This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുടുംബം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുടുംബം

ദ്‌ ഫാമിലി-സിര്‍ഗ്യേയ്‌ ഇവനോഫിന്റെ പെയിന്റിങ്‌

ജനനംകൊണ്ടോ, വിവാഹംകൊണ്ടോ പരസ്‌പരം ബന്ധപ്പെട്ട വ്യക്തികളെ ഉള്‍ക്കൊള്ളുന്ന അടിസ്ഥാന സാമൂഹികഘടകം. മനുഷ്യസമൂഹത്തിലെ സംഘടനാരൂപങ്ങളില്‍ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഘടകവും കുടുംബം തന്നെയാകുന്നു. കുടുംബം സ്ഥാപിതമാകുന്നതും കുടുംബത്തിലെ അംഗസംഖ്യ വര്‍ധിക്കുന്നതും കുടുംബത്തിന്റെ സാമൂഹികനിലവാരത്തിനു മാറ്റങ്ങളുണ്ടാകുന്നതും വിവാഹബന്ധങ്ങളിലൂടെയാണ്‌.

ദ്‌ ന്യൂക്ലിയര്‍ ഫാമിലി-ടോണി ട്രൗബ്രിജിന്റെ പെയിന്റിങ്‌

രക്തബന്ധത്തിലൂടെയോ വിവാഹബന്ധത്തിലൂടെയോ ഒരു വീട്ടില്‍ഒരുമിച്ചു താമസിച്ചു ഭക്ഷണം കഴിക്കുകയും ഉപജീവനമാര്‍ഗത്തിനും പൊതുവായ ക്ഷേമത്തിനും വേണ്ടി കൂട്ടായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു ചെറുസമൂഹമാണ്‌ കുടുംബം. അംഗങ്ങള്‍ക്കെല്ലാം ഒരുപോലെ സംരക്ഷണവും സംതൃപ്‌തിയും ഭദ്രതയും നല്‌കുന്ന ഒരു സാമൂഹികസ്ഥാപനം എന്ന നിലയ്‌ക്കാകുന്നു കുടുംബത്തിനുളള പ്രസക്തി.

കുടുംബത്തിന്റെ ഉദ്‌ഭവവികാസപരിണാമങ്ങളെ ചരിത്രപശ്ചാത്തലത്തില്‍വിലയിരുത്താനും മനുഷ്യരാശിയുടെ പുരോഗതിയില്‍കുടുംബങ്ങളുടെ പങ്ക്‌ പരിശോധിക്കാനും പല സാമൂഹ്യശാസ്‌ത്രജ്ഞരും ശ്രമിച്ചിട്ടുണ്ട്‌.

ആദിമഘട്ടങ്ങളില്‍പ്രാകൃതമനുഷ്യന്‍ ഫലമൂലാദികളും മറ്റും ശേഖരിച്ചും പക്ഷിമൃഗാദികളെ വേട്ടയാടിയും ആഹാരസമ്പാദനം നടത്തിയിരുന്നു. അക്കാലത്ത്‌ കുടുംബം എന്ന സങ്കല്‌പം തന്നെ ഉണ്ടായിരുന്നില്ല എന്നു പറയാം. എന്നാല്‍, പ്രാചീനകാലങ്ങളില്‍, അലഞ്ഞുതിരിഞ്ഞു കൂട്ടമായി ജീവിച്ചിരുന്ന അപരിഷ്‌കൃതജനവര്‍ഗങ്ങളുടെയിടയിലും ഭാര്യയും ഭര്‍ത്താവും കുട്ടികളും ചേര്‍ന്നുള്ള ഓരോ കൂട്ടവും കൂട്ടത്തില്‍ഒറ്റതിരിഞ്ഞ്‌ വേറെ വേറെ ഭക്ഷണം പാകം ചെയ്‌തുകഴിഞ്ഞിരുന്നുവെന്നതു ശ്രദ്ധേയമായ വസ്‌തുതയാണ്‌. കൃഷിയുടെ ആവിര്‍ഭാവത്തോടെ, മനുഷ്യന്‍ സ്ഥിരമായ വാസസ്ഥലങ്ങളും ജീവിതചര്യകളും ചിട്ടപ്പെടുത്തിത്തുടങ്ങിയതോടെയാണ്‌ കുടുംബം രൂപവത്‌കൃതമായത്‌. കുടുംബം ഉടലെടുത്തതോടെ സ്വകാര്യസ്വത്ത്‌ ആര്‍ജിക്കാനുള്ള പ്രരണയും ഉണ്ടായി.

കുടുംബത്തിന്റെ ഉദ്‌ഭവത്തെക്കുറിച്ച്‌ വ്യത്യസ്‌താഭിപ്രായങ്ങളുണ്ട്‌. വിവാഹവും കുടുംബവുമില്ലാതിരുന്ന ഒരു വ്യവസ്ഥിതി ലോകത്തൊരിടത്തും ഉണ്ടായിരുന്നില്ലെന്നാണ്‌ ആസ്റ്റ്രലിയയിലെ ഗോത്രവംശങ്ങളെക്കുറിച്ചു പഠനം നടത്തിയ പ്രസിദ്ധ നരവംശശാസ്‌ത്രജ്ഞനായ മലിനോവ്‌സ്‌കി പ്രസ്‌താവിച്ചിട്ടുള്ളത്‌.

കൃഷിവൃത്തി അടിസ്ഥാനമാക്കിയുള്ള ജീവിതക്രമം വ്യാപകമായതോടെയാണ്‌ കുടുംബം ഉടലെടുത്തതെന്നാണ്‌ അമേരിക്കന്‍ നരവംശശാസ്‌ത്രജ്ഞനായ ലൂയിസ്‌ എച്ച്‌. മോര്‍ഗന്‍ ഉള്‍പ്പെടെയുള്ള ചില ചിന്തകരുടെ അഭിപ്രായം. തുടര്‍ന്ന്‌ കൂട്ടുവിവാഹവും കാലക്രമേണ ബഹുഭാര്യാത്വവും തായ്‌വഴിപിന്തുടര്‍ച്ചാക്രമവും പിതൃദായക്രമവും അവസാനമായി ഏകഭാര്യാത്വവും നിലവില്‍വന്നുവെന്നാണ്‌ മോര്‍ഗന്റെ അഭിപ്രായം. ഭാര്യാഭര്‍ത്തൃബന്ധത്തെ ആധാരമാക്കിയാണ്‌ ബ്രഫാള്‍ട്ട്‌ കുടുംബത്തിന്റെ ഉദ്‌ഭവം സിദ്ധാന്തിക്കുന്നത്‌. സദാചാരനിയമങ്ങളില്‍അധിഷ്‌ഠിതമായ മതസിദ്ധാന്തങ്ങളുടെ പ്രരണയാല്‍രൂപംകൊണ്ട ഏകഭാര്യാത്വത്തില്‍നിന്നാണ്‌ തായ്‌വഴി-പിതൃവഴി പിന്തുടര്‍ച്ചാക്രമങ്ങള്‍ ആവിര്‍ഭവിച്ചതെന്ന്‌ ഇദ്ദേഹം അനുമാനിക്കുന്നു. പ്രാചീനവര്‍ഗങ്ങളില്‍പ്പോലും വ്യാമിശ്രമായ രതിക്രീഡ ഉണ്ടായിരുന്നില്ല എന്നും ഏകഭാര്യാത്വവും ഏകഭര്‍ത്തൃത്വവും ആണ്‌ നിലവിലിരുന്നതെന്നും ആണ്‌ വെസ്റ്റര്‍മാര്‍ക്ക്‌ കരുതുന്നത്‌. ഇതിനുപോദ്‌ബലകമായി വാനരവര്‍ഗത്തിന്റെ ഇണചേരല്‍, പ്രാകൃതമനുഷ്യരുടെ ജീവിതരീതി എന്നിവ ഇദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. മോര്‍ഗന്റെയും കൂട്ടരുടെയും അഭിപ്രായങ്ങളെ യുക്തിയുക്തം എതിര്‍ത്തുകൊണ്ടുള്ളതാണ്‌ വെസ്റ്റര്‍മാര്‍ക്കിന്റെ സിദ്ധാന്തങ്ങള്‍.

വളരെക്കുറച്ച്‌ അംഗസംഖ്യയുള്ളതും വളരെക്കൂടുതല്‍അംഗസംഖ്യയുള്ളതുമായ കുടുംബങ്ങള്‍ ഉണ്ട്‌. ഭാര്യയും ഭര്‍ത്താവും അവരുടെ സന്താനങ്ങളും ചേര്‍ന്നതാണ്‌ ചെറുകുടുംബം അഥവാ അണുകുടുംബം (nuclear family). ഒരു പിതൃവ്യന്റെ പിന്‍തലമുറകളും ബന്ധപ്പെട്ട ശാഖയിലുള്ളവരും ചേര്‍ന്ന്‌ ഒരു കുടുംബനാഥന്റെ നിയന്ത്രണത്തില്‍ഒരു വലിയ വീട്ടില്‍ഒരുമിച്ചുകഴിയുന്ന വ്യവസ്ഥയാണ്‌ കൂട്ടുകുടുംബം. ഒന്നിലധികം ചെറുകുടുംബങ്ങള്‍ ഉള്‍പ്പെട്ട ബൃഹത്തായ കുടുംബം എന്ന്‌ കൂട്ടുകുടുംബത്തെ നിര്‍വചിക്കാം. മുന്‍കാലങ്ങളില്‍റോമിലുണ്ടായിരുന്ന പേറ്റര്‍ ഫമിലിയാസി (pater familias)നോടു സാദൃശ്യമുള്ളതാണ്‌ കൂട്ടുകുടുംബം. കൂട്ടുകുടുംബത്തിന്റെ സമ്പത്തും വസ്‌തുവകകളും കുടുംബത്തിന്റെ പൊതുസ്വത്താണ്‌.

ദായക്രമമനുസരിച്ച്‌ കുടുംബങ്ങളെ പിതൃമേല്‍ക്കോയ്‌മ (മക്കത്തായം), മാതൃമേല്‍ക്കോയ്‌മ (മരുമക്കത്തായം) എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. അച്ഛന്‍, അമ്മ, മക്കള്‍ എന്നിവരടങ്ങുന്നതാണ്‌ ഒരു മക്കത്തായ കുടുംബം. മക്കത്തായക്രമത്തില്‍പിതാവാകുന്നു പരമാധികാരി. പിതാവിന്റെ മരണശേഷം കുടുംബസ്വത്തിന്റെ അവകാശികള്‍ പുരുഷസന്താനങ്ങളാണ്‌.

പെണ്‍മക്കള്‍ വിവാഹിതരാകുന്നതോടുകൂടി അവര്‍ ഭര്‍ത്താക്കന്മാരുടെ കുടുംബത്തിലെ അംഗങ്ങളായിത്തീരുന്നു. കാരണവര്‍ (മാതൃസഹോദരന്‍), സഹോദരിമാര്‍, സഹോദരന്മാര്‍, സഹോദരീസന്താനങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ്‌ മരുമക്കത്തായ കുടുംബം. കൂട്ടുകുടുംബം തറവാട്‌ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. തറവാടിന്റെ ഭരണം കാരണവരില്‍നിക്ഷിപ്‌തമാണ്‌. മരുമക്കത്തായ കുടുംബത്തില്‍മാതാവിനാകുന്നു പ്രാധാന്യം. കുടുംബകാര്യങ്ങളില്‍പിതാവിന്‌ വളരെ ചെറിയപങ്കേയുള്ളൂ. സ്‌ത്രീസന്താനങ്ങള്‍വഴിയാണ്‌ പിന്തുടര്‍ച്ചാവകാശം കണക്കാക്കപ്പെടുന്നത്‌. പുരുഷന്മാര്‍ കേവലം ജനയിതാക്കളാണ്‌. "പിതാവ്‌' എന്ന സങ്കല്‌പത്തിന്‌ ഇവിടെ പ്രസക്തിയില്ല; മക്കളുടെ ഭാഗധേയത്തിന്‌ അവര്‍ ഉത്തരവാദികളുമല്ല. മക്കത്തായത്തിലും മരുമക്കത്തായത്തിലും കുടുംബസാരഥി പുരുഷന്‍-പിതാവോ അമ്മാവനോ-ആയിരിക്കും.

മരുമക്കത്തായം ചുരുക്കം ചില സമൂഹങ്ങളില്‍നിലവിലുണ്ട്‌. ദ്രാവിഡഗോത്രജരുടെ ഇടയിലെ ഒരു പ്രത്യേകതയാണ്‌ മരുമക്കത്തായം എന്ന്‌ അഭിപ്രായപ്പെടുന്ന സാമൂഹ്യശാസ്‌ത്രജ്ഞരുണ്ട്‌. ഈജിപ്‌റ്റുകാരുടെയും പ്രാചീന ഇറ്റലിയിലെ എട്രൂസ്‌കരുടെയും ഇടയില്‍ചരിത്രകാലത്തിന്റെ തുടക്കത്തില്‍ത്തന്നെ മരുമക്കത്തായം നിലവിലിരുന്നു. സ്‌പെയിന്‍, ഇറ്റലി എന്നിവിടങ്ങളില്‍ഇന്നും മരുമക്കത്തായത്തിന്റെ അംശങ്ങള്‍ പ്രകടമാണ്‌. എത്‌നോഗ്രാഫിക്ക്‌ സാമ്പിളില്‍അമേരിക്കന്‍ നരവംശശാസ്‌ത്രജ്ഞനായ ജോര്‍ജ്‌ പീറ്റര്‍ മര്‍ഡോക്ക്‌ വിവരിക്കുന്ന 84 മരുമക്കത്തായ സമൂഹങ്ങളുടെ നിയമങ്ങളും പാരമ്പര്യങ്ങളും കേരളത്തിലെ മരുമക്കത്തായക്രമത്തില്‍നിന്നു വ്യത്യസ്‌തമാണ്‌. വടക്കുകിഴക്കേ ഇന്ത്യയിലെ ഖാസിവര്‍ഗത്തില്‍നിലവിലുള്ള മരുമക്കത്തായവും കേരളത്തിലെ മരുമക്കത്തായവും തമ്മിലും പൊരുത്തമില്ല.

അണുകുടുംബങ്ങളെ സംബന്ധിച്ച്‌ മര്‍ഡോക്ക്‌ വിശദമായ പഠനം നടത്തിയിട്ടുണ്ട്‌. അണുകുടുംബങ്ങള്‍ സമൂഹത്തിനു ഗുണകരവും ഒഴിച്ചുകൂടാനാവത്തതുമാണെന്ന്‌ മര്‍ഡോക്ക്‌ സിദ്ധാന്തിക്കുന്നു. വ്യക്തിയുടെ ലൈംഗികവും പ്രത്യുത്‌പാദനപരവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നു എന്നതാണ്‌ അണുകുടുംബങ്ങളുടെ സാര്‍വലൗകികതയ്‌ക്ക്‌ കാരണമായി മര്‍ഡോക്ക്‌ ചൂണ്ടിക്കാട്ടുന്നത്‌. അണുകുടുംബങ്ങള്‍ വളര്‍ന്ന്‌ പല തലമുറക്കാര്‍ ഒരു അധികാരത്തിനു വിധേയരായി ഒരിടത്തു ജീവിച്ചാല്‍അതു വിശാലകുടുംബമായി. ഈ വിശാലകുടുംബത്തില്‍പ്പെട്ടവര്‍ ശാഖകളായി വിഭജിക്കപ്പെട്ടാല്‍അണുകുടുംബങ്ങളായി ചുരുങ്ങും. വിശാലകുടുംബക്രമത്തെയാണ്‌ സിമ്മര്‍മാന്‍ അനുകൂലിക്കുന്നത്‌. വിശാലകുടുംബത്തിലെ അംഗങ്ങള്‍ക്ക്‌ കൂടുതല്‍സുരക്ഷിതത്വവും പരിരക്ഷയും കിട്ടുന്നു. കൂട്ടുകുടുംബത്തിന്റെ ചട്ടക്കൂടില്‍നില്‍ക്കുമ്പോഴും അണുകുടുംബത്തിന്റേതായ ഒരു വ്യക്തിത്വം ഉണ്ടെന്നുകാണാം. കൂട്ടുകുടുംബവ്യവസ്ഥിതിയുടെ ശിഥിലീകരണത്തിനു വഴിതെളിച്ച ഘടകങ്ങളില്‍ഏറ്റവും പ്രധാനം അണുകുടുംബവ്യക്തിത്വത്തിന്റെ അതിപ്രസരമാണ്‌. അണുകുടുംബങ്ങളില്‍സര്‍വസാധാരണമായി കാണുന്നത്‌ ഏകഭാര്യാത്വമാണ്‌.

ഒരു സാമൂഹികവ്യവസ്ഥിതി എന്ന നിലയില്‍ബഹുഭര്‍ത്തൃത്വം നിലവിലിരുന്നതായി കാണുന്നില്ല എന്നാണ്‌ മര്‍ഡോക്കിന്റെ അഭിപ്രായം. സാമ്പത്തികക്ലേശങ്ങളും പുരുഷന്മാരുടെ അംഗസംഖ്യയിലുള്ള കുറവുമാണ്‌ ബഹുഭര്‍ത്തൃത്വത്തിനു കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. ബഹുഭര്‍ത്തൃത്വത്തെക്കാള്‍ ബഹുഭാര്യാത്വമാണ്‌ കൂടുതല്‍നിലവിലിരുന്നത്‌. മര്‍ഡോക്ക്‌ 565 സമൂഹങ്ങളെ പഠനവിധേയമാക്കിയപ്പോള്‍ അവയില്‍74 ശതമാനം-ത്തില്‍ബഹുഭാര്യാത്വവും 25 ശതമാനത്തില്‍ഏകഭാര്യാത്വവും ഒരു ശതമാനത്തില്‍ബഹുഭര്‍ത്തൃത്വവും കണ്ടു. ആഫ്രിക്ക, ഏഷ്യ, അറേബ്യ എന്നീ വന്‍കരകളിലാണ്‌ ബഹുഭാര്യാത്വം കൂടുതലായി കാണുന്നതെന്നു നിംകോഫ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

കേരളം. കേരളത്തില്‍രണ്ടുതരം കുടുംബക്രമങ്ങളുണ്ട്‌. മക്കത്തായവും മരുമക്കത്തായവും. കേരളത്തില്‍നിലവിലുള്ള മക്കത്തായ കൂട്ടുകുടുംബമാണ്‌ നമ്പൂതിരി ഇല്ലം. ഇല്ലത്തിന്റെ ഘടനയ്‌ക്ക്‌ മരുമക്കത്തായ തറവാടിന്റെ ഘടനയോടു സാദൃശ്യമുണ്ട്‌. ഇല്ലത്തില്‍അച്ഛന്‍വഴി മൂത്ത പുത്രന്മാര്‍ക്ക്‌ പിന്തുടര്‍ച്ചാവകാശം ലഭിക്കുന്നു. തറവാട്ടിലെപ്പോലെ സ്ഥാവരജംഗമവസ്‌തുക്കള്‍ പരിപാലിക്കുന്നതിനും കൈമാറുന്നതിനും ഇല്ലത്തെ കാരണവര്‍ക്കും സ്വാതന്ത്യ്രമുണ്ട്‌. തറവാട്ടിലെ കാരണവര്‍ ഏറ്റവും പ്രായംചെന്ന അമ്മാവനാണെങ്കില്‍ഇല്ലത്ത്‌ ഈ സ്ഥാനം ജ്യേഷ്‌ഠപിതൃവ്യന്റെ മൂത്തമകനും അയാളുടെ മൂത്തമകനും എന്ന നിയമമനുസരിച്ചാണ്‌. ഇല്ലത്തെ കാരണവരുടെ കീഴില്‍അദ്ദേഹത്തെക്കാളും വളരെ പ്രായക്കൂടുതലുള്ളവരെയും സ്ഥാനത്തില്‍അച്ഛന്റെ നിലയിലുള്ളവരെയും കാണാം.

സാമൂഹ്യപരിവര്‍ത്തനത്തിന്റെ ഫലമായി തറവാടും ഇല്ലവും നാമമാത്രമായിത്തീര്‍ന്നിട്ടുണ്ട്‌. ഇപ്പോള്‍ അണുകുടുംബങ്ങളാണ്‌ എണ്ണത്തില്‍കൂടുതല്‍. മലബാര്‍ മാര്യേജ്‌ ആക്‌റ്റ്‌ (1896), തിരുവിതാംകൂര്‍ നായര്‍ റഗുലേഷന്‍ (1910, 25), മദ്രാസ്‌ മരുമക്കത്തായ ആക്‌റ്റ്‌, മരുമക്കത്തായനിയമം (1960) എന്നിവയുടെയും ഭൂപരിധി നിയമങ്ങളുടെയും ഫലമായി ഇല്ലങ്ങളുടെയും തറവാടുകളുടെയും ശക്തി ക്ഷയിച്ചുകഴിഞ്ഞു. ഇപ്പോള്‍ സന്താനങ്ങള്‍ക്കു തുല്യമായ അവകാശം എന്ന അവസ്ഥയുള്ള അണുകുടുംബങ്ങളാണ്‌ കേരളത്തിലെ കുടുംബങ്ങളില്‍ഭൂരിഭാഗവും. മക്കത്തായ കൂട്ടുകുടുംബവും (ഇല്ലം) മരുമക്കത്തായ തറവാടുകളും വിഭജിക്കപ്പെടുകയും അമ്മാവന്റെയും കാരണവരുടെയും ശക്തി നിശ്ശേഷം നശിക്കുകയും വിവാഹബന്ധങ്ങള്‍ ഏകഭാര്യാത്വവും ഏകഭര്‍ത്തൃത്വവും ആയി പരിണമിക്കുകയും കുടുംബഭാരം അച്ഛന്റെ ഉത്തരവാദിത്വത്തില്‍ആകുകയും ചെയ്‌തു.

(റവ. ഡോ. പുത്തന്‍കളം; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%81%E0%B4%9F%E0%B5%81%E0%B4%82%E0%B4%AC%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍