This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കീരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കീരി

Mongoose

കീരി

രോമാവൃതമായ കൂര്‍ത്ത മോന്തയും നീണ്ട ഉടലും രോമാവൃതമായ നീണ്ട വാലും ഉളള ഒരു സസ്‌തനി. ആഫ്രിക്കയാണ്‌ ഇവയുടെ ജന്മദേശമെന്നു കരുതപ്പെടുന്നു. തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഇവ ധാരാളമായി കാണപ്പെടുന്നുണ്ട്‌. യൂറോപ്പില്‍ അങ്ങിങ്ങായി മാത്രമേ ഇവയെ കാണാറുള്ളൂ. ദക്ഷിണേന്ത്യയിലും ആഫ്രിക്കയിലും കാണപ്പെട്ടുന്ന സാധാരണ കീരി (common mongoose) ആണ്‌ കീരിയിനങ്ങളില്‍ പ്രധാനം. ഏഷ്യയില്‍ ത്തന്നെ കാണപ്പെടുന്ന, കഴുത്തിന്റെ പാര്‍ശ്വങ്ങളില്‍ വെള്ള വരകളുള്ള ഞണ്ടുതീനിക്കീരിയും ആഫ്രിക്കയില്‍ വിരളമായി കാണപ്പെടുന്ന ചാരനിറമുള്ള കീരിയും മറ്റു രണ്ടിനങ്ങളാണ്‌.

കീരിയുടെ ഉടലും വാലും നീണ്ടതാണ്‌. ഇവ രോമാവൃതവുമായിരിക്കും. വാലിനു തന്നെ 45-50 സെ.മീ. നീളം വരും. ശരിയായ വളര്‍ച്ചയെത്തിയ ഒരു കീരിക്ക്‌ 1 മീ. വരെ ഉടല്‍ നീളം കാണാറുണ്ട്‌. ഏതാണ്ട്‌ 1.5 കിലോഗ്രാം തൂക്കവും വരും. കുള്ളന്‍കീരി(Helogale parvula)ക്ക്‌ ഉടലിന്‌ 17-24 സെ.മീ. നീളവും വാലിന്‌ 15-20 സെ.മീ. നീളവുമാണുള്ളത്‌. വെള്ളവാലന്‍ കീരിക്കാകട്ടെ 4 കിലോഗ്രാമോളം ഭാരമുണ്ട്‌. ഇന്ത്യയില്‍ കാണപ്പെടുന്ന കീരിക്ക്‌ (Herpestes edwardsii) ഇരുണ്ട മഞ്ഞ കലര്‍ന്ന ചാരനിറമാണുള്ളത്‌. തവിട്ടുനിറമുള്ള ഹി. ഫസ്‌കസ്‌ (H. fuscus)എന്ന ഇനവും ഇന്ത്യയില്‍ കണ്ടുവരുന്നു. ഹെര്‍പ്പെസ്റ്റിഡേ കുടുംബത്തിലാണ്‌ കീരിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. 18 ജീനസുകളിലായി 37 സ്‌പീഷീസ്‌ കീരികളാണുള്ളത്‌. ഹെര്‍പ്പസ്റ്റെസിനെ കൂടാതെ ഗാലെറെല്ല, ഡിയോഗെയ്‌ല്‍ , ക്രാസ്സാര്‍ക്കസ്‌ എന്നിവ ചില പ്രധാന ജീനസ്സുകളാണ്‌.

കൃഷിസ്ഥലങ്ങളിലും കുറ്റിക്കാടുകളിലും ആണിവ കൂടുതലായും കാണപ്പെടുന്നത്‌. എങ്കിലും മണല്‍ ക്കാടുകളിലും മലമ്പ്രദേശങ്ങളിലും വനങ്ങളിലും ഒക്കെ ഇവയെ കണ്ടെത്താം. ചതുപ്പ്‌ കീരി (Atilax paludinosus)ഒരു അര്‍ധജലജീവിയാണ്‌. സാധാരണയായി മണ്ണില്‍ മാളങ്ങളുണ്ടാക്കിയാണ്‌ കീരി ജീവിക്കുന്നത്‌. മരപ്പൊത്തുകളും ഇവ താവളമാക്കാറുണ്ട്‌.

സസ്യാഹാരങ്ങളും മാംസാഹാരങ്ങളും ഇവയ്‌ക്ക്‌ പത്ഥ്യമാണ്‌. പല്ലി, തവള, എലി, പാമ്പുകള്‍ എന്നിവയെ ഇവ ആഹാരമാക്കാറുണ്ട്‌. കിഴങ്ങുവര്‍ഗങ്ങളും കായ്‌കനികളും ഇവ ഉപേക്ഷിക്കാറില്ല. എല്ലാ കാലാവസ്ഥകളിലും കീരി ഇണചേരാറുണ്ട്‌; ഗര്‍ഭകാലം അറുപതുദിവസം. ആണ്ടില്‍ രണ്ടോ മൂന്നോ പ്രാവശ്യം പ്രസവിക്കുന്നു. ഒരു പ്രസവത്തില്‍ രണ്ടോ മൂന്നോ കുട്ടികള്‍ കാണും. കീരിയുടെ ഏറ്റവും വലിയ ശത്രു പാമ്പാണെന്നു കരുതപ്പെടുന്നു. "കീരിയും പാമ്പുംപോലെ' എന്നൊരു ശൈലി തന്നെ മലയാളത്തില്‍ നിലവിലുണ്ട്‌. ഉഗ്രവിഷമുള്ള പാമ്പിനോടുപോലും കീരി ഒറ്റയ്‌ക്ക്‌ എതിരിടും. പാമ്പിനെ ആക്രമിച്ചും വലംവച്ചും അതിനെ തളര്‍ത്തുക എന്ന തന്ത്രമാണ്‌ കീരി പ്രയോഗിക്കാറുള്ളത്‌. പാമ്പ്‌ തളര്‍ന്നു കഴിയുമ്പോള്‍ അതിന്റെ തല കടിച്ചുമുറിച്ചാണ്‌ അതിനെ കൊല്ലുന്നത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%80%E0%B4%B0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍