This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുടുംബശ്രീ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുടുംബശ്രീ

ഒരു കുടുംബശ്രീ യൂണിറ്റ്‌ ഇരുമ്പ്‌ ഉത്‌പന്ന വില്‌പനകേന്ദ്രം

ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ള ഗ്രാമീണസ്‌ത്രീകളെ സംഘടിപ്പിച്ച്‌, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍, ലഭ്യമായ വിഭവസമ്പത്തും സേവനസാധ്യതകളും പ്രയോജനപ്പെടുത്തി, സ്വാശ്രയത്തിലൂടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പദ്ധതി.

കേരളത്തില്‍ ഈ പരിപാടി നടപ്പാക്കേണ്ട ചുമതല സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷനില്‍ നിക്ഷിപ്‌തമായിരിക്കുന്നു. കുറഞ്ഞവരുമാനമുള്ളവരെ തുച്ഛമായ സമ്പാദ്യത്തിലൂടെ പണം സ്വരൂപിച്ച്‌ നിക്ഷേപിക്കാനും അതില്‍നിന്ന്‌ ന്യായമായ പലിശയ്‌ക്ക്‌ അവര്‍ക്ക്‌ ലഭ്യമാകുന്ന വായ്‌പ ഉപയോഗിച്ച്‌ തൊഴിലുകള്‍ ചെയ്‌ത്‌ അന്തസ്സായ കാലക്ഷേപത്തിനുള്ള മാര്‍ഗം ഉണ്ടാക്കാനും വായ്‌പ ഗഡുക്കളായി തിരിച്ചടച്ച്‌ സ്വാശ്രയത്വം നേടാനും സഹായിക്കുന്ന പരിപാടിയാണിത്‌.

വനിതാകൂട്ടായ്‌മയിലൂടെ സാമ്പത്തികസുസ്ഥിതി കൈവരുത്താനുള്ള കുടുംബശ്രീ-പ്രോജകട്‌ നാട്ടിന്‍പുറങ്ങളിലും ട്രബല്‍പ്രദേശങ്ങളിലും വിജയകരമായി നടപ്പാക്കിവരുന്നു. ഈ അനൗപചാരിക ബാങ്കിങ്‌ അടിന്തരാവശ്യങ്ങള്‍ക്ക്‌ എളുപ്പത്തില്‍ ന്യായമായ പലിശയ്‌ക്ക്‌ വായ്‌പകൊടുക്കാനും ആഴ്‌ചതോറും തിരിച്ചടയ്‌ക്കാനും ആദായകരമായ തൊഴില്‍ ആരംഭിക്കാനും ഉത്‌പന്നവിപണനത്തിന്‌ മാര്‍ക്കറ്റ്‌ കണ്ടുപിടിക്കാനും സഹായിക്കുന്നു.

ഗ്രാമങ്ങളിലെ പാവപ്പെട്ടവരുടെ കുടുംബങ്ങള്‍ ഘടകങ്ങളായുള്ള 1,51,406 അയല്‍ക്കൂട്ടങ്ങളും (Neighbourhood groups), 13,924 പ്രാദേശികവികസന സംഘങ്ങളും (ഏരിയ ഡെവലപ്‌മെന്റ്‌ സൊസൈറ്റികള്‍) 1050 സാമൂഹ്യവികസനസൊസൈറ്റികളും ഇന്ന്‌ കേരളത്തില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്‌. സ്‌ത്രീ കൂട്ടായ്‌മയിലൂടെ കുടുംബങ്ങളുടെ ക്ഷേമവും അതുവഴി പ്രാദേശികവികസനവും ഉറപ്പുവരുത്തി സമൂഹത്തിന്റെ സര്‍വതോമുഖമായ ക്ഷേമം കൈവരിക്കുകയാണ്‌ ഈ മൂന്ന്‌ സംഘങ്ങളുടെയും ലക്ഷ്യം. 2004 അവസാനംവരെ 30,98,011 നിര്‍ധനകുടുംബങ്ങള്‍ കുടുംബശ്രീയില്‍ അംഗങ്ങളായി ചേര്‍ന്നിട്ടുണ്ട്‌. ഇവരുടെ ചെറുകിടസമ്പാദ്യംവഴി 432.34 കോടി രൂപ സമാഹരിക്കുകയും ആ തുകയുടെ ആവര്‍ത്തനവിനിമയത്തിലൂടെ 874.78 കോടിരൂപയുടെ വായ്‌പ അവര്‍ക്ക്‌ ലഭ്യമാക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇങ്ങനെ മിച്ചംപിടിക്കലും കടംകൊടുക്കലും വഴി (thrift and credit)വനിതാസംഘങ്ങള്‍ക്ക്‌ പണം കരുതിവയ്‌ക്കാനും ചരടുകളില്ലാത്ത ധനസഹായം ഉപയോഗിച്ച്‌ തൊഴിലുകളില്‍ ഏര്‍പ്പെട്ട്‌ പരാശ്രയംകൂടാതെ കുടുംബം പുലര്‍ത്താനുമുള്ള ശീലം വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞു. 1999 ജനുവരിയില്‍ എളിയതോതില്‍ കേരളത്തിലാരംഭിച്ച ഈ പദ്ധതി വമ്പിച്ച ഒരു സാമ്പത്തിക-സാമൂഹ്യപ്രസ്ഥാനമായി വികസിച്ചിരിക്കുകയാണ്‌.

കുടുംബശ്രീയൂണിറ്റിന്റെ പ്രസിഡന്റ്‌, സെക്രട്ടറി എന്നിവരുമായി ചേര്‍ന്ന്‌ ജോയിന്റ്‌ ബാങ്ക്‌ അക്കൗണ്ട്‌ ആരംഭിക്കാന്‍ റൊട്ടേഷന്‍ക്രമപ്രകാരം, അയല്‍ക്കൂട്ടം അംഗങ്ങള്‍ക്ക്‌ അവസരം ലഭിക്കുന്നു. ബാങ്ക്‌ പ്രവര്‍ത്തനത്തിന്റെ പ്രായോഗികവശവുമായി പരിചയപ്പെടാനും ഇതുമൂലം അവര്‍ക്ക്‌ സാധിക്കുന്നു. ഒരംഗം സമ്പാദ്യത്തിലൂടെ സ്വരൂപിക്കുന്ന തുകയുടെ നാലിരട്ടി തുകവരെ വായ്‌പയായി എടുക്കാമെന്നാണ്‌ വ്യവസ്ഥ. വായ്‌പത്തുകയും അത്‌ വിതരണം ചെയ്യേണ്ട മുന്‍ഗണനാക്രമവും അയല്‍ക്കൂട്ടമാണ്‌ നിശ്ചയിക്കുന്നത്‌. ആഴ്‌ചതോറും തുക തിരിച്ചടയ്‌ക്കണമെന്നും നിഷ്‌കര്‍ഷിച്ചിരിക്കുന്നു. ദൈനംദിന ചെലവുകള്‍ക്കും അടിയന്തരാവശ്യങ്ങള്‍ക്കും ഗാര്‍ഹികാഘോഷങ്ങള്‍ക്കും ഈ തുക ഉപയോഗിക്കാവുന്നതാണ്‌.

നിര്‍ധനരുടെ ക്രിയാത്മകപങ്കാളിത്തത്തോടെ സത്വരമായ വികസനം സാധ്യമാക്കാനുള്ള ഈ മൈക്രാഫൈനാന്‍സ്‌ പരീക്ഷണം അത്യന്തം പ്രയോജനകരമായ ഒരു ജനകീയ പരിപാടിയാണ്‌. കൃഷി, ചെറുകിടവ്യവസായങ്ങള്‍, കന്നുകാലി വളര്‍ത്തല്‍, ക്ഷീരോത്‌പാദനം തുടങ്ങിയ പരിപാടികളിലൂടെ സാമൂഹ്യവികസനപദ്ധതികളെ സഹായിക്കാനും അടുത്തഘട്ടത്തില്‍ ലക്ഷ്യമിട്ടിട്ടുണ്ട്‌. 712 ഗ്രാമപഞ്ചായത്തുകളിലെ 2000-ഹെക്‌ടര്‍ തരിശുഭൂമി ഏറ്റെടുത്ത്‌ കൃഷിയിറക്കുന്ന പരിപാടികള്‍ 2,28,159 കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന 18,817 അയല്‍ക്കൂട്ടങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌. ഗ്രാമങ്ങളിലെ കുട്ടികളെ ദാരിദ്ര്യനിര്‍മാര്‍ജനപരിപാടികളില്‍ പങ്കാളികളാക്കുന്നതിന്‌ ബാലസഭകളും സംഘടിപ്പിക്കുന്നു. ആലപ്പുഴ, എറണാകുളം, കാസര്‍കോട്‌ ജില്ലകളിലെ 1600 കുട്ടികള്‍ ഈ സഭകളില്‍ ഇപ്പോള്‍ അംഗങ്ങളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍