടുത്തകാലത്തായി നൂല്‍ ക്കമ്പി, പ്ലാസ്‌റ്റിക്ക്‌ എന്നിവകൊണ്ടു കുട്ടകള്‍ നിര്‍മിക്കുന്നതില്‍ അഭ്യസ്‌തവിദ്യരും സമ്പന്നവിഭാഗങ്ങളിലെ ജനങ്ങളും ഏര്‍പ്പെട്ടുവരുന്നു. ഒരു "ഹോബിയെന്ന' നിലയെക്കാളേറെ ഒരു നല്ല വരുമാനമാര്‍ഗമെന്ന നിലയില്‍ കുട്ടനിര്‍മാണം വളര്‍ന്നതോടെ കുട്ടയുടെ രൂപത്തിലും ഭാവത്തിലും വളരെയേറെ മാറ്റങ്ങളുണ്ടായിട്ടുണ്ട്‌. ചില ആഫ്രിക്കന്‍ രാഷ്‌ട്രങ്ങളില്‍ കുട്ടനിര്‍മാണം വ്യവസ്ഥാപിതമായ ഒരു കൈത്തൊഴിലായി വളര്‍ന്നു വികാസം പ്രാപിച്ചിട്ടുണ്ട്‌. ആഫ്രിക്കയിലെ ചില വര്‍ഗക്കാര്‍ ഭീമാകാരങ്ങളായ കുട്ടകളുണ്ടാക്കി അവയില്‍ താമസിക്കാറുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍