This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കീരവാണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കീരവാണി

കര്‍ണാടകസംഗീതത്തിലെ ഒരു മേളകര്‍ത്താരാഗം. എഴുപത്തിരണ്ടു മേളാകര്‍ത്താപദ്ധതിയനുസരിച്ച്‌ 21-ാമത്തെ മേളമാണിത്‌. ഇത്‌ പൂര്‍വമേളത്തില്‍ "വേദ' എന്ന ചക്രത്തിലെ മൂന്നാമത്തെ രാഗവുമാണ്‌-വേദ.ഗോ.

ആരോഹണം  : സരി ഗമ പധനിസ അവരോഹണം : സനിധപമഗരിസ

ഷഡ്‌ജം, പഞ്ചമം എന്നീ സ്വരങ്ങളെ കൂടാതെ ചതുഃശ്രുതിഋഷഭം, സാധാരണഗാന്ധാരം, ശുദ്ധമധ്യമം, ശുദ്ധധൈവതം, കാകലിനിഷാദം മുതലായ സ്വരങ്ങളും പ്രയോഗിക്കുന്നു. ഒരു സര്‍വസ്വര ഗമക വരിക രക്തിരാഗമാണിത്‌. ഇതില്‍ "പ' "രി' എന്നിവ ന്യാസസ്വരങ്ങളായും അംശസ്വരങ്ങളായും വരുന്നു. "രി', "ഗ', "മ', "നി' എന്നിവ രാഗച്ഛായാസ്വരങ്ങളാണ്‌. ഒരു ത്രിസ്ഥായിരാഗവും കൂടിയായ ഇത്‌ ദീര്‍ഘാലാപനത്തിനും സ്വരപ്രസ്‌താരത്തിനും വക നല്‌കുന്നു. സമയഭേദമെന്യേ ഈ രാഗം പാടാവുന്നതാണ്‌. ത്യാഗരാജസ്വാമികള്‍ ഈ രാഗത്തില്‍ കീര്‍ത്തനങ്ങള്‍ രചിച്ചതോടെയാണ്‌ ഈ രാഗത്തിനു പ്രചാരം സിദ്ധിച്ചത്‌. ജണ്ടസ്വരപ്രയോഗങ്ങളും (സസരിരിഗഗ, മ മ പ പ ധ ധ, ഗ ഗ മ മ പ പ), ദാട്ടുവരിശപ്രയോഗങ്ങളും (ധഗരിഗസരി, പസനിസധനി), പ്രത്യാഹതഗമകപ്രയോഗങ്ങളും (ധ ധ പ പ മ മ ഗ ഗ രി രി നി) ഈ രാഗത്തിന്റെ സവിശേഷതകളാണ്‌.

ഒരു മൂര്‍ച്ഛനാ കാരകമേളമായ കീരവാണിരാഗത്തിന്റെ മധ്യമം, പഞ്ചമം, ധൈവതം എന്നീ സ്വരങ്ങള്‍ ആധാരഷഡ്‌ജമാക്കി ശ്രുതിഭേദം ചെയ്‌താല്‍ യഥാക്രമം ഹേമവതി, വകുളാഭരണം, കോസലം എന്നീ രാഗങ്ങള്‍ ലഭിക്കുന്നതാണ്‌. ഈ രാഗത്തോട്‌ സാദൃശ്യമുള്ളതാണ്‌ പാശ്ചാത്യസംഗീതത്തിലെ ഹാര്‍മോണിക്‌ മൈനര്‍ സ്‌കെയില്‍ .

കലികിയുണ്ടെ ഗഡാ (ത്യാഗരാജസ്വാമികള്‍-ആദി), വരമുലൊ സഖി (പട്ടണം സുബ്രഹ്മണ്യയ്യര്‍-രൂപകം), നിജമുഖരാമ (രാമനാഥപുരം ശ്രീനിവാസയ്യങ്കാര്‍-ആദി), ഇന്നമും സന്ദേഹപ്പെടലാമോ (ഗോപാലകൃഷ്‌ണഭാരതി-ചായ്‌പ്‌), ഭാവയേ സാരസനാഭം (സ്വാതിതിരുനാള്‍-ആദി), അംബവാണി (മുത്തയ്യാ ഭാഗവതര്‍-ആദി), നാമിത ദയറാദാ (തിരുവറ്റിയൂര്‍ ത്യാഗയ്യര്‍-ആദി) എന്നിങ്ങനെ അനേകം കൃതികള്‍ ഈ രാഗത്തില്‍ രചിക്കപ്പെട്ടിട്ടുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%80%E0%B4%B0%E0%B4%B5%E0%B4%BE%E0%B4%A3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍